#ദിനസരികള്‍ 316





നഗരമേ നിന്റെ ചില്ലുവാതില്‍ക്കലെന്‍ -
വ്യഥിത പാദമൊന്നൂരി വെക്കട്ടെ ഞാന്‍.
മുറിവു പൂത്തൊരെന്‍ കാലുകള്‍ നിന്നുടെ -       
പുതുമിനുസങ്ങള്‍ തീണ്ടാതിരിക്കുവാന്‍ ! 
ഭൂതഭൂമിയിലെങ്ങോ ജനിച്ചിടം -
ചൂണ്ടപോലെ കൊളുത്തി വലിക്കവേ -
തേടി വന്നതാണിന്നു ഞാനീ മഹാ -
സ്ഫാടികാഭ കലരും നഗരിയില്‍ !

ഉണ്ടടയാളം കല്‍ത്തറ , ക്ലാവൂവീ
ണന്തിപോലെ കറുത്ത ചെരാതുകള്‍ !
കൃഷ്ണവര്‍ണത്തുളസി , കതിര്‍ നുള്ളി-
ച്ചോട്ടിലേക്കിടും നീണ്ട വിരലുകള്‍.
അമ്മ കാട്ടിയോരമ്പിളിമാമനാ -
ക്കൊമ്പിലു,ണ്ടങ്ങതിനുമങ്ങേപ്പുറ -
മച്ഛനൊറ്റ നക്ഷത്രമായി മിന്നുന്നൊ -
രന്തിവാനം മരിക്കാ സ്മരണകള്‍ !

ഉണ്ടിനിയുമടയാള,മങ്ങെന്റെയാം -
പിഞ്ചുകാല്‍കള്‍ പതിഞ്ഞൊരു ഭൂമിയില്‍ !
പ്രാക്കുതുപ്പി കിതച്ചുകൊണ്ടപ്പുറം -
പാക്കുവെട്ടുന്ന മുത്തച്ഛന, ക്ഷമന്‍.
പാതിരാവിലെ വ്യാധി പൊറാഞ്ഞുണര്‍ -
ന്നാവലാതി ചവക്കുന്ന മുത്തശ്ശി.
കിണ്ടി കിണ്ണം കഴുകിത്തുടച്ചെടു
ത്തമ്മദിനു നിവേദിക്കേ വീര്‍പ്പിനാല്‍ -
വെന്തുപോയല്ലോ ജന്മമെന്നാര്‍ത്തയായ് -
സന്തപിക്കുന്നൊരമ്മ , കിനാവിലെ -
നായകനായി മാറിയോനേകിയ -
മോഹസമ്മാനം പേറുന്ന മൂത്തവള്‍.
ഓര്‍‌ത്തെടുക്കുവാനുണ്ടെനിക്കെത്രയോ -
നീറ്റലോടും സ്മരണകളിങ്ങനെ !

എത്ര വേദന ചാലിച്ചു നല്കിലും -
എത്ര പ്രിയം എനിക്കവയൊക്കെയും !


വേവുതിന്നൊരാ നാളുകള്‍ തേടി ഞാ
നീ വഴിയില്‍ത്തിരിച്ചു വന്നെത്തവേ
നീ നഗരമേ , മൂടിയതെന്തു നിന്‍
കോടമഞ്ഞിനാലെന്റെ പ്രിയങ്ങളെ ?






             



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം