#ദിനസരികള്‍ 313



             മാധ്യമം ആഴ്ചപ്പതിപ്പില്‍ (ലക്കം 1043 ) സീതാറാം യെച്ചൂരിയുമായി ഗോപികൃഷ്ണന്‍ കെ ആര്‍‌ നടത്തുന്ന ഒരു അഭിമുഖമുണ്ട്.പാര്‍ട്ടിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ആശയപരമായ ചര്‍ച്ചകളേയും അഭിപ്രായ വ്യത്യാസങ്ങളേയും വ്യക്തിപരമായ തര്‍ക്കങ്ങളായി തരംതാഴ്ത്തിക്കണ്ടുകൊണ്ടു ,വിഭാഗീയത നിലനില്ക്കുന്നുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള ചോദ്യകര്‍ത്താവിന്റെ വ്യഗ്രത വളരെ വ്യക്തമാണ്. അത്തരം ഉത്തരങ്ങളിലേക്ക് നയിക്കുന്നതിനുതകുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടപ്പോള്‍ , താങ്കള്‍ എത്രയാവര്‍ത്തി ചോദിച്ചാലും മറ്റൊരു ഉത്തരം എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്ന് യെച്ചൂരിക്ക് മുഷിഞ്ഞു പറയേണ്ടി വരുന്നുമുണ്ട്.തങ്ങളുടെ അജണ്ടയിലേക്ക് അഥവാ തങ്ങള്‍ക്ക് ആവശ്യമുള്ളതു പറയിപ്പിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങളെത്തണമെന്ന പിടിവാശി പുലര്‍ത്തുന്ന അഭിമുഖങ്ങള്‍ക്ക് ഈ സംഭാഷണം നല്ലൊരു ഉദാഹരണമാണ്. അതൊടൊപ്പം മാധ്യമത്തിന്റെ അജണ്ടയെന്താണെന്ന് വെളിവാക്കപ്പെടുന്ന ചില കാര്യങ്ങള്‍ കൂടി നമുക്ക് കണ്ടെത്താനാകും. അതിലൊന്ന് അഭിമുഖത്തിന് നല്കിയിരിക്കുന്ന പേരാണ് :- “കാത്തിരിക്കുക, പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണാം. ഒരു വെല്ലുവിളിയുടെ അന്തരീക്ഷമുണ്ടാക്കാനുതകുന്ന ആ പേര് ആരേയും ആകര്‍ഷിക്കുന്നതാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പാര്‍ട്ടിക്കുള്ളില്‍ ഒരു പക്ഷത്തിനെതിരെ പോരാട്ടത്തിന്റെ പാതയിലാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അദ്ദേഹത്തോടൊപ്പമായിരിക്കുമെന്നുമുള്ള ഒരു സന്ദേശമുണ്ടാക്കാന്‍ ഈ ടൈറ്റിലിനുകഴിയുന്നുണ്ട്.മറ്റൊന്ന് അഭിമുഖത്തില്‍ പ്രയോഗിച്ചിരിക്കുന്ന ചിത്രങ്ങളാണ്. യെച്ചൂരിയും വിസ്സുമുള്ള പടത്തിന് ഒരു സൌഹൃദസംഭാഷണത്തിന്റെ ചാരുതയുണ്ട്. ഈ പോരാട്ടത്തില്‍ യെച്ചൂരിയുടെ പക്ഷത്തുനിന്നുകൊണ്ട് അദ്ദേഹത്തെ പിന്താങ്ങുന്നയാളാണ് വി എസ് എന്നൊരു ധാരണയുണ്ടാക്കാന്‍ അഭിമുഖം വായിക്കാതെ തന്നെ കഴിയുന്നു.അഭിമുഖത്തില്‍ യെച്ചൂരി എന്താണോ പറയുന്നത് അതിനു കടകവിരുദ്ധമായ സാഹചര്യങ്ങളെ ധ്വനിപ്പിച്ചെടുക്കാന്‍ മാധ്യമത്തിന് ഈ രണ്ടു കാര്യങ്ങളില്‍ക്കൂടിത്തന്നെ സാധിക്കുന്നു.മാധ്യമങ്ങള്‍ എങ്ങനെയാണ് തങ്ങളുടെ താല്പര്യങ്ങളെ പൊതുബോധ്യങ്ങളിലേക്ക് രഹസ്യമായി കടത്തിവിടുന്നതെന്ന് മനസ്സിലാക്കിത്തരുന്ന ഒരുത്തമ ഉദാഹരണമാകുന്നു ആ അഭിമുഖം.

            അഭിപ്രായ ഭേദങ്ങള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള കേവലമായ ഭിന്നതയല്ലെന്ന് യെച്ചൂരി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യെച്ചൂരിയുടെ എതിരാളിയായി പ്രകാശ് കാരാട്ടിനെ സ്ഥാപിച്ചെടുക്കാനാണ് ഗോപീകൃഷ്ണന്‍ അഭിമുഖത്തിലുടനീളം ശ്രമിക്കുന്നത്.യെച്ചൂരിയെപ്പോലെ പരിണതപ്രജഞനായ ഒരാളോട് സാങ്കല്പികമായ ചോദ്യങ്ങളുന്നയിച്ചും ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുമല്ലാതെ ഗൌരവമായി സമകാലിക രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് ചോദിച്ചിരുന്നെങ്കില്‍ വളരെ പ്രധാനപ്പെട്ട ഒരഭിമുഖമായി ഇതു മാറിയേനെ.അരികും മൂലയും കണ്ട് അവസാനിപ്പിക്കുന്നതിനുപകരം ആഴത്തിലുള്ള ഒരു സംവാദത്തിന്റെ അവസരമാണ് തന്റേതായ അജണ്ട നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ അഭിമുഖകാരന്‍ നഷ്ടപ്പെടുത്തിയത്.ബി ജെ പിയാണ് മുഖ്യശത്രു. അവരെ പരാജയപ്പെടുത്തുക എന്നത് മുഖ്യലക്ഷ്യവും. തെരഞ്ഞെടുപ്പ് തന്ത്രമെന്തായിരിക്കണമെന്നത് അപ്പപ്പോള്‍ തീരുമാനിക്കേണ്ടതാണ്.ബി ജെ പിക്കെതിരെ പരമാവധി വോട്ടുകള്‍ ഏകീകരിക്കുക എന്നതാണ് ലക്ഷ്യം.രാജ്യത്തെ എല്ലായിടത്തേയും സ്ഥിതി ഒരു പോലെയല്ല.ഓരോ സംസ്ഥാനത്തും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്.ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് എന്തുവേണമെന്നത് അപ്പോള്‍ തീരുമാനിക്കേണ്ടതാണ്എന്ന യെച്ചൂരിയുടെ അസന്നിഗ്ദമായ നിലപാടാണ് ഈ അഭിമുഖത്തിന്റെ ഒരേയൊരു ബാക്കിപത്രം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം