#ദിനസരികള്‍ 318


ചേക്കൂ , ഇത് ഞാനാണ് , വര്‍ഗീസ്. ചിലരെന്നെ പെരുമനെന്നും മറ്റു ചിലര്‍ സഖാവെന്നും വിളിക്കുന്നു. കഴിഞ്ഞ ദിവസവും നാം തമ്മില്‍  തര്‍ക്കിച്ചതാണല്ലോ? നിനക്കെന്നെ നന്നായി അറിയാമെങ്കിലും ഒന്നുകൂടി ഉറപ്പിച്ചുവെന്നു മാത്രം.  ഞാനിപ്പോള്‍ വരുന്നത് അഡിഗയുടെ വീട്ടില്‍ നിന്നുമാണ്. നിനക്ക് അഡിഗയെ അറിയാമല്ലോ അല്ലേ? വാസുദേവ അഡിഗയെ? എന്റെ തോക്കു തുളച്ച അവന്റെ നെഞ്ചില്‍ നിന്നും ഒഴുകിയ ചോരയില്‍ മുക്കിയെടുത്താണ് എന്റെ ഈ കൈകളെ അവന്റെ വീടിന്റെ ഭിത്തിയില്‍ പതിച്ചുവെച്ചത്. അവന്‍ മരിക്കേണ്ടവനല്ല, മറിച്ച് വധിക്കപ്പെടേണ്ടവനാണ്. കാരണം എന്താണെന്നറിയാമോ നിനക്ക്? അവന്‍ വിശക്കുന്നവനില്‍ നിന്നും അന്നമെടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നു. പാവപ്പെട്ടവന്റെ വിയര്‍പ്പില്‍ നിന്നും തന്റെ ഭക്ഷണത്തിന്റെ ഉപ്പുവാറ്റിയെടുത്തിരിക്കുന്നു. പലിശക്ക് പണംകൊടുത്ത് പട്ടിണിപ്പാവങ്ങളായ എന്റെ സഖാക്കളെ ഞെക്കിപ്പിഴിഞ്ഞ് അവന്‍ ധനികനായി.പണിയന്റേയും ചെറുമന്റേയും അടിയന്റേയും പെണ്ണുങ്ങളെ അവന്‍ വേട്ടയാടി. പണത്തിന്റെ ധാരാളിത്തത്തില്‍ അധികാരികള്‍ അവന്റെ വീട്ടില്‍ അന്തിയുറങ്ങി. അവര്‍ക്കായി പെണ്‍കുരുന്നുകളെ അവന്‍ കാഴ്ചവെച്ചു.ആണുങ്ങളെ ചാട്ടവാറുകൊണ്ടടിച്ച് പോത്തിനെപ്പോലെ രാപ്പകല്‍ പണിയെടുപ്പിച്ചു.ചേക്കൂ നീ പറയൂ അവന്‍ ചെയ്ത ക്രൂരതകള്‍ മരണം മാത്രമല്ലേ മറുപടിയാകുക? അതില്‍ക്കുറഞ്ഞതെന്തും എന്റെ സഖാക്കളെ അപമാനിക്കുന്നതിന് തുല്യമാകില്ലേ?
            നിന്റെ കണ്ണുകളില്‍ തിളങ്ങി നില്ക്കുന്ന ഈ ഭയമുണ്ടല്ലോ ചേക്കൂ , ആ ഭയം എല്ലാക്കാലത്തും ജന്മിവര്‍ഗ്ഗത്തിനുണ്ടാകണം. ഇനിയൊരു അടിയന്റേയും നേരെ അവന്റെ കൈകളുയരരുത്.ഇനിയൊരു പെണ്ണിന്റേയും മടിക്കുത്തിലേക്ക് അവന്റെ കാമത്തീ ചെന്നെത്തരുത്. വേണ്ടേ ചേക്കൂ?  കഴിഞ്ഞ ദിവസം ഒരു കൂലി പ്രശ്നത്തില്‍ നാം തമ്മില്‍ തര്‍ക്കമുണ്ടായത് നിനക്കോര്‍മയില്ലേ? അന്ന് നിന്റെ കണ്ണുകളിലെ ഭാവം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇരയെ വേട്ടയാടിപ്പിടിക്കുന്ന ഒരു മൃഗത്തിന്റെ വന്യമായ ആ ഭാവം എന്നപ്പോലും ഭയപ്പെടുത്തി. ഇനി നീ ആരേയും ഭയപ്പെടുത്തരുത്. കാരണം ഭയം അടിമത്തത്തിന് കാരണമാകുന്നു. നിന്റെ ഭയപ്പെടുത്തലുകള്‍ക്കു മുന്നില്‍ ഒരു ജനത വിറുങ്ങലിച്ചു നില്ക്കുന്നു.അത് അവസാനിപ്പിക്കേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
            എനിക്കറിയാം ചേക്കൂ , നിന്നെപ്പോലെയും അഡിഗയെപ്പോലെയുമുള്ള രണ്ടോ മൂന്നോ ആളുകള്‍ കൊല്ലപ്പെട്ടാല്‍ തീരുന്നതല്ല ചൂഷകരെന്ന്. നിങ്ങളുടെ സ്ഥാനത്ത് മറ്റാളുകള്‍ ഉയിര്‍ത്തുവരുമെന്നും എനിക്കറിയാം. എന്നാല്‍ നിങ്ങളെ കൊന്നൊടുക്കിയതിനു ശേഷമുണ്ടാകുന്ന ആ ചെറിയ ഒരിടവേളയുണ്ടല്ലോ , അതുമതി അടിമയിലേക്ക് ഒരിത്തിരി ധൈര്യം കുത്തിവെക്കാന്‍ . അവനെ ചോദ്യം ചെയ്യുന്നവനാക്കിമാറ്റാന്‍ ആ സമയംകൊണ്ട് എനിക്കു കഴിയുമെന്ന് ഞാന്‍ കരുതുന്നു, പ്രത്യാശിക്കുന്നു.
            നീയിപ്പോള്‍ മരിക്കാന്‍ പോകുകയാണ്. നാളെ വരുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ് നീ മരിക്കുന്നത്.മനുഷ്യനായി ജീവിക്കാനുള്ള അവസരം അവര്‍ക്കു ലഭിക്കുന്നതിനുവേണ്ടിയാണ് എന്റെ പ്രിയപ്പെട്ട ചേക്കൂ നീ മരിക്കുന്നത്.ഒരര്‍ത്ഥത്തില്‍ മാനവികമായ ഒരു മുന്നേറ്റത്തില്‍ നീ പങ്കാളിയാകുകയാണ്. ചരിത്രത്തില്‍ എക്കാലത്തും നീ വിപ്ലവകാരികള്‍‌ക്കൊപ്പം അനശ്വരനാകുവാന്‍ പോകുന്നു.
         ചേക്കൂ നന്ദി. നീ നിന്റെ ജീവിതം കൊണ്ട് വിപ്ലവത്തിന് മുന്നേറ്റമുണ്ടാക്കിയതിന്, മാവോയുടെ സ്വപ്നങ്ങളെ നടപ്പിലാക്കാന്‍ സഹായിച്ചതിന് .... നന്ദി പ്രിയപ്പെട്ട സുഹൃത്തേ...
( സഖാവ് വര്‍ഗ്ഗീസ് എന്ന നോവലില്‍ നിന്ന് )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1