#ദിനസരികള് 596
ഓരോ ദിവസവും ഒരു പേജെങ്കിലും - വിഷയം എന്തുമാകട്ടെ – എഴുതുക എന്നൊരു നിര് ദ്ദേശം ഞാന് എനിക്കു നല്കിയിട്ട് അറുനൂറു ദിവസമാകാന് പോകുന്നു. ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ ആ നിര് ദ്ദേശം പാലിച്ചുകൊണ്ടുപോകാന് കഴിഞ്ഞിട്ടുണ്ട് എന്നത് ആഹ്ലാദം പകരുന്ന സംഗതിതന്നെയാണ്. എഴുത്തിന്റെ അനുഭവങ്ങള് രസകരംതന്നെയായിരുന്നു. ഭാര്യയെ സിസേറിയനുവേണ്ടി കയറ്റിയ ഓപ്പറേഷന് തിയറ്ററിന്റെ വാതിലിനുമുന്നിലിരുന്നും , അച്ഛനെക്കിടത്തിയ ഐ സി യുവിന്റെ മുന്നിലെ തുരുമ്പിച്ച കസേരയിലിരുന്നുമൊക്കെ ഞാനെഴുതിയിട്ടുണ്ട്.കേരളം കണ്ട ഏറ്റവും വലിയ പ്രളയകാലത്ത് , വെള്ളം ഇഞ്ചിഞ്ചായി കയറി വരുന്നത് നോക്കിയിരുന്നുകൊണ്ടും എഴുതിയിട്ടുണ്ട്.സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും ശാസ്ത്രവും അങ്ങനെയങ്ങനെ എഴുതാനൊന്നും കിട്ടാതെ കരിയിലയേയും മണ്ണാങ്കട്ടയേയും കുറിച്ചുപോലും എഴുതി. ഓരോരോ തിരക്കുകള് കാരണം രാത്രി എട്ടുമണിയായിട്ടും എഴുതാനും പോസ്റ്റു ചെയ്യാനും കഴിയാതെ പോയ ദിവസങ്ങളുണ്ട്. നൂറുദിവസംകൊണ്ട് നൂറുപുസ്തകം വായിച്ചവതരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത നാളുകള് ...