#ദിനസരികള്‍ 591
താന്‍
സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രം ഇത്രയും ആഴത്തിലും പരപ്പിലും ഒരു രാജ്യത്തിന്റെ
ഭാഗധേയം നിര്‍ണയിക്കുമെന്ന് വാല്മീകി എന്ന ആദികവി ചിന്തിച്ചിട്ടുണ്ടാകുമോ?
ഉണ്ടാവില്ല എന്നു നമുക്ക് ഉറപ്പിച്ചു പറയാനാകും. എക്കാലത്തേക്കും മാതൃകയായ
ഒരു പുരുഷനെ ആവിഷ്കരിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിറുത്തി അദ്ദേഹം
സങ്കല്പിച്ചെടുത്ത അയോധ്യ എന്ന കൊച്ചുരാജ്യത്തിലെ രാജാവ്, കുലച്ചു പിടിച്ച
വില്ലുമായി ഭാരതമെന്ന മഹാരാജ്യത്താകമാനം അസഹിഷ്ണുതയും അശാന്തിയും വിതറുന്ന
പ്രതിലോമശക്തിയായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുകൊല്ലക്കാലത്തോളം ഏകദേശം
മയക്കത്തിലായിരുന്ന രാമന്‍ , 2019 ലെ ലോകസഭാ ഇലക്ഷനാകുമ്പോഴേക്കും വര്‍ദ്ധിതവീര്യത്തോടെ
സടകുടഞ്ഞെഴുന്നേല്ക്കാന്‍ പോകുന്നുവെന്നതിന് ധാരാളം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു
തുടങ്ങിയിട്ടുണ്ട്.
എന്തൊരു
ദയനീയമായ അവസ്ഥയാണിത്? രാജ്യം
നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കാന്‍ ഭരണത്തിലിരിക്കുന്ന
സംഘപരിവാരത്തിന്റെ ഒരു നേതാവുപോലും തയ്യാറാകുന്നില്ല. നോട്ടുനിരോധനമുണ്ടാക്കിയ
പിന്നോട്ടടികള്‍ , പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് , എത്രയോ അഴിമതികള്‍ ,
പൊതുവിപണിയിലെ വിലക്കയറ്റങ്ങള്‍, ന്യൂനപക്ഷങ്ങളെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിച്ചതുവഴി
ആഭ്യന്തരമായി ജനവിഭാഗങ്ങള്‍ തമ്മില്‍ നിലനില്കക്കുന്ന അസഹിഷ്ണുത , ഭരണഘടന
മുന്നോട്ടുവെയ്ക്കുന്ന തുല്യത തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്
രാജ്യത്തിന് ചോദ്യങ്ങളുണ്ട്. എന്നാല്‍ അത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട
യാതൊന്നിനേയും അഭിമുഖീകരിക്കുവാന്‍ പ്രധാനമന്ത്രിയോ മറ്റാരെങ്കിലുമോ തയ്യാറാകുന്നില്ല.
ഉണ്ടെന്നു നമ്മളില്‍ ചിലരെങ്കിലും ഘോഷിക്കുന്ന നാനാത്വങ്ങളെ
അംഗീകരിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു നടക്കുകയും ചെയ്യുന്നു.
ആറെസ്സെസ്സിന്റേയും
വി എച്ച് പിയുടേയും ആഭിമഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ധരം സഭ ഉയര്‍ത്തിയ
ആവശ്യങ്ങള്‍ 2019 ലെ ഇലക്ഷനില്‍ ബി ജെ പി മുന്നോട്ടുവെയ്ക്കുന്ന അജണ്ട എന്താണെന്നു
വ്യക്തമാക്കുന്നു. കേസു പരിഗണിക്കുന്ന സുപ്രിംകോടതിയോട് എത്രയും വേഗം ഈ
കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കണമെന്നും അല്ലെങ്കില്‍ രാമജന്മഭൂമിയില്‍
അമ്പലം പണിയുന്നതിന് ആവശ്യമായ തരത്തിലുള്ള നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍
നടത്താന്‍ തയ്യാറാകണമെന്നും ധരം സഭ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍
തയ്യാറാകുന്നില്ലെങ്കില്‍ കോടതിയേയോ ഭരണഘടനയോയോ മാനിക്കാതെ രാമക്ഷേത്രം നിര്‍മിക്കാന്‍
തങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനവും പിന്നാലെ വന്നിട്ടുണ്ട്.
ഇനി
ഒരു തവണകൂടി സംഘപരിവാരത്തിന്റെ ഭരണത്തിനെ അതിജീവിക്കാനുള്ള ശേഷി ഈ രാജ്യത്തിന്
ഉണ്ടെന്നു കരുതുന്നില്ല.അതുകൊണ്ട് മറ്റെല്ലാ തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളെ
മാറ്റി വെച്ചു കൊണ്ട് ഹിന്ദുത്വയുടെ ഫാസിസ്റ്റു മുന്നേറ്റത്തിന് തടയിടാനുള്ള
പോംവഴികള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍
ആലോചിക്കേണ്ടിയിരിക്കുന്നു. ഫാസിസമാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിക്കുവാന്‍
ഇനിയും വൈകിയാല്‍ ഇനിയൊരിക്കലും നമുക്കതു പറയേണ്ടി വരില്ല.
Comments