#ദിനസരികള്‍ 595
സെന്റിനല്‍ ദ്വീപിലേക്ക് പോയ അമേരിക്കന്‍ പൌരന്‍ ജോണ്‍ ചൌ,
ദ്വീപുനിവാസികളാല്‍ കൊല്ലപ്പെടുകയും അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്ത വാര്‍ത്ത
കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണല്ലോ. തുടര്‍ന്ന് പുറംലോകവുമായി യാതൊരു തരത്തിലും
ബന്ധപ്പെടാത്ത സെന്റിനല്‍ ദ്വീപുവാസികള്‍ അവര്‍ക്കിടയിലേക്ക് ‘അതിക്രമിച്ചു’
കടന്ന ജോണിനെ ഇല്ലായ്മ ചെയ്തതിനു പിന്നിലെ
കാരണങ്ങളും ദ്വീപുവാസികളുടെ സ്വഭാവസവിശേഷതകളും നാം ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്തു.
അവസാനം ലോകമാകെയുള്ള നരവംശശാസ്ത്രജ്ഞന്മാരുടേയും മറ്റും അഭിപ്രായങ്ങളെ പരിഗണിച്ചുകൊണ്ട്
ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള എല്ലാ വിധ പ്രയത്നങ്ങളും അവസാനിപ്പിക്കുവാനും
പുറംലോകത്തുനിന്നും ദ്വീപുവാസികളെ ശല്യപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളൊന്നും
ഉണ്ടാകാന്‍ പാടില്ലെന്നുമുള്ള തീരുമാനത്തിലേക്ക് നാം എത്തിച്ചേര്‍ന്നു.സെന്റിനല്‍
ജീവിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കൌതുകങ്ങളെ ദ്വീപിനു ചുറ്റും മൂന്നു
കിലോമീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ തടയുകയും
ചെയ്തു.
ഈ സംഭവം രണ്ടു
പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒന്ന് മതംമാറ്റവും മറ്റേത് ദ്വീപുവാസികളെ
അവരായിത്തന്നെ ജീവിക്കുവാന്‍ വിടണമെന്നുമുള്ള ആവശ്യവുമാണ്. ജോണ്‍ ചൌ ദ്വീപിലേക്ക്
പോയത് അവിടത്തെ ജനങ്ങളെ മതം മാറ്റുന്നതിനു വേണ്ടിയാണെന്നും അതുകൊണ്ടുതന്നെ അയാള്‍ക്കുണ്ടായ
ദുര്യോഗത്തില്‍ ഒട്ടും സങ്കടമില്ലെന്നും നമ്മുടെ നാട്ടിലെ ഹിന്ദുത്വയുടെ
കേന്ദ്രങ്ങളില്‍ നിന്ന് അഭിപ്രായപ്പെടുന്നത് കേട്ടിട്ടുണ്ട്. ( ഇതിലെ മറ്റൊരു
കൌതുകം സെന്റിനലുകാര്‍ ഹിന്ദുക്കളാണെന്ന ധാരണയാണ്.) മനുഷ്യരാണെന്നു പറയുവാന്‍
പോലും സാധിക്കാത്ത തരത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ആളുകളെ നാം ജീവിച്ചു പോകുന്ന
കാലത്തിലേക്കും നമ്മുടെ നേട്ടങ്ങളിലേക്കും കണ്ണി ചേര്‍ക്കുവാന്‍ മിഷണറി പ്രവര്‍ത്തനം
സഹായിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അച്ചടിയുടേയും
വിദ്യാഭ്യാസത്തിന്റേയുമടക്കമുള്ള ഗുണവശങ്ങളെ നമുക്കു അനുഭവിക്കാന്‍ കഴിഞ്ഞതും ഇതേ
ക്രിസ്ത്യന്‍ മിഷണറിമാര്‍ നമ്മുടെ സമൂഹത്തിലേക്ക് കടന്നുവന്നതോടെയാണ്. അവര്‍
തൊടലും തീണ്ടലുമായി മണ്ണില്‍ കുഴികുത്തി ജീവിച്ചു പോന്നിരുന്ന ഒരു ജനതതിയെ
മനുഷ്യരാക്കാന്‍ ശ്രമിച്ചു.ഈ നാട്ടിലെ മേധാവികള്‍ അത്തരക്കാരെ മനുഷ്യരായിപ്പോലും
പരിഗണിച്ചിരുന്നില്ല. മാറു മറയ്ക്കാനും പൊതുവഴികളിലൂടെ സഞ്ചരിക്കാനുമുള്ള അവകാശം
നല്കാതെ നാം അവരെ അടിമകളാക്കിവെച്ചു.അവര്‍ക്കിടയിലേക്ക് കടന്നു വന്ന മിഷണറിമാര്‍
ഒരു പുതിയ ദിശാബോധം നല്കി പഠിപ്പിച്ചെടുക്കുന്ന കൂട്ടത്തില്‍ ഒരു പുതിയ
വിശ്വാസത്തേയും സ്വാഭാവികമായും പ്രദാനം ചെയ്തു. മതം കൊണ്ട് നാം
മനുഷ്യാരാകുന്നുവെങ്കില്‍ ആ മതത്തെ സ്വീകരിക്കുക തന്നെ വേണം. ഇവിടെ ക്രിസ്തുമതം
സ്വീകരിച്ചവരുടെ സാമൂഹ്യാവസ്ഥ അതു സ്വീകരിക്കാത്തവരെക്കാള്‍ ഉയര്‍ന്നുനിന്നിരുന്നു.
ഇതു കേരളത്തിലെ മാത്രം അവസ്ഥയാണെങ്കില്‍ ലോകമാകെ മിഷണറിമാര്‍ നടത്തിയ ശ്ലാഘനീയമായ
പ്രവര്‍ത്തനങ്ങളെ നാം മാനിക്കുക തന്നെ വേണം.അപലപിക്കേണ്ടതായ സംഭവങ്ങളുടെ ഒരു നിര
തന്നെയുണ്ടെങ്കിലും ഇരുളിലാണ്ടു കിടന്നിരുന്ന ലോകത്തെ പല ജനവിഭാഗങ്ങളേയും ആധുനിക
ലോകത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
സാധിച്ചിട്ടുണ്ട്. നമ്മുടെ ആദിവാസികളുടെ കോളനികളിലൂടെ ഒന്നു സഞ്ചരിച്ചുനോക്കൂ.
ആരും തിരിഞ്ഞുനോക്കാതെയും തിന്നാനും കുടിക്കാനുമൊന്നുമില്ലാതെയും അസുഖങ്ങള്‍
പിടിപെട്ടും ജീവിച്ചുപോന്ന അവരെ മാറ്റിയെടുക്കുന്നതില്‍ ക്രിസ്ത്യന്‍ മതപ്രചാരകര്‍
നേടിയ വിജയം നേരിട്ടുകാണാം. ( മതത്തിന്റെ പേരില്‍ അധികാരത്തിലെത്തി കോടികള്‍
മുടക്കി പ്രതികമകളുണ്ടാക്കി ഭരിച്ചുപോകുന്ന വര്‍ഗ്ഗത്തിന് ഈ ജനവിഭാഗത്തേയും അവരുടെ
ആവശ്യങ്ങളേയും കാണാനുള്ള കണ്ണില്ല, എന്നാല്‍ മതപരിവര്‍ത്തനത്തെ എതിര്‍ക്കാന്‍ അവര്‍
മുന്നിലുണ്ടുതാനും ) അതുകൊണ്ട് ജോണ്‍ ചൌ
സെന്റിനല്‍ ഗോത്രവര്‍ഗ്ഗക്കാരെ മതംമാറ്റുന്നതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍
അവഹേളിക്കേണ്ടതായ ഒന്നും അതിലില്ല എന്നുതന്നെ പറയാവുന്നതാണ്.
രണ്ടാമത്തെ
വിഷയം കുറച്ചുകൂടി അവധാനപൂര്‍വ്വം വിലയിരുത്തേണ്ടതാണ്. ഞാനൊരു
നരവംശശാസ്ത്രജ്ഞനല്ലാത്തതുകൊണ്ട് സാമാന്യബുദ്ധിയെ വിനിയോഗിക്കുകയാണ്.സെന്റിനല്‍
ദ്വീപുവാസികളെ ആരും ശല്യപ്പെടുത്താന്‍ പാടില്ലെന്നും ഇണങ്ങാത്തവരായതുകൊണ്ട് അവരെ
അവരായിത്തന്നെ ജീവിച്ചു പോകുവാന്‍ അനുവദിക്കണമെന്നുമാണ് നരവംശശാസ്ത്രജ്ഞന്മാര്‍
പറയുന്നത്. രോഗപ്രതിരോധശേഷിക്കുറവടക്കമുള്ള ഒരു പിടി കാരണങ്ങള്‍ ഉപോത്ബലകമായി അവര്‍
നിരത്തുന്നുമുണ്ട്.എനിക്ക് ആ അഭിപ്രായത്തോടു വിയോജിപ്പാണ്.നമ്മുടെ ആദിവാസികളെ
ആദിവാസികളായിത്തന്നെ നിലനിറുത്തണമെന്നും അവരുടെ ജീവിത രീതികളെ അങ്ങനെത്തന്നെ
തുടരാന്‍ അനുവദിക്കണമെന്നുമുള്ള വാദം വിഡ്ഢിത്തമാണ്. പരിഷ്കൃതനായ മനുഷ്യന്‍ ഇന്ന്
ഈ നിലയിലെത്തി നിവര്‍ന്നു നില്ക്കുന്നത് ഇതുപോലെയുള്ള പല ഘട്ടങ്ങളെ
കടന്നുപോന്നിട്ടാണ്.ഇന്നത്തെ നാം പിന്നിട്ടു പോന്ന ഒരു ഘട്ടത്തിലാണ് സെന്റിനല്‍
ആദിവാസികള്‍ പല വിധത്തിലുള്ള സാഹചര്യങ്ങളാലും ജീവിച്ചുപോകുന്നത്.അവരെ പരിഷ്കൃതമായ
ആധുനിലോകത്തിന്റെ ജീവിത പരിസരങ്ങളിലേക്ക് ആനയിക്കുക എന്ന കടമ സ്നേഹത്തിന്റേയും
പരിചരണത്തിന്റേയും കുടപിടിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗം
ഏറ്റെടുക്കേണ്ടതുതന്നെയാണ്.അതിക്രമിച്ചു കടന്നുകൊണ്ടല്ല നാം അവരെ
പാട്ടിലാക്കേണ്ടത്.നിരന്തരമായി ഇടപെടാന്‍ ശ്രമിച്ചു അവരുടെ ഭയാശങ്കകള്‍
മാറ്റിയെടുത്തുകൊണ്ടാണ്.
ഇന്നു നാം
ജീവിച്ചുപോകുന്ന ആധുനിക ലോകം മനുഷ്യപരിണാമത്തിന്റെ , സംസ്കാരത്തിന്റെ
അവസാനത്തെ പടവാണെന്നു ഞാന്‍ കരുതുന്നില്ല. എന്നിരുന്നാല്‍ത്തന്നേയും
നദിയിലെ നിലയില്ലാത്ത കയത്തിലൂടെ ഒഴുകിപ്പോകുന്നവരെ ഈ കടവിലേക്ക് കൈപിടിച്ച്
ആനയിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ട്
സെന്റിനല്‍ ദ്വീപുവാസികളെ പൊതുസമൂഹത്തിലേക്ക് ആനയിക്കാനുള്ള കടമയില്‍ നിന്നും നാം
പിന്തിരിഞ്ഞുകൂട.
( ആദിവാസികളെക്കുറിച്ചും അവരെ പൊതുസമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും നേരത്തെ എഴുതിയ ഒരു കുറിപ്പിന്റെ ലിങ്ക് :-
Comments