#ദിനസരികള്‍ 594


            കടുത്ത പനി. ഒരു കപ്പുവെള്ളമെടുത്ത് നെഞ്ചത്തുവെച്ചാണ് രാവിലെ കാപ്പിയുണ്ടാക്കിയത്.അത്രമാത്രം ചൂട്. ആ ചൂടില്‍ പൊരിഞ്ഞുകിടക്കുമ്പോഴാണ് ഹൈസന്‍ബര്‍ഗ് കേറി വന്നത്. വന്നപാടെ അയാള്‍ നിലത്തേക്കു വീണുകിടന്നിരുന്ന എന്റെ പുതപ്പെടുത്ത് കട്ടിലിലേക്ക് ഇട്ടു.എന്നിട്ട് എന്റെ കാലുകള്‍ക്ക് സമീപം ഇരുന്നു. തലയിലൊരു തൊപ്പിയും വെച്ച് ഊശാന്‍ താടിയിലൂടെ വിരലോടിച്ചുകൊണ്ട് അയാള്‍ എന്നെത്തന്നെ നോക്കിയിരുന്നു.ഒരാള്‍ അടുത്തു വന്ന് ഒന്നും മിണ്ടാതെ വെറുതെ ഇരിക്കുന്നത് എനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് അയാള്‍ക്കറിയില്ലേ ? ഞാന്‍ ശരീരമൊന്നിളക്കി അസ്വസ്ഥത പ്രകടിപ്പിച്ചുവെങ്കിലും അയാള്‍ കണ്ടഭാവം നടിച്ചില്ലെന്നു മാത്രമല്ല എന്തോ മന്ത്രം ചൊല്ലുന്നപോലെ ചുണ്ട് അനക്കാനും തുടങ്ങി. ഞാന്‍ കാതുകൂര്‍പ്പിച്ചു.പതിയെപ്പതിയെ അയാള്‍ ചൊല്ലുന്നത് വ്യക്തമായി. കുമാരനാശാന്റെ ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെപോം , വിരയുന്നൂ മനുഷ്യനേതിനോ തിരിയാ ലോകരഹസ്യമാര്‍ക്കുമേ എന്ന ശ്ലോകമാണ്.ങാ അത് ഇയാക്ക് പറ്റിയ ശ്ലോകമാണ്. ശാസ്ത്രത്തെയാകമാനം അനിശ്ചിതത്വത്തിലേക്ക് എത്തിച്ച ആളല്ലേ? ദൈവത്തിന് ചൂതുകളിയല്ല പണിയെന്ന് (God does not play dice with the universe.) ഐന്‍സ്റ്റീനെക്കൊണ്ട് പറയിപ്പിച്ചത് ഇങ്ങേരാണ്. താനെന്നുമുതലാണ് ദൈവത്തിന്റെ ഗുണ്ട ആയതെന്ന് ബോറിനെക്കൊണ്ട് ഐന്‍സ്റ്റീനെ ചീത്ത വിളിപ്പിച്ചതും ഇയാളാണ്.എന്നുമാത്രമോ യഹൂദനല്ലാതിരുന്നിട്ടുപോലും ഈ ചങ്ങാതി ആ ജര്‍മനിയെ സഹായിക്കാന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമല്ലേ ? ഇപ്പോ എന്തിനാപോലും എന്റെ കിടക്കയിലേക്ക് കേറി വന്നത് എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇത്തിരി ഉച്ചത്തിലായിപ്പോയെന്നു തോന്നുന്നു.ഹൈസന്‍ബര്‍ഗ് എന്നെ നോക്കി ചിരിച്ചു.ചിരികാണെക്കാണെ വികസിച്ചുവന്നു.ചിരി പൊട്ടിച്ചിരിയായി. എന്റെ മുറിയാകെ ആ ചിരിയില്‍ പ്രകമ്പനം കൊണ്ടു.മുറിയിലെ ഓരോ വസ്തുവും ഇളകാന്‍ തുടങ്ങി. കട്ടിലും മേശയും ഇസ്തിരിപ്പെട്ടിയും അലമാരയും പുസ്തകവും ഊഞ്ഞാലുമൊക്കെ ഇളകിത്തുള്ളി.എന്നിട്ടും അയാള്‍ ചിരി നിറുത്താനുള്ള ഭാവമുണ്ടായിരുന്നില്ല.എന്റെ ശരീരം കട്ടിലില്‍ക്കിടന്ന് ഷോക്കടിപ്പിച്ചാലെന്നപോലെ വിറച്ചുകൊണ്ടേയിരുന്നു.വിറ പ്രത്യക്ഷമായ ചലനമായി മുകളിലേക്കും താഴേക്കും ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഞാനിങ്ങനെ ചലിച്ചുകൊണ്ടിരുന്നു.ഭിത്തിയിലിടിക്കുമെന്നു കരുതി പലപ്പോഴും ഞാന്‍ തലവെട്ടിച്ചു. പക്ഷേ ഭിത്തിയും ചലിക്കുകയായിരുന്നു.എന്നിട്ടും അയാള്‍ ചിരി നിറുത്താന്‍ തയ്യാറായില്ല. തന്റെ നശിച്ച ചിരിയൊന്ന് അവസാനിപ്പിക്ക് എന്ന് ഞാനലറിയപ്പോള്‍ അതിലുഗ്രമായി അയാളും അലറിപ്പറഞ്ഞു ഇപ്പോള്‍ നീ എവിടെയാണെന്ന് പറഞ്ഞാന്‍ ഞാന്‍ ഈ ചിരിനിറുത്താം.ശെടാ അതെങ്ങനെ പറ്റും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു അതിന്റെ പൊസിഷനും വെലോസിറ്റിയും മാറിക്കൊണ്ടേയിരിക്കുന്നതിനാല്‍  എവിടെയാണെന്ന് കൃത്യമായി പറയാനികില്ലെന്ന് ഇയാളല്ലേ പറഞ്ഞത്. പിന്നെ ഞാനെവിടെയാണെന്ന് ഞാനെങ്ങനെ പറയും? എനിക്കു ദേഷ്യംവന്നു.ഇയാളെന്നെ മനപ്പൂര്‍വ്വം കളിയാക്കുകയാണെന്ന് എനിക്കു മനസ്സിലായി. കറക്കത്തിനിടയില്‍ കൈയ്യില്‍ കിട്ടിയ ഇസ്തിരിപ്പെട്ടിയെടുത്ത് ഞാന്‍ ഹൈസന്‍ബര്‍ഗ്ഗിനു നേരെ ആഞ്ഞെറിഞ്ഞു.
            ഒച്ച കേട്ട് അമ്മയും ഭാര്യയും ഓടിവന്നു. ഏറേറ്റു അലമാരിയുടെ വലിയ കണ്ണാടി പൊട്ടിവീണിരിക്കുന്നു. അതിന്റെ തകരം ചളുങ്ങിയിരിക്കുന്നു. അവരെന്നെ ചീത്ത വിളിക്കാന്‍ തുടങ്ങി. നീയെന്തിനാ ഇസ്തിരിപ്പട്ടി എടുത്ത് എറിഞ്ഞത് എന്ന് അമ്മ ചോദിക്കുന്നത് എനിക്കു കേള്‍ക്കാം. എന്നാലും എന്റെ കറക്കം അവസാനിച്ചുവല്ലോ. അയാളെന്നെ കിടക്കിയില്‍ കിടത്തിയല്ലോ.ഞാന്‍ ചുറ്റും നോക്കി.കവുങ്ങുകള്‍ക്കിയിലൂടെയുള്ള നടവഴിയിലൂടെ ഹൈസന്‍ബര്‍ഗ്ഗ് നടന്നു മറയുന്നു. ഹോ ആശ്വാസം! ഞാന്‍ തിരിഞ്ഞുകിടന്ന് സുഖമായി ഉറങ്ങാന്‍ തുടങ്ങി.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം