Posts

Showing posts from August 25, 2019

#ദിനസരികള്‍ 866 - പുറത്താക്കപ്പെടുന്നവരുടെ ഇന്ത്യ.

            സ്വന്തമായി ഭൂമിയും ആകാശവുമില്ലാത്ത പത്തൊമ്പതു ലക്ഷം ആളുകളെ ഈ രാജ്യത്തുനിന്നും   പുറത്താക്കേണ്ടവരായി ഒടുവില്‍ നാം കണ്ടെത്തിയിരിക്കുന്നു.ഒഴിവാക്കപ്പെട്ടവര്‍ പരാതിപരിഹരിക്കാനുള്ള ട്രിബ്യൂണലുകളെ എത്രയും വേഗം സമീപിച്ച് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിച്ച് പട്ടികയിലിടം നേടിയെടുക്കുക എന്നതാണ് ഈ നാട്ടില്‍ തുടരാന്‍ അവശേഷിക്കുന്ന പോംവഴി. ട്രിബ്യൂണലുകള്‍ക്ക് പൌരത്വ പട്ടികയില്‍ ഉള്‍‌പ്പെടാനുള്ള രേഖകള്‍ പരിശോധിച്ച്   തീരുമാനമെടുക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം   120 ദിവസമാണ്. ഒരു സാധാരണ പൌരന് സമീപിക്കാവുന്ന പരിധി ഇവിടെ അവസാനിക്കുന്നു. ഹൈക്കോടതിയേയും സുപ്രിംകോടതിയേയും അപ്പീലിനു വേണ്ടി സമീപിക്കാനുള്ള അവകാശമുണ്ടെങ്കിലും ഈ പത്തൊമ്പതു ലക്ഷം പേരില്‍ എത്ര പേര്‍ക്ക് അതിനു കഴിവുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.           ഏകദേശം പതിനാറോളം തടവുപാളയങ്ങളാണ് ബി ജെ പിയുടെ സര്‍ക്കാര്‍ തയ്യാറാക്കി കാത്തിരിക്കുന്നത്. അപ്പീല്‍ കാലാവധി അവസാനിക്കുന്ന...

#ദിനസരികള്‍ 865 - ദുരിതകാലത്തിലെ കൊയ്ത്തുകാര്‍

           പുത്തുമലയും കവളപ്പാറയും പോലെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ച ഇടങ്ങളില്‍ ഇപ്പോഴും കണ്ണുനീര്‍ തളം കെട്ടി നില്ക്കുന്നുണ്ടെങ്കിലും പ്രളയമുണ്ടാക്കിയ കെടുതികളില്‍ നിന്നും നാം ഏറെക്കുറെ മുക്തരായിരിക്കുന്നു.ദുരിതബാധിതര്‍ക്ക് ആശ്വാസമായി നാടൊന്നാകെ കൂടെനില്ക്കുന്നുവെന്നതിനാല്‍ ജീവിതം അതിന്റെ സ്വാഭാവികമായ താളക്രമത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നു.അധികം താമസിയാതെ കഴിഞ്ഞ വര്‍ഷത്തെ പ്രളയം സമ്മാനിച്ച ദുരിതങ്ങളെ നാം മറന്നതുപോലെ ഈക്കൊല്ലത്തെ മുറിവുകളേയും നാം മറക്കുക തന്നെ ചെയ്യും.മനുഷ്യന്‍ ഓര്‍മ്മിക്കാനെന്നതിനെക്കാള്‍ മറക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുക എന്നതാണല്ലോ ശരി.           എന്നിരുന്നാല്‍‌പ്പോലും നാം മനുഷ്യരാണെന്ന കാര്യം മറക്കാന്‍ കഴിയുന്നതാണോ ? മനുഷ്യന് ചില ഗുണങ്ങളുണ്ടെന്നും അതാണ് ഒരു സാധാരണ ഇരുകാലി മൃഗത്തെ അസാധാരണനായ മനുഷ്യനായി ഉയര്‍ത്തുന്നതെന്നെങ്കിലും നാം മനസ്സിലാക്കണ്ടേ ? പ്രളയകാലത്തെ ചില അനുഭവങ്ങള്‍ പഠിപ്പിക്കുന്നത് നാം ചിലപ്പോഴെങ്കിലും മനുഷ്യനായിരിക്കാന്‍ യാതൊരു വിധ യോഗ്യതയുമുള...

#ദിനസരികള്‍ 864 - ജമ്മുകാശ്മീരും പൌരാവകാശലംഘനങ്ങളും

             ഇന്ത്യാ ചൈന തര്‍ക്കകാലത്ത് , 1960 കളില്‍ , “ ഇന്ത്യയുടെ അതിര്‍ത്തിക്കകത്തെന്ന് ഇന്ത്യക്കാരായ നാം കരുതുന്ന സ്ഥലത്ത് “ എന്ന ഇ എം എസിന്റെ പ്രയോഗം നെടുനാള്‍ നാം ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തേയും അതുവഴി കമ്യൂണിസ്റ്റുകാരുടെ ദേശസ്നേഹത്തേയുമെല്ലാം ചോദ്യം ചെയ്യുന്ന വിധത്തില്‍ അതു വളര്‍ന്നു. എന്നാല്‍ വസ്തുതാവിരുദ്ധമായ അത്തരം ആക്ഷേപങ്ങളെ പ്രാധാന്യത്തോടെ കാണുവാന്‍ ഇ എം എസ് തയ്യാറായില്ല.അതിര്‍ത്തി പ്രശ്നം യുദ്ധത്തിലേക്കെത്തരുതെന്നും ചര്‍ച്ചകളിലൂടെ പോംവഴി കണ്ടെത്തുകയാണ് ആശാസ്യമായിട്ടുള്ളതെന്നുമുള്ള തന്റെ നിലപാടിനെ കൂടുതല്‍ ആര്‍ജ്ജവത്തോടെ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്.എന്നാല്‍ നീതിയുടേയും ചരിത്രത്തിന്റേയും പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങളെ ഭരണകൂടം പരിഗണിച്ചില്ല. ഫലമോ ? 1962 ല്‍ ഇന്ത്യാ – ചൈന യുദ്ധമുണ്ടാകുകയും നാം ലോകത്തിന്റെ മുമ്പില്‍ നാണം കെടുകയും ഒരിക്കലും മറക്കാനാകാത്ത നിലയില്‍ പുതിയ ചില പാഠങ്ങള്‍ പഠിക്കുകയും ചെയ്തു. അന്ന് ഇ എം എസ് സ്വീകരിച്ച ആ നിലപാടായിരുന്നു ശരിയെന്ന് ചരിത്രം തെളിയിച്ചു. ഇന്നിപ്പോള്‍ ...

#ദിനസരികള്‍ 863 - വിദ്യാര്‍ത്ഥികളേ , നിങ്ങള്‍ കൂവാനും പഠിക്കണം.

             ആര്യയെ നമുക്ക് മറക്കാനാകുമോ ? ഉമ്മന്‍ചാണ്ടിയുടെ കാലത്ത് , 2013ല്‍ തിരുവനന്തപുരത്തെ വനിതാ കോളേജില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാല്‍ ഗര്‍ഭപാത്രം തകരാറിലാകുമെന്നും പ്രസവിക്കാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസംഗിച്ച രജത് കുമാറെന്ന അധ്യാപകനെ കൂവിയിരുത്തിയ ആര്യ എന്ന പെണ്‍കുട്ടിയെ നാം എങ്ങനെയാണ് മറക്കുക ? ഒരടിസ്ഥാനവുമില്ലാതെ തികച്ചും ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം കാപട്യക്കാരെ ഒന്നടങ്കം കുവിയിരുത്തകയാണ് ആര്യ ചെയ്തത്. എന്നാല്‍ പിന്നീട് പ്രസ്തുത വിഷയത്തില്‍ കോളേജ് നടത്തിയ അന്വേഷണത്തില്‍ ആര്യയില്‍ പക്വത കുറവ് ആരോപിക്കപ്പെട്ടുവെന്ന് മാത്രവുമല്ല, രജത് കുമാറിനെ വാനോളം പുകഴ്ത്തുകയുമുണ്ടായി. പക്ഷേ ആര്യയുടെ പക്വതക്കുറവിനൊപ്പാമായിരുന്നു കേരളത്തിലെ ചിന്തിക്കുന്ന മനസ്സുകള്‍ നിലയുറപ്പിച്ചത്.ആര്യയുടെ അത്തരത്തിലുള്ള “ പക്വതക്കുറവ് ” കേരളത്തിലുടനീളം ഉണ്ടായിവരേണ്ടതുണ്ട്. ആര്യയെ ശരിവെയ്ക്കുന്ന തരത്തില്‍ 2018 ല്‍ അശാസ്ത്രീയ പ്രഭാഷണം നടത്തുന്ന രജത് കുമാറിനെ ഇനി ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിടുകയ...

#ദിനസരികള്‍ 862 - അയ്യങ്കാളി സ്മരണകളില്‍

          രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്കാരണം കൊണ്ടുതന്നെ ചില സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടുകയും എന്തിനുവേണ്ടിയാണോ രൂപീകരിക്കപ്പെട്ടത് , ആ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ മാര്‍ഗ്ഗങ്ങളിലൂടെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ നയിക്കപ്പെടുകയും ചെയ്യുമ്പോള്‍ സമൂഹത്തെ മാനവികോന്മുഖമായി മുന്നോട്ടു നയിക്കേണ്ടതിന്റെ തത്രപ്പാടുകളില്‍ നിന്നും ഇരുകൂട്ടരും പിന്‍വാങ്ങുന്നു.ഫലമോ ? ദീര് ‍ഘകാലത്തെ സമരങ്ങളിലൂടെ നാം നേടിയെടുത്ത മൂല്യങ്ങളൊക്കെയും അട്ടിമറിയ്ക്കപ്പെടുന്നു. ജാതിയുടേയും മതത്തിന്റേയും സങ്കുചിത താല്പര്യങ്ങള്‍ പൊതുഇടങ്ങളിലേക്ക് വന്നു കയറുന്നു.അതോടുകൂടി ഒരു കാലത്ത് നിരവധി ജീവനുകളെ ബലികൊടുത്തുകൊണ്ട് നാം പരാജയപ്പെടുത്തി പിന്മടക്കിയ ജാത്യാചാരങ്ങളടക്കമുള്ള വിപത്തുകള്‍ സമൂഹത്തിലേക്ക് തിരിച്ചു വരുന്നത് നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിപത്താണ് അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്നാട്ടിലെ സാധാരണക്കാരായ ജനതയ്ക്ക് മാര്‍ഗ്ഗദര്‍ശികളായി പരിലസിച്ച സമരവ്യക്തിത്വങ്ങളെ നേരിട്ട് ആശ്രയിക്കുകയേ നിര്‍വാഹമുള്ളു.അങ്ങനെയുള്ള നവോത്ഥാന നായകന്മാരില്‍ കേരളത്തിന് ഏറ്റവും വിശ്വസിക്കാ...

#ദിനസരികള്‍ 861 - രാമന്റെ സീതായനങ്ങള്‍

അപകീർത്തിഭയാന്ധനീവിധം സ്വപരിക്ഷാളനതല്പരൻ നൃപൻ കൃപണോചിതവൃത്തിമൂലമെ- ന്നപവാദം ദൃഢമാക്കിയില്ലയോ? കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ചോദ്യമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് അതു ശരിയാണെന്ന് ധരിച്ചുകൊണ്ട് തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെ തനിക്കു നേരെയുണ്ടായ അപവാദപ്രചാരണങ്ങളെ ശരിയാണെന്ന് വരുത്തിത്തീര്‍ക്കുവാനല്ലേ രാമന്‍ ശ്രമിച്ചത് എന്നാണ് ചോദ്യം. രാമനെതിരെ സീത സമര്‍പ്പിക്കുന്ന കുറ്റപത്രം കൂടിയാണ് ഈ വാക്കുകള്‍. രാജാവെന്ന നിലയില്‍ തന്റെ പ്രജയോടു കാണിക്കേണ്ട സത്യസന്ധമായ നീതിബോധവും നിഷ്പക്ഷതയും ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയോടു പ്രകടിപ്പിക്കേണ്ട വിശ്വാസ്യതയും ഉത്തരവാദിത്തവും ബലികഴിക്കുകയാണ് രാമന്‍ ചെയ്തത്. അതുകൊണ്ടുതന്നെ രാമന്‍ താലോലിക്കുന്ന എല്ലാത്തരത്തിലുമള്ള അധികാരങ്ങളേയും നിഷ്പ്രഭമാക്കുന്ന ഈ ചോദ്യം രാജാവെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലുമുള്ള രാമന്റെ ജീവിതത്തിനു മുകളില്‍ ആശാസ്യമല്ലാത്ത ഒരു ഘനച്ഛായ വീഴ്ത്തുന്നു. സീതാവിയുക്തനായ രാമന്‍ തന്റെ ജീവിതകാലത്തൊരിക്കലും ഈ ചോദ്യത്തിന്റെ കെടുതിയില്‍ നിന്നും മുക്തനായിട്ടുണ്ടാവില്ല. അവസാനം സരയുവിലേക്കുള്ള പ്രയാണ നിമിഷത്തിലും...

#ദിനസരികള്‍ 860 - ഭൂമിയുടെ അവകാശികള്‍ - ബഷീറെന്ന ദുര്‍ബലന്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവായ പടച്ചോന്റെ കൈകള്‍ കൊണ്ടാണെന്നും അതുകൊണ്ടു അവയെല്ലാംതന്നെ   ഇവിടെ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരാണെന്നും ആരെങ്കിലും സ്വന്തം താല്പര്യങ്ങള്‍‍‌ക്കോ സുഖസൌകര്യങ്ങള്‍‌ക്കോ വേണ്ടി ഇതരപ്രാണികളെ കൊന്നൊടുക്കിയാല്‍ അത് ദൈവനിന്ദയും അക്ഷന്തവ്യമായ അപരാധവുമാമായിരിക്കുമെന്നുമുള്ള ദര്‍ശനത്തെയാണ് ഈ കഥ അടിവരയിട്ട് അവതരിപ്പിച്ചെടുക്കുന്നത്.കരിക്കു തുരന്നു തിന്നുന്ന ശല്യക്കാരായ കടവാവലുകളെ വെടിവെക്കാന്‍ പോയവരെ, വാവലുകള്‍ തങ്ങളുടെ ആത്മാക്കളാണെന്നു പറഞ്ഞു തടഞ്ഞവരെ മുന്‍നിറുത്തി കഥ ബഷീര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് . – “ മറക്കരുത്.വാവലുകള്‍ ആരുടേയും പൂര്‍വ്വികന്മാരുടെ ആത്മാക്കളല്ല.അന്ധവിശ്വാസം ഭ്രാന്തു പോലെയാക്കി മനുഷ്യരെ കൊല്ലാതിരിക്കുക.കടവാതിലുകളെന്ന വാവലുകള്‍ ദൈവം തമ്പുരാന്റെ കോടാനുകോടി സൃഷ്ടികളില്‍ പറക്കുന്ന ജീവികളാണ്.കരിക്കു നശിക്കട്ടെ , തേങ്ങ നശിക്കട്ടെ, സാരമില്ല ബാക്കി ക...