#ദിനസരികള്‍ 864 - ജമ്മുകാശ്മീരും പൌരാവകാശലംഘനങ്ങളും
ഇന്ത്യാ
ചൈന തര്‍ക്കകാലത്ത് , 1960 കളില്‍ , “ഇന്ത്യയുടെ അതിര്‍ത്തിക്കകത്തെന്ന് ഇന്ത്യക്കാരായ നാം
കരുതുന്ന സ്ഥലത്ത് “ എന്ന ഇ എം
എസിന്റെ പ്രയോഗം നെടുനാള്‍ നാം ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തേയും
അതുവഴി കമ്യൂണിസ്റ്റുകാരുടെ ദേശസ്നേഹത്തേയുമെല്ലാം ചോദ്യം ചെയ്യുന്ന വിധത്തില്‍
അതു വളര്‍ന്നു. എന്നാല്‍ വസ്തുതാവിരുദ്ധമായ അത്തരം ആക്ഷേപങ്ങളെ പ്രാധാന്യത്തോടെ
കാണുവാന്‍ ഇ എം എസ് തയ്യാറായില്ല.അതിര്‍ത്തി പ്രശ്നം യുദ്ധത്തിലേക്കെത്തരുതെന്നും
ചര്‍ച്ചകളിലൂടെ പോംവഴി കണ്ടെത്തുകയാണ് ആശാസ്യമായിട്ടുള്ളതെന്നുമുള്ള തന്റെ
നിലപാടിനെ കൂടുതല്‍ ആര്‍ജ്ജവത്തോടെ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്.എന്നാല്‍
നീതിയുടേയും ചരിത്രത്തിന്റേയും പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങളെ ഭരണകൂടം
പരിഗണിച്ചില്ല. ഫലമോ? 1962 ല്‍ ഇന്ത്യാ –
ചൈന യുദ്ധമുണ്ടാകുകയും നാം ലോകത്തിന്റെ മുമ്പില്‍ നാണം കെടുകയും ഒരിക്കലും
മറക്കാനാകാത്ത നിലയില്‍ പുതിയ ചില പാഠങ്ങള്‍ പഠിക്കുകയും ചെയ്തു. അന്ന് ഇ എം എസ്
സ്വീകരിച്ച ആ നിലപാടായിരുന്നു ശരിയെന്ന് ചരിത്രം തെളിയിച്ചു.
ഇന്നിപ്പോള്‍ ജമ്മുകാഷ്മീരിന് ആര്‍ട്ടിക്കിള്‍ 370 വഴി
ഭരണഘടന അനുവദിച്ചുകൊടുത്തിരുന്ന സവിശേഷമായ അധികാരങ്ങളെ എടുത്തുകളഞ്ഞുകൊണ്ട്
കേന്ദ്രസര്‍ക്കാര്‍ സങ്കീര്‍ണമായ ഒരു സാഹചര്യത്തെ സൃഷ്ടിച്ചിരിക്കുന്നു. തികച്ചും
ഭരണഘടനാ വിരുദ്ധമായ ഒരു നീക്കമാണതെന്ന് ജനാധിപത്യത്തെ മാനിക്കുകയും സ്വതന്ത്രമായി
ചിന്തിക്കുകയും ചെയ്യുന്നവര്‍ കരുതുന്നു.എന്തുകൊണ്ടാണ് കാഷ്മീരിന് സവിശേഷമായ
അവകാശങ്ങള്‍ കൈവന്നതെന്നും അത് നീക്കം ചെയ്യുന്നതിനു മുമ്പ് എന്തു തരത്തിലൂള്ള
സമീപനമാണ് അവരോടു സ്വീകരിക്കേണ്ടതെന്നും ബോധമുള്ളവര്‍ ചരിത്രത്തെ മുന്‍നിറുത്തി
വിശദീകരിക്കുന്നുവെങ്കിലും കേന്ദ്രം ഭരിക്കുന്നവരുടെ കാതില്‍
അതൊന്നുമെത്തിച്ചേരുന്നില്ല. സൈനിക ശേഷികൊണ്ട് കാഷ്മീരിലെ പ്രശ്നങ്ങള്‍ക്ക്
പരിഹാരമുണ്ടാക്കാമെന്ന വെല്ലുവിളിയുടെ പാതയാണ് അവര്‍ അനുവര്‍ത്തിക്കുന്നത്. ഇത്
എല്ലാക്കാലത്തും കാഷ്മീരിനെ യുദ്ധക്കളമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
1960 കളില്‍ ഇ എം എസിന്റെ വാക്കുകള്‍ അധികാരികള്‍
തള്ളിക്കളഞ്ഞതുപോലെ ഇവിടേയും ഇടതുപക്ഷത്തിന്റേതടക്കമുള്ള പ്രതിഷേധ സ്വരങ്ങളെ
കേന്ദ്രം അവഗണിക്കുന്നു. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്നും മറ്റാരും അതിനെ
ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് അക്കൂട്ടരുടെ വാദം.ഈ തീരുമാനത്തിന് രാജ്യം വലിയ
വില കൊടുക്കേണ്ടിവരുന്ന സാഹചര്യം അതിവിദൂരമൊന്നുമല്ല.
കാശ്മീര്‍ ഇപ്പോള്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും
പോലെ ശാന്തമാണെന്നാണ് ആര്‍ട്ടിക്കിള്‍ 3370 നീക്കം ചെയ്ത ആദ്യനാളുകളില്‍ കേന്ദ്രസര്‍ക്കാര്‍ വാദിച്ചുകൊണ്ടിരുന്നത്.
ഏകദേശം എണ്‍പതിനായിരത്തോളം സൈനികരുടെ ആയുധ ശേഷിയില്‍ കാഷ്മീര്‍ അടങ്ങി
നിന്നുകൊള്ളുമെന്ന് അവര്‍ വ്യാമോഹിച്ചു. മാത്രവുമല്ല , പ്രതിഷേധിക്കാനും
പ്രതികരിക്കാനുമുള്ള എല്ലാവിധ അവകാശങ്ങളേയും ഇല്ലാതാക്കിക്കൊണ്ട് രാഷ്ട്രീയ
പ്രസ്ഥാനങ്ങളേയും നേതാക്കന്മാരേയും തടവിലാക്കി. വ്യാപകമായ തോതില്‍ മനുഷ്യാവകാശ
ലംഘനങ്ങള്‍ നടന്നു, നടക്കുന്നു. അത്തരത്തിലുള്ള നീക്കങ്ങളുടെ പിന്‍ബലത്തില്‍
കാഷ്മീര്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കന്മാര്‍
കാഷ്മീര്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചതോടെ കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍
പൊള്ളയാണെന്ന് വ്യക്തമായി. സ്ഥിതിഗതികള്‍ നേരിട്ടു കണ്ട് വിലയിരുത്താന്‍ കാശ്മീരിലെത്തിയ
നേതാക്കളെ സൈന്യം തടയുകയും തിരിച്ചയക്കുകയും ചെയ്തു. ഇതോടെ കാഷ്മീര്‍ മറ്റേതൊരു
സംസ്ഥാനവും പോലെ ശാന്തമാണെന്ന വാദം നുണയാണെന്ന് തെളിഞ്ഞു. സൈന്യത്തിന്റെ
നേതൃത്വത്തില്‍ കാഷ്മീരില്‍ കടുത്ത തോതില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും
പൌരന്റെ ജനാധിപത്യപരമായ ഒരവകാശത്തേയും അവര്‍ മാനിക്കുന്നതേയില്ലെന്നും വ്യക്തമായി.
ഈ സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി തന്റെ സഹപ്രവര്‍ത്തകനായ
യൂസഫ് തരിഗാമിയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രിംകോടതിയെ
സമീപിച്ചത്.കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ കോടതിയില്‍ നേരിടാനും
പരാജയപ്പെടുത്താനും കഴിഞ്ഞതിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്. എല്ലാ
പൌരാവകാശങ്ങളും കാഷ്മീരില്‍ ലംഘിക്കപ്പെടുകയാണെന്ന് കോടതിക്ക് ബോധ്യമായ
സാഹചര്യത്തില്‍ യെച്ചൂരിക്ക് തരിഗാമിയെ കാണാനുള്ള അനുവാദം കോടതി നല്കി.
രാജ്യത്തെ ഒരു പൌരന് തന്റെ രാജ്യത്തിന്റെ മറ്റൊരു
ഭാഗത്ത് സന്ദര്‍ശിക്കുന്നതിന് കോടതിയുടെ അനുവാദം വാങ്ങേണ്ടിവന്നുവെന്നതുതന്നെ
കാശ്മീര്‍ മറ്റേതൊരു സംസ്ഥാനത്തേയും പോലെയാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം
തെറ്റാണെന്ന് തെളിയിക്കുന്നതാണ്. യെച്ചൂരി കോടതിയെ സമീപിച്ചതില്‍ നിന്നുമുണ്ടായിട്ടുള്ള
പ്രധാനപ്പെട്ട ഒരു കാര്യം സര്‍ക്കാറിന്റെ ഈ നുണയെ ജനത്തിനുമുന്നില്‍ തുറന്നു
കാണിക്കുവാന്‍ കഴിഞ്ഞുവെന്നതാണ്.
വസ്തുതാപരമായി കാര്യങ്ങളെ സമീപിച്ചും വിശകലനം ചെയ്തു
തീരുമാനത്തിലെത്തുന്നവരുടെ വാക്കുകളെ അവഗണിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍
രാജ്യത്തിന്റെ നിലനില്പിനെപ്പോലും പ്രതികൂലമായി ബാധിക്കും. താല്കാലിക
ലാഭത്തിനുവേണ്ടി ഉള്‍ക്കാഴ്ചയില്ലാതെ നടത്തുന്ന നീക്കങ്ങള്‍ക്ക് സ്ഥായിയായ സമാധാനം
നടപ്പിലാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന
ഒരഗ്നിപര്‍വതത്തിനെയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് നിസംശയം പറയാം.പോംവഴി
ഒന്നേയുള്ളു ആര്‍ട്ടിക്കിള്‍ 370 ജനാധിപത്യപരമായി പുനസ്ഥാപിച്ചുകൊണ്ട് ഭരണഘടനാ
മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക.
Comments