#ദിനസരികള് 663
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ പി സോമസുന്ദരന്‍ നായരുടെ പണിയര്‍ എന്ന പുസ്തകത്തില്‍ ആരാണ് ആദിവാസികള്‍ എന്നൊരു ചോദ്യമുന്നയിച്ചുകൊണ്ട് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് – “ആദിവാസികള്‍ക്ക് പൂര്‍ണവും നിഷ്കൃഷ്ടവുമായ ഒരു നിര്‍വ്വചനം ഇതുവരെ സ്വീകരിച്ചുകണ്ടിട്ടില്ല. കുറുകിയ ശരീരം, കറുത്ത നിറം, ചുരുണ്ട തലമുടി, പരന്ന മൂക്ക്, തടിച്ച ചുണ്ടുകള്‍ തുടങ്ങിയ ശാരീരികമായ പ്രത്യേകതകള്‍ ഇന്ന് ആദിവാസികളുടെ അടയാളങ്ങളല്ലാതെയായിത്തീര്‍ന്നിരിക്കുന്നു. കുടിയേറ്റക്കാര്‍ കാടുവെട്ടിത്തെളിച്ച് മണ്ണില്‍ മാത്രമല്ല വിത്തു വിതച്ചത്. ആദിവാസി സ്ത്രീകളില്‍ അവര്‍ പുതിയൊരു തലമുറയുടെ വിത്തുകള്‍ പാകി. അതുകൊണ്ട് രൂപത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ന് ആദിവാസികളെ തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു.” ഇങ്ങനെ കൂടിക്കലര്‍ന്ന് പെറ്റു പെരുകുകയെന്നതൊരു പാതകമാണ് എന്ന ആശങ്കയൊന്നും എനിക്കില്ല. നാം, മനുഷ്യര്‍ പിന്നിട്ടു പോന്ന ഓരോ പടവുകളും ഇത്തരം കൂടിക്കലരുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാവുകയും ചെയ്യും. വര്‍ണസങ്കരമുണ്ടായാല്‍ സമൂലനാശമാകും ഫലമെന്ന ഗീതിയിലെ സവര്‍ണമായ കാഴ്ചപ്പാടിനോട് നമുക്ക് യോജ...