#ദിനസരികള് 662

ഇ.എം.എസ് വിട പറഞ്ഞിട്ട് ഇരുപത്തിയൊന്നു വര്‍ഷങ്ങളായിരിക്കുന്നു. അദ്ദേഹത്തെ ഓര്‍‌ത്തെടുത്തുകൊണ്ട് ഒ വി വിജയന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി – “കേരളത്തിന്റെ ചരിത്രത്തിനുമേല്‍ ഒരു വിഹഗ വീക്ഷണം നടത്തിയാല്‍ നമുക്ക് ഒന്ന് മനസ്സിലാകും. അവതാളങ്ങളില്‍ ചാടുമ്പോഴും കേരളം അതിന്റെ ബുദ്ധിക്ക് പ്രാമാണ്യം കൊടുത്തു. നാം അതിലൂടെ സ്വതന്ത്രരായി. ആ സ്വാതന്ത്ര്യത്തിന്റെ മഹാചാര്യനായി ഇ എം എസ് നമ്പൂതിരിപ്പാട് തന്റെ ചെറിയ ശരീരത്തിനുള്ളില്‍ നിന്നും പടര്‍ന്നു പൊങ്ങുന്നു. കേരളത്തിന്റെ ധാര്‍ഷ്ട്യത്തിന് കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അഭിവന്ദ്യ സഖാവേ, തുച്ഛമായ തര്‍ക്കങ്ങള്‍ കേരളം മറക്കും. പക്ഷേ അങ്ങില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നത്തെക്കാള്‍ എത്രയോ ചെറിയ മനുഷ്യരായിരുന്നിരിക്കും. ലാല്‍ സലാം.”
ശരികളുടെ രാഷ്ട്രീയം പഠിപ്പിച്ചുകൊണ്ട് നമുക്കിടയിലെ വഴികാട്ടിയായി ജീവിച്ച അദ്ദേഹത്തിന്റെ വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യത അതേ ആഴത്തിലും പരപ്പിലും ഇപ്പോഴും നിലനില്ക്കുന്നു, പ്രത്യേകിച്ചും കേരളത്തിന്റെ സംവാദമണ്ഡലങ്ങളില്‍.
ഇ എം എസിനു ശേഷം പ്രളയം എന്നല്ല, മറിച്ച് അദ്ദേഹം കേരളത്തിനു പഠിപ്പിച്ചുതന്ന ബൌദ്ധികതയ്ക്ക് കേരളത്തെ നയിക്കാന്‍തക്ക വിധത്തിലുള്ള തുടര്‍ച്ചകള്‍ ഇവിടെയുണ്ടായില്ല എന്ന വസ്തുതയെ ഊന്നാനാണ് ശ്രമിക്കുന്നത്. അത്തരം തുടര്‍ച്ചകള്‍ ഉണ്ടാകാതെയിരുന്നത് കേരളത്തെ, സവിശേഷമായും ഇടതുപക്ഷത്തെ ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന് പിന്‍പറ്റി പലരും വന്നിട്ടുണ്ടെങ്കിലും അദ്ദേഹം നിറുത്തിയിടത്തുനിന്നും വഴി തുറന്നു പോകാന്‍ അങ്ങനെ വന്നവര്‍ ശ്രമിച്ചിട്ടില്ലെന്നത് ഗുരുതരമായ ആരോപണമായി നിലനില്ക്കുന്നു.
എന്തുകൊണ്ടാണ് ഇടതു ബൌദ്ധികതയില്‍ അനാശാസ്യമായ അത്തരമൊരു വിടവുണ്ടായത്? പ്രധാനമായും ഒരു നാട് രൂപപ്പെട്ടു വരുന്നതു മുതല്‍ അതിന്റെ സര്‍വ്വ അലങ്കാരങ്ങളും തിടംവെച്ച് ഉരുവംകൊള്ളുന്നതുവരെയുള്ള കാലങ്ങളില്‍ നേരിട്ട് ഇടപെട്ട ഒരാള്‍ എന്ന നിലയില്‍ ഇ എം എസിനുണ്ടായിരുന്ന സമഗ്രത മറ്റാര്‍ക്കും തന്നെ അവകാശപ്പെടാനില്ലായിരുന്നുവെന്നതൊരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഒ വി വിജയന്‍ സൂചിപ്പിച്ച ചരിത്രത്തിനു മേലുള്ള വിഹഗവീക്ഷണം എന്ന ഗുണത്തിന്റെ അഭാവം ഇവിടെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കാണാം.
അതുമാത്രമായിരുന്നോ കാരണം? ഇ എം എസിനു ശേഷം നമ്മുടെ ഇടതുപക്ഷം ബൌദ്ധികമായ ഒരു അലസതയിലേക്ക് ചെന്നു ചാടിയിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടണം. ഒരു പരിധിവരെ ഉണ്ട് എന്നുതന്നെയാണ് ഉത്തരം. എല്ലാം ഇ എം എസ് പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് കടക്കേതില്ലെന്നുമുള്ള മറുപടികളില്‍ അത്തരമൊരു രക്ഷപ്പെട്ടു നിൽക്കല്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. എല്ലാം ഇ എം സിലുണ്ടെന്ന ഈ നിലപാട് സ്വയം പാടത്തിറങ്ങി അധ്വാനിക്കേണ്ടതില്ലെന്ന രീതിയിലേക്കെത്തി. ഇടതുപക്ഷത്ത് ബൌദ്ധികമായ ഒരു മന്ദിപ്പ് സൃഷ്ടിക്കുവാന്‍ ഈ നിലപാട് കാരണമായി.
“സര്‍വ്വദാ പഠിക്കാന്‍ തയ്യാറാക്കി, എന്തും സ്വാംശീകരിക്കാന്‍‌ തയ്യാറായി സൈദ്ധാന്തികനെന്ന നിലയിലും പ്രയോക്താവെന്ന നിലയിലും അനുപമനായ ഒരു മാര്‍ക്സിസ്റ്റായിരുന്നു ഇ എം എസ്” എന്ന വിലയിരുത്തല്‍ ഓര്‍മ്മക്കുറിപ്പുകളില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. സ്ഥാനത്തും അസ്ഥാനത്തും ഇത്തരത്തിലുള്ള വിശേഷണങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇ എം എസ് പറഞ്ഞും പഠിപ്പിച്ചും പോന്ന വഴികള്‍ക്ക് ഒരു പരിധിവരെ തുടര്‍ച്ച അസാധ്യമാക്കി. ആധുനിക കാലത്തിന്റെ രാഷ്ട്രീയാന്വേഷണങ്ങള്‍ക്ക് ഇ എം സിലുണ്ടായിരുന്ന ഉത്തരത്തിലേക്ക് മാത്രം നാം ചുരുങ്ങി. അതിനുമപ്പുറം ചിലപ്പോഴെല്ലാം അദ്ദേഹത്തെ കടന്നു പോകേണ്ട സന്ദര്‍ഭങ്ങളെ നേരിടേണ്ടി വന്നപ്പോള്‍ നാം വിദഗ്ദ്ധമായി വെട്ടിത്തിരിഞ്ഞ് ഇ എം എസിലേക്കുതന്നെ വന്നു. ഇ എം എസിനപ്പുറത്തേക്കു കടക്കാനുണ്ടായ ചില ശ്രമങ്ങളെ പി ജിയില്‍ നമുക്കു കാണാമെങ്കിലും അതൊരു അനിവാര്യമായ തുടര്‍ച്ചയായി മാറിയില്ല എന്നതാണ് വസ്തുത.
ഇ എം എസിനെ ചാരി നാം അനുഭവിച്ച അലസതയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്ന സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. വലതുവത്കരണത്തിന്റെ പരമാവധിയിലേക്ക് കേരളത്തെ നയിക്കാന്‍ ശ്രമിക്കുന്ന അത്തരം സവിശേഷമായ സാഹചര്യങ്ങള്‍ ഇനിയും പോയിത്തീര്‍ന്നിട്ടില്ലെന്നു മാത്രവുമല്ല, അത് നമ്മുടെ പൊതുഇടങ്ങളിലേക്ക് ചേക്കേറുകയും നാളിതുവരെ നാം ആര്‍ജ്ജിച്ച ഉള്‍‌ക്കാഴ്ചകളെ വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ ഇ എം എസിലേക്കു മാത്രം ഒതുങ്ങി നില്ക്കുകയെന്നത് എല്ലാത്തിനും ഉത്തരമാകുന്നില്ലെന്ന തിരിച്ചറിവുണ്ടാകാന്‍ ഇനിയെങ്കിലും കളമൊരുങ്ങേണ്ടതാണ്.
ബിംബവത്കരിക്കപ്പെട്ട ഇ എം എസിനെക്കാള്‍ സജീവതയും സംവാദാത്മകതയും ഇഴകീറി പരിശോധിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഇ എം എസിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിടപറയല്‍ കേരളത്തിന്റെ ബൌദ്ധിക അന്തരീക്ഷത്തിലുണ്ടാക്കിയ വിടവുകളെ നികത്തിയെടുക്കണമെങ്കില്‍ ഇ എം എസ് ഒടുക്കമല്ല, തുടക്കമാണ് എന്ന തിരിച്ചറിവുണ്ടാകുക തന്നെ വേണം. കെട്ടിക്കിടന്ന് ദുഷിക്കുന്നതല്ല, സമകാലികതയോടെ സജീവമായി പ്രതിപ്രവര്‍ത്തിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നതാണ് മാര്‍ക്സിസം എന്നു മറക്കാതിരിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം