#ദിനസരികള് 663

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ പി സോമസുന്ദരന്‍ നായരുടെ പണിയര്‍ എന്ന പുസ്തകത്തില്‍ ആരാണ് ആദിവാസികള്‍ എന്നൊരു ചോദ്യമുന്നയിച്ചുകൊണ്ട് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് – “ആദിവാസികള്‍ക്ക് പൂര്‍ണവും നിഷ്കൃഷ്ടവുമായ ഒരു നിര്‍വ്വചനം ഇതുവരെ സ്വീകരിച്ചുകണ്ടിട്ടില്ല. കുറുകിയ ശരീരം, കറുത്ത നിറം, ചുരുണ്ട തലമുടി, പരന്ന മൂക്ക്, തടിച്ച ചുണ്ടുകള്‍ തുടങ്ങിയ ശാരീരികമായ പ്രത്യേകതകള്‍ ഇന്ന് ആദിവാസികളുടെ അടയാളങ്ങളല്ലാതെയായിത്തീര്‍ന്നിരിക്കുന്നു.
കുടിയേറ്റക്കാര്‍ കാടുവെട്ടിത്തെളിച്ച് മണ്ണില്‍ മാത്രമല്ല വിത്തു വിതച്ചത്. ആദിവാസി സ്ത്രീകളില്‍ അവര്‍ പുതിയൊരു തലമുറയുടെ വിത്തുകള്‍ പാകി. അതുകൊണ്ട് രൂപത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ന് ആദിവാസികളെ തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു.”
ഇങ്ങനെ കൂടിക്കലര്‍ന്ന് പെറ്റു പെരുകുകയെന്നതൊരു പാതകമാണ് എന്ന ആശങ്കയൊന്നും എനിക്കില്ല. നാം, മനുഷ്യര്‍ പിന്നിട്ടു പോന്ന ഓരോ പടവുകളും ഇത്തരം കൂടിക്കലരുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാവുകയും ചെയ്യും. വര്‍ണസങ്കരമുണ്ടായാല്‍ സമൂലനാശമാകും ഫലമെന്ന ഗീതിയിലെ സവര്‍ണമായ കാഴ്ചപ്പാടിനോട് നമുക്ക് യോജിക്കുക വയ്യ. എന്നാല്‍ ലൈംഗികമായ ചൂഷണത്തിനുള്ള ഉപകരണങ്ങള്‍ മാത്രമായി ആദിവാസികള്‍ ഉപയോഗിക്കപ്പെട്ടു പോരുന്ന സാഹചര്യം ഇപ്പോഴും തുടരുന്നുവെന്നത് ഖേദകരം തന്നെയാണ്.
അമ്പതിനു മുകളിലുള്ള ആദിവാസി വര്‍ഗ്ഗങ്ങളില്‍ പണിയരുടെ സവിശേഷമായ ചരിത്രവും വര്‍ത്തമാനവുമാണ് ഈ പുസ്തകം പറയുന്നത്. അടിമകളെപ്പോലെ ജീവിച്ചു പോകുന്ന ആ ജനതയെ കൂടുതലായി കണ്ടുവരുന്നത് മലബാര്‍ പ്രദേശത്തെ വിവിധ ജില്ലകളിലാണ്. പണിയരെക്കുറിച്ച് വിക്കിപ്പീഡിയ ഇങ്ങനെ പറയുന്നു :- “നൂറ്റാണ്ടുകൾക്കു മുമ്പ് വയനാട്ടിലെ ബാണാസുരൻ കൊടുമുടിയോടു ചേർന്ന ഇപ്പിമലയിൽ സ്വതന്ത്രമായി ജീവിച്ചുവന്ന പണിയസമുദായത്തെ ജന്മിമാർ അടിമകളാക്കിയെന്നാണ് ഒരു വാമൊഴി ചരിത്രം. ഞങ്ങൾ ഇപ്പിമലയുടെ മക്കൾ (നാങ്ക് ഇപ്പിമല മക്ക) എന്നാണ് പണിയർ വിശ്വസിച്ചുപോരുന്നത്. നൂറ്റാണ്ടുകളായി വയനാട്, നിലമ്പൂർ, കണ്ണവം കാടുകളിൽ അലഞ്ഞുനടന്ന് ജീവിച്ച ഇവർ കാലക്രമേണ ജന്മിമാരുടെ അടിമകളായി പണിയെടുക്കാൻ നിർബന്ധിതരായി. പണ്ട് ആണിന് ഒരണയും ഒന്നര സേർ വല്ലിയും (നെല്ല്) ആയിരുന്നു കൂലി. പെണ്ണിന് ഒരണയും അരസേർ വല്ലിയും. പണികഴിഞ്ഞുപോകുമ്പോൾ ജന്മിയുടെ പറമ്പിൽ വീണു കിടക്കുന്ന ചക്കയും മാങ്ങയും വിറകും പാടത്തുനിന്നും ശേഖരിക്കുന്ന താളും ആയിരുന്നു ഭക്ഷണം. കൂലികിട്ടുന്ന പച്ചനെല്ല് അന്നുതന്നെ കുത്തി അരിയാക്കി മേൽ പച്ചക്കറികളും കൂട്ടിയായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്.”
പണിയരെ ഏതെങ്കിലും തരത്തില്‍ ചൂഷണം ചെയ്യാത്ത ഒരു വിഭാഗവുമില്ല എന്നുതന്നെ പറയാം. അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്തുക എന്ന പരിമിതമായ ലക്ഷ്യം വെച്ചുമാത്രം ജീവിതം നയിച്ചിരുന്ന അവരെ ഒരു പുകയിലയും വെറ്റിലക്കെട്ടും ഒന്നോ രണ്ടോ അടയ്ക്കയും മാത്രം കൊടുത്തുകൊണ്ട് പണിയിടങ്ങളിലേക്ക് നിയോഗിക്കാറുണ്ട്. കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്ക് വലിയ തോതില്‍ കടത്തിക്കൊണ്ടുപോകുന്ന പണിയരുടെ ദയനീയമായ സ്ഥിതിക്ക് ഇന്നും യാതൊരു വിധത്തിലുള്ള മാറ്റവുമില്ലതന്നെ.
മറ്റെവിടെയാണെങ്കിലും കൊല്ലത്തിലൊരിക്കല്‍ മാനന്തവാടിയിലെ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ചേരുകയെന്നത് പണിയര്‍ക്ക് ഏറെ താല്പര്യവും പ്രാധാന്യവുമുള്ള വിഷയമാണ്. അവിടെ വെച്ചാണ് ഒരു കൊല്ലക്കാലത്തേക്ക് ഏതെങ്കിലും ജന്മിമാര്‍ അവരെ സ്വന്തം പണിക്കാരായി ലേലം വിളിച്ചുറപ്പിച്ച് കൂടെ കൂട്ടുക. പിന്നീട് അടുത്ത ഉത്സവകാലം വരെ നിര്‍ബന്ധമായും ആ ജന്മിയുടെ കീഴില്‍ അടിമ വേലയാണ് അത്തരക്കാര്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തെ പിടിച്ച് സത്യം ചെയ്ത് തന്റെ ഉടമയുടെ കൂടെ പുറപ്പെടുന്ന ആദിവാസിയെ നായന്മാരും നമ്പ്യാന്മാരും പല തരത്തില്‍ ചൂഷണം ചെയ്തതിന്റെ എത്രയോ കഥകള്‍ ചരിത്രം പറയുന്നുണ്ട്.
മതത്തേയും ദൈവങ്ങളേയും കുറിച്ചുള്ള സങ്കല്പങ്ങളെ ഗ്രന്ഥകാരന്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. “പ്രകൃതിയിലെ കല്ലും മരവും നദികളുമായിരുന്നു അവരുടെ ദൈവങ്ങള്‍.എങ്കിലും ഹിന്ദുമതത്തിന്റെ സ്വാധീനം അവരുടെ ചിന്താഗതികളില്‍ കുറേയൊക്കെ പരിവര്‍ത്തനം വരുത്തിയിട്ടുണ്ട്. ശിവനും കാളിയും വിഷ്ണവും അഗസ്ത്യമുനിയും സൂര്യനും മാരിയമ്മയും മരിച്ചവരുടെ ആത്മാവും ഇപ്പോള്‍ അവരുടെ ദൈവങ്ങളാണ്. കരിങ്കാളി, മലക്കാരി, കൂളിയന്‍, കുട്ടിച്ചാത്തന്‍, മൂര്‍ത്തി, മുത്തശ്ശി, ബള്ളിയൂരമ്മ, പെരുമാളു, പകാതി, മാതപ്പെയ്, നെഞ്ചപ്പെയ്, ശാമുണ്ടി, ശീങ്ങമ്പാടിയമ്മെ – അവരുടെ ദൈവങ്ങളുടെ പട്ടിക നീണ്ടുനീണ്ടുപോകുന്നു.” ഈ പറഞ്ഞവയില്‍ പലതും ഇപ്പോള്‍ അവരുടെ ദൈവങ്ങളല്ല എന്നതാണ് വസ്തുത. തല്‍സ്ഥാനത്ത് ആധുനിക ഹിന്ദുദൈവങ്ങള്‍ കടന്നു വന്നിരിക്കുന്നു. ഹിന്ദുമതമായോ അതിന്റെ സങ്കല്പങ്ങളായോ യാതൊരു ബന്ധവുമില്ലാത്ത അതിശൂദ്രഗണത്തില്‍‌പ്പെട്ട ഈ വിഭാഗത്തെ മറ്റൊരു മതമായിത്തന്നെ പരിഗണിക്കേണ്ടതിനു പകരം ഹിന്ദുമത്തിലെ കേവലം അവാന്തരവിഭാഗമായി സങ്കല്പിക്കുകയാണുണ്ടായത്.
ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമൊക്കെ ഏറെക്കുറെ സമഗ്രമായിത്തന്നെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ എഴുതപ്പെട്ട കാലത്തിന്റെ വ്യത്യാസംകൊണ്ടാകണം ഉപയോഗിക്കപ്പെട്ട ചില ദത്തങ്ങള്‍ തിരുത്തപ്പെടേണ്ടവയായിട്ടുണ്ട്. എന്നിരുന്നാല്‍ത്തന്നെയും പണിയരുടെ ജീവിതത്തെക്കുറിച്ച് സഹജീവികളെന്ന നിലയില്‍ നാം മനസ്സിലാക്കേണ്ട വസ്തുതകളെ പുസ്തകത്തില്‍ ഉള്‍‌ക്കൊള്ളിച്ചിട്ടുണ്ട്. എഴുത്തുകാരന് ഏറെ താല്പര്യമുള്ള അവരുടെ ഭാഷയെക്കുറിച്ചും പാട്ടുകളെക്കുറിച്ചും കഥകളെക്കുറിച്ചുമൊക്കെ ഈ പുസ്തകത്തില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പണിയ വിഭാഗത്തെക്കുറിച്ച് മികച്ച ധാരണയുണ്ടാക്കാന്‍ സഹായിക്കുന്ന ഈ ഗ്രന്ഥം മലയാളികള്‍ പരിചയപ്പെട്ടിരിക്കേണ്ടതുതന്നെയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1