#ദിനസരികള്‍ 894 ബി.ഡി.ജെ.എസ് : വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1
രാഷ്ട്രീയ കേരളത്തില്‍ എസ് എന്‍ ഡി പിയും ബി ഡി ജെ എസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്. നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും നമുക്കറിയാം. ജാത്യാചാരങ്ങളുടെ കെടുതികള്‍ക്കെതിരെ അദ്ദേഹം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സവര്‍ണ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു കൊണ്ട് അധസ്ഥിതരായ ജനലക്ഷങ്ങള്‍ക്കു വേണ്ടി ഈഴവ ശിവനെ പ്രതിഷ്ഠിച്ചു. വര്‍ണവ്യവസ്ഥയിലെ താഴെത്തട്ടിലുള്ളവരെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ഒരു കാലത്ത് അവരെ കൈപിടിച്ചുകൊണ്ട് വെളിച്ചത്തിന്റെ വലിയ വിതാനങ്ങളിലേക്ക് കയറ്റി നിറുത്തി.പൊതുനിരത്തിലൂടെ നടക്കാനോ പൊതുവിദ്യാലയങ്ങളില്‍ പഠിക്കാനോ അനുവാദമില്ലാതിരുന്നവരെ വിദ്യകൊണ്ട് പ്രബുദ്ധര...