#ദിനസരികള്‍ 893 - പാലാ നല്കുന്ന പാഠങ്ങള്‍
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത്
മണ്ഡലങ്ങളില്‍ പത്തൊമ്പൊതെണ്ണത്തിലും പരാജയം ഏറ്റു വാങ്ങിയ ഇടതുപക്ഷത്തിന് യുഡി
എഫിലെ നെടുങ്കോട്ടയായ പാലായിലെ വിജയം പക്ഷേ തങ്ങള്‍ നേരിട്ട എല്ലാ തിരിച്ചടികളേയും
അതിജീവിക്കുവാനുള്ള കരുത്തു പകരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നു
മാത്രവുമല്ല കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ യു ഡി
എഫിനെ വിജയിപ്പിച്ച ജനത കേരളത്തില്‍ ഇടതുപക്ഷത്തിനുമാത്രമേ തങ്ങളെ മുന്നോട്ടു
നയിക്കാന്‍ കഴിയുകയുള്ളുവെന്ന് മനസ്സിലാക്കിയതിന്റെ പ്രഖ്യാപനം കൂടിയാണ് പാലായില്‍
കണ്ടത്. അതോടൊപ്പം തന്നെ പിണറായി വിജയന്റെ സര്‍ക്കാറിനോടുള്ള മമതയും വിശ്വാസികളായ
ജനതയെ തെറ്റിദ്ധരിപ്പിച്ച് ശബരിമലയടക്കമുള്ള കോടതി വിധികളില്‍ മുതലെടുപ്പു നടത്തിയ
കോണ്‍ഗ്രസ് –
ബി ജെ പി കൂട്ടുകെട്ടിനോടുള്ള പ്രതിഷേധവും ഈ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തില്‍
പ്രതിഫലിക്കുന്നു. എന്നുവെച്ചാല്‍ മാസങ്ങള്‍ക്കു മുമ്പ് ലോകസഭ ഇലക്ഷന്റെ സമയത്ത്
കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെട്ട ആരോപണങ്ങളെല്ലാം തന്നെ ജനം
തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ്
വ്യക്തമാകുന്നത്.അതോടൊപ്പം തന്നെ
കേരളത്തില്‍ വോട്ടു മറിച്ചു വില്ക്കാനുള്ള ഒരു ജനാധിപത്യവിരുദ്ധമായ സംവിധാനം മാത്രമാണ്
ബി ജെ പി എന്ന വസ്തുത ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
പാലായിലെ യു ഡി എഫ് പരാജയത്തെ മാണി കോണ്‍ഗ്രസിനകത്തെ
കലാപത്തിന്റെ ഫലമാണെന്ന രീതിയില്‍ പലരും വിലയിരുത്തുന്നുണ്ട്. ജോസഫ് – ജോസ് അധികാരവടം വലി അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളെ ഒരു
പരിധിവരെ ബാധിച്ചിരുന്നുവെങ്കിലും അതാണ് പരാജയത്തിന്റെ കാരണമെന്ന മട്ടില്‍
വിലയിരുത്തുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമായിരിക്കും. മാണിയോടുള്ള വൈകാരികമായ ഒരു
അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ -അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ അനുകമ്പയുടെ
സാഹചര്യത്തില്‍ പ്രത്യേകിച്ചും- പരസ്പരമുള്ള വിയോജിപ്പുകളെ ജനം അത്ര കണ്ട്
കാര്യമായി പരിഗണിച്ചുവെന്ന് കരുതുവാന്‍ വയ്യ. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാറിനെതിരെ
വിശ്വായ യോഗ്യമായ മുദ്രാവാക്യങ്ങളൊന്നും
മുന്നോട്ടു വെയ്ക്കാനില്ലാതെ പോയ യുഡിഎഫ് ശിഥിലമായിപ്പോയിരിക്കുന്നുവെന്നാണ് മാണി
സി കാപ്പന്റെ വിജയം പ്രഖ്യാപിക്കുന്നത്. അതോടൊപ്പംതന്നെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ
ഉയര്‍ന്ന വന്‍ അഴിമതികളാകട്ടെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. മുഖ്യമന്ത്രി
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെതിരെ ഒരാരോപണവും ഉന്നയിക്കാന്‍
കഴിയാതെ പോയ പ്രതിപക്ഷം ആകെ സമാശ്വസിച്ചത് കിഫ്ബിയെ വിമര്‍ശിച്ചതിലൂടെ
മാത്രമായിരുന്നു. എന്നാല്‍ ആ ആരോപണവും കഴമ്പില്ലാത്തതാണെന്ന് വളരെ വേഗം തന്നെ ജനം
തിരിച്ചറിഞ്ഞു.
ബി ജെ പിയാകട്ടെ ചര്‍ച്ച
ചെയ്യപ്പെടാനുള്ള യോഗ്യത പോലുമില്ലാതെ നിലംപരിശായി. വോട്ടു വിറ്റ് ജനാധിപത്യ
രാഷ്ട്രീയത്തിന് തീരാ കളങ്കമുണ്ടാക്കുന്ന ഒന്നുമാത്രമാണ് അക്കൂട്ടരെന്ന് ഒരിക്കല്‍കൂടി
തെളിഞ്ഞു. ലോകസഭാ ഇലക്ഷന്‍ കാലത്തെക്കാള്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ബി
ജെ പിക്ക് കുറഞ്ഞത്.രണ്ടായിരത്തി പതിനാറിലെ നിയമ സഭാ ഇലക്ഷനില്‍ ബി ജെ പിയ്ക്ക് ലഭിച്ചത് 24821 വോട്ടുകളായിരുന്നു.എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പിലാകട്ടെ
18044 മാത്രമായി ചുരുങ്ങി. കേന്ദ്രത്തിലെ മോഡി ഭരണവും കേരളത്തില്‍ തങ്ങള്‍ക്ക് വന്‍തോതില്‍
മുന്നേറ്റമുണ്ടായെന്ന അവകാശവാദവും നിലനില്ക്കുന്ന സാഹചര്യത്തിലാണ് ബി ജെ പിയുടെ
വോട്ട് കുത്തനെ ഇടിഞ്ഞു പോയത്.
പാലായില്‍ ബി
ജെ പി നടത്തിയ ഈ വോട്ടുമറിയ്ക്കല്‍ ഇനി വരുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം
ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഉപയോഗിക്കപ്പെടുമെന്ന കാര്യമാണ് നാം
മനസ്സിലാക്കേണ്ടത്.അതായത് വരുന്ന നിയമസഭാ ഇലക്ഷനില്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും
യു ഡി എഫിന് അനുകൂലമായി വോട്ടുചെയ്ത് വിജയിപ്പിച്ചു കൊണ്ട് ഇടതുപക്ഷം വിശിഷ്യാ
സിപി ഐ എം ഇവിടെ അവസാനിച്ചു കഴിഞ്ഞുവെന്ന് വരുത്തുക.ഇടതുപക്ഷം
ഇല്ലാതായിക്കഴിഞ്ഞാല്‍പ്പിന്നെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ കോണ്‍ഗ്രസോ
യു ഡി എഫിലെ മറ്റു കക്ഷികളോ ഒരു തടസ്സമേയല്ലെന്ന് ആറെസ്സെസ്സിന് അറിയാം.അതുകൊണ്ടു
വോട്ടുമറിച്ച് കൊടുത്തുകൊണ്ട് ഇടതുപക്ഷം ഇല്ലാതായി എന്ന പ്രതീതിയുളവാക്കി യു ഡി
എഫിലൂടെ കേരളത്തെ കൈക്കലാക്കാനാണ് അവര്‍ ശ്രമിക്കുക. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍
ഫലപ്രദമായി മുതലെടുപ്പു നടത്താന്‍ കഴിയാതെ പോയതിന്റെ കൂടി പശ്ചാത്തലത്തില്‍ അവസാന
വഴി എന്ന നിലയ്ക്കായിരിക്കും അവര്‍ ഈ നീക്കം നടത്തുക.
അത്തരത്തിലുള്ള
ഒരു നീക്കം കൂടി കണ്ടുകൊണ്ടുവേണം ഇടതുകക്ഷികള്‍ തങ്ങളുടെ ഇലക്ഷന്‍ തന്ത്രങ്ങള്‍
പരുവപ്പെടുത്തേണ്ടത്.യുഡി എഫിലെ സ്വതന്ത്രമായി ചിന്തിക്കുന്ന മതേതര ജനാധിപത്യ
വിശ്വാസികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ആ തന്ത്രങ്ങള്‍
വിനിയോഗിക്കപ്പെടണം. അടുത്ത നിയമസഭാ ഇലക്ഷന്‍ വിവിധങ്ങളായ രാഷ്ട്രീയ കക്ഷികളുടെ
മത്സരം എന്ന നിലയിലല്ല മറിച്ച് നവോത്ഥാനമൂല്യങ്ങള്‍ രൂപപ്പെടുത്തിയെടുത്ത
കേരളമെന്ന മൂല്യവത്തായ ഒരു പ്രദേശത്തിന്റെ നിലനില്പാണ് പ്രധാനം എന്ന നിലയ്ക്കാണ് പരിഗണിക്കപ്പെടേണ്ടത്.അതുകൊണ്ട്
വര്‍ഗ്ഗീയ വാദികളായ ഛിദ്രശക്തികളെ പരാജയപ്പെടുത്തുക എന്ന ദൌത്യമാണ്
മുന്നിലുള്ളതെന്ന് ഗൌരവം ഓരോ തീരുമാനത്തിനു പിന്നിലുമുണ്ടാകേണ്ടിയിരിക്കുന്നു.പാലയില്‍
നിന്നും നാം പഠിക്കേണ്ട പ്രധാനപാഠം ഇതുതന്നെയാണ്.
Comments