#ദിനസരികള്‍ 891 മി. ട്രംപ് , മോഡിയല്ല ഇന്ത്യ.


"മോദി മഹാനായ നേതാവാണ്. എനിക്കോര്മ്മയുണ്ട്. ഇന്ത്യ പണ്ട് കീറിപ്പറഞ്ഞതായിരുന്നു. ഒത്തിരി വിയോജിപ്പുകളും എതിര്പ്പുകളും മുമ്പുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി. ഒരു പിതാവ് എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുന്ന പോലെ. ഒരുപക്ഷെ അദ്ദേഹം ഇന്ത്യയുടെ പിതാവായിരിക്കാം. നമുക്കദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാം" എന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.കൂടാതെ മോഡിയെ ഇതിഹാസതാരമായ എല്‍വിസ് പ്രിസ്ലിയുമായി ഉപമിച്ചുകൊണ്ട് വാനോളം പുകഴ്ത്തുന്ന നിരവധി കാര്യങ്ങള്‍ അനുബന്ധമായി ട്രംപ് പറഞ്ഞു കൂട്ടി. ("My personal chemistry with PM Modi is as good as it can get.He is a great gentleman and great leader. I remember India before was very torn, a lot of dissension, a lot of fighting, and he brought it together, like a father would bring it together; and maybe he is the Father of India. We’ll call him the Father of India, if it's not so bad, but he brought things together, you don't hear that (dissensions) anymore. I think he's done a fantastic job. And I think is how much I like the country of India and how much I like your PM, and there was tremendous spirit in that room too (NRG stadium during 'Howdy, Modi!'), and they loved this gentleman to my right (pointing to Modi ), they really do; the people went crazy.
That was like Elvis Presley, he was like an American version of Elvis, like an all American Elvis came back. It was quite something, and they really loved the PM, and it was a great thing," എന്നാണ് ആ വിരവചനങ്ങളെ എക്കണോമിക് ടൈംസ് അവതരിപ്പിക്കുന്നത്.)
          ഇന്ത്യയിലെ ശതകോടിക്കണക്കായ ജനങ്ങളേയും അവര്‍ ഇന്ത്യയുടെ പിതാവായി പരിഗണിക്കുന്ന മഹാത്മാ ഗാന്ധിയേയും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അപമാനിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ അമേരിക്കയുടെ ചരിത്രബോധമില്ലാത്ത പ്രസിഡന്റ് ചെയ്തത്. മോഡിയെപ്പോലെയുള്ള മതജാതി രാഷ്ട്രീയത്തിന്റെ വക്താവായ ഒരാളെ ഇന്ത്യയുടെ പിതാവായി വാഴ്ത്തപ്പാടിയപ്പോള്‍ ഒരു പക്ഷേ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗവും മോഡിയെപ്പോലെ മതഭ്രാന്തന്മാരാണെന്നു കൂടി സമ്മതിക്കുകയാണ്.
          ട്രംപ് എടുത്തു പറഞ്ഞ ഒന്നുപോലും മോഡിയ്ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞവയല്ലെന്ന് വസ്തുതകള്‍ അന്വേഷിക്കുന്നവര്‍ക്ക് വ്യക്തമായും ബോധ്യപ്പെടും. രാജ്യം മുമ്പില്ലാത്ത വിധത്തില്‍ അസ്വാരസ്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും സ്വാതന്ത്ര്യാനന്തര ഭാരതം ഏറ്റവുമധികം കെടുതികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നു മാത്രവുമല്ല പത്തൊമ്പതു ലക്ഷം ആളുകള്‍ ഒരു കാരണത്തിന്റെ പേരില്‍ രാജ്യത്തു നിന്നും പുറത്താക്കപ്പെടാന്‍ പോകുമ്പോള്‍ ഏകദേശം ഒന്നേകാല്‍ കോടിയോളം ജനത രാജ്യത്തിനകത്തുതന്നെയുള്ള തുറന്ന ജയിലില്‍ പട്ടാളത്തിന്റെ കനത്ത കാവലില്‍ പേടിച്ചു നടുങ്ങി ജീവിച്ചു പോകുന്നു. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ ദളിത് ആദിവാസി വിഭാഗങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങള്‍‌ക്കെതിരെ രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അവരുടെ ജീവനും സ്വത്തിനും യാതൊരു വിധത്തിലുള്ള സുരക്ഷിതത്വവുമില്ലാതായിരിക്കുന്നു.ബഹുസ്വരതകളെ ഇല്ലാതാക്കുന്നു.മതബോധ്യങ്ങളില്‍ അധി്ഷ്ടിതമായ ദേശീയത ഉച്ഛസ്ഥായിയിലെത്തിരിക്കുന്നു. ഒരു തരത്തിലുള്ള യോജിപ്പിന്റെ ശബ്ദങ്ങളും ഇന്ത്യയിലില്ലെന്നു മാത്രവുമല്ല , ഒരു ജനത എന്ന നിലയില്‍ ഇന്ത്യക്കാരെ ഒരുമിപ്പിച്ചു നിറുത്തുന്ന ഭരണഘടനപോലും മോഡിയുടേയും കൂട്ടരുടേയും ആക്രമണങ്ങളെ നിരന്തരം ഏറ്റുവാങ്ങപ്പെട്ട് അട്ടിമറിക്കപ്പെടുന്നു.
          ഇത്തരത്തിലുള്ള വസ്തുതകളെ വിസ്മരിച്ചുകൊണ്ട് മോഡിയെ രാജ്യത്തിന്റെ പിതാവായി ഉയര്‍ത്തിക്കാണിക്കുന്ന ട്രംപിന്റെ പ്രസ്താവന കേവലം വിവരക്കേടില്‍ നിന്നും ജനിച്ച അല്പത്തരമല്ലാതെ മറ്റൊന്നുല്ല. എന്‍ ആര്‍ ജി സ്റ്റേഡിയത്തിലെത്തിപ്പെട്ടവരാണ് ഇന്ത്യ എന്ന് ട്രംപ് ചിന്തിച്ചു പോയെങ്കില്‍ അതു തിരുത്തേണ്ടത് അദ്ദേഹം തന്നെയാണ്.സ്വഭാവികമായും ട്രംപിന്റെ അഭിപ്രായം രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തി.അത് രാജ്യത്തേയും മഹാത്മാഗാന്ധിയേയും അപമാനിക്കുന്നതെന്നാണ് അവരില്‍ പലരും അഭിപ്രായപ്പെട്ടത്.
          പിന്നാലെ കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിംഗ് , മോഡിയെ രാജ്യത്തിന്റെ പിതാവായി അംഗീകരിക്കാത്തവര്‍ ഇന്ത്യ വിടണമെന്നും അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ യോഗ്യതയില്ലെന്നും അഭിപ്രായപ്പെട്ടു രംഗത്തു വന്നു. എതിര്‍ അഭിപ്രായങ്ങളോട് ബി ജെ പി സ്വീകരിക്കുന്ന പൊതുവായ രീതിയുടെ വഴി തന്നെയായിരുന്നു ജിതേന്ദ്ര സിംഗും സ്വീകരിച്ചത്.തങ്ങള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തിനു പുറത്തു പോകണം എന്നുതന്നെയാണ് അവര്‍ എല്ലാക്കാലത്തും ഇന്ത്യയില്‍ വ്യത്യസ്തമായ അഭിപ്രായമുള്ളവരോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.
          വംശഹത്യയിലൂടെ അധികാരത്തിലെത്തിയ , ഇപ്പോഴും മതവിശ്വാസങ്ങളുടെ മറവില്‍ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ജനത നേരിടുന്ന അടിസ്ഥാന ജീവത് പ്രശ്നങ്ങളോട് മുഖംതിരിക്കുന്ന  ഒരു ഭരണാധികാരിയെ സഹിഷ്ണുതയേയും അഹിംസയുടേയും വക്താവായ മഹാത്മാഗാന്ധിയുമായി ഉപമിച്ചതിന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയോട് അമേരിക്കയുടെ പ്രസിഡന്റ് മാപ്പു പറയുകയാണ് വേണ്ടത്.അതിനുള്ള വിവേകമെങ്കിലും അദ്ദേഹം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം