#ദിനസരികള്‍ 889 - ഫ്ലാറ്റ് ബലി നല്കുക – ദൈവങ്ങള്‍ പ്രസാദിക്കട്ടെ !
2006 ല്‍
നിര്‍മ്മാണം തുടങ്ങിയ മരടിലെ ഫ്ലാറ്റുകള്‍ പൂര്‍ത്തിയായത് ബഹുമാനപ്പെട്ട കേരള
ഹൈക്കോടതിയുടെ വിവിധങ്ങളായ ഉത്തരവുകളുടെ കൂടി പിന്‍ബലത്തിലാണ്.കോസ്റ്റല്‍ സോണ്‍
മാനേജ് മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് നിര്‍മ്മാണം ആരംഭിച്ച ആൽഫാ വെഞ്ച്വേഴ്സ്, ഹോളി ഫെയ്ത്ത്,
ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ, കായലോരം അപ്പാർട്മെൻറ്
, ഹോളി ഡേ ഹെറിറ്റേജ് എന്നീ കമ്പനികള്‍
മരട് മുന്‍സിപാലിറ്റിയുടെ – ആദ്യം പഞ്ചായത്തായിരുന്നു -ഇടപെടലുകളെ കോടതിയുടെ സഹായത്തോടെ
മറികടന്നായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പല വിവരങ്ങളും കോടതിയുടെ
മുന്നില്‍ മറച്ചു വെച്ചുകൊണ്ടാണ് കമ്പനികള്‍ അനുകൂല വിധി നേടിയെടുത്തതെന്ന്
അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മരട് മുന്‍സിപ്പാലിറ്റിയും ആരോപണവിധേയരായി. എന്നാല്‍
2015 ല്‍ നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയുള്ള വിധി പുനപരിശോധിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് കോസ്റ്റണ്‍ സോണ്‍ മാനേജ് മെന്റ് സുപ്രിംകോടതിയെ സമീപിച്ചതോടെ
കമ്പനികളുടെ കഷ്ടകാലം തുടങ്ങിയെന്ന് പറയാം.ഇവിടെയും പല തവണ സുപ്രിംകോടതിയില്‍
തന്നെ യഥാസമയം ഹാജരാകാതെ മുന്‍സിപ്പാലിറ്റി മാറി നിന്നുവെന്ന കാര്യം കൂടി
സൂചിപ്പിക്കട്ടെ.കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ മൂന്നിലാണ് നിര്‍മാണങ്ങള്‍
നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയ സുപ്രിം കോടതി , 375 കുടുംബങ്ങളിലായി 1200 ല്‍ പരം ആളുകള്‍ താമസിക്കുന്ന
ഫ്ലാറ്റുകളാണ് പൊളിച്ചു കളയണമെന്ന് ഉത്തരവിട്ടത്.
എന്നാല്‍
ഇന്ദിരാ ബാനര്‍ജിയുടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍
ആറാഴ്ച സാവകാശം നേടിയതോടെ സംഗതികളുടെ സ്വഭാവമാകെ മാറി.പൊളിക്കണമെന്ന് ഉത്തരവിട്ട
ജസ്റ്റീസ് അരുണ്‍ മിശ്ര പിന്നീട് ഈ കേസു പരിഗണിച്ചപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍
കോടതിയുടെ സ്വാഭാവിക പ്രതികരണങ്ങള്‍ക്ക് അപ്പുറമുള്ളതായിരുന്നു. സാവകാശം അനുവദിച്ച
ജഡ്ജിയെപ്പോലും അന്ന് അദ്ദേഹം വെറുതെ വിട്ടില്ല.പണം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന
യാതൊരു മൂല്യബോധവുമില്ലാത്തവരാണോ വക്കീലന്മാര്‍ എന്ന ചോദ്യം തികച്ചും
അസ്ഥാനത്തായിരുന്നു.കല്യാണ്‍ ബാനര്‍ജി എന്ന പ്രഗല്ഭനായ അഭിഭാഷകന്‍ നിര്‍മ്മാതാക്കള്‍ക്കു
വേണ്ടി ഹാജരായപ്പോഴാണ് തന്റെ സുഹൃത്തുകൂടിയായ അദ്ദേഹത്തെ മുന്‍നിറുത്തി
മുതലെടുക്കാന്‍ ശ്രമിക്കുകയാണോ എന്ന രീതിയില്‍ ജസ്റ്റീസ് അരുണ്‍ മിശ്ര
പ്രതികരിച്ചത്.മറ്റു തരത്തിലുള്ള ഹരജികളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് പൊളിക്കണമെന്ന
കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ 2019 സെപ്തംബര്‍ 20 നുള്ളില്‍ പൊളിക്കാനും
23 ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി റിപ്പോര്‍ട്ടു നല്കുവാനും കോടതി
ആവശ്യപ്പെട്ടു.
ഇതിനിടയില്‍
പലതരത്തിലുള്ള പരാമര്‍ശങ്ങളും കോടതിയില്‍ നിന്നും ഉയര്‍ന്നു കേട്ടു. കേരളം
ഇന്ത്യയിലല്ലേ എന്നതായിരുന്നു അതിലൊന്ന്.എന്നുവെച്ചാല്‍ കേരളം സുപ്രിംകോടതിയുടെ
ഉത്തരവുകളെ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന സൂചന വളരെ വ്യക്തമായി നല്കുന്ന ഒരു
പ്രസ്ഥാവനയായിരുന്നു അത്.ഇക്കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഹാജരായപ്പോഴും
അത്തരത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി. “കേരളത്തിലെ ചില തീരദേശ മേഖലകളില്‍ കഴിഞ്ഞ പ്രളയത്തിന് ശേഷം
ഒന്നും അവശേഷിച്ചിരുന്നില്ല. എത്ര പേര്‍ക്കാണ് വീട് നഷ്ടം ആയത്. ആ പ്രളയത്തില്‍
വീട് നഷ്ടപെട്ടവരില്‍ പലര്‍ക്കും ഇത് വരെ സര്‍ക്കാര്‍ വീട് വച്ച് നല്‍കിയിട്ടില്ല.
ഞങ്ങള്‍ ജഡ്ജിമാര്‍ പോലും പ്രളയത്തില്‍ നശിച്ച കേരളത്തിന്റെ പുനഃനിര്‍മ്മാണത്തിന്
സംഭാവന നല്‍കിയിട്ടുണ്ട് “ എന്നൊക്കെയുള്ള ഒരു
തരം വൈകാരിക ഭാഷയാണ് കോടതി ഉപയോഗിച്ചത്. എന്താണ് കേരളം പ്രളയകാലത്ത് ചെയ്തതെന്നും
ഇനിയും എന്തൊക്കെ ചെയ്യാനുണ്ടെന്നും എത്ര പേര്‍ക്കാണ് വീടു നഷ്ടമായതെന്നും എത്ര
പേര്‍ക്ക് വീടുനല്കി എന്നും മറ്റുമുള്ള സംശയങ്ങള്‍ക്ക് കണക്കുകളെ മുന്നില്‍
നിറുത്തി വസ്തുനിഷ്ടമായി പരിശോധിക്കേണ്ടതിനു പകരം കേരളത്തിലെ ഒരു നിയമ സഭാ
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പരാമര്‍ശം
അനുചിതമായിപ്പോയെന്ന് ആരെങ്കിലും ചിന്തിച്ചു പോയാല്‍ എന്തുചെയ്യും ? വസ്തുതകളെ പരിശോധിക്കേണ്ടതിനു പകരം മുഴുവന്‍ നിര്‍മ്മാണങ്ങളും
പരിശോധിക്കേണ്ടിവരുമെന്നൊക്കെപ്പറഞ്ഞ് കേരളത്തെക്കുറിച്ച് തെറ്റായ ഒരു പ്രതിച്ഛായ
ഉണ്ടാക്കിയെടുക്കാനല്ലല്ലോ ശ്രമിക്കേണ്ടത്. കോടതിയുടെ ഇടപെടല്‍ കേട്ടാല്‍ തോന്നും
ഈ അഞ്ചു കെട്ടിടങ്ങളാണ് കേരളത്തിലെ മുഴുവന്‍ പ്രളയകാലദുരന്തത്തിനും കാരണമെന്ന്.
എന്തായാലും കേരളത്തിലെ സര്‍ക്കാറിനെക്കൂടി
പ്രതിസ്ഥാനത്തേക്ക് നീക്കിനിറുത്തുന്ന ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു
വന്നുകഴിഞ്ഞു.അതിന് കോടതിയുടെ പരമര്‍ശങ്ങള്‍ ഒരു പരിധിവരെ സഹായമായിയെന്ന് മാത്രം.
മലയാളത്തിലെ ചില മാധ്യമങ്ങളെങ്കിലും സര്‍ക്കാറിനെതിരെ വന്‍വിമര്‍ശനം എന്ന
മട്ടിലാണ് കാര്യങ്ങള്‍ പ്രചരിപ്പച്ചത്.പറഞ്ഞു പറഞ്ഞ് സര്‍ക്കാര്‍ കെട്ടിട ഉടമകളുടെ
വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.ശബരിമല
നടപ്പാക്കിയതുപോലെ ഫ്ലാറ്റു പൊളിക്കലും നടപ്പാക്കണമെന്ന് സി പി ഐയുടെ സംസ്ഥാന
സെക്രട്ടറിപോലും ആവശ്യപ്പെട്ടു. ശബരിമലയെ ഫ്ലാറ്റുവിധിയുമായി താരതമ്യപ്പെടുത്തിയ ആ
ബോധ്യങ്ങളെ ഇടതുപക്ഷത്തെ ഇതരകക്ഷികളെങ്കിലും പരിശോധിക്കേണ്ടതുതന്നെയാണ്.
ഫ്ലാറ്റുടമകളെ സഹായിക്കുവാനല്ല മറിച്ച്
അവിടങ്ങളിലെ താമസക്കാരായ 1200 ഓളം ആളുകളുടെ കണ്ണുനീരിനൊപ്പം ചേര്‍ന്ന് അവരെ
സംരക്ഷിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന വസ്തുത ആര്‍ക്കും
അറിയാഞ്ഞിട്ടല്ല.ഒരു ജീവിതകാലംകൊണ്ട് അധ്വാനിച്ചതെല്ലാം മുടക്കിയാണ് തലചായ്ക്കാനൊരിടം
പലരും സ്വന്തമാക്കിയത്. അതെല്ലാം കൈവിട്ടു പോകുന്നവന്റെ മാനസികാവസ്ഥയെ
മനസ്സിലാക്കി കൂടെ നിന്നുവെന്നത് ഏതൊരു ജനാധിപത്യ സര്‍ക്കാറിന്റേയും
ഉത്തരവാദിത്തമാണ്. എന്നാല്‍ ഇനിയും സര്‍ക്കാര്‍ അത്തരമൊരു സമീപനം സ്വീകരിച്ചു
പോകുന്നത് ഗുണകരമാകില്ലെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതി എന്ന
നിലയിലേക്ക് സര്‍ക്കാറിനെക്കൂടി നീക്കിനിറുത്തുന്ന ഇടപെടലുകളാണ് ഉണ്ടാകുന്നത്.
ഇവിടെ മനുഷ്യത്വത്തിനോ മനസാക്ഷിക്കോ ഇടമില്ല. കേവലം സാങ്കേതികതയെ മുന്നില്‍
നിറുത്തി രാഷ്ട്രീയം കളിക്കുന്ന അല്പന്മാരുടെ പെരുങ്കളിയാട്ടമാണ് നടക്കുന്നതെന്ന്
കണ്ണില്‍ ചതമൂടാതെ സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നവര്‍ക്ക് മനസ്സിലാകുക തന്നെ
ചെയ്യും.കേരളത്തില്‍ ഒരു പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ വലതുസര്‍ക്കാറാണ്
അധികാരത്തിലിരിക്കുന്നതെങ്കില്‍ ഒരു പക്ഷേ കാര്യങ്ങള്‍ ഇങ്ങനെത്തന്നെയായിരിക്കുമോ
സമാപിക്കുകയെന്ന് ചിന്തിക്കുന്നത് രസാവഹമായിരിക്കും !
എന്തായാലും ഇനിയും മനുഷ്യത്വത്തിന്റെ
പേരില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് ഈ വിഷയത്തില്‍ സര്‍ക്കാറിന് ഗുണകരമാകുമെന്ന്
കരുതുവാന്‍ വയ്യ. അതുകൊണ്ട് ഫ്ലാറ്റുകളേയും അതിലെ ജീവിതങ്ങളേയും കുരുതിക്കൊടുക്കുക.
ചില ദൈവങ്ങള്‍ പ്രസാദിക്കാന്‍ മറ്റു പോംവഴികളൊന്നുമില്ല.
Comments