#ദിനസരികള്‍ 887 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 8
കെ വേണു, “ അപ്രസക്തമാകുന്ന യാഥാസ്ഥിതിക ഇടതുപക്ഷം ” എന്ന പേരില്‍ എഴുതിയിരിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തേയും അവസാനത്തേതുമായ ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സി പി ഐ എമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാണെങ്കിലും ജനാധിപത്യവത്കരണത്തിന്റെ പന്ഥാവില്‍ നീങ്ങാത്തിടത്തോളം കാലം മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.സംഘടനാ സംവിധാനങ്ങളിലും പൊതുമണ്ഡലങ്ങളിലും ജനാധിപത്യപരവും അയവുള്ളതുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന സങ്കല്പത്തെ കേന്ദ്ര ആശയമായി നിലനിറുത്തുന്നതില്‍ നിന്നും പിന്നോട്ടു പോകണമെന്നാണ് കെ വേണു ആവശ്യപ്പെടുന്നത്. “ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ലോകത്തെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വയം ജനാധിപത്യപാര്‍ട്ടികളാകുകയുണ്ടായി. പക്ഷേ ഇന്ത്യയില്‍ അങ്ങനെയൊന്ന് ഉണ്ടായില്ല.ആരംഭത്തില്‍ സിപി ഐ നേതൃത്വത്തില്‍ അങ്ങനെയൊരു ചിന്ത വന്നെങ്കിലും മുന്നോട്ടു പോയില്ല. പക്ഷേ സിപി ഐ കഴിഞ്ഞ കോണ്‍ഗ്രസില്‍ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗ സര...