#ദിനസരികള്‍ 885 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 6 (2)
1996
തങ്ങളുടെ
ദീര്‍ഘവീക്ഷണമില്ലാത്ത നീക്കങ്ങള്‍കൊണ്ടും അനാവശ്യമായ പിടിവാശി കൊണ്ടും ഒരു വലിയ
രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമാകുമായിരുന്ന പ്രധാനമന്ത്രി സ്ഥാനം നിരസിച്ച
ഇടതുപക്ഷത്തെക്കുറിച്ച് ഉല്ലേഖും സൂചിപ്പിക്കുന്നുണ്ട്.കേന്ദ്രഭരണ യോഗ്യതയുള്ള
പാവങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടി എന്ന പേരുണ്ടാക്കിയെടുക്കാനുള്ള അവസരം കളഞ്ഞു
കുളിച്ച നേതൃത്വം പിന്നീട് ആ തിരുമാനത്തെ ചരിത്രപരമായ വിഡ്ഢിത്തം എന്നാണ്
വിശേഷിപ്പിച്ചതെന്നുകൂടി ഓര്‍മ്മിക്കുക. അന്ന് ക്ഷണം സ്വീകരിച്ച് ഇടതുപക്ഷത്തിന്റെ
ശക്തമായ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍
പിന്നീട് അടല്‍ ബിഹാരി വാജ്‌പേയിക്ക് അവസരം കിട്ടുമായിരുന്നോ എന്ന ചോദ്യം
പ്രസക്തമാണ്.അതായത് അവസരങ്ങളെ തുലച്ചു കളഞ്ഞതിനു ശേഷം പിന്നീട് ഖേദിച്ചതുകൊണ്ടു
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് കാര്യമൊന്നുമില്ലെന്നും തക്കതായ സമയത്ത്
തക്കതായ തീരുമാനമെന്നതാണ് മുന്നോട്ടു പോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട
ഘടകമെന്നുമാണ് ഉല്ലേഖ് വാദിക്കുന്നത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ട്
അത്തരമൊരു തീരുമാനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഇടതുപാര്‍ട്ടികള്‍ക്ക്
കഴിയാതെ പോയത് തിരിച്ചടികളുടെ ആക്കംകൂട്ടി.
“കോണ്‍ഗ്രസിന്
ബദല്‍ എന്ന ചരിത്ര ദൌത്യം ചെറിയ തോതിലെങ്കിലും ഏറ്റെടുക്കാനുള്ള മനോധൈര്യം മാര്‍ക്സിസ്റ്റ്
പാര്‍ട്ടി കാട്ടിയില്ല.അപ്പോഴേക്കും ലോകമാകെ കമ്യൂണിസത്തിന്റെ പറുദീസകള്‍ തകര്‍ന്നു
കഴിഞ്ഞിരുന്നു.ബുള്ളറ്റിനു പകരം ബാലറ്റിലൂടെയാണ് അധികാരത്തിലേക്ക് വന്നതെങ്കിലും
പ്രസക്തി നഷ്ടപ്പെട്ട രാഷട്രീയ പ്രസ്ഥാനം എന്ന മോശം പേര് ഇന്ത്യയിലും
ലഭിച്ചു.പിന്നാലെ കേന്ദ്രഭരണ യോഗ്യതയുള്ള പാവങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടി
എന്ന പേരു നേടിയെടുക്കാനുള്ള അസാഹചര്യവും നഷ്ടമാക്കി” – ലേഖകന്‍
ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ അതിനു ശേഷവും കേന്ദ്ര ഭരണത്തില്‍ പങ്കാളിയാകാനും
അതുവഴി രാഷ്ട്രീയ ലക്ഷ്യങ്ങളെ ദേശീയതലത്തില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള
അവസരങ്ങളുണ്ടായിട്ടും പ്രത്യയ ശാസ്ത്ര പിടിവാശികള്‍ കാരണം അതിനു ശ്രമിച്ചില്ല എന്ന
ആക്ഷേപവും ഉല്ലേഖ് ഉന്നയിക്കുന്നുണ്ട്. “രണ്ടായിരത്തിനാലിലും കേന്ദ്രഭരണത്തില്‍
പങ്കാളിയാകാനുള്ള അവസരം തള്ളി സി പി ഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം
അതിന്റെ ജനിതകമായ ഹ്രസ്വദൃഷ്ടി പ്രകടിപ്പിച്ചു.കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിച്ച്
2008 ല്‍ പുറത്തുപോയ ഇടതുപക്ഷത്തിന് 2011 ല്‍ ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടു.” ഒരു
കണക്കിന് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ദീര്‍ഘവീക്ഷണമില്ലാതെ സ്വീകരിച്ചു
പോന്ന നിലപാടുകള്‍ മാത്രമാണെന്നും മറ്റൊരു കക്ഷിക്കും ആ പരാജയത്തില്‍
പങ്കില്ലെന്നുമാണ് ഉല്ലേഖ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
ഇടതുമുദ്രാവാക്യങ്ങളെ ഏറ്റെടുത്തുകൊണ്ട് തങ്ങളുടെ
മുന്നോട്ടുള്ള പോക്കിനെ സുഗമമാക്കിയ ബി ജെ പിയുടെ അസാമാന്യമായ കൌശലത്തെക്കുറിച്ച്
വായിക്കുക – “
2014 ല്‍ അഴിമതികളുടെ പേരില്‍ കോണ്‍ഗ്രസ് വിചാരണ ചെയ്യപ്പെടുകയും പരിഷ്കര്‍ത്താവ്
എന്ന ലേബലില്‍ നരേന്ദ്രമോഡി ബി ജെ പിയുടെ അനിഷേധ്യ നേതാവായി മാറുകയും ചെയ്തു.
തുടര്‍ന്ന് പടിപടിയായി ബി ജെപിയും അതിന്റെ തലതൊട്ടപ്പനായ ആര്‍ എസ് എസും
ഇടതുപക്ഷത്തിന്റേയും അതുപോലെ കോണ്‍ഗ്രസിന്റേയും മുദ്രാവാക്യങ്ങള്‍
അവരുടേതാക്കിമാറ്റി.വര്‍ഗ്ഗ സമരച്ചുവയുള്ള നടപടിയായിട്ടാണ് അവര്‍ നോട്ടു
നിരോധനത്തെ മുന്നോട്ടു വെച്ചത്.പണക്കാരന്റെ കണ്ണീര്‍ കാണാം എന്ന വ്യാമോഹം
പാവപ്പെട്ടവനില്‍ ജനിപ്പിച്ചു.”
അതായത് ഇടതു ലക്ഷ്യങ്ങള്‍ക്ക് ഇപ്പോഴും ജനപ്രീതിയുണ്ടെന്നു
തന്നെയാണ് മനസ്സിലാകുന്നത്.എന്നാല്‍ അത് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ മുഖ്യ
അജണ്ടയാക്കി മാറ്റിയെടുത്തുകൊണ്ട് നേട്ടം കൊയ്തെടുക്കാന്‍ ഇടതിന് കഴിയുന്നില്ല
എന്നിടത്താണ് അതേ തന്ത്രം ഫലപ്ദരമായി നടപ്പിലാക്കി ബി ജെ പി വിജയിച്ചു കയറുന്നത്.
പെട്ടെന്ന് പ്രയോഗിക്കാനുള്ള ഒരു മറുമരുന്ന് എന്തായാലും
ഉല്ലേഖ് മുന്നോട്ടു വെയ്ക്കുന്നില്ലെന്നു മാത്രവുമ്ലല, അത്തരത്തിലൊന്നില്ലെന്നു
തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇടപെടുക എന്നതുമാത്രമേ മുന്നില്‍
പോംവഴിയായിട്ടുള്ളു. അതാകട്ടെ പൊയ്പ്പോയ വിശ്വാസ്യതയെ വീണ്ടെടുക്കാനും ഇടതുപക്ഷ
മൂല്യങ്ങളെ മുറുകെപ്പിടിക്കാനും സര്‍വ്വോപരി ജാതി മത വര്‍ഗ്ഗീയ കൂട്ടൂകെട്ടുകളെ
ഉച്ചാടനം ചെയ്യാനുമുള്ള താല്പര്യത്തോടെയായിരിക്കണമെന്നു മാത്രം. പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍
കഴിയുന്ന ഒരു പദ്ധതിയല്ല അത്.ബി ജെ പി ഉണ്ടാക്കിയെടുത്തിരിക്കുന്ന കുമിളകളെ
ഓരോന്നോരോന്നായി കുത്തിപ്പൊട്ടിക്കാനുള്ള സമയം എന്തായാലും ഇടതിനു വേണം. അതെത്ര
ആത്മാര്‍ത്ഥമായി ചെയ്യുന്നു എന്നതിനെ അപേക്ഷിച്ചിരിക്കും ഇടതിന്റെ ഭാവി
(തുടരും )
Comments