#ദിനസരികള്‍ 884 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 6 (1)
ഓപ്പണ്‍
മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായ ഉല്ലേഖ് എന്‍ പി “ വേണ്ടത്
കാല്പനികതയില്‍ നിന്നുള്ള മോചനം “
എന്ന പേരിലെഴുതിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ് “ എന്തുകൊണ്ട്
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇടതുപക്ഷം ദുര്‍ബലമാകുന്നു എന്ന ചോദ്യത്തിന്
പ്രസക്തിയേറുകയാണ്.സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും
പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട് നമ്മുടെ
രാജ്യത്ത്.സ്വാഭാവികമായും ഇടതുപക്ഷത്തിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം.മുന്‍കാലങ്ങളെക്കാള്‍
ദുരിതം പേറുന്ന കര്‍ഷകരുടേയും അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും എന്തിന്
ഓട്ടോമേഷന്റേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും അതിപ്രസരം കാരണം
തൊഴില്‍ നഷ്ടം അനുഭവിക്കുന്ന സോഫ്റ്റ് വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും
മറ്റനേകും പേരുടേയും കഥകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പക്ഷേ ഇടതുപക്ഷം ഒരു
ഇലക്ടറല്‍ ശക്തി എന്ന നിലയില്‍ വീണ്ടും വീണ്ടും ചുരുങ്ങി.”
സാധ്യതകള്‍
ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് വേണ്ടത്ര രീതിയില്‍ ശക്തിപ്രാപിക്കാന്‍
കഴിയാതെ പോയത് എന്നതിന് വിഖ്യാത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പെറി ആന്റേഴ്സണെ
മുന്‍നിറുത്തി ഉല്ലേഖ് കാരണം അന്വേഷിക്കുന്നുണ്ട്. -“മതവിശ്വാസം ഒരു പ്രധാനഘടകമായിരുന്ന
ദേശീയ പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു നിര്‍ണായക
ശക്തിയാകില്ല എന്നതാണ് ആന്റേഴ്സണിന്റെ വാദം.ഹിന്ദു സ്പെസിഫിക്കേഷന്‍സ് ഉള്ള കോണ്‍ഗ്രസ്
ദേശീയത എന്നാണ് എന്നാണ് ഗാന്ധിയുടെ വരവിനു ശേഷമുള്ള ദേശീയ പ്രസ്ഥാനത്തപ്പറ്റി ആന്‍റേഴ്സണ്‍
പറഞ്ഞത്. ആ രാഷ്ട്രീയ പ്രവണത മരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു” പലരും ആവര്‍ത്തിച്ചിട്ടുള്ള ഈ വാദത്തിന് പല
രാജ്യങ്ങളുടേയും ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.
അതായത് ഒരു രാജ്യത്തിന്റെ വിമോചന പോരാട്ടത്തില്‍
മുദ്രാവാക്യമായി മാറേണ്ടത് രാഷ്ട്രീയ കാരണങ്ങളാണ് എന്നിരിക്കേ അവയ്ക്കൊപ്പമോ
അവയുടെ മുകളിലോ വിശ്വാസപരമായ സവിശേഷതകളെ പ്രതിഷ്ഠിച്ചുകൊണ്ട് മതങ്ങള്‍ക്ക്
ഇടപെടാനുള്ള അവസരമുണ്ടാക്കിയത് ഗാന്ധിയന് നയമായിരുന്നുവെന്നും അതുകൊണ്ടുതന്നെ
ഹിന്ദുത്വശക്തികളുടെ കൈകളിലേക്ക് ഇന്ന് രാജ്യം എത്തിച്ചേരാനുള്ള
സാഹചര്യങ്ങളുണ്ടാക്കിയെടുത്തതില്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ
പങ്കുണ്ട് എന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.രാഷ്ട്രീയവും മൂര്‍ത്തവുമായ
മൂല്യങ്ങളെക്കാള്‍ മതപരവും അമൂര്‍ത്തവുമായ താല്പര്യങ്ങളെ പകരം വെച്ചതിന്റെ കെടുതി
ഇത്രത്തോളമായിരിക്കുമെന്ന് ഒരു പക്ഷേ ഗാന്ധിക്ക് കടന്നു കാണാന്‍
കഴിഞ്ഞിട്ടുണ്ടാവില്ല.എന്നാല്‍ ഒരു സോഷ്യലിസ്റ്റെന്ന പരിവേഷത്തോടെ
നിലയുറപ്പിച്ചിരുന്ന നെഹ്രുവാകട്ടെ ഈ അപകടത്തെ മനസ്സിലാക്കിയിരുന്നയാളാണ്.ഗാന്ധി
പ്രതിനിധാനം ചെയ്യുന്ന ആശയലോകത്തോട് വിപ്രതിപത്തി തോന്നിയവരെ ഇടതുപക്ഷത്തിലേക്ക്
ചെന്നുചേരാതെ നെഹ്രുവിന്റെ സാന്നിധ്യം തടഞ്ഞു നിറുത്തിയെന്ന് ഉല്ലേഖ്
സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാതിരുന്നതിന്
കാരണം നെഹ്രുവായിരുന്നുവെന്നും അതിനു കാരണം നെഹ്രു ഇടതുപക്ഷ അനുഭാവിയാണ് എന്ന
വിശ്വാസം ജനങ്ങളില്‍ വേരുറച്ചതുകൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.അതോടൊപ്പം
തന്നെ 1964 ലെ പിളര്‍പ്പ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തി ചോര്‍ത്തിക്കളഞ്ഞ
ഒന്നാണെന്നും ലേഖകന്‍ നിരീക്ഷിക്കുന്നുണ്ട്.എന്നാല്‍ ഒത്തുപോകാന്‍ കഴിയാത്ത
സാഹചര്യങ്ങളെക്കുറിച്ചും ആശയപരമായുണ്ടായ നയവ്യതിയാനങ്ങളെക്കുറിച്ചും അദ്ദേഹം
ആലോചിക്കുന്നില്ല.മറിച്ച് “നെഹ്രു
എന്ന തടസ്സം മാറിക്കിട്ടിയപ്പോഴേക്കും പാര്‍ട്ടിയുടെ ശക്തി പൊടുന്നനെ
ക്ഷയിച്ചു.കമ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗം കോണ്‍ഗ്രസിന് അനുകൂലമായി നിലകൊണ്ടു.രാഷ്ട്രീയപരമായി
തങ്ങള്‍ക്ക് അനുകൂലമായ കാലാവസ്ഥയെ പരമാവധി മുതലെടുത്തു മുന്നേറുക എന്ന തന്ത്രം
ഭാഗികമായി പരാജയപ്പെട്ടു.കോണ്‍ഗ്രസാകട്ടെ വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ ആ അവസരം
ഉപയോഗിക്കുകയും ചെയ്തു” എന്നാണ്
വിലയിരുത്തുന്നത്.
(തുടരും )
Comments