Saturday, September 9, 2017

#ദിനസരികള്‍ 150

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഒരു കുഞ്ഞുപുസ്തകമുണ്ട്. പേര് വരികള്‍ക്കിടയില്‍. കെ മനോഹരനാണ് പുസ്തകം എഴുതിയിരിക്കുന്നത്.കേവലം അറുപത്തിനാലുപേജുമാത്രം വരുന്ന ഈ പുസ്തകം, അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ വരികള്‍ക്കിടിയിലെ വായനയെ ലക്ഷ്യം വെച്ച് എഴുതപ്പെട്ടതാണ്.വായനയെ ഗൌരവമേറിയ സാംസ്കാരികപ്രവര്‍ത്തനമായി കാണുന്നവര്‍ക്ക് ഉപയോഗപ്പെടും എന്ന പ്രതീക്ഷ പ്രസാധകക്കുറിപ്പില്‍ പരിഷത്ത് പങ്കുവെക്കുന്നുമുണ്ട്.
            എങ്ങനെ വായിക്കാം എന്നു പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളുടെ എണ്ണം നിജപ്പെടുത്താനാകാത്തവണ്ണം പെരുകിയിരിക്കുന്നു. സാഹിത്യ സാംസ്കാരികലോകങ്ങളില്‍ അവക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.(ശാസ്ത്രലോകവും അപവാദമല്ല. പ്രഖ്യാതമായ ഒരുദാഹരണം, ആപ്പിള്‍ വീഴുന്നത് കണ്ട ഐസക് ന്യൂട്ടണ്‍ ആ സംഭവത്തെ ശാസ്ത്രീയമായി വായിച്ചെടുത്തതിന്റെ ഫലമാണ് പ്രസിദ്ധമായ ഭൂഗുരുത്വാകര്‍ഷ നിയമം) മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട സര്‍വ്വവ്യവഹാരങ്ങളേയും സവിശേഷമായ അര്‍ത്ഥപരിസരങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള വായനയെ സഹായിക്കുന്നതിനായി നിലനില്ക്കുന്ന നിരവധി സിദ്ധാന്തങ്ങള്‍ ഒരാള്‍ക്ക് ശരിയായ വായനാനുഭവം പകര്‍ന്നു നല്കാന്‍ ശേഷിയുള്ളവയാണ്. സാഹിത്യത്തിലാകട്ടെ,  അത്തരം സിദ്ധാന്തങ്ങളെ വിമര്‍ശനോപാധികള്‍ എന്ന നിലയിലാണ് പരിഗണിക്കുന്നത്. പാഠത്തിന്റെ പൊരുളെന്തെന്ന് നിര്‍ണയിക്കാന്‍ വായനക്കാരനെ സഹായിക്കുക എന്നതാണ് ഈ സിദ്ധാന്തങ്ങളുടെ പരമമായ ലക്ഷ്യം.ഹരിതനിരൂപണം, മനശാസ്ത്ര നിരുപണം , സ്ട്രക്ചറലിസം,ഡീകണ്‍സ്ട്രക്ഷന്‍ , മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതി , സാംസ്കാരിക പഠനം , സ്ത്രീപക്ഷസമീപനം, പോസ്റ്റ് കൊളോണിയല്‍ സമീപനങ്ങള്‍ ,  വിവിധങ്ങളായ ഭാരതീയ സാഹിത്യസമീപനരീതികള്‍ തുടങ്ങി പഴയതും പുതിയതുമായ വിവിധ ഉപാധികളെ തങ്ങളുടെ ത്യാജ്യഗ്രാഹ്യശേഷിക്ക് വിധേയമായി സ്വീകരിച്ചുകൊണ്ട് പാഠത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങളെ തിരിച്ചെടുക്കാന്‍ കഴിയുമ്പോഴാണ് വായന സഫലമാകുന്നത്.

            പാഠവായനയുടെ അത്തരം അതിസങ്കീര്‍ണമായ മേഖലകളിലേക്ക് കടക്കുന്നില്ലെങ്കിലും വരികള്‍ക്കിടയിലൂടെ എങ്ങനെയൊക്കെ വായിക്കാം എന്ന് കെ മനോഹരന്‍ നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. ജീവിതാനുഭവങ്ങളില്‍‌ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് വിളഞ്ഞ വാക്യങ്ങളില്‍ നിന്നും കൊള്ളാവുന്നതു കൈക്കൊണ്ടും തള്ളേണ്ടതു കൈയ്യൊഴിഞ്ഞും വേണം മുന്നോട്ടു കുതിക്കുവാന്‍ എന്ന് നിരന്തരം ഈ പുസ്തകം വായനക്കാരനെ ഓര്‍മപ്പെടുത്തുന്നുണ്ട്. എന്തായാലും വായനയുടെ പുതുവഴികളിലേക്കുള്ള ഒരു കൈചൂണ്ടിയായി തുടക്കക്കാര്‍ക്ക് ഈ പുസ്തകം പ്രയോജനപ്പെടും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

Friday, September 8, 2017

#ദിനസരികള്‍ 149


കെ ഇ എന്‍ കുഞ്ഞഹമ്മദിനേയും സുനില്‍ പി ഇളയിടത്തേയും താരതമ്യപ്പെടുത്തുക എന്ന അതിസാഹസികതക്ക് സമകാലിക സാംസ്കാരികാന്തരീക്ഷത്തില്‍ പ്രസക്തിയുണ്ടോ?ഒരേ പാതയിലൂടെയാണ് രണ്ടുപേരുടേയും സഞ്ചാരം.ഒരേ ആശയത്തിന്റെ മൂര്‍ച്ചകളെയാണ് സാംസ്കാരികവിനിമയത്തിന് വേണ്ടി രണ്ടുപേരും ഉപയോഗിക്കുന്നത്. ഫാസിസത്തിന്റെ ആസുരമായ വര്‍ത്തമാനകാല നിലപാടുകളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുകയാല്‍ രണ്ടുപേരും മതേതര ജനാധിപത്യമനസ്സുകള്‍ക്ക് പ്രിയപ്പെട്ടവരുമാണ്.ഇതിനപ്പുറം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് രണ്ടുപേരും എന്ന് വിധിയെഴുതുന്നതിന് മറ്റെന്തു ന്യായം വേണം ? എങ്കിലും എന്റെ ഉള്ളിലെ നിഷ്കളങ്കനായ സംവാദി സന്ദേഹശൂന്യനായി ഇവിടംകൊണ്ടവസാനിപ്പിക്കുവാന്‍ ഭാവിക്കുന്നില്ല എന്നുതന്നെയാണ് തോന്നുന്നത്.
            സുനില്‍ പി ഇളയിടത്തിന്റെ ഇടപെടലുകളുടെ ഒരു പൊതുസ്വഭാവം , അതിന് മതേതരമായ പൊതുബോധത്തെ എളുപ്പം തൃപ്തിപ്പെടുത്താന്‍ കഴിയുന്നു എന്നുള്ളതാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തെ പിന്‍പറ്റി നിലനില്ക്കുന്ന ഒരു മാനവികതയുണ്ട്. ആ മാനവികത മാവേലിപ്പാട്ടിന്റെ ഈരടികളില്‍ പറയുന്നവണ്ണം മാനുഷരെല്ലാരും ഒന്നാണെന്നും ഉച്ചനീചത്വങ്ങള്‍ക്കപ്പുറം അവരെയൊക്കെ ഒന്നായി കാണേണ്ടത് തങ്ങളുടെ മനുഷ്യത്വപരമായ ബാധ്യതയാണ് എന്നും ചിന്തിക്കുന്ന സവര്‍ണമായ ഒരു ധാരയെ പിന്‍പറ്റുന്നുമുണ്ട്. ആ നിലപാടുകള്‍ വര്‍ഗ്ഗീയേതരമാണെന്നും ജാതിമതാദികളുടെ സങ്കുചിതത്വങ്ങളെ വിളിപ്പാടകലെ നിറുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പക്ഷേ ആ നിലപാട് ഉപരിഘടകത്തിന്റെ പ്രീതികളെ പിന്‍പറ്റുന്നതും സമൂഹത്തിലെ അധോഘടകങ്ങളെ അത്രതന്നെ അഭിസംബോധന ചെയ്യാത്തതുമാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.ഇനിയും വ്യക്തമാക്കിയാല്‍ പൊതുവായി മലയാളികളുടെ ഫാസിസ്റ്റുവിരുദ്ധമായ ആശയങ്ങള്‍ക്ക് ഊടുംപാവും നെയ്തുകൊടുക്കുന്നതോടൊപ്പംതന്നെ അവരുടെ സവര്‍ണസങ്കല്പങ്ങള്‍ക്ക് കേറി നില്ക്കാനുള്ള തട്ടകവും സുനില്‍ പി ഇളയിടം നിര്‍മിച്ചുകൊടുക്കുന്നു
            കെ ഇ എന്‍ കുഞ്ഞഹമ്മദ് മണ്ണിനോട് ചേര്‍ന്നുനിന്ന് ചിന്തിക്കുന്നുണ്ട്. കീഴാളപരിപ്രേക്ഷ്യങ്ങളെക്കുറിച്ച് മറ്റാരെക്കാളും അദ്ദേഹം ബോധവാനാണ്. ഇരകളാരാണെന്നും ഇരകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉരുവംകൊള്ളുന്നതെങ്ങനെ എന്നും അദ്ദേഹം ശരിയായി മനസ്സിലാക്കിയിരിക്കുന്നു.മനുഷ്യനായി ജീവിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും പ്രഖ്യാപിക്കുവാന്‍ മടികാണിക്കാത്ത കുഞ്ഞഹമ്മദ് , സവര്‍ണമായ മതേതരബോധത്തിനുള്ളില്‍ നിലനില്ക്കുന്ന ജാതീയമായ വേര്‍തിരിവുകളെ , ഒരു ശ്രേണിയിലെ സ്വാഭാവികത എന്നു പറഞ്ഞുതള്ളാതെ തുറന്നുകാണിക്കുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ , ഇരകളാക്കി മാറ്റപ്പെട്ടവരുടെ , നിഷ്കാസിതരുടെയൊക്കെ വിലാപങ്ങള്‍ കെ ഇ എന്നില്‍‌ നിറഞ്ഞു നില്ക്കുന്നു.
            കെ ഇ എന്‍ ഒരു പടി പിന്നിലും സുനില്‍ പി ഇളയിടം ഒരു പടി മുന്നിലുമായാണ് കേരളത്തിന്റെ വര്‍ത്തമാനകാല സാംസ്കാരിജീവിതത്തില്‍ നില്ക്കുന്നതെങ്കില്‍ , അതിനുകാരണം മലയാളി മനസ്സ് ഇപ്പോഴും പേറുന്ന ഒരു പിടി വരേണ്യമായ സംസ്കാരത്തിന്റെ ഫലമാണെന്ന സന്ദേഹം കൂടി ഇവിടെ ഉന്നയിച്ചുകൊള്ളട്ടെയോ ?


Thursday, September 7, 2017

#ദിനസരികള്‍ 148


സൌരപിണ്ഡങ്ങളുടെ ഗതിവിഗതികളാല്‍‌ അലങ്കൃതമായിരിക്കുന്ന പ്രപഞ്ചം. അനന്തമജ്ഞാതമവര്‍ണനീയം എന്നാണ് കവിയുടെ അത്ഭുതം.ഒരു നിശ്ചയമില്ലയൊന്നിനും എന്നാണ് തത്വജ്ഞാനിയുടെ ഭാഷ.ഇതൊന്നും നാഥനില്ലാത്ത കളരിയല്ലെന്ന് ചിലര്‍. നാഥനേ വേണ്ടതില്ലെന്ന് മറ്റു ചിലര്‍.അവരവര്‍ അതാതിടങ്ങളില്‍ ഉറച്ചു നില്ക്കുന്നു. നെഞ്ചത്തടിച്ച് വെല്ലുവിളിക്കുന്നു.ശാസ്ത്രമാണ് ശരിയെന്ന വാദം ശാസ്ത്രം തന്നെ നിരാകരിക്കുന്നു. ശരിയായിരിക്കുന്നത് തെറ്റാണെന്ന് തെളിയിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അവരുടെ നിലപാട്. ആരും വിട്ടുകൊടുക്കുവാന്‍ തയ്യാറല്ല. പരസ്പരം കൊത്തുകൂടിയും ഒച്ചകൂട്ടിയും തന്താങ്ങളുടെ ശരികളെ വാദിച്ചുറപ്പിക്കുവാന്‍ തിക്കുകൂട്ടുന്നവരുടെ വെപ്രാളങ്ങളാണ് ചുറ്റും.ഇതിനിടക്ക് ഒരു തളിര്‍ വെറ്റില ഞരമ്പുനുള്ളി മുറുക്കി രസിക്കുന്നതിന് ആരേലുമുണ്ടോ എന്നാണ് എന്റെ കൌതുകം അന്വേഷിക്കുന്നത്.എന്റെ പുറത്തു മുളച്ചിരിക്കുന്ന ചൂടുകുരുക്കളെ നുള്ളിയെടുക്കുവാന്‍ ഒരു കൈത്തുണ കിട്ടിയെങ്കില്‍ അതുതന്നെ സ്വര്‍ഗ്ഗം എന്നല്ലാതെ വേറെന്തു ചിന്തിക്കുവാന്‍‌ ? ആ സുഖം അനുഭവിച്ച്‌ രസിക്കുന്നതിന് അപരനേയും അനുവദിക്കുക എന്നതല്ലാതെ എന്ത് മാനവികതയാണ് ഞാനുയര്‍ത്തിപ്പിടിക്കേണ്ടത് ? താന്‍ തന്നെയാണ് അപരന്‍ എന്നു വന്നുകഴിഞ്ഞാല്‍‌ വിദ്വേഷമെന്തിന് ? വാദകോലാഹലങ്ങളെന്തിന് ? ആയുധങ്ങളെന്തിന് ?
ചുമ്മാ ചിന്തിക്കാം. കവിത കലര്‍ത്തി വാക്കുകളെ തുപ്പിരസിക്കാം.അതിനുമപ്പുറം എന്റേയും നിന്റേയും വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടോ ? ചൊറിച്ചിലുവരുമ്പോള്‍ എന്റെ ചൊറിച്ചില് ആദ്യം മാറട്ടെ എന്നാണ് ചിന്ത. അല്ലാതെ അപരനാദ്യം എന്ന് ചിന്തിക്കുന്നതാര് ?
ആനന്ദചിന്മയ ഹരേ ഗോപികാരമണാ
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ – എന്നൊക്കെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ തോന്നില്ല.എന്റെ എന്നും എനിക്കും എന്നും ചിന്തിക്കാതിരിക്കുക അസാധ്യംതന്നെ.നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നാണ് ഗുരുവചനം. ഗുരു തമാശ പറഞ്ഞതാണെന്നാണ് ശിഷ്യരായ നമ്മുടെ ഭാവം.കവി പറയുന്നു :- എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കിക്കാണും
എങ്കിലും ഞാന്‍ ഭയന്നു
കാവല്‍ക്കാരന്‍ ഒടുവില്‍‌ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ – “ സമയമായി “

Wednesday, September 6, 2017

#ദിനസരികള്‍ 147


ഞാന്‍ ജനിച്ചത് ഹിന്ദുമതത്തിലാണ്.ചെറുപ്പകാലത്ത് മതത്തിന്റേതായ ഒരു ചിട്ടവട്ടങ്ങളും നിര്‍ബന്ധമായി അനുഷ്ടിക്കണമെന്ന് അനുശാസിക്കുന്ന ഒരു അന്തരീക്ഷം എന്റെ ഓര്‍മയിലില്ല. ആകെയുള്ളത് സായാഹ്നങ്ങളില്‍ നിലവിളക്കുകൊളുത്തിവെച്ച് അമ്മയുടെ അമ്മ വല്ലപ്പോഴും ചൊല്ലിത്തരുന്ന കീര്‍ത്തനങ്ങളാണ്. അത് പക്ഷേ മതപരമായ ഏതെങ്കിലും പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല , ആയമ്മക്ക് അറിയാവുന്നതിന്റെ ഒരു വിഹിതം പകര്‍ന്നുതരുന്നു എന്നുമാത്രം.സ്ഥിരമായി ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല. വാളാട് ശ്രീ കുരിക്കിലാല്‍ ഭഗവതി ക്ഷേത്രവും പൊറളോം ശ്രീ മഹാവിഷ്ണുക്ഷേത്രവുമൊക്കെ പിറന്നാള്‍ ദിനങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമ്മ നേര്‍ച്ച നേര്‍ന്നതിന്റെ ഫലമായി മണ്ഡലകാലത്തുള്ള ശബരിമല യാത്ര പക്ഷേ എട്ടോ പത്തോ കൊല്ലം തുടര്‍ച്ചയായി നടത്തിയിട്ടുമുണ്ട്. അതോടൊപ്പംതന്നെ  പള്ളിക്കുന്ന് പള്ളിയില്‍ കഴുന്നെഴുന്നള്ളിച്ചതുകൊണ്ടാണ് ഞാന്‍ പത്താംക്ലാസ് പാസായത് എന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, എന്റെ അമ്മ. ആ ദിനങ്ങളില്‍ ഒന്നില്‍പ്പോലും ഞാന്‍ ഹിന്ദുവാണെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു സംഭവവും ഓര്‍മയിലില്ല.
            സ്വാമി വിവേകാനന്ദന്‍‌ ചെറുപ്പത്തില്‍ത്തന്നെ എന്നെ ആകര്‍ഷിച്ച സുപ്രധാനവ്യക്തിയാണ്.സന്യാസം എന്ന ആസക്തി അന്ന് എന്നെ ആവേശിക്കാനിടയായ ഒരു കാരണം അദ്ദേഹത്തിന്റെ സ്വാധീനമാണ്. വിവേകാനന്ദനിലൂടെയാണ് ഇന്ത്യന്‍ തത്വചിന്തയുടെ രാജവീഥിയിലേക്ക് ഞാന്‍ പ്രവേശിച്ചത്. വേദങ്ങള്‍, വേദാന്തങ്ങള്‍ , ഗീത ,ബ്രഹ്മസൂത്രം, ഷഡ്ദര്‍ശനങ്ങള്‍ , ഇതിഹാസപുരാണാദികള്‍ എന്നിവയിലേക്കൊക്കെയുള്ള വഴിയായി നിന്നത് വിവേകാനന്ദനായിരുന്നു. ആ വിവേകാനന്ദനാണ് എന്നെ അവിശ്വാസിയും ഈശ്വരനിഷേധിയുമാക്കിയത്. ഇതിഹാസപുരാണാദികളിലൊഴിച്ച് മേല്‍പ്രസ്ഥാവിച്ച ഒരു ഗ്രന്ഥത്തിലും ലോകസ്രഷ്ടാവായ ഒരു ജഗന്നിയന്താവിനെ നമുക്ക് കണ്ടെത്തുവാന്‍ കഴിയില്ല. ശങ്കരദ്വിഗ്ഗിജയകാലഘട്ടത്തില്‍ ഇവയിലൊക്കെ ഈശ്വരനെ പ്രതിഷ്ഠിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ ഭാഗമായി ഈ ഗ്രന്ഥങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍‌ ഉണ്ടായിട്ടുണ്ട്.
            അപൌരുഷേയമെന്നും അമാനുഷികമെന്നും വാഴ്ത്തപ്പെടുന്ന വേദങ്ങളുടെ പ്രാമാണ്യം അംഗീകരിച്ചുകൊണ്ടായിരുന്നു ആസ്തികമായ  ചിന്താപദ്ധതികളൊക്കെ നിലനിന്നിരുന്നത്. (ദര്‍ശനങ്ങളെ നാസ്തികമെന്നും ആസ്തികമെന്നും തിരിക്കുന്നത് വേദപ്രാമാണ്യം അംഗീകരിക്കുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ദൈവമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല ) എന്നാല്കപിലനോ കണാദനോ ഗൌതമനോ ചാര്വ്വാകനോ വേദപ്രാമാണ്യം അംഗീകരിക്കുവാന്‍‌ തയ്യാറായില്ല എന്നു മാത്രവുമല്ല , ത്രയോ വേദസ്യ കര്ത്താരോ ദണ്ഡധൂര്ത്ത നിശാചരാ: എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ചിന്തയുടെ അസ്തിവാരമായ ഷഡ്ദര്‍ശനങ്ങളിലെ പൊതുധാര നാസ്തികവും ഈശ്വരനിഷേധവുമാകുന്നു. വേദാധിഷ്ഠിതമായ ചിന്താപദ്ധതികളെ അവഗണിക്കുകയും സമാന്തരമായി ലോകായതദര്ശനത്തെ പരിപോഷിപ്പിക്കുകയും ചെയ്ത ചാര്‍വ്വാകന് ഇന്ത്യന്തത്വചിന്തയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരേടാണ്.

            ഇത്രയും പറയാന്‍ കാരണം വിമതശബ്ദങ്ങളോട് ഹിന്ദുമതത്തില്‍ വളര്‍ന്നു വന്നിരിക്കുന്ന അസഹിഷ്ണുത ആ മതത്തിന്റെ സന്ദേശത്തിന് വിരുദ്ധമാണ് എന്ന് സൂചിപ്പിക്കുവാനാണ്.വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ ഇടമുള്ള വിശാലമായ അന്തരീക്ഷമാണ് ആ മതം വിഭാവനം ചെയ്യുന്നത്. ദൈവനിഷേധികളായ നാസ്തികരെപ്പോലും ഈശ്വരന്മാരെന്ന് ബഹുമാനിക്കുകയും വന്ദിക്കുകയും ചെയ്തിരുന്ന ഒരു ബോധത്തില്‍ നിന്ന് അവരെ നിഷ്കരുണം കൊന്നൊടുക്കുന്ന തലത്തിലേക്ക് ഹിന്ദുമതത്തെ അധപതിപ്പിച്ചത് ആരെന്ന് നാം മനസ്സിലാക്കണം. അധികാരത്തിന് വേണ്ടി മതങ്ങളെ തമ്മിലടിപ്പിക്കുകയും ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന അത്തരം കുടിലബുദ്ധികളെ ഒറ്റപ്പെടുത്താനും തിരിച്ചറിയാനും നമുക്കു കഴിഞ്ഞില്ലെങ്കില്‍ ഗൌരി ലങ്കേഷ് അവസാനത്തെ രക്തസാക്ഷിയായിരിക്കില്ല.

Tuesday, September 5, 2017

#ദിനസരികള്‍ 146


വിശ്വപൌരനായ ഗാരി ഡേവിസും നടരാജഗുരുവും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയ സന്ദര്‍ഭം നിത്യചൈതന്യയതി തന്റെ ആത്മകഥയായ യതിചരിതത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
ഗാരി - സര്‍ ലോകത്തുള്ള മനുഷ്യര്‍ എല്ലാവരും ഒരു സമുദായമാണെന്ന് വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ ?”
നടരാജഗുരു - അത് വെറുമൊരു പരമാര്‍ത്ഥം മാത്രമാണ്
ഗാരി - ഞാന്‍ അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് എല്ലാവരും എന്നെ ഒരു ഭ്രാന്തനായി കരുതുന്നുവല്ലോ. ഞാന്‍ വാസ്തവത്തില്‍ ഒരു ഭ്രാന്തനാണെന്ന് വരുമോ?
ഗുരു - എങ്കില്‍ ഞാനുമൊരു ഭ്രാന്തനാണ്. എന്റെ ഗുരുവും ഭ്രാന്തനാണ്
            നടരാജഗുരുവിന്റെ ഗുരു ആരാണെന്ന് നമുക്കറിയാം. നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ശ്രീനാരായണന്‍.ആ നാരായണഗുരു ഇന്ന് ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണെന്ന് അവകാശപ്പെടുന്നവരുടെ എണ്ണത്തിന് വര്‍ദ്ധനവുണ്ട്.

            മനുഷ്യന്‍ എന്ന പദത്തോടു എന്തു വിശേഷണം ചേര്‍ക്കപ്പെട്ടാലും അത് ആ പദത്തിന്റെ അര്‍ത്ഥവ്യാപ്തിയുടെ വിശ്വവ്യാപിയായ പ്രഭാപ്രസരങ്ങളെ പരിമിതപ്പെടുത്തുകയേയുള്ളു എന്നതാണ് വാസ്തവം.അതു കണ്ടറിഞ്ഞ മഹാരഥന്മാരായ ആളുകള്‍ തങ്ങളെ ഏതെങ്കിലും മതജാതിവര്‍ഗങ്ങളുടെ സങ്കുചിതത്വങ്ങളിലോ , ഏതെങ്കിലും ആശയങ്ങളുടെ പരിമിതമായ വലയങ്ങളിലോ സ്വയം കുരുക്കിയിടാന്‍ തയ്യാറായില്ല എന്നത് മനുഷ്യനെന്ന സങ്കല്പനത്തിന്റെ മഹനീയ മാതൃകകള്‍ക്ക് നിദര്‍ശനമാണ്.തോമസ് പെയ്ന്‍ പറഞ്ഞതുപോലെ “The World is my country, all mankind are my brethren, and to do good is my religion.” എന്ന് ആത്മാര്‍ത്ഥതയോടെ പ്രഖ്യാപിക്കുവാന്‍‌ ഇന്ന് നമുക്ക് കഴിയേണ്ടതുണ്ട്.

ചില ആശയങ്ങളോട് നിനക്ക് പ്രിയമുണ്ട് ; ചിലതിനോട് എനിക്കും .അവയിലൊക്കെയും നിഹിതമായിരിക്കുന്ന ബോധം , ധാരമുറിയാത്ത ഉണര്‍വ്വ് മനുഷ്യനെ കള്ളികളിലേക്ക് ഒതുക്കാത്ത മാനവികദര്‍ശനമാണോ എന്നതിനാണ് പ്രാധാന്യം. അത് പക്ഷപാതരഹിതമായി സ്വയം പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. അല്ലയെങ്കില്‍ എത്ര കാലമായി പിന്തുടര്‍ന്നു വരുന്നതാണെങ്കിലും ഉപേക്ഷിച്ചു കളയാന്‍ അമാന്തമരുത്.

ഒന്നായ മാനവര്‍ക്കൊറ്റ നീതി

ഈ മണ്ണു നമ്മുടെ ആകെ ഭൂമി

ഒന്നായ് പണിയെടുത്തുണ്ണണം നാം

എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ - എന്നാണ് യതി പറയുന്നത്.Monday, September 4, 2017

#ദിനസരികള്‍ 145

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവരുണ്ട്. പ്രസ്തുത പദ്ധതിയെക്കുറിച്ചുള്ള ഒരു നഖച്ചിത്രം വിക്കിയുടെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി എന്ന പേജിലുണ്ട്. കേരളത്തിലെ ഒരു നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി (Athirappilly Hydroelectric project). കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ടജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്. 23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള ഈ ഡാം വന്നാൽ 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴയുടെ 60 കിലോമീറ്റർ ഭാഗത്തുവരുന്ന ഏഴാമതു വലിയ ഡാം ആയിരിക്കും. തൊട്ടുമുകളിലുള്ള പൊരിങ്ങൽക്കുത്തു ഡാമിൽ നിന്നും പുറത്തുവിടുന്ന വെള്ളത്തെയാവും ഈ ഡാം പൂർണ്ണമായും ആശ്രയിക്കുന്നത് ഈ വിവരണത്തോടൊപ്പം വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങളുടെ ഒരു ലിസ്റ്റും നിര്‍ദ്ദിഷ്ട പദ്ധതിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളും അക്കമിട്ടു വിക്കി അവതരിപ്പിക്കുന്നുണ്ട്.( അനുകൂലിക്കുന്നവരുടെ അഭിപ്രായം കൂടി പ്രസ്തുത പേജില്‍ രേഖപ്പെടുത്താത്തിടത്തോളം വിക്കിപ്പീഡിയ പാലിക്കേണ്ട നിഷ്പക്ഷതക്ക് കോട്ടം സംഭവിക്കുന്നുണ്ട് എന്നു കൂടി സൂചിപ്പിക്കട്ടെ )

മാധ്യമങ്ങളിലെ കലമ്പലുകള്‍ കാണുമ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ എണ്ണമാണ് കൂടുതലെന്നു തോന്നുന്നു.പദ്ധതിക്ക് അനുകൂലമായി നിലപാടെടുക്കുന്നു എന്നാരോപിച്ചുകൊണ്ട് സര്‍ക്കാറിനെതിരായും പരിസ്ഥിതിലോലപ്രദേശത്തുവരുന്ന പദ്ധതിയുടെ ഫലമായി നശിച്ചു പോകുന്ന ജൈവസമ്പത്തിനെ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തിന് അനുകൂലമായും വാദിക്കുന്നവര്‍‌ക്ക് മുന്‍തൂക്കമുണ്ട് എന്നതാണ് വസ്തുത. ഈ പദ്ധതിയുടെ കെടുതികളെക്കുറിച്ചുള്ള ധാരണകളെക്കാള്‍ പലരേയും നയിക്കുന്നത് പ്രസ്തുത പദ്ധതിയുടെ പേരില്‍ നമ്മുടെ സമൂഹത്തില്‍ ഉരുവപ്പെട്ടിരിക്കുന്ന വൈകാരികമായ അന്തരീക്ഷത്തെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ്.പ്രകൃതിസ്നേഹവും പരിപാലനവും ചിലര്‍ ഏറ്റെടുക്കുകയും അവര്‍ക്ക് ജയ് വിളിക്കാന്‍‌ മറ്റു ചിലര്‍ കൂടെക്കൂടുകയും ചെയ്യുമ്പോള്‍ അതിരപ്പിള്ളി എന്ന പേരിനൊപ്പം തന്നെ വിവാദവും തലപൊക്കുന്ന ഒരു സാഹചര്യമാണ്.ഏതായാലും അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ മുതലെടുപ്പു നടത്തുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് എം എ ബേബി , പരിസ്ഥിതി നാശം വരുത്തിക്കൊണ്ട് അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുന്നത് ഇടപക്ഷമുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതല്ല എന്ന് പ്രസ്ഥാവിച്ചിരിക്കുന്നു. (മാധ്യമം വാരിക , സെപ്റ്റംബര്‍ 11 , 2017 ) ബേബിയുടെ ഈ അഭിപ്രായം , പ്രശ്നത്തിന്റെ പേരില്‍ സിപി ഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് തിരിച്ചടിയാണ്.അതിരപ്പിള്ളിയുടെ പാരിസ്ഥിതികപ്രാധാന്യം പരിഗണിക്കാതെ ഈ പദ്ധതി നടപ്പിലാക്കില്ല എന്നും ഇക്കാര്യത്തില്‍‌ ഏകപക്ഷീയമായ ഒരു തീരുമാനം ഉണ്ടാവില്ല എന്നും അഭിമുഖത്തില്‍ സഖാവ് ബേബി പറയുന്നത് പ്രത്യാശയും എതിരാളികള്‍ക്ക് നിരാശയും പകരുന്നുണ്ട്.

Sunday, September 3, 2017

#ദിനസരികള്‍ 144


സമയം രാവിലെ എട്ടുമണിയായിരിക്കുന്നു. എന്താണ് എഴുതേണ്ടതെന്ന് ഒരു തിട്ടവുമില്ല.ആലോചന , പുസ്തകങ്ങളെ കരണ്ടുതിന്നുന്ന സില്‍വര്‍ ഫിഷ് എന്ന ജീവിയെപ്പറ്റി മാത്രമായിരുന്നു. ആ ജീവി ഇന്നലെ തിന്ന പുസ്തകം ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച ജോണ്‍ എബ്രഹാം ഓര്‍മ്മപ്പുസ്തകമായിരുന്നു. അതു കണ്ടപ്പോള്‍ വിഷമം തോന്നി. പുസ്തകപ്രസാധനരംഗത്തെ രക്തസാക്ഷിയായ ഷെല്‍വിയുടെ  മള്‍ബറി പുറത്തിറക്കിയ കുറച്ചു പുസ്തകങ്ങളേ എന്റെ ഇപ്പോള്‍ കൈവശമുള്ളു. അതിലൊന്നാണിത്. അപ്പോള്‍പ്പിന്നെ സങ്കടം തോന്നാതിരിക്കുന്നതെങ്ങനെ ? എന്തായാലും വേണ്ടില്ല സില്‍വര്‍ ഫിഷിനെ തുരത്താതെ ഇനി വിശ്രമമില്ല എന്ന് നിശ്ചയിച്ചു.പുസ്തകങ്ങള്‍ നിരന്തരം കൈകാര്യം ചെയ്യുന്ന ആരോടെങ്കിലും ചോദിക്കാമെന്നു കരുതി ഒരു ലൈബ്രേറിയനെ വിളിച്ചു.തൂക്കിക്കൊടുത്ത് ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ല എന്നതായിരുന്നു അയാളുടെ ഉപദേശം.നിരാശ തോന്നി. എന്നാല്‍പ്പിന്നെ അറിവുകളുടെ മഹാകാശാമായ ഫേസ് ബുക്കില്‍ ഒരു പോസ്റ്റിട്ടു സഹായം തേടാം. അവിടെ കിട്ടാത്ത വിവരങ്ങളില്ലല്ലോ. ഈ കീടത്തിന്റെ കുലം മുടിച്ച് ആണുങ്ങളെ കഴുവേറ്റിയും പെണ്ണുങ്ങളെ തുറകേറ്റിയും ഒടുക്കിയിട്ടേ ഇനി വിശ്രമമുള്ളു. തൊട്ടാല്‍ പൊട്ടുന്ന നിസ്സാരനായ ഒരു ജീവിയുടെ മുന്നില്‍ അണ്ഡകടാഹത്തെ അടക്കിബ്ഭരിക്കുന്ന അജയ്യനായ ഞാനെന്ന മനുഷ്യന്‍ മുട്ടുമടക്കുകയോ ? ഭൂഖണ്ഡാന്തരമിസൈലുകളും ഗോളാന്തര യാത്രകളും കൊണ്ട് പ്രപഞ്ചാധിനാഥനായി മാറിയ , സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാ സംഹരിച്ചും രസിച്ചും രമിച്ചും കളിച്ചും പുളച്ചും വിളയാടുന്ന എന്റെ മുമ്പില്‍ ഒരു കീടം വെല്ലുവിളി ഉയര്‍ത്തുകയോ ? ആരവിടെ ? നികുംഭിലയിലെ ഹോമകുണ്ഡങ്ങള്‍ ജ്വലിക്കട്ടെ. രാവണകൃതസ്ത്രോത്രങ്ങള്‍ മുഴങ്ങട്ടെ. കൈലാസനാഥന്‍ കനിഞ്ഞു നല്കിയ ചന്ദ്രഹാസത്തിന്റെ തിരുവിളയാടലുകളാല്‍ പ്രപഞ്ചം നടുങ്ങട്ടെ . ഫേസ് ബുക്കില്‍ പോസ്റ്റു വരട്ടെ.വിശ്വവിജയിയായ ദശമുഖന്റെ എഴുന്നള്ളത്തുണ്ടെന്ന് വിഷ്ണുലോകവും അറിയട്ടെ.
            അങ്ങനെ പോസ്റ്റുണ്ടായി. പോസ്റ്റില്‍ കഥനമുണ്ടായിരുന്നു.പക്ഷേ കഥനം കണ്ടവര്‍ വിരളമായിരുന്നു. മണത്തിന്റെ ഗുണത്തെക്കുറിച്ച് ജിതിനണ്ണനും അതുല്യാമ്മയും ഉപദേശിച്ചതൊഴിച്ചാല്‍ കാര്യമായ ആയുധികളൊന്നും അവിടെ നിക്ഷേപിക്കപ്പെട്ടിട്ടില്ല. വാനരക്കൂട്ടത്തിന്റെ ആക്രമണം രാമായണകാലത്തെപ്പോലെതന്നെ ഇക്കാലത്തും രാവണനു നേരെ മാത്രമായിരുന്നു. കല്ലും കവണയുമുപയോഗിച്ച് പോസ്റ്റ് ഓണറെത്തന്നെ അവര്‍ ആക്രമിച്ചു. അതുകണ്ട് വിദൂരങ്ങളിലിരുന്ന് സില്‍വര്‍ ഫിഷ് പൊട്ടിച്ചിരിക്കുകയായിരുന്നു. പുസ്തകങ്ങളെ ആഞ്ഞാഞ്ഞു ആക്രമിക്കുകയായിരുന്നു.യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് പിന്‍മടങ്ങാന്‍ ഞാനൊരുക്കമല്ല.ഇല്ലത്തിന് തീ വെച്ചിട്ടായാലും കുഴപ്പമില്ല എലിയെപ്പിടിച്ചിട്ട് തന്നെ കാര്യം.അല്ലെങ്കില്‍പ്പിന്നെ ഗോളങ്ങളെടുത്ത് അമ്മാനമാടുന്ന എനിക്കെന്ത് വില ?

            സമയം എട്ടരയായിരിക്കുന്നു.സില്‍വര്‍ ഫിഷിനെ ശരിയാക്കിയതിന് ശേഷം എന്തെഴുതണം എന്ന് ആലോചിക്കാം.അല്ലെങ്കില്‍ ഇന്ന് ഒന്നും എഴുതുന്നില്ല. ഇന്ന് ദിനസരി വേണ്ട. മറ്റു പലതും ആലോചിച്ച് ശ്രദ്ധ മാറരുതല്ലോ. ശത്രുവിനെ ജയിച്ചേച്ചു വരാം അനുഗ്രഹിക്കൂ.