#ദിനസരികള്‍ 144


സമയം രാവിലെ എട്ടുമണിയായിരിക്കുന്നു. എന്താണ് എഴുതേണ്ടതെന്ന് ഒരു തിട്ടവുമില്ല.ആലോചന , പുസ്തകങ്ങളെ കരണ്ടുതിന്നുന്ന സില്‍വര്‍ ഫിഷ് എന്ന ജീവിയെപ്പറ്റി മാത്രമായിരുന്നു. ആ ജീവി ഇന്നലെ തിന്ന പുസ്തകം ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച ജോണ്‍ എബ്രഹാം ഓര്‍മ്മപ്പുസ്തകമായിരുന്നു. അതു കണ്ടപ്പോള്‍ വിഷമം തോന്നി. പുസ്തകപ്രസാധനരംഗത്തെ രക്തസാക്ഷിയായ ഷെല്‍വിയുടെ  മള്‍ബറി പുറത്തിറക്കിയ കുറച്ചു പുസ്തകങ്ങളേ എന്റെ ഇപ്പോള്‍ കൈവശമുള്ളു. അതിലൊന്നാണിത്. അപ്പോള്‍പ്പിന്നെ സങ്കടം തോന്നാതിരിക്കുന്നതെങ്ങനെ ? എന്തായാലും വേണ്ടില്ല സില്‍വര്‍ ഫിഷിനെ തുരത്താതെ ഇനി വിശ്രമമില്ല എന്ന് നിശ്ചയിച്ചു.പുസ്തകങ്ങള്‍ നിരന്തരം കൈകാര്യം ചെയ്യുന്ന ആരോടെങ്കിലും ചോദിക്കാമെന്നു കരുതി ഒരു ലൈബ്രേറിയനെ വിളിച്ചു.തൂക്കിക്കൊടുത്ത് ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ല എന്നതായിരുന്നു അയാളുടെ ഉപദേശം.നിരാശ തോന്നി. എന്നാല്‍പ്പിന്നെ അറിവുകളുടെ മഹാകാശാമായ ഫേസ് ബുക്കില്‍ ഒരു പോസ്റ്റിട്ടു സഹായം തേടാം. അവിടെ കിട്ടാത്ത വിവരങ്ങളില്ലല്ലോ. ഈ കീടത്തിന്റെ കുലം മുടിച്ച് ആണുങ്ങളെ കഴുവേറ്റിയും പെണ്ണുങ്ങളെ തുറകേറ്റിയും ഒടുക്കിയിട്ടേ ഇനി വിശ്രമമുള്ളു. തൊട്ടാല്‍ പൊട്ടുന്ന നിസ്സാരനായ ഒരു ജീവിയുടെ മുന്നില്‍ അണ്ഡകടാഹത്തെ അടക്കിബ്ഭരിക്കുന്ന അജയ്യനായ ഞാനെന്ന മനുഷ്യന്‍ മുട്ടുമടക്കുകയോ ? ഭൂഖണ്ഡാന്തരമിസൈലുകളും ഗോളാന്തര യാത്രകളും കൊണ്ട് പ്രപഞ്ചാധിനാഥനായി മാറിയ , സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാ സംഹരിച്ചും രസിച്ചും രമിച്ചും കളിച്ചും പുളച്ചും വിളയാടുന്ന എന്റെ മുമ്പില്‍ ഒരു കീടം വെല്ലുവിളി ഉയര്‍ത്തുകയോ ? ആരവിടെ ? നികുംഭിലയിലെ ഹോമകുണ്ഡങ്ങള്‍ ജ്വലിക്കട്ടെ. രാവണകൃതസ്ത്രോത്രങ്ങള്‍ മുഴങ്ങട്ടെ. കൈലാസനാഥന്‍ കനിഞ്ഞു നല്കിയ ചന്ദ്രഹാസത്തിന്റെ തിരുവിളയാടലുകളാല്‍ പ്രപഞ്ചം നടുങ്ങട്ടെ . ഫേസ് ബുക്കില്‍ പോസ്റ്റു വരട്ടെ.വിശ്വവിജയിയായ ദശമുഖന്റെ എഴുന്നള്ളത്തുണ്ടെന്ന് വിഷ്ണുലോകവും അറിയട്ടെ.
            അങ്ങനെ പോസ്റ്റുണ്ടായി. പോസ്റ്റില്‍ കഥനമുണ്ടായിരുന്നു.പക്ഷേ കഥനം കണ്ടവര്‍ വിരളമായിരുന്നു. മണത്തിന്റെ ഗുണത്തെക്കുറിച്ച് ജിതിനണ്ണനും അതുല്യാമ്മയും ഉപദേശിച്ചതൊഴിച്ചാല്‍ കാര്യമായ ആയുധികളൊന്നും അവിടെ നിക്ഷേപിക്കപ്പെട്ടിട്ടില്ല. വാനരക്കൂട്ടത്തിന്റെ ആക്രമണം രാമായണകാലത്തെപ്പോലെതന്നെ ഇക്കാലത്തും രാവണനു നേരെ മാത്രമായിരുന്നു. കല്ലും കവണയുമുപയോഗിച്ച് പോസ്റ്റ് ഓണറെത്തന്നെ അവര്‍ ആക്രമിച്ചു. അതുകണ്ട് വിദൂരങ്ങളിലിരുന്ന് സില്‍വര്‍ ഫിഷ് പൊട്ടിച്ചിരിക്കുകയായിരുന്നു. പുസ്തകങ്ങളെ ആഞ്ഞാഞ്ഞു ആക്രമിക്കുകയായിരുന്നു.യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് പിന്‍മടങ്ങാന്‍ ഞാനൊരുക്കമല്ല.ഇല്ലത്തിന് തീ വെച്ചിട്ടായാലും കുഴപ്പമില്ല എലിയെപ്പിടിച്ചിട്ട് തന്നെ കാര്യം.അല്ലെങ്കില്‍പ്പിന്നെ ഗോളങ്ങളെടുത്ത് അമ്മാനമാടുന്ന എനിക്കെന്ത് വില ?

            സമയം എട്ടരയായിരിക്കുന്നു.സില്‍വര്‍ ഫിഷിനെ ശരിയാക്കിയതിന് ശേഷം എന്തെഴുതണം എന്ന് ആലോചിക്കാം.അല്ലെങ്കില്‍ ഇന്ന് ഒന്നും എഴുതുന്നില്ല. ഇന്ന് ദിനസരി വേണ്ട. മറ്റു പലതും ആലോചിച്ച് ശ്രദ്ധ മാറരുതല്ലോ. ശത്രുവിനെ ജയിച്ചേച്ചു വരാം അനുഗ്രഹിക്കൂ. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1