#ദിനസരികള്‍ 149


കെ ഇ എന്‍ കുഞ്ഞഹമ്മദിനേയും സുനില്‍ പി ഇളയിടത്തേയും താരതമ്യപ്പെടുത്തുക എന്ന അതിസാഹസികതക്ക് സമകാലിക സാംസ്കാരികാന്തരീക്ഷത്തില്‍ പ്രസക്തിയുണ്ടോ?ഒരേ പാതയിലൂടെയാണ് രണ്ടുപേരുടേയും സഞ്ചാരം.ഒരേ ആശയത്തിന്റെ മൂര്‍ച്ചകളെയാണ് സാംസ്കാരികവിനിമയത്തിന് വേണ്ടി രണ്ടുപേരും ഉപയോഗിക്കുന്നത്. ഫാസിസത്തിന്റെ ആസുരമായ വര്‍ത്തമാനകാല നിലപാടുകളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുകയാല്‍ രണ്ടുപേരും മതേതര ജനാധിപത്യമനസ്സുകള്‍ക്ക് പ്രിയപ്പെട്ടവരുമാണ്.ഇതിനപ്പുറം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് രണ്ടുപേരും എന്ന് വിധിയെഴുതുന്നതിന് മറ്റെന്തു ന്യായം വേണം ? എങ്കിലും എന്റെ ഉള്ളിലെ നിഷ്കളങ്കനായ സംവാദി സന്ദേഹശൂന്യനായി ഇവിടംകൊണ്ടവസാനിപ്പിക്കുവാന്‍ ഭാവിക്കുന്നില്ല എന്നുതന്നെയാണ് തോന്നുന്നത്.
            സുനില്‍ പി ഇളയിടത്തിന്റെ ഇടപെടലുകളുടെ ഒരു പൊതുസ്വഭാവം , അതിന് മതേതരമായ പൊതുബോധത്തെ എളുപ്പം തൃപ്തിപ്പെടുത്താന്‍ കഴിയുന്നു എന്നുള്ളതാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തെ പിന്‍പറ്റി നിലനില്ക്കുന്ന ഒരു മാനവികതയുണ്ട്. ആ മാനവികത മാവേലിപ്പാട്ടിന്റെ ഈരടികളില്‍ പറയുന്നവണ്ണം മാനുഷരെല്ലാരും ഒന്നാണെന്നും ഉച്ചനീചത്വങ്ങള്‍ക്കപ്പുറം അവരെയൊക്കെ ഒന്നായി കാണേണ്ടത് തങ്ങളുടെ മനുഷ്യത്വപരമായ ബാധ്യതയാണ് എന്നും ചിന്തിക്കുന്ന സവര്‍ണമായ ഒരു ധാരയെ പിന്‍പറ്റുന്നുമുണ്ട്. ആ നിലപാടുകള്‍ വര്‍ഗ്ഗീയേതരമാണെന്നും ജാതിമതാദികളുടെ സങ്കുചിതത്വങ്ങളെ വിളിപ്പാടകലെ നിറുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പക്ഷേ ആ നിലപാട് ഉപരിഘടകത്തിന്റെ പ്രീതികളെ പിന്‍പറ്റുന്നതും സമൂഹത്തിലെ അധോഘടകങ്ങളെ അത്രതന്നെ അഭിസംബോധന ചെയ്യാത്തതുമാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.ഇനിയും വ്യക്തമാക്കിയാല്‍ പൊതുവായി മലയാളികളുടെ ഫാസിസ്റ്റുവിരുദ്ധമായ ആശയങ്ങള്‍ക്ക് ഊടുംപാവും നെയ്തുകൊടുക്കുന്നതോടൊപ്പംതന്നെ അവരുടെ സവര്‍ണസങ്കല്പങ്ങള്‍ക്ക് കേറി നില്ക്കാനുള്ള തട്ടകവും സുനില്‍ പി ഇളയിടം നിര്‍മിച്ചുകൊടുക്കുന്നു
            കെ ഇ എന്‍ കുഞ്ഞഹമ്മദ് മണ്ണിനോട് ചേര്‍ന്നുനിന്ന് ചിന്തിക്കുന്നുണ്ട്. കീഴാളപരിപ്രേക്ഷ്യങ്ങളെക്കുറിച്ച് മറ്റാരെക്കാളും അദ്ദേഹം ബോധവാനാണ്. ഇരകളാരാണെന്നും ഇരകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉരുവംകൊള്ളുന്നതെങ്ങനെ എന്നും അദ്ദേഹം ശരിയായി മനസ്സിലാക്കിയിരിക്കുന്നു.മനുഷ്യനായി ജീവിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും പ്രഖ്യാപിക്കുവാന്‍ മടികാണിക്കാത്ത കുഞ്ഞഹമ്മദ് , സവര്‍ണമായ മതേതരബോധത്തിനുള്ളില്‍ നിലനില്ക്കുന്ന ജാതീയമായ വേര്‍തിരിവുകളെ , ഒരു ശ്രേണിയിലെ സ്വാഭാവികത എന്നു പറഞ്ഞുതള്ളാതെ തുറന്നുകാണിക്കുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ , ഇരകളാക്കി മാറ്റപ്പെട്ടവരുടെ , നിഷ്കാസിതരുടെയൊക്കെ വിലാപങ്ങള്‍ കെ ഇ എന്നില്‍‌ നിറഞ്ഞു നില്ക്കുന്നു.
            കെ ഇ എന്‍ ഒരു പടി പിന്നിലും സുനില്‍ പി ഇളയിടം ഒരു പടി മുന്നിലുമായാണ് കേരളത്തിന്റെ വര്‍ത്തമാനകാല സാംസ്കാരിജീവിതത്തില്‍ നില്ക്കുന്നതെങ്കില്‍ , അതിനുകാരണം മലയാളി മനസ്സ് ഇപ്പോഴും പേറുന്ന ഒരു പിടി വരേണ്യമായ സംസ്കാരത്തിന്റെ ഫലമാണെന്ന സന്ദേഹം കൂടി ഇവിടെ ഉന്നയിച്ചുകൊള്ളട്ടെയോ ?


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1