Saturday, August 26, 2017

#ദിനസരികള്‍ 136


നമ്മുടെ മതസമൂഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രാകൃതരായിക്കൊണ്ടിരിക്കുകയാണോ ? മുസ്ലിം മതത്തിലെ ചില വിഭാഗങ്ങള്‍ പ്രത്യേകിച്ചും ? നൂറ്റാണ്ടുകള്‍ പിന്നിലേക്ക് മടങ്ങാനും മതങ്ങള്‍‌ ഉരുവപ്പെട്ട കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു എന്ന് കരുതുന്ന പരിശുദ്ധി വീണ്ടെടുക്കുവാനുമുള്ള ചില മതകേന്ദ്രങ്ങളുടെ ആഹ്വാനങ്ങളെ പിന്‍പറ്റി, ഈ വിശ്വാസികള്‍ ഏറെ പിന്നോട്ടുപോയിരിക്കുന്നു. ആടുമേയ്ക്കല്‍ മുതല്‍ ഐഎസിനുവേണ്ടിയുള്ള പോരാട്ടം വരെ ഈ വിശ്വാസജീവിതത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍‌ഗ്ഗങ്ങളായി സാധാരണക്കാരായ വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നു.മതപ്രബോധനങ്ങളിലെ രജതരേഖകളെ പിന്‍പറ്റുന്നതിനുപകരം മതസ്ഥാപകരും പ്രവാചകരും ജീവിച്ച അക്കാലങ്ങളെ  പുനസൃഷ്ടിച്ചുകൊണ്ട് ആ സാഹചര്യത്തില്‍ ജീവിച്ചുപോകുവാനുള്ള  ശ്രമങ്ങള്‍ ഈ ആധുനിക സമൂഹത്തിന് മുന്നില്‍ അവരെ അപഹാസ്യരാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.   അവര്‍ വിശുദ്ധിയിലേക്ക് അടുക്കുകയല്ല , മറിച്ച് പ്രാകൃതവും അനാശാസ്യവുമായ നിര്‍ദ്ദേശങ്ങളെ അന്ധമായി പിന്തുടര്‍ന്ന്  മതങ്ങളുടെ യഥാര്‍ത്ഥ ചിന്തകളില്‍ നിന്ന് അകലുകയാണെന്ന ബോധം ഇനി എന്നാണ് ഇവരിലുണ്ടാകുക? മറ്റൊരപകടം ഇത്തരക്കാര്‍ നമ്മുടെ പൊതു സമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ സഹായിക്കുന്നു എന്നുള്ളത് ചെറുതായി കാണേണ്ട കാര്യമല്ല.ഇസ്ലാമോഫോബിയ വളര്‍ത്താന്‍‌ ഇത്തരം നീക്കങ്ങള്‍ സഹായകരമാകുന്നുണ്ട്.

            എന്തൊക്കെ തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് നടമാടുന്നത് ? ആധുനിക ചികിത്സ സ്വീകരിക്കാതിരിക്കുക , പരപുരുഷര്‍ കാണാതിരിക്കുന്നതിന് വേണ്ടി ഗര്‍ഭിണികളെ വീട്ടില്‍ത്തന്നെ പ്രസവിപ്പിക്കുക തുടങ്ങി എത്രയോ പ്രതിലോമകരമായ പ്രവണതകള്‍. ഇപ്പോള്‍ അവസാനമായി കേരളത്തിലടക്കം സ്ത്രീകളില്‍ ചേലാകര്‍മം നടത്തുന്ന ഒരു സംഘം സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന ഒരു സംഘമാണ് ചേലാകര്‍‌മപരിപാടിക്ക് ചുക്കാന്‍‌ പിടിക്കുന്നത്. സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും" ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ പെടും. പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രിയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.എന്നാണ് മലയാളം വിക്കിപ്പീഡിയ പറയുന്നത്. ഓണ്‍‌ലൈനില്‍ തിരഞ്ഞാല്‍ അനുഭവസ്ഥകളായിട്ടുള്ള നിരവധി സ്ത്രീകളുടെ വിവരണങ്ങള്‍ ലഭ്യമാണ്.സ്ത്രീകളിലെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കുന്നതിനും തങ്ങളുടെ പുരുഷനെ വിട്ടുപോകാതിരിക്കുന്നതിനും വേണ്ടിയാണത്രേ വിശ്വാസത്തിന്റെ പരിവേഷം നല്കി ഈ ചേലാകര്‍മം സ്ത്രീകളില്‍ നടപ്പിലാക്കുന്നത്.ആണധികാരത്തിന്റെ നുണപ്രചാരണങ്ങള്‍‌ വിശ്വാസത്തിന്റെ മേലങ്കിയണിഞ്ഞ് സ്ത്രീകളെ തങ്ങളുടെ ചൊല്പടിക്കു നിറുത്തുന്നതിന് വേണ്ടി അവലംബിക്കുന്ന ഒരു മാര്‍‌ഗം എന്നതില്‍ക്കവിഞ്ഞ് ഇക്കാര്യത്തിനും മതപരമായ പിന്തുണയില്ല എന്ന് അറിവുള്ളവര്‍‌ പറയുന്നു. പര്‍‌ദ്ദ മുസ്ലിം സ്ത്രീകളുടെ ഇഷ്ടമാക്കി എടുത്തപോലെ , ഇക്കാര്യവും സ്ത്രീകള്‍ സ്വന്ത ഇഷ്ടപ്രകാരമാണ് ചെയ്യുന്നതെന്ന വാദമുഖങ്ങള്‍ നിരക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ഏതായാലും മുസ്ലിം സമൂഹം ഒന്നിരുന്ന് ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.  മതത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍‌ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന കെടുതികളെ നിസ്സാരമാക്കിത്തള്ളാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം.

Friday, August 25, 2017

#ദിനസരികള്‍ 135


യേശുവിന്റെ മനുഷ്യദര്‍ശനവും മാര്‍ക്സിസവും എന്ന പേരില്‍ കെ പി പോള്‍ എഴുതിയ ഒരു പുസ്തകം ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.ബൈബിളിലെ മനുഷ്യത്വപരമായ ആശയാദര്‍ശങ്ങള്‍ എങ്ങനെയാണ് മാര്‍ക്സിസവുമായി ചേര്‍ന്നു നില്ക്കുന്നതെന്നും ബൈബിള്‍ പിന്തുടരുന്നവര്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളോട് ഐക്യപ്പെടേണ്ടിവരുന്നതെങ്ങനെയെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ചൂഷിതരും ദരിദ്രരുമായ ഒരു പറ്റം ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ബൈബിള്‍ , സമത്വം സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനവികമൂല്യങ്ങളിലാണ് കാല്‍കുത്തി നില്ക്കുന്നതെന്നും അതേ മൂല്യങ്ങള്‍ തന്നെയാണ് മാര്‍ക്സിസവും പിന്‍പറ്റുന്നതെന്നും കെ പി പോള്‍ എഴുതുന്നു. മുതലാളിയും തൊഴിലാളിയുമായി മാര്‍ക്സ് ലോകത്തെ വിഭജിക്കുന്നതിന് എത്രയോ മുമ്പുതന്നെ യേശു ഇല്ലാത്തവനെന്നും ഉള്ളവെനെന്നും ലോകത്തെ രണ്ടായി തിരിച്ചിരുന്നു.ഇല്ലാത്തവനോടൊപ്പം ചേരുകയും അവന്റെ കണ്ണുനീര്‍ തുടക്കാന്‍ സ്വയം കൈലേസാകുകയും ചെയ്യുകവഴി അതുവരെ അധികാരകേന്ദ്രങ്ങളോട് അടുത്തുനിന്നിരുന്ന മതസങ്കല്പങ്ങളെ നിരാകരിക്കുകയും ദൈവങ്ങളെ വിശ ക്കുന്നവന്റെ ഇടയില്‍ പ്രതിഷ്ഠിക്കുകയുമാണ് യേശു ചെയ്തത്.പീഢിതന്റെ വിമോചനത്തിന് വേണ്ടി ആയുധമെടുക്കുന്നതിനും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിനും ബൈബിള്‍‌ എതിരാകുന്നില്ല. ഞാന്‍ സമാധാനമല്ല വാള്‍ അത്രേ  വരുത്തുവാന്‍ വന്നത് , വസ്ത്രം വിറ്റും വാള്‍ കൊള്‍ക , ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളയുക ഇത്യാദി ആഹ്വാനങ്ങളിലൂടെ ദൈവരാജ്യ വിലങ്ങുതടികള്‍ക്ക് എതിരായുള്ള തുറന്ന സമരത്തിന് വിപ്ലവകാരിയായ ക്രിസ്തു കളമൊരുക്കുന്നു വെന്ന് കെ പി പോള്‍ എഴുതുന്നത് മാര്‍ക്സിസത്തോടുള്ള കേവലമായ പ്രതിപത്തി കൊണ്ടുമാത്രമല്ലെന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു.
            ഉത്പാദനോപാധികളുടെ പൊതു ഉടമസ്ഥാവകാശം എന്ന സങ്കല്പത്തിന് ബൈബിള്‍ അനുകൂലമാണ്.ഒരു ക്രിസ്ത്യന്‍ കമ്യൂണ്‍ എന്ന സങ്കല്പം എങ്ങനെയെന്ന് ഗ്രന്ഥകാരന്‍ പറയുന്നതു നോക്കുക സകലവും പൊതുവക എന്നെണ്ണുകയും ജന്മഭൂമികളും മറ്റു വസ്തുവകകളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവരും പങ്കിട്ടെടുക്കുകയും ചെയ്തു.തനിക്കുള്ളതൊന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല.സകലവും അവര്‍ക്ക് പൊതുവായിരുന്നു.മുട്ടുള്ളവര്‍‌ ആരും അവരില്‍ ഉണ്ടായിരുന്നില്ലആരു ചൂഷകരും ചൂഷിതരുമില്ലാത്ത ഇത്തരം കമ്യൂണുകളുടെ സൃഷ്ടിക്ക് മാര്‍ക്സിസവും എതിരല്ലല്ലോ.സ്വന്തം അധ്വാനിച്ച് അപ്പമുണ്ടാക്കിക്കഴിക്കുന്നവനോട് ബൈബിള്‍ പുലര്‍ത്തുന്ന സ്നേഹാദരങ്ങള്‍ക്ക് എത്രയോ ഉദാഹരണങ്ങള്‍ ലഭ്യമാണ്.അധ്വാനിക്കുന്ന കൃഷിക്കാരനാകുന്നു ആദ്യഫലം തിന്നേണ്ടത് എന്ന സങ്കല്പത്തിന്റെ വിപുലീകരണം മാത്രമാണ് വിപ്ലവപ്രസ്ഥാനത്തിന്റെ കാതല്‍.അതുമനസ്സിലാക്കി വിമോചനത്തിന് വേണ്ടിയുള്ള മാര്‍‌ക്സിയന്‍ ദര്‍ശനങ്ങളിലുറച്ച സമരമുന്നേറ്റങ്ങള്‍ക്ക് പിന്തുണ നല്കലാണ് ഒരു യഥാര്‍‌ത്ഥ വിശ്വാസിയുടെ സമകാലികമായ സത്വരകടമ എന്ന് ഈ പുസ്തകം പ്രഖ്യാപിക്കുന്നുണ്ട്. ആ ആഹ്വാനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുവാന്‍ ബൈബിള്‍ പിന്തുടരുന്നവര്‍ തയ്യാറാകണം.

            

Thursday, August 24, 2017

#ദിനസരികള്‍ 134


സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാണെന്നും അത് പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തിന് ക്ഷതി സൃഷ്ടിക്കുമെന്നും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഒരു വേശ്യാനടിയെക്കാണാന്‍ ഞാന്‍ ഞാന്‍ എന്ന മട്ടില്‍ ഇടിച്ചു കയറുവാന്‍ മലയാളികള്‍ തയ്യാറാകുന്നത് സാസ്കാരിക ലോപത്തിന് കാരണമാകുമെന്ന് കൂട്ടിച്ചേര്‍ത്ത സുഭാഷ് ചന്ദ്രന്‍ സണ്ണി ലിയോണിന്റെ ഭര്‍ത്താവിനെ പിമ്പ് എന്നു കൂടി വിശേഷിപ്പിച്ചുകൊണ്ടാണ് തന്റെ ക്ഷോഭം പ്രകടിപ്പിച്ചത്.
            സുഹൃത്തേ സുഭാഷ് ചന്ദ്രാ , വരേണ്യബോധത്തിലുറച്ച അല്പത്തരത്തിന്റെ പരമകാഷ്ഠയില്‍ നിന്നുകൊണ്ടാണ് ഇത്തരം പ്രയോഗങ്ങള്‍ മലയാള സാഹിത്യത്തില്‍ താങ്കളെ  പിന്‍പറ്റുന്നവരുടെ മുഖത്തേക്ക് നിങ്ങള്‍ കാറിത്തുപ്പിയത്.സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാകുന്നത് എങ്ങനെയാണ്  ? വേശ്യാനടിയെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ആ ശരീരത്തെ വിപണിയിലേക്ക് എത്തിക്കുകയും അതിന്റെ ആകര്‍ഷണങ്ങളെ രഹസ്യമായും പരസ്യമായും നക്കിക്കുടിച്ച് തന്റെ കാമനകളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് താങ്കളും ഞാനും അടങ്ങിയ ഉന്നതവും വരേണ്യവുമായ സാംസ്കാരികധാരകളെ പിന്‍പറ്റുന്നവര്‍ തന്നെയാണ്.അവിടെ തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തില്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ.നിങ്ങളും ഞാനും അടങ്ങുന്ന ഒരു സമൂഹത്തിന്റെ പരിച്ഛേദമാണ് അവര്‍.കപട സദാചാരത്തിന്റെ അപ്പോസ്തലന്മാരായ നമുക്ക് കിടപ്പറയില്‍ ഉദ്ധൃതവും ബലിഷ്ഠവുമായ പുരുഷശേഷികളെ ചമയിച്ചെടുക്കാനുള്ള ഒരു ശയ്യോപകരണം മാത്രമാണ് സണ്ണി ലിയോണടക്കമുള്ള സ്ത്രീ ജനത.ബെഡ് റൂം ലാമ്പിന്റെ നനുത്ത വെട്ടത്തിനപ്പുറത്തേക്ക് അവള്‍ സ്വാതന്ത്യം പ്രഖ്യാപിക്കുന്നതും ഇറങ്ങിത്തിരിക്കുന്നതും പുരുഷകേന്ദ്രിതമായ ഒരു സമൂഹ്യാന്തരീക്ഷത്തിന് അനുവദനീയമായ പെരുമാറ്റ സംഹിതകളല്ല.അതുകൊണ്ടുതന്നെ   ചാക്കിട്ടു മൂടിവെക്കപ്പെടേണ്ട സ്ത്രീ എന്ന ചിന്ത രൂഢമൂലമായിരിക്കുന്ന ഒരു സവര്‍ണ സാംസ്കാരികധാരയുടെ ജീര്‍ണവാങ്മയങ്ങളായിരുന്നു നിങ്ങള്‍ വിളമ്പിയ രസക്കൂട്ട് എന്ന് തിരിച്ചറിയുമ്പോള്‍ , സുഭാഷ് ചന്ദ്രന്‍ , നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് തല താഴ്ത്താതെ വയ്യ.

            സണ്ണി ലിയോണ്എന്ന സ്ത്രീയുടെ ഭര്ത്താവിനെ പിമ്പ് എന്നു വിളിക്കാന്തയ്യാറായ നിങ്ങളെ എങ്ങനെയാണ് ഞാന്സംബോധന ചെയ്യേണ്ടത് ? മനുഷ്യന്എന്ന പരിവേഷത്തില്ഒരാള്ക്കും ഒരു പൊതുവേദിയില്ഇങ്ങനെ പറയാന്കഴിയില്ല. താങ്കള്ക്കതിനു കഴിഞ്ഞെങ്കില്ചിന്തിക്കുന്ന ഇരുകാലി മൃഗം എന്ന തലത്തില്നിന്ന് കേവലമായ ഇരുകാലിമൃഗം എന്ന തലത്തിലേക്ക് നിങ്ങള്അധപതിച്ചിരിക്കുന്നു.ഒരു കാര്യം പറയാതെ വയ്യ . പിമ്പ് എന്ന പ്രയോഗംതന്നെ അധികാരഘടനയുടെ ഉപരിഘടകങ്ങളുടെ സൃഷ്ടിയാണ്.വരേണ്യമെന്ന് നിങ്ങള്പിന്പറ്റുന്ന അധികാരശ്രേണിയെ ആനന്ദിപ്പിക്കാന്നിങ്ങള്തന്നെ സൃഷ്ടിച്ചെടുത്ത മധ്യവര്ത്തി. മധ്യവര്ത്തി അഥവാ പിമ്പ് രസിപ്പിക്കുന്നത് നിങ്ങളുടെ പിതാക്കന്മാരേയും സഹോദരന്മാരേയും ആണ്‍‌ മക്കളേയുമാണ്.അപ്പോള്എന്താണ് ഞാന്താങ്കളുടെ പിതാവിനെ വിളിക്കുക ? സഹോദരനെ ? ആണ്‍മക്കളെ ? അതുകൊണ്ട് നാം , പിമ്പിനെ തെറി വെളിക്കുമ്പോള്‍ ആ തെറി ചെന്നു വീഴുന്നത് സ്വന്തം പിതാവിന്റെ മുഖത്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പിന്‍പറ്റുന്ന സാംസ്കാരികബോധം അമാനവികമാണ് സുഭാഷ് ചന്ദ്രന്‍.  മനുഷ്യപക്ഷത്തേക്ക് അത് ചാഞ്ഞു നില്ക്കുന്നില്ല.മണ്ണില്‍ കാല്‍കുത്തി നില്ക്കുന്ന കീഴാളപരിപ്രേക്ഷ്യങ്ങളെ നിങ്ങള്‍ക്ക് തൊട്ടറിയാനാകുന്നില്ല. അധികാരശ്രേണികള്‍ എങ്ങനെയാണ് തങ്ങളെ രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്ന ത്വരകങ്ങളെ പരുവപ്പെടുത്തി എടുക്കുന്നതെന്നും , തങ്ങളുടെ വ്യാജമായ വരേണ്യബോധംകൊണ്ട് അവയെ മറച്ചു വെക്കുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ അതിന് ശ്രമിക്കുമെന്ന് പ്രത്യാശിക്കട്ടെയോ

Wednesday, August 23, 2017

#ദിനസരികള്‍ 133


ലാവ്ലിന്‍ വിധി വന്നു. പിണറായി മോചിതനായിരിക്കുന്നു.അത്ഭുതമുണ്ടോ ? ഒരത്ഭുതവുമില്ല.കാരണം സത്യമാണ് ജയിക്കുന്നതെങ്കില്‍ പിണറായി കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തുവരും എന്ന കാര്യത്തില്‍ ഈ കേസ് പഠിച്ച ഏതൊരാള്‍ക്കും അറിയാമായിരുന്ന വസ്തുതയാണ്. അസത്യമാണ് ജയിക്കുന്നതെങ്കില്‍ സി ബി ഐയുടെ വാദത്തിന് കോടതിയുടെ പിന്തുണ ഉണ്ടാവുകയും പിണറായി പ്രതി ചേര്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. ജനങ്ങളുടെ കോടതിയില്‍ അദ്ദേഹം പണ്ടേ കുറ്റവിമുക്തനായിരുന്നെങ്കിലും ഇപ്പോള്‍ നീതിന്യാകോടതി കൂടി അത് അംഗീകരിച്ചിരിക്കുന്നു എന്നതിനാല്‍ പതിന്മടങ്ങ് ശോഭയോടെ തന്റെ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ തുടരാന്‍ പിണറായിക്കു സാധിക്കും എന്ന നില വന്നിരിക്കുന്നു.ഇത് പിണറായി വിജയന്‍ എന്ന നേതാവിന്റെ മാത്രം വിജയമല്ല , കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി വിജയമാണ്.അതുകൊണ്ടുതന്നെയാണ് ഈ വിധിക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നത്.            ഈ കേസില്‍ അവാസ്തവം പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത പലരുമുണ്ട്.പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മഞ്ഞപ്പത്രക്കാരന്‍ മുതല്‍ മഹാനേതാക്കന്മാര്‍ വരെ അതിവിദഗ്ദമായി ഈ കേസിനെ ഉപയോഗിച്ചിട്ടുണ്ട്.ഈ കേസിന്റെ പിന്‍ബലത്താല്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ചതിന്റെ ചരിത്രം പരിശോധിച്ചാല്‍ നമ്മുടെ മാധ്യമങ്ങളുടേയും ചില യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടേയും ചിത്രം നമുക്കു ലഭിക്കും. തെളിവിന്റെ ഒരു കണികപോലുമില്ലാതെ അദ്ദേഹത്തിനെതിരെ എഴുതിക്കൂട്ടിയ തെമ്മാടിത്തരങ്ങള്‍ ഇപ്പോള്‍ വായിക്കുന്നവര്‍ക്ക് നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് തികഞ്ഞ അവജ്ഞയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? അതേ പത്രക്കാര്‍ ഇപ്പോള്‍ പാടിപ്പുകഴ്ത്തുമ്പോള്‍ പുച്ഛമല്ലാതെ വേറെന്താണ് തോന്നുക ?
            ഈ കേസിന്റെ വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് ജസ്റ്റീസ് ഉബൈദ് പറഞ്ഞ ചിലകാര്യങ്ങള്‍ പൊതുസമൂഹത്തിന്റെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.അതിലൊന്ന് ഈ കേസുമായ ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിച്ച ഊമക്കത്തുകളെക്കുറിച്ചാണ്.വര്‍ഗീയതയും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ ഈ കത്തുകളുടെ ഉദ്ദേശം വിജയനെ ഏതു വിധവും പ്രതിസ്ഥാനത്തു നിര്‍ത്തണമെന്നതുതന്നെയായിരുന്നു.പുറത്തുള്ള ചിലര്‍ ഈ കേസില്‍ എത്രമാത്രം തല്പരരായിരുന്നു എന്നത് ഇത് വ്യക്തമാക്കുന്നു.മറ്റൊന്ന് സി ബി ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശമാണ്. പിണറായി വിജയനെ വ്യക്തിപരമായി കുടുക്കുന്നതിന് സി ബി ഐ തെളിവുകളില്ലാതിരുന്നിട്ടും മുന്‍‌കൈ എടുത്തു എന്ന പ്രസ്ഥാവന ആ ഏജന്‍സിക്ക് കനത്ത പ്രഹരമാണ്.ജനങ്ങളെ സത്യം ബോധിപ്പിക്കാന്‍ ബാധ്യതയുള്ള ഒരു സ്ഥാപനമാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് അവര്‍ എത്രമാത്രം അധപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.

            ഏതായാലും സത്യം ജയിച്ചിരിക്കുന്നു. ശരി തന്റെ ഭാഗത്താകുമ്പോള്‍ താന്‍ തലകുനിക്കുന്നതെന്തിന് എന്ന ചോദ്യമാണ് പിണറായിയെ എന്നും നയിച്ചിട്ടുള്ളത്. സത്യമേ ചെയ്തിട്ടുള്ളു എന്ന ബോധം അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് തീര്‍ച്ചയും മൂര്‍ച്ചയും നല്കി. പിണറായി വിജയന്റെ വാക്കുകള്‍ പൊതുസമൂഹത്തിന് സ്വീകാര്യമാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് സമകാലികരായ മറ്റേതൊരു നേതാവിനെക്കാളും എനിക്ക് ഇദ്ദേഹം പ്രിയംകരനാകുന്നത്. നിര്‍ഭയനായ ഈ സഖാവിനെ, ഈ നേതാവിനെ ഹൃദയത്തോടു ചേര്‍ത്ത് അഭിവാദ്യം ചെയ്യാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ.

Tuesday, August 22, 2017

#ദിനസരികള്‍ 132


ആധുനിക സമൂഹത്തിന് യോജിക്കാത്ത തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ സങ്കല്പങ്ങളെ വിശ്വാസത്തിന്റെ പേരില്‍ തങ്ങളുടെ അനുയായികളുടെ മേല്‍ അടിച്ചേല്പിക്കുന്ന മതാധിഷ്ടിത കാഴ്ചപ്പാടുകള്‍ക്ക് ശക്തമായ തിരിച്ചടിയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിജയപ്രഘോഷണവുമാണ് ഇന്നലെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച ത്വലാഖ് നിരോധിച്ചു കൊണ്ടുള്ള വിധി. ഇന്ത്യയിലെ പൊതു സമൂഹം സര്‍വ്വാത്മനാ ഈ വിധിയെ സ്വാഗതം ചെയ്യുന്നു ; പിന്തുണക്കുന്നു.മുത്വലാഖ് ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിക്കുകയും യാതൊരു തത്വദീക്ഷയുമില്ലാതെ ഫോണ്‍ മെസേജുകളിലൂടെയും മറ്റും ത്വലാഖ് നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യം വരെ സമീപകാലത്ത് ഉടലെടുക്കുകയുണ്ടായി.ദുരുപയോഗത്തിന് വിധേയയായവരുടെ ജീവിതം ഉയര്‍ത്തിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തിനും നീതിബോധത്തിനും അവഗണിക്കാന്‍ കഴിയുമായിരുന്നില്ല.അത്തരം അനാവശ്യവും ഏകപക്ഷീയവുമായ ത്വലാഖുകളുടെ ഫലമായി കോടതിയുടെ ഇടപെടല്‍ വിളിച്ചു വരുത്തുകയായിരുന്നു എന്നതാണ് വസ്തുത.
            ത്വലാഖ് നിരോധിക്കുന്ന കാര്യത്തില്‍ പരമോന്നത കോടതിയുടെ ഭരണഘടനാ ബഞ്ചിലെ അഞ്ചംഗങ്ങളില്‍ മൂന്നു പേര്‍ എതിരായും രണ്ടുപേര്‍ അനുകൂലമായും നിലപാടെടുത്തു. വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ട്  എന്ന വാദമാണ് ചീഫ് ജസ്റ്റീസ് കെഹാറും ജസ്റ്റീസ് അബ്ദുള്‍ അസീസും എടുത്തതെങ്കില്‍ അതിനു ഭരണഘടനാപരമായ യാതൊരു സംരക്ഷണവുമില്ലെന്ന് മറ്റു മൂന്നംഗങ്ങള്‍ വിധിച്ചു.വ്യക്തിനിയമങ്ങള്‍ക്ക് മൌലികാവകാശത്തിന്റെ പദവിയാണുള്ളത് എന്ന ന്യൂനപക്ഷവിധിയിലെ പരാമര്‍ശം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.ആ നിലപാട് ശ്ലാഘനീയം തന്നെ. എന്നാല്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. ത്വലാഖിന് വിധേയയാകുന്ന സ്ത്രീയുടെ ആത്മാഭിമാനവും ജനാധിപത്യപരമായ അവകാശങ്ങളും പരമപ്രാധാന്യത്തോടെ  സംരക്ഷിക്കപ്പെടേണ്ടതുതന്നയാണെന്ന കാഴ്ചപ്പാടിനാണ് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത . അതു തിരിച്ചറിഞ്ഞാണ് ജസ്റ്റീസുമാരായ നരിമാനും കുര്യന്‍ ജോസഫും യു യു ലളിതും വിഷയത്തെ സമീപിച്ചത്.

            വ്യക്തി ജീവിതത്തിന്റെ വിവിധമേഖലകളില്‍ മതങ്ങളുടെ ഇടപെടലുകളെ സാരമായി ബാധിക്കുന്ന ഈ വിധിയുടെ പ്രസക്തി നിര്‍ണായകമാണ്. ജനാധിപത്യരാജ്യത്തില്‍ നിലനില്ക്കുന്ന ഭരണഘടനയുമായി മാറ്റുരച്ചു നോക്കാതെ ഒരു മതശാസനവും ഏകപക്ഷീയമായി നടപ്പിലാക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഇനിയം ഉണ്ടാകരുത്. ആയിരത്തിനാനൂറു വര്‍ഷമായി തുടരുന്ന മതപരമായ അവകാശമാണ് ത്വലാഖ് എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട്  ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ദീര്‍ഘകാലമായി തുടരുന്നതാണ് എന്നതുകൊണ്ടു മാത്രം നിയമപരമായ പരിരക്ഷ ലഭിക്കണമെന്ന വാദം ശരിയല്ല എന്ന കാഴ്ചപ്പാട് ഏറ്റവും പ്രധാനമായി എനിക്കു തോന്നുന്നത്. തങ്ങളുടെ വിശ്വാസികളെ എക്കാലത്തും അടക്കിഭരിക്കാമെന്ന മതചിന്തയുടെ മുഖത്തേറ്റ അടിയാണ് ഈ വിധി. നിലനില്ക്കുന്ന എല്ലാ മതങ്ങളിലേയും മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടെത്തി നിരോധിക്കാനുള്ള ഒരവസരമായിട്ടു വേണം ജനാധിപത്യസമൂഹം ആ വിധിയെ സ്വാഗതം ചെയ്യേണ്ടത് ; മതവൈതാളികന്മാരുടെ കൂത്താട്ടങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇക്കാലത്ത് , പ്രത്യേകിച്ചും.

Monday, August 21, 2017

#ദിനസരികള്‍ 131


            നിത്യേന പെരുമാറുന്ന മാനന്തവാടി പട്ടണത്തെക്കുറിച്ച് ഇടക്കിടക്ക് ചിന്തിച്ചു പോകുന്നത് സ്വഭാവികമല്ലേ ? ആണെന്നു മാത്രമല്ല , ചിന്തിക്കാതിരിക്കുന്നതാണ് അസ്വാഭാവികത എന്നു കൂടി ഞാന്‍ പറയും. അതുകൊണ്ട് മാനന്തവാടിയെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.വയനാട് ജില്ലയിലെ കല്പറ്റ , ബത്തേരി, മാനന്തവാടി എന്നീ  മൂന്നു പ്രധാന പട്ടണങ്ങളും മുനിസിപ്പാലിറ്റികളാണ്. താരതമ്യേന  പിന്നില്‍ നില്ക്കുന്ന മാനന്തവാടി അനുഭവിക്കുന്ന വികസനമാന്ദ്യത്തിന്റെ കാരണങ്ങള്‍ കുലങ്കഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മാനന്തവാടി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് നഗരത്തിലേക്ക് എന്തെങ്കിലും ആവശ്യത്തിനായി വരുന്നവര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാന്‍ റോഡു വക്കുകളല്ലാതെ മറ്റിടങ്ങള്‍ ഇല്ല എന്നതാണ്. കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും  പാര്‍ക്കിംഗ് ഏരിയകള്‍ വേണം എന്നതാണ് ചട്ടം. ആ ചട്ടത്തെ മറികടന്ന് പാര്‍ക്കിംഗ് ഏരിയകള്‍ കടമുറികളാക്കി മാറ്റി വാടകക്കുകൊടുക്കുന്ന പരിപാടി തടയപ്പെട്ടു കഴിഞ്ഞാല്‍ത്തന്നെ ഈ പ്രശ്നത്തിന് ഒട്ടൊരു പരിഹാരമാകും.പഴയ കെട്ടിടങ്ങള്‍ - കാലപ്പഴക്കം കൊണ്ടു ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.അവയെ നിലനിറുത്തിക്കൊണ്ടു അവധി ദിവസങ്ങളെ മറയാക്കി അധികാരികളുടെ കണ്ണുവെട്ടിച്ച് പുതുക്കിപ്പണിയുന്ന രീതി അവസാനിപ്പിക്കണം. താഴെയങ്ങാടി മുതല്‍ എരുമത്തെരുവുവരെയുള്ള റോഡുകള്‍ക്കിരുവശവമുള്ള പഴയ കെട്ടിടങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. നൂറ്റാണ്ടു പ്രായമുള്ള പ്രസ്തുത കെട്ടിടങ്ങള്‍ ഉള്ളിലൂടെ കമ്പിയും കോണ്‍ക്രീറ്റുമൊക്കെ ഉപയോഗിച്ച് ബലപ്പെടുത്തിയിരിക്കുന്നു.അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ മുന്‍സിപ്പാലിറ്റി എടുത്ത തീരുമാനങ്ങള്‍ ശ്ലാഘനീയമാണ്.അത്തരം നിര്‍മാണങ്ങളില്‍ പലതും ഭരണസമിതിയുടെ ഇടപെടലിലൂടെ മാറ്റപ്പെട്ടിരിക്കുന്നു.ഇനിയും അവശേഷിക്കുന്നവയെ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.അതുപോലെ ഇറക്കിവെച്ചിരിക്കുന്ന കടകളുടെ മുന്നോരങ്ങള്‍ കാരണം  ഫൂട്പാത്തുകളിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളത്.ഓരോന്നായി എടുത്തു പറയുകയാണെങ്കില്‍         ഇനിയും എത്രയോ സജീവമായ വിഷയങ്ങള്‍ നിലനില്ക്കുന്നുണ്ട്.
മാനന്തവാടി മുന്‍സിപ്പാലിറ്റി ഈ വിഷയങ്ങളില്‍ ഇടപെടാത്തതാണോ കാരണം ? തീര്‍ച്ചയായും അല്ല.നഗരത്തിലെ അനധികൃത കച്ചവടവും കൈയ്യേറ്റ ശ്രമങ്ങളും തികഞ്ഞ ഇച്ഛാശക്തിയോടെ മുന്‍സിപ്പാലിറ്റി ഒഴിപ്പിച്ചത് അടുത്ത കാലത്താണ്. പാതകളിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കച്ചവടക്കാരുടെ സ്വഭാവത്തെ മാറ്റിയെടുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞത് എടുത്തു പറയേണ്ടതാണ്. ഹോട്ടലുകളില്‍ മോശമായ പരിസരം ഇല്ലെന്നു തന്നെ പറയാം.പ്ലാസ്റ്റിക്കിനെതരെ മുന്‍സിപ്പാലിറ്റി എടുത്തിരിക്കുന്ന നടപടികള്‍ പ്രത്യേകം പരാമര്‍ശിക്കട്ടെ.
മാനന്തവാടിയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വ്യാപാരികളുടെ പല വിഷയങ്ങളിലേയും നിലപാട് തടസ്സമാകുന്നുണ്ട്. അനധികൃതമായ നിര്‍‌മാണം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയുടെ ഒരു നോട്ടീസ് കിട്ടിയാല്‍ ഉടനെ കോടതിയെ സമീപിക്കുകയും മുന്‍സിപ്പാലിറ്റിയുടെ നീക്കങ്ങളെ തടയുകയും ചെയ്യുന്ന രീതി ആശാസ്യമല്ല.അനധികൃത നിര്‍മ്മാണങ്ങള്‍ മാറ്റുന്നതിനും പാര്‍ക്കിംഗ് ഏരിയകള്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി മാറ്റാതേയും നിലനിറുത്തുവാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. പഴയ കെട്ടിടങ്ങളെ പൊളിച്ചുമാറ്റാതെ നിലനിറുത്തി ബലപ്പെടുത്തു ന്ന രീതി അവസാനിപ്പിക്കണം.ഫുട് പാത്ത് കൈയ്യേറി കെട്ടിയിരിക്കുന്ന പന്തലുകളടക്കമുള്ള മാറ്റപ്പെടണം. ടൌണിലേക്ക് അധികമാളുകളെ കൊണ്ടു വരുന്ന വിധത്തിലുള്ള കാഴ്ചപ്പാടുകള്‍ വികസിച്ചു വരണം. ഇന്നത്തെ കാലത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലമില്ലാത്ത കടകള്‍ വിജയിക്കുകയില്ലെന്ന് വ്യാപാരികളും കടയുടമകളും തിരിച്ചറിയണം. മുന്‍സിപ്പാലിറ്റിക്ക് നഗരവികസനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമുക്കുണ്ടെന്ന് മറക്കാതിരിക്കുക.


Sunday, August 20, 2017

#ദിനസരികള്‍ 130


മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിനപ്രസംഗം ആകാശവാണിയിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ടല്ലോ.ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെ , പ്രത്യേകിച്ച് ഇടതുപക്ഷത്തു നിന്നുയരുന്നവയെ ഏതുവിധേനയും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ഇടപെട്ടത്.അടിയന്തിരാവസ്ഥക്ക് സമാനമായ നടപടി എന്ന് എം എ ബേബി വിശേഷിപ്പിച്ച ഈ നീക്കം പക്ഷേ , അമര്‍ത്യാസെന്നിനോട് മിണ്ടരുതെന്ന് കല്പിച്ചവരില്‍ നിന്നാകുമ്പോള്‍ അത്ഭുതത്തിന് അവകാശമില്ല.പ്രസംഗം മാറ്റിയെഴുതണം എന്നാണ് അധികാരികള്‍ മണിക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അവരുടെ നിര്‍ദ്ദേശത്തിന് കീഴടങ്ങുവാന്‍ മണിക്‍സര്‍ക്കാര്‍ തയ്യാറല്ലായിരുന്നു.അതുകൊണ്ടുതന്നെ ദൂരദര്‍ശനില്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര്യദിനപ്രസംഗം സംപ്രേഷണം ചെയ്തുമില്ല. ഇന്നത്തെ ദേശാഭിമാനിയില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ അദ്ദേഹം തയ്യാറാക്കിയ തിരുത്തേണ്ടത് കേന്ദ്രനയങ്ങള്‍ എന്ന പ്രസംഗത്തിന്റെ പൂര്‍ണരൂപം അച്ചടിച്ചിരിക്കുന്നു.
            അദ്ദേഹം എഴുതുന്നു മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ നമ്മുടെ ദേശീയ മനഃസാക്ഷിയെ തന്നെ എതിര്‍ക്കാനും പശുസംരക്ഷണത്തിന്റെയും മറ്റും പേരില്‍ വികാരം ആളിക്കത്തിച്ച് രാജ്യത്തെ ഒരു പ്രത്യേക മതവിഭാഗത്തിന്റേതാക്കി മാറ്റാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതെല്ലാം കൊണ്ടുതന്നെ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളും ക്രൂരമായ ആക്രമണത്തിന് വിധേയമാകുന്നു. സുരക്ഷ സംബന്ധിച്ച അവരുടെ സങ്കല്‍പ്പമാകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. അവരുടെ ജീവിതം അപകടത്തിലാണ്. അവിശുദ്ധമായ ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. ഈ ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ സ്വാതന്ത്യ്രസമരത്തിന്റെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും  എതിരാണ്.  ഇതുമായി മുന്നോട്ടുപോകുന്നവര്‍ക്ക് സ്വാതന്ത്യ്രസമരവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല സ്വാതന്ത്യ്രസമരത്തെ അട്ടിമറിക്കാനും ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ വഴങ്ങിനില്‍ക്കാനും ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടാനും തയ്യാറായവരാണവര്‍. അവരിന്ന് വ്യത്യസ്തമായ പേരിലും വര്‍ണത്തിലും രംഗത്തെത്തി ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും വേരോടെ പിഴുതെറിയാനാണ് ശ്രമിക്കുന്നത്.സംഘപരിവാരത്തിന്റെ യഥാര്‍ത്ഥമുഖം തുറന്നു കാട്ടുന്ന ഈ വാക്കുകള്‍ സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചാലല്ലേ നാം അത്ഭുതപ്പെടേണ്ടത് ?

            അതുകൊണ്ട് സംഘപരിവാരം നിഷേധിച്ച ഈ കുറിപ്പിന് പരമാവധി പ്രചാരണം കൊടുക്കുക എന്നത് ജനാധിപത്യ - മതേതര വിശ്വാസികളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തമാണ് എന്ന് ഞാന്‍ കരുതുന്നു.              

കവിതാവാരം. ആഴ്ചപ്പതിപ്പുകവിതകള്‍ -2


            ആടുജീവിതത്തേയും ആരാച്ചാരേയും പരിഹസിച്ചയാളുകള്‍ തന്റെ ഭൂതകാലക്കുളിര്‍ എന്ന പുസ്തകത്തേയും പരിഹസിക്കുന്നതില്‍ സമാധാനമുണ്ട് എന്ന് ദീപാനിശാന്തിന്റെ ആത്മപ്രശംസാപരവും ജുഗുപ്സാവഹവുമായ സ്വയംപുകഴ്‌ത്തലിനെ മറികടന്നാണ് മലയാളത്തിന്റെ കവിതാപേജിലേക്കെത്തേണ്ടത്. പൂമുഖത്തുതന്നെ കൊളുത്തിവച്ചിരിക്കുന്ന ധൂപക്കുറ്റിയിലെ കരിമ്പുക ഉണ്ടാക്കുന്ന അലോസരത്തെ കുടഞ്ഞു കളഞ്ഞ് അമ്പത്തി രണ്ടാമത്തെ പേജിലെത്തുമ്പോള്‍ അവിടെ ആന്റണി കല്ലൂക്കാരന്റേയും (ഒളിപ്പിച്ച വാക്കുകള്‍ ) ബിനോയ് പി ജെ (പയറുമണിയുടെ ധ്യാനം ) യുടേയും കവിതകള്‍.രണ്ടു പേജിലായി കൊടുത്തിരിക്കുന്ന രണ്ടു കവിതക്കും കൂടി ഒരേ ചിത്രംതന്നെ നല്കിയിരിക്കുന്നതാണ് എന്നെ ആദ്യമായി ആകര്‍ഷിച്ചത്.രണ്ടിലും ഉള്ളത് ഒന്നുതന്നെ എന്നായിരിക്കുമോ ചിത്രകാരന്‍ ഉദ്ദേശിച്ചത്. അഥവാ വിശാലമായ  ആകാശത്തിന് പുറംതിരിഞ്ഞു നില്ക്കുന്ന ചിരട്ടപ്പുട്ടുകളാണ് മലയാള കവിത എന്നും അതിന്റെ എല്ലാത്തിന്റേയും ആശയം തനിക്ക് ഒറ്റച്ചിത്രത്തിലേക്ക് ഒതുക്കാന്‍ കഴിയും എന്നുമാണോ ചിത്രകാരന്‍ സൂചിപ്പിക്കുന്നത് ? അറിയില്ല.  ഹിരണ്മയേന പാത്രേണസത്യസ്യാപിഹിതം മുഖം എന്നല്ലേ ?  എന്തായാലും വലതുകാലിനും ഇടതുകാലിനും ഒരേ ഷൂസ് മതി എന്ന കരുതിയ പത്രാധിപരെ വണങ്ങാതിരിക്കുന്നതെങ്ങനെ ?
            ബിനോയ് പി ജെയുടെ പയറുമണിയുടെ ധ്യാനം എന്ന കവിത നമ്മുടെ കെട്ടകാലത്തിലേക്ക്, തീകൊളുത്തി എയ്തുവിട്ട ഒരു ഒരമ്പിനെപ്പോലെ തുളച്ചു കടക്കുന്നുണ്ട്.മാടുകള്‍ക്കു വേണ്ടി സംരക്ഷണഭിത്തികള്‍ തീര്‍ക്കുന്നവര്‍ എന്തുകൊണ്ടാണ്  നാളേയിലേക്ക് കാത്തുവെക്കേണ്ട മറ്റു മുളകളെ ചുട്ടുതിന്നുന്നത് എന്ന ചോദ്യത്തിന്റെ വര്‍ത്തമാനകാലപ്രസക്തി മനുഷ്യസ്നേഹികളായവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല.ആ പ്രതീക്ഷയിലായിരിക്കണം കവി ഈ കൂട്ട് ചാലിച്ചെടുത്തുത്. കൊന്നൊടുക്കപ്പെടുന്നവരുടെ രോദനവും കൊല്ലുന്നവരുടെ അട്ടഹാസവും മാത്രം മുഴങ്ങിക്കേള്‍ക്കുന്ന പരിതോവസ്ഥകളെ ഫലപ്രദമായി ഈ കവിത കൈകാര്യം ചെയ്യുന്നുണ്ട്. നോക്കുക
നിങ്ങളിങ്ങനെ ഒന്നിച്ചു വിഴുങ്ങുന്നത്?
ഒരു മാടിനെ കൊന്നതിനെക്കുറിച്ചുള്ള
നിങ്ങളുടെ നിലവിളി കേട്ടപ്പോള്‍
ഞാന്‍ സ്തബ്ധയായി
നിങ്ങളെന്നെ , ഞങ്ങളെ ചെയ്യുന്നതെന്താണെന്ന്
നിങ്ങള്‍ അറിയുന്നതേയില്ലല്ലോ ? വിവേചനപരമായ അതിക്രമങ്ങള്‍ക്ക് , ഞങ്ങളുടെ നിശ്ശബ്ദതയെ വല്ലാതെ കുറച്ചു കാണരുതേ എന്ന മുന്നറിയിപ്പ് നല്കി?ക്കൊണ്ടാണ് കവിത അവസാനിക്കുന്നത്. മലയാളം വാരികയിലെ രണ്ടാമത്തേത് ഒളിപ്പിച്ച വാക്കുകള്‍ എന്ന കവിതയാണ്.  ആ കവിയോട് ഒതുക്കിപ്പറച്ചിലിന്റെ കുഞ്ഞുണ്ണിക്കവിതകള്‍ വായിച്ചു പഠിക്കാന്‍  ആവശ്യപ്പെട്ടുകൊള്ളട്ടയോ ?
            അവിരാമിയായ തൃഷ്ണകള്‍ക്ക് ജരാനരകള്‍ തിരശ്ശീല വീഴ്ത്തുമോ ? ഇല്ല.ഒന്നല്ലെങ്കില്‍ മറ്റൊരാസക്തി മരണം വരെ നമ്മെ നയിച്ചേക്കാം. തൊലിച്ചുളിവിനെ മറക്കാനും മായ്ക്കാനും ശ്രമിക്കുന്നത് അതുകൊണ്ടാണ്. കണ്‍തടങ്ങളില്‍ ചേക്കേറിയ കറുപ്പുകളേയും മുടിയിഴകളില്‍ പടരുന്ന നരകളേയും മറച്ചു വെക്കാനും ചടുലത അഭിനയിക്കാനും നാം നമ്മെ പരിശീലിപ്പിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ്
            നാവിന്നലേയും ഞാറപ്പഴമധുരം
            തിന്നും മയിലായല്ലോ
            ചുണ്ടുകള്‍ ഇന്നലേയും ചോന്നല്ലോ
            വിരലുകള്‍ ഇന്നും നീണ്ടാണല്ലോ എന്ന് സ്വയം വിശ്വസിപ്പിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുന്നത്.കോരിയെടുക്കാന്‍ ഇന്നും ധാരാളം ജലമുള്ള ഒരു കിണറാണ് ഞാനെന്ന് എനിക്കെങ്കിലും വിശ്വാസമാകണമല്ലോ. ആ സന്ത്രാസത്തെ അങ്ങനെയാവണമെന്നുണ്ടോ എന്ന കവിതയില്‍ വി എം ഗിരിജ അവതരിപ്പിക്കുന്നു ,മാതൃഭൂമി ആഴ്ചപ്പതിപ്പില്‍‌.
            മാതൃഭൂമിയില്‍ തന്നെ വിക്ടറിന് വേണ്ടി മാന്ത്രികച്ചില്ല് എന്ന കവിത. എഴുതിയത് സരിത മോഹനന്‍ വര്‍മ്മ. വിക്ടര്‍ നടുക്കുന്ന ഒരോര്‍മയായതുകൊണ്ടുതന്നെ കവിത വായിക്കുമ്പോള്‍ അല്പമൊരു പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അയാളുടെ ചിത്രങ്ങള്‍ പോലെ നമ്മുടെ ആത്മാവിനെ തൊടുന്ന എന്തെങ്കിലും കവി കരുതിവെച്ചിട്ടുണ്ടാകും എന്ന്. ഗുമസ്തന്റെ കണക്കെഴുത്തുപോലെ കാര്യങ്ങള്‍ നിരത്തിവച്ചിരിക്കുന്നു.വിരസം. പക്ഷേ കെ ഷെരീഫ് വരച്ചിരിക്കുന്ന ചിത്രത്തിന്റെ മാന്ത്രികത കാണാതിരിക്കുക വയ്യ. കവിത തരാത്തത് ഈ ചിത്രം തരുന്നുണ്ട്.
            മാധ്യമത്തില്‍ എം ആര്‍ വിഷ്ണുപ്രസാദ് എഴുതിയ മോട്ടോര്‍ എന്ന കവിത ,എന്താണ് പറയുവാന്‍ ശ്രമിക്കുന്നതെന്ന് എഡിറ്റര്‍ക്ക് മനസ്സിലായെങ്കില്‍ അദ്ദേഹത്തിന് ഒരു പൂമാല എന്റെ വക.  മുറിച്ചു വെച്ചിരിക്കുന്ന വരികള്‍ എന്നതിനപ്പുറം കവിത വിരിയുന്ന വഴികള്‍ ഇക്കവിക്ക് അജ്ഞാതമാണ്. എന്തു പറയണമെന്നോ അതെങ്ങനെ പറയണമെന്നോ ഒരു ധാരണയുമില്ല.കവിത ദുരൂഹവും ദുര്‍ഗ്രഹവുമാകണം എന്നാണ് ഇദ്ദേഹത്തിന് കാഴ്ചപ്പാട് എന്നു തോന്നുന്നു. അധികം പറയുന്നില്ല. ഇത്തരം കവിതകള്‍ പ്രസിദ്ധീകരിക്കുന്നതിന് പകരം ആ പേജില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രസക്തിയെക്കുറിച്ചോ ശൌചാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോ ഉള്ള ലേഖനങ്ങളോ പരസ്യങ്ങളോ പെടുത്തിയാല്‍ നന്നെന്നുള്ള ഒരഭിപ്രായം രേഖപ്പെടുത്തട്ടെ !
            കൌമുദിയില്‍ സോനാ നായര്‍ ഭുപടങ്ങളിലില്ലാത്ത ഇന്ത്യയുടെ മുഖം വരക്കുന്നു.കണ്ടെടുക്കാനൊന്നുമില്ല. നേരിട്ടു കാര്യത്തിലേക്ക് വരുന്നു.
കടിച്ചു പറിച്ചെടുത്ത മാംസത്തിന്റേയും
ശവക്കോട്ടകള്‍ക്കുള്ളില്‍
അസ്തമിച്ച സ്വപ്നങ്ങളുടേയും
നോവുകളറിയാത്തവര്‍
മണിമന്ദിരങ്ങള്‍ക്കുള്ളിലിരുന്ന്
മൃഗസംരക്ഷകരായ് പേരെടുക്കുന്നു. ദുരൂഹമല്ല , ദുര്‍ഗ്രഹതയില്ല. നേരേ വാ നേരെ പോ മട്ടില്‍ . നല്ലത്. പക്ഷേ കവിത വഴങ്ങാന്‍ കാലം കാത്തിരിക്കേണ്ടിവരും.മടപ്പള്ളി സദാനന്ദനും ജോയ് തമലവും ഈ  വാരികയില്‍ കവിത എഴുതിയിട്ടുണ്ട് എന്ന് നിങ്ങളുടെ അറിവിലേക്ക് എഴുതട്ടെ
            ഈ ആഴ്ചപ്പതിപ്പുകളിലെ കവിതകളില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ കൌമുദിയില്‍ എന്‍ വി പുഷ്പരാജന്‍ എഴുതിയ കള്ളച്ചൊട്ട എന്ന കവിത ഞാന്‍ തിരഞ്ഞെടുക്കും.ആ കവിതവായനക്കാരനെ ചിലത് അനുഭവിപ്പിക്കുന്നുണ്ട് .ഇരുട്ടില്‍ ഒറ്റക്ക് ഇടവഴികളിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും ഒരു ചൂട്ടുകറ്റയുമായി വന്നാല്‍ നമുക്കുണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കുക വയ്യല്ലോ. അത്തരമൊരു ആശ്വാസമാണ് ഈ കവിത പകരുന്നത്.വായിക്കുക.