#ദിനസരികള്‍ 133


ലാവ്ലിന്‍ വിധി വന്നു. പിണറായി മോചിതനായിരിക്കുന്നു.അത്ഭുതമുണ്ടോ ? ഒരത്ഭുതവുമില്ല.കാരണം സത്യമാണ് ജയിക്കുന്നതെങ്കില്‍ പിണറായി കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തുവരും എന്ന കാര്യത്തില്‍ ഈ കേസ് പഠിച്ച ഏതൊരാള്‍ക്കും അറിയാമായിരുന്ന വസ്തുതയാണ്. അസത്യമാണ് ജയിക്കുന്നതെങ്കില്‍ സി ബി ഐയുടെ വാദത്തിന് കോടതിയുടെ പിന്തുണ ഉണ്ടാവുകയും പിണറായി പ്രതി ചേര്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. ജനങ്ങളുടെ കോടതിയില്‍ അദ്ദേഹം പണ്ടേ കുറ്റവിമുക്തനായിരുന്നെങ്കിലും ഇപ്പോള്‍ നീതിന്യാകോടതി കൂടി അത് അംഗീകരിച്ചിരിക്കുന്നു എന്നതിനാല്‍ പതിന്മടങ്ങ് ശോഭയോടെ തന്റെ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ തുടരാന്‍ പിണറായിക്കു സാധിക്കും എന്ന നില വന്നിരിക്കുന്നു.ഇത് പിണറായി വിജയന്‍ എന്ന നേതാവിന്റെ മാത്രം വിജയമല്ല , കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി വിജയമാണ്.അതുകൊണ്ടുതന്നെയാണ് ഈ വിധിക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നത്.            ഈ കേസില്‍ അവാസ്തവം പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത പലരുമുണ്ട്.പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മഞ്ഞപ്പത്രക്കാരന്‍ മുതല്‍ മഹാനേതാക്കന്മാര്‍ വരെ അതിവിദഗ്ദമായി ഈ കേസിനെ ഉപയോഗിച്ചിട്ടുണ്ട്.ഈ കേസിന്റെ പിന്‍ബലത്താല്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ചതിന്റെ ചരിത്രം പരിശോധിച്ചാല്‍ നമ്മുടെ മാധ്യമങ്ങളുടേയും ചില യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടേയും ചിത്രം നമുക്കു ലഭിക്കും. തെളിവിന്റെ ഒരു കണികപോലുമില്ലാതെ അദ്ദേഹത്തിനെതിരെ എഴുതിക്കൂട്ടിയ തെമ്മാടിത്തരങ്ങള്‍ ഇപ്പോള്‍ വായിക്കുന്നവര്‍ക്ക് നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് തികഞ്ഞ അവജ്ഞയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? അതേ പത്രക്കാര്‍ ഇപ്പോള്‍ പാടിപ്പുകഴ്ത്തുമ്പോള്‍ പുച്ഛമല്ലാതെ വേറെന്താണ് തോന്നുക ?
            ഈ കേസിന്റെ വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് ജസ്റ്റീസ് ഉബൈദ് പറഞ്ഞ ചിലകാര്യങ്ങള്‍ പൊതുസമൂഹത്തിന്റെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.അതിലൊന്ന് ഈ കേസുമായ ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിച്ച ഊമക്കത്തുകളെക്കുറിച്ചാണ്.വര്‍ഗീയതയും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ ഈ കത്തുകളുടെ ഉദ്ദേശം വിജയനെ ഏതു വിധവും പ്രതിസ്ഥാനത്തു നിര്‍ത്തണമെന്നതുതന്നെയായിരുന്നു.പുറത്തുള്ള ചിലര്‍ ഈ കേസില്‍ എത്രമാത്രം തല്പരരായിരുന്നു എന്നത് ഇത് വ്യക്തമാക്കുന്നു.മറ്റൊന്ന് സി ബി ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശമാണ്. പിണറായി വിജയനെ വ്യക്തിപരമായി കുടുക്കുന്നതിന് സി ബി ഐ തെളിവുകളില്ലാതിരുന്നിട്ടും മുന്‍‌കൈ എടുത്തു എന്ന പ്രസ്ഥാവന ആ ഏജന്‍സിക്ക് കനത്ത പ്രഹരമാണ്.ജനങ്ങളെ സത്യം ബോധിപ്പിക്കാന്‍ ബാധ്യതയുള്ള ഒരു സ്ഥാപനമാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് അവര്‍ എത്രമാത്രം അധപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.

            ഏതായാലും സത്യം ജയിച്ചിരിക്കുന്നു. ശരി തന്റെ ഭാഗത്താകുമ്പോള്‍ താന്‍ തലകുനിക്കുന്നതെന്തിന് എന്ന ചോദ്യമാണ് പിണറായിയെ എന്നും നയിച്ചിട്ടുള്ളത്. സത്യമേ ചെയ്തിട്ടുള്ളു എന്ന ബോധം അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് തീര്‍ച്ചയും മൂര്‍ച്ചയും നല്കി. പിണറായി വിജയന്റെ വാക്കുകള്‍ പൊതുസമൂഹത്തിന് സ്വീകാര്യമാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് സമകാലികരായ മറ്റേതൊരു നേതാവിനെക്കാളും എനിക്ക് ഇദ്ദേഹം പ്രിയംകരനാകുന്നത്. നിര്‍ഭയനായ ഈ സഖാവിനെ, ഈ നേതാവിനെ ഹൃദയത്തോടു ചേര്‍ത്ത് അഭിവാദ്യം ചെയ്യാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം