#ദിനസരികള്‍ 136


നമ്മുടെ മതസമൂഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രാകൃതരായിക്കൊണ്ടിരിക്കുകയാണോ ? മുസ്ലിം മതത്തിലെ ചില വിഭാഗങ്ങള്‍ പ്രത്യേകിച്ചും ? നൂറ്റാണ്ടുകള്‍ പിന്നിലേക്ക് മടങ്ങാനും മതങ്ങള്‍‌ ഉരുവപ്പെട്ട കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു എന്ന് കരുതുന്ന പരിശുദ്ധി വീണ്ടെടുക്കുവാനുമുള്ള ചില മതകേന്ദ്രങ്ങളുടെ ആഹ്വാനങ്ങളെ പിന്‍പറ്റി, ഈ വിശ്വാസികള്‍ ഏറെ പിന്നോട്ടുപോയിരിക്കുന്നു. ആടുമേയ്ക്കല്‍ മുതല്‍ ഐഎസിനുവേണ്ടിയുള്ള പോരാട്ടം വരെ ഈ വിശ്വാസജീവിതത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍‌ഗ്ഗങ്ങളായി സാധാരണക്കാരായ വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നു.മതപ്രബോധനങ്ങളിലെ രജതരേഖകളെ പിന്‍പറ്റുന്നതിനുപകരം മതസ്ഥാപകരും പ്രവാചകരും ജീവിച്ച അക്കാലങ്ങളെ  പുനസൃഷ്ടിച്ചുകൊണ്ട് ആ സാഹചര്യത്തില്‍ ജീവിച്ചുപോകുവാനുള്ള  ശ്രമങ്ങള്‍ ഈ ആധുനിക സമൂഹത്തിന് മുന്നില്‍ അവരെ അപഹാസ്യരാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.   അവര്‍ വിശുദ്ധിയിലേക്ക് അടുക്കുകയല്ല , മറിച്ച് പ്രാകൃതവും അനാശാസ്യവുമായ നിര്‍ദ്ദേശങ്ങളെ അന്ധമായി പിന്തുടര്‍ന്ന്  മതങ്ങളുടെ യഥാര്‍ത്ഥ ചിന്തകളില്‍ നിന്ന് അകലുകയാണെന്ന ബോധം ഇനി എന്നാണ് ഇവരിലുണ്ടാകുക? മറ്റൊരപകടം ഇത്തരക്കാര്‍ നമ്മുടെ പൊതു സമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ സഹായിക്കുന്നു എന്നുള്ളത് ചെറുതായി കാണേണ്ട കാര്യമല്ല.ഇസ്ലാമോഫോബിയ വളര്‍ത്താന്‍‌ ഇത്തരം നീക്കങ്ങള്‍ സഹായകരമാകുന്നുണ്ട്.

            എന്തൊക്കെ തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് നടമാടുന്നത് ? ആധുനിക ചികിത്സ സ്വീകരിക്കാതിരിക്കുക , പരപുരുഷര്‍ കാണാതിരിക്കുന്നതിന് വേണ്ടി ഗര്‍ഭിണികളെ വീട്ടില്‍ത്തന്നെ പ്രസവിപ്പിക്കുക തുടങ്ങി എത്രയോ പ്രതിലോമകരമായ പ്രവണതകള്‍. ഇപ്പോള്‍ അവസാനമായി കേരളത്തിലടക്കം സ്ത്രീകളില്‍ ചേലാകര്‍മം നടത്തുന്ന ഒരു സംഘം സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന ഒരു സംഘമാണ് ചേലാകര്‍‌മപരിപാടിക്ക് ചുക്കാന്‍‌ പിടിക്കുന്നത്. സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും" ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ പെടും. പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രിയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.എന്നാണ് മലയാളം വിക്കിപ്പീഡിയ പറയുന്നത്. ഓണ്‍‌ലൈനില്‍ തിരഞ്ഞാല്‍ അനുഭവസ്ഥകളായിട്ടുള്ള നിരവധി സ്ത്രീകളുടെ വിവരണങ്ങള്‍ ലഭ്യമാണ്.സ്ത്രീകളിലെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കുന്നതിനും തങ്ങളുടെ പുരുഷനെ വിട്ടുപോകാതിരിക്കുന്നതിനും വേണ്ടിയാണത്രേ വിശ്വാസത്തിന്റെ പരിവേഷം നല്കി ഈ ചേലാകര്‍മം സ്ത്രീകളില്‍ നടപ്പിലാക്കുന്നത്.ആണധികാരത്തിന്റെ നുണപ്രചാരണങ്ങള്‍‌ വിശ്വാസത്തിന്റെ മേലങ്കിയണിഞ്ഞ് സ്ത്രീകളെ തങ്ങളുടെ ചൊല്പടിക്കു നിറുത്തുന്നതിന് വേണ്ടി അവലംബിക്കുന്ന ഒരു മാര്‍‌ഗം എന്നതില്‍ക്കവിഞ്ഞ് ഇക്കാര്യത്തിനും മതപരമായ പിന്തുണയില്ല എന്ന് അറിവുള്ളവര്‍‌ പറയുന്നു. പര്‍‌ദ്ദ മുസ്ലിം സ്ത്രീകളുടെ ഇഷ്ടമാക്കി എടുത്തപോലെ , ഇക്കാര്യവും സ്ത്രീകള്‍ സ്വന്ത ഇഷ്ടപ്രകാരമാണ് ചെയ്യുന്നതെന്ന വാദമുഖങ്ങള്‍ നിരക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ഏതായാലും മുസ്ലിം സമൂഹം ഒന്നിരുന്ന് ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.  മതത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍‌ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന കെടുതികളെ നിസ്സാരമാക്കിത്തള്ളാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1