കവിതാവാരം. ആഴ്ചപ്പതിപ്പുകവിതകള്‍ -2
ആടുജീവിതത്തേയും ആരാച്ചാരേയും പരിഹസിച്ചയാളുകള്‍ തന്റെ
ഭൂതകാലക്കുളിര്‍ എന്ന പുസ്തകത്തേയും പരിഹസിക്കുന്നതില്‍ സമാധാനമുണ്ട് എന്ന്
ദീപാനിശാന്തിന്റെ ആത്മപ്രശംസാപരവും ജുഗുപ്സാവഹവുമായ സ്വയംപുകഴ്‌ത്തലിനെ മറികടന്നാണ്
“മലയാള”ത്തിന്റെ
കവിതാപേജിലേക്കെത്തേണ്ടത്. പൂമുഖത്തുതന്നെ കൊളുത്തിവച്ചിരിക്കുന്ന ധൂപക്കുറ്റിയിലെ
കരിമ്പുക ഉണ്ടാക്കുന്ന അലോസരത്തെ കുടഞ്ഞു കളഞ്ഞ് അമ്പത്തി രണ്ടാമത്തെ
പേജിലെത്തുമ്പോള്‍ അവിടെ ആന്റണി കല്ലൂക്കാരന്റേയും (ഒളിപ്പിച്ച വാക്കുകള്‍ )
ബിനോയ് പി ജെ (പയറുമണിയുടെ ധ്യാനം ) യുടേയും കവിതകള്‍.രണ്ടു പേജിലായി
കൊടുത്തിരിക്കുന്ന രണ്ടു കവിതക്കും കൂടി ഒരേ ചിത്രംതന്നെ നല്കിയിരിക്കുന്നതാണ് എന്നെ
ആദ്യമായി ആകര്‍ഷിച്ചത്.രണ്ടിലും ഉള്ളത് ഒന്നുതന്നെ എന്നായിരിക്കുമോ ചിത്രകാരന്‍
ഉദ്ദേശിച്ചത്. അഥവാ വിശാലമായ ആകാശത്തിന്
പുറംതിരിഞ്ഞു നില്ക്കുന്ന ചിരട്ടപ്പുട്ടുകളാണ് മലയാള കവിത എന്നും അതിന്റെ
എല്ലാത്തിന്റേയും ആശയം തനിക്ക് ഒറ്റച്ചിത്രത്തിലേക്ക് ഒതുക്കാന്‍ കഴിയും എന്നുമാണോ
ചിത്രകാരന്‍ സൂചിപ്പിക്കുന്നത് ?
അറിയില്ല. ഹിരണ്മയേന
പാത്രേണസത്യസ്യാപിഹിതം മുഖം എന്നല്ലേ
? എന്തായാലും വലതുകാലിനും ഇടതുകാലിനും ഒരേ ഷൂസ്
മതി എന്ന കരുതിയ പത്രാധിപരെ വണങ്ങാതിരിക്കുന്നതെങ്ങനെ ?
ബിനോയ് പി ജെയുടെ പയറുമണിയുടെ ധ്യാനം എന്ന കവിത നമ്മുടെ
കെട്ടകാലത്തിലേക്ക്, തീകൊളുത്തി എയ്തുവിട്ട ഒരു ഒരമ്പിനെപ്പോലെ തുളച്ചു
കടക്കുന്നുണ്ട്.മാടുകള്‍ക്കു വേണ്ടി സംരക്ഷണഭിത്തികള്‍ തീര്‍ക്കുന്നവര്‍
എന്തുകൊണ്ടാണ് നാളേയിലേക്ക്
കാത്തുവെക്കേണ്ട മറ്റു മുളകളെ ചുട്ടുതിന്നുന്നത് എന്ന ചോദ്യത്തിന്റെ വര്‍ത്തമാനകാലപ്രസക്തി
മനുഷ്യസ്നേഹികളായവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല.ആ പ്രതീക്ഷയിലായിരിക്കണം കവി ഈ
കൂട്ട് ചാലിച്ചെടുത്തുത്. കൊന്നൊടുക്കപ്പെടുന്നവരുടെ രോദനവും കൊല്ലുന്നവരുടെ
അട്ടഹാസവും മാത്രം മുഴങ്ങിക്കേള്‍ക്കുന്ന പരിതോവസ്ഥകളെ ഫലപ്രദമായി ഈ കവിത കൈകാര്യം
ചെയ്യുന്നുണ്ട്. നോക്കുക
നിങ്ങളിങ്ങനെ ഒന്നിച്ചു
വിഴുങ്ങുന്നത്?
ഒരു മാടിനെ
കൊന്നതിനെക്കുറിച്ചുള്ള
നിങ്ങളുടെ നിലവിളി
കേട്ടപ്പോള്‍
ഞാന്‍ സ്തബ്ധയായി
നിങ്ങളെന്നെ , ഞങ്ങളെ
ചെയ്യുന്നതെന്താണെന്ന്
നിങ്ങള്‍
അറിയുന്നതേയില്ലല്ലോ ? വിവേചനപരമായ
അതിക്രമങ്ങള്‍ക്ക് , ഞങ്ങളുടെ നിശ്ശബ്ദതയെ വല്ലാതെ കുറച്ചു കാണരുതേ എന്ന
മുന്നറിയിപ്പ് നല്കി?ക്കൊണ്ടാണ്
കവിത അവസാനിക്കുന്നത്. മലയാളം വാരികയിലെ രണ്ടാമത്തേത് ഒളിപ്പിച്ച വാക്കുകള്‍ എന്ന
കവിതയാണ്. ആ കവിയോട്
ഒതുക്കിപ്പറച്ചിലിന്റെ കുഞ്ഞുണ്ണിക്കവിതകള്‍ വായിച്ചു പഠിക്കാന്‍ ആവശ്യപ്പെട്ടുകൊള്ളട്ടയോ ?
അവിരാമിയായ തൃഷ്ണകള്‍ക്ക് ജരാനരകള്‍
തിരശ്ശീല വീഴ്ത്തുമോ ? ഇല്ല.ഒന്നല്ലെങ്കില്‍
മറ്റൊരാസക്തി മരണം വരെ നമ്മെ നയിച്ചേക്കാം. തൊലിച്ചുളിവിനെ മറക്കാനും മായ്ക്കാനും
ശ്രമിക്കുന്നത് അതുകൊണ്ടാണ്. കണ്‍തടങ്ങളില്‍ ചേക്കേറിയ കറുപ്പുകളേയും മുടിയിഴകളില്‍
പടരുന്ന നരകളേയും മറച്ചു വെക്കാനും ചടുലത അഭിനയിക്കാനും നാം നമ്മെ
പരിശീലിപ്പിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ്
നാവിന്നലേയും ഞാറപ്പഴമധുരം
തിന്നും മയിലായല്ലോ
ചുണ്ടുകള്‍ ഇന്നലേയും ചോന്നല്ലോ
വിരലുകള്‍ ഇന്നും നീണ്ടാണല്ലോ എന്ന്
സ്വയം വിശ്വസിപ്പിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുന്നത്.കോരിയെടുക്കാന്‍
ഇന്നും ധാരാളം ജലമുള്ള ഒരു കിണറാണ് ഞാനെന്ന് എനിക്കെങ്കിലും വിശ്വാസമാകണമല്ലോ. ആ
സന്ത്രാസത്തെ അങ്ങനെയാവണമെന്നുണ്ടോ എന്ന കവിതയില്‍ വി എം ഗിരിജ അവതരിപ്പിക്കുന്നു
,മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
മാതൃഭൂമിയില്‍ തന്നെ വിക്ടറിന് വേണ്ടി
മാന്ത്രികച്ചില്ല് എന്ന കവിത. എഴുതിയത് സരിത മോഹനന്‍ വര്‍മ്മ. വിക്ടര്‍ നടുക്കുന്ന
ഒരോര്‍മയായതുകൊണ്ടുതന്നെ കവിത വായിക്കുമ്പോള്‍ അല്പമൊരു പ്രതീക്ഷ പുലര്‍ത്തിയിരുന്നു.
അയാളുടെ ചിത്രങ്ങള്‍ പോലെ നമ്മുടെ ആത്മാവിനെ തൊടുന്ന എന്തെങ്കിലും കവി
കരുതിവെച്ചിട്ടുണ്ടാകും എന്ന്. ഗുമസ്തന്റെ കണക്കെഴുത്തുപോലെ കാര്യങ്ങള്‍
നിരത്തിവച്ചിരിക്കുന്നു.വിരസം. പക്ഷേ കെ ഷെരീഫ് വരച്ചിരിക്കുന്ന ചിത്രത്തിന്റെ
മാന്ത്രികത കാണാതിരിക്കുക വയ്യ. കവിത തരാത്തത് ഈ ചിത്രം തരുന്നുണ്ട്.
മാധ്യമത്തില്‍
എം ആര്‍ വിഷ്ണുപ്രസാദ് എഴുതിയ മോട്ടോര്‍ എന്ന കവിത ,എന്താണ് പറയുവാന്‍
ശ്രമിക്കുന്നതെന്ന് എഡിറ്റര്‍ക്ക് മനസ്സിലായെങ്കില്‍ അദ്ദേഹത്തിന് ഒരു പൂമാല എന്റെ
വക. മുറിച്ചു വെച്ചിരിക്കുന്ന വരികള്‍
എന്നതിനപ്പുറം കവിത വിരിയുന്ന വഴികള്‍ ഇക്കവിക്ക് അജ്ഞാതമാണ്. എന്തു പറയണമെന്നോ
അതെങ്ങനെ പറയണമെന്നോ ഒരു ധാരണയുമില്ല.കവിത ദുരൂഹവും ദുര്‍ഗ്രഹവുമാകണം എന്നാണ്
ഇദ്ദേഹത്തിന് കാഴ്ചപ്പാട് എന്നു തോന്നുന്നു. അധികം പറയുന്നില്ല. ഇത്തരം കവിതകള്‍
പ്രസിദ്ധീകരിക്കുന്നതിന് പകരം ആ പേജില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ
പ്രസക്തിയെക്കുറിച്ചോ ശൌചാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോ ഉള്ള ലേഖനങ്ങളോ
പരസ്യങ്ങളോ പെടുത്തിയാല്‍ നന്നെന്നുള്ള ഒരഭിപ്രായം രേഖപ്പെടുത്തട്ടെ !
കൌമുദിയില്‍ സോനാ നായര്‍
ഭുപടങ്ങളിലില്ലാത്ത ഇന്ത്യയുടെ മുഖം വരക്കുന്നു.കണ്ടെടുക്കാനൊന്നുമില്ല. നേരിട്ടു
കാര്യത്തിലേക്ക് വരുന്നു.
കടിച്ചു
പറിച്ചെടുത്ത മാംസത്തിന്റേയും
ശവക്കോട്ടകള്‍ക്കുള്ളില്‍
അസ്തമിച്ച
സ്വപ്നങ്ങളുടേയും
നോവുകളറിയാത്തവര്‍
മണിമന്ദിരങ്ങള്‍ക്കുള്ളിലിരുന്ന്
മൃഗസംരക്ഷകരായ്
പേരെടുക്കുന്നു. ദുരൂഹമല്ല , ദുര്‍ഗ്രഹതയില്ല. നേരേ വാ നേരെ പോ മട്ടില്‍ . നല്ലത്.
പക്ഷേ കവിത വഴങ്ങാന്‍ കാലം കാത്തിരിക്കേണ്ടിവരും.മടപ്പള്ളി സദാനന്ദനും ജോയ് തമലവും
ഈ വാരികയില്‍ കവിത എഴുതിയിട്ടുണ്ട് എന്ന്
നിങ്ങളുടെ അറിവിലേക്ക് എഴുതട്ടെ
ഈ ആഴ്ചപ്പതിപ്പുകളിലെ കവിതകളില്‍
നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ കൌമുദിയില്‍
എന്‍ വി പുഷ്പരാജന്‍ എഴുതിയ കള്ളച്ചൊട്ട എന്ന കവിത ഞാന്‍ തിരഞ്ഞെടുക്കും.ആ കവിതവായനക്കാരനെ
ചിലത് അനുഭവിപ്പിക്കുന്നുണ്ട് .ഇരുട്ടില്‍ ഒറ്റക്ക് ഇടവഴികളിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും
ഒരു ചൂട്ടുകറ്റയുമായി വന്നാല്‍ നമുക്കുണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കുക വയ്യല്ലോ.
അത്തരമൊരു ആശ്വാസമാണ് ഈ കവിത പകരുന്നത്.വായിക്കുക.
Comments