#ദിനസരികള്‍ 130


മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിനപ്രസംഗം ആകാശവാണിയിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ടല്ലോ.ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെ , പ്രത്യേകിച്ച് ഇടതുപക്ഷത്തു നിന്നുയരുന്നവയെ ഏതുവിധേനയും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ഇടപെട്ടത്.അടിയന്തിരാവസ്ഥക്ക് സമാനമായ നടപടി എന്ന് എം എ ബേബി വിശേഷിപ്പിച്ച ഈ നീക്കം പക്ഷേ , അമര്‍ത്യാസെന്നിനോട് മിണ്ടരുതെന്ന് കല്പിച്ചവരില്‍ നിന്നാകുമ്പോള്‍ അത്ഭുതത്തിന് അവകാശമില്ല.പ്രസംഗം മാറ്റിയെഴുതണം എന്നാണ് അധികാരികള്‍ മണിക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അവരുടെ നിര്‍ദ്ദേശത്തിന് കീഴടങ്ങുവാന്‍ മണിക്‍സര്‍ക്കാര്‍ തയ്യാറല്ലായിരുന്നു.അതുകൊണ്ടുതന്നെ ദൂരദര്‍ശനില്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര്യദിനപ്രസംഗം സംപ്രേഷണം ചെയ്തുമില്ല. ഇന്നത്തെ ദേശാഭിമാനിയില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ അദ്ദേഹം തയ്യാറാക്കിയ തിരുത്തേണ്ടത് കേന്ദ്രനയങ്ങള്‍ എന്ന പ്രസംഗത്തിന്റെ പൂര്‍ണരൂപം അച്ചടിച്ചിരിക്കുന്നു.
            അദ്ദേഹം എഴുതുന്നു മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ നമ്മുടെ ദേശീയ മനഃസാക്ഷിയെ തന്നെ എതിര്‍ക്കാനും പശുസംരക്ഷണത്തിന്റെയും മറ്റും പേരില്‍ വികാരം ആളിക്കത്തിച്ച് രാജ്യത്തെ ഒരു പ്രത്യേക മതവിഭാഗത്തിന്റേതാക്കി മാറ്റാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതെല്ലാം കൊണ്ടുതന്നെ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളും ക്രൂരമായ ആക്രമണത്തിന് വിധേയമാകുന്നു. സുരക്ഷ സംബന്ധിച്ച അവരുടെ സങ്കല്‍പ്പമാകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. അവരുടെ ജീവിതം അപകടത്തിലാണ്. അവിശുദ്ധമായ ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. ഈ ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ സ്വാതന്ത്യ്രസമരത്തിന്റെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും  എതിരാണ്.  ഇതുമായി മുന്നോട്ടുപോകുന്നവര്‍ക്ക് സ്വാതന്ത്യ്രസമരവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല സ്വാതന്ത്യ്രസമരത്തെ അട്ടിമറിക്കാനും ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ വഴങ്ങിനില്‍ക്കാനും ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടാനും തയ്യാറായവരാണവര്‍. അവരിന്ന് വ്യത്യസ്തമായ പേരിലും വര്‍ണത്തിലും രംഗത്തെത്തി ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും വേരോടെ പിഴുതെറിയാനാണ് ശ്രമിക്കുന്നത്.സംഘപരിവാരത്തിന്റെ യഥാര്‍ത്ഥമുഖം തുറന്നു കാട്ടുന്ന ഈ വാക്കുകള്‍ സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചാലല്ലേ നാം അത്ഭുതപ്പെടേണ്ടത് ?

            അതുകൊണ്ട് സംഘപരിവാരം നിഷേധിച്ച ഈ കുറിപ്പിന് പരമാവധി പ്രചാരണം കൊടുക്കുക എന്നത് ജനാധിപത്യ - മതേതര വിശ്വാസികളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തമാണ് എന്ന് ഞാന്‍ കരുതുന്നു.              

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം