#ദിനസരികള്‍ 135
യേശുവിന്റെ മനുഷ്യദര്‍ശനവും
മാര്‍ക്സിസവും എന്ന പേരില്‍ കെ പി പോള്‍ എഴുതിയ ഒരു പുസ്തകം ചിന്ത പബ്ലിഷേഴ്സ്
പുറത്തിറക്കിയിട്ടുണ്ട്.ബൈബിളിലെ മനുഷ്യത്വപരമായ ആശയാദര്‍ശങ്ങള്‍ എങ്ങനെയാണ് മാര്‍ക്സിസവുമായി
ചേര്‍ന്നു നില്ക്കുന്നതെന്നും ബൈബിള്‍ പിന്തുടരുന്നവര്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളോട്
ഐക്യപ്പെടേണ്ടിവരുന്നതെങ്ങനെയെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ചൂഷിതരും
ദരിദ്രരുമായ ഒരു പറ്റം ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ബൈബിള്‍ , സമത്വം
സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനവികമൂല്യങ്ങളിലാണ് കാല്‍കുത്തി നില്ക്കുന്നതെന്നും
അതേ മൂല്യങ്ങള്‍ തന്നെയാണ് മാര്‍ക്സിസവും പിന്‍പറ്റുന്നതെന്നും കെ പി പോള്‍
എഴുതുന്നു. മുതലാളിയും തൊഴിലാളിയുമായി മാര്‍ക്സ് ലോകത്തെ വിഭജിക്കുന്നതിന് എത്രയോ
മുമ്പുതന്നെ യേശു ഇല്ലാത്തവനെന്നും ഉള്ളവെനെന്നും ലോകത്തെ രണ്ടായി തിരിച്ചിരുന്നു.ഇല്ലാത്തവനോടൊപ്പം
ചേരുകയും അവന്റെ കണ്ണുനീര്‍ തുടക്കാന്‍ സ്വയം കൈലേസാകുകയും ചെയ്യുകവഴി അതുവരെ
അധികാരകേന്ദ്രങ്ങളോട് അടുത്തുനിന്നിരുന്ന മതസങ്കല്പങ്ങളെ നിരാകരിക്കുകയും ദൈവങ്ങളെ
വിശ ക്കുന്നവന്റെ ഇടയില്‍ പ്രതിഷ്ഠിക്കുകയുമാണ് യേശു ചെയ്തത്.പീഢിതന്റെ
വിമോചനത്തിന് വേണ്ടി ആയുധമെടുക്കുന്നതിനും വിപ്ലവകരമായ മുന്നേറ്റങ്ങള്‍
സംഘടിപ്പിക്കുന്നതിനും ബൈബിള്‍ എതിരാകുന്നില്ല. “ ഞാന്‍ സമാധാനമല്ല വാള്‍ അത്രേ വരുത്തുവാന്‍ വന്നത് , വസ്ത്രം വിറ്റും വാള്‍
കൊള്‍ക , ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളയുക ഇത്യാദി
ആഹ്വാനങ്ങളിലൂടെ ദൈവരാജ്യ വിലങ്ങുതടികള്‍ക്ക് എതിരായുള്ള തുറന്ന സമരത്തിന്
വിപ്ലവകാരിയായ ക്രിസ്തു കളമൊരുക്കുന്നു “ വെന്ന് കെ പി പോള്‍ എഴുതുന്നത് മാര്‍ക്സിസത്തോടുള്ള
കേവലമായ പ്രതിപത്തി കൊണ്ടുമാത്രമല്ലെന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു.
ഉത്പാദനോപാധികളുടെ പൊതു ഉടമസ്ഥാവകാശം എന്ന സങ്കല്പത്തിന്
ബൈബിള്‍ അനുകൂലമാണ്.ഒരു ക്രിസ്ത്യന്‍ കമ്യൂണ്‍ എന്ന സങ്കല്പം എങ്ങനെയെന്ന്
ഗ്രന്ഥകാരന്‍ പറയുന്നതു നോക്കുക “സകലവും
പൊതുവക എന്നെണ്ണുകയും ജന്മഭൂമികളും മറ്റു വസ്തുവകകളും വിറ്റ് അവനവന് ആവശ്യം
ഉള്ളതുപോലെ എല്ലാവരും പങ്കിട്ടെടുക്കുകയും ചെയ്തു.തനിക്കുള്ളതൊന്നും സ്വന്തം എന്ന്
ആരും പറഞ്ഞില്ല.സകലവും അവര്‍ക്ക് പൊതുവായിരുന്നു.മുട്ടുള്ളവര്‍ ആരും അവരില്‍
ഉണ്ടായിരുന്നില്ല” ആരു
ചൂഷകരും ചൂഷിതരുമില്ലാത്ത ഇത്തരം കമ്യൂണുകളുടെ സൃഷ്ടിക്ക് മാര്‍ക്സിസവും
എതിരല്ലല്ലോ.സ്വന്തം അധ്വാനിച്ച് അപ്പമുണ്ടാക്കിക്കഴിക്കുന്നവനോട് ബൈബിള്‍ പുലര്‍ത്തുന്ന
സ്നേഹാദരങ്ങള്‍ക്ക് എത്രയോ ഉദാഹരണങ്ങള്‍ ലഭ്യമാണ്.അധ്വാനിക്കുന്ന
കൃഷിക്കാരനാകുന്നു ആദ്യഫലം തിന്നേണ്ടത് എന്ന സങ്കല്പത്തിന്റെ വിപുലീകരണം മാത്രമാണ്
വിപ്ലവപ്രസ്ഥാനത്തിന്റെ കാതല്‍.അതുമനസ്സിലാക്കി വിമോചനത്തിന് വേണ്ടിയുള്ള മാര്‍ക്സിയന്‍
ദര്‍ശനങ്ങളിലുറച്ച സമരമുന്നേറ്റങ്ങള്‍ക്ക് പിന്തുണ നല്കലാണ് ഒരു യഥാര്‍ത്ഥ
വിശ്വാസിയുടെ സമകാലികമായ സത്വരകടമ എന്ന് ഈ പുസ്തകം പ്രഖ്യാപിക്കുന്നുണ്ട്. ആ
ആഹ്വാനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുവാന്‍
ബൈബിള്‍ പിന്തുടരുന്നവര്‍ തയ്യാറാകണം.
Comments