Saturday, June 10, 2017

#ദിനസരികള്‍ 59


ക്രാന്തദര്‍ശികളായ ഋഷിമാര്‍ സ്രഷ്ടാവായ ഒരു ദൈവത്തെ സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിക്കുന്നില്ല. നോക്കുക
            ഇയം വിസൃഷ്ടിര്‍ യത ആബഭൂവ                                 
            യദി വാ ദധേ യദി വാ ന
            യോ അസ്യാധ്യക്ഷ പരമേ വ്യേമന്‍
            സോ അംഗ വേദ യദി വാ ന വേദ:
ഇക്കാണാവുന്നതൊക്കെ ആരാണ് സൃഷ്ടിച്ചത് ? അല്ലെങ്കില്‍ ആര്‍ സൃഷ്ടിച്ചില്ല ?ആകാശത്തില്‍ അരുളി മരുവുന്ന അതിന് മാത്രമറിയാം. ചിലപ്പോള്‍ അതിനും അറിയില്ലെന്നും വരാം.സൃഷ്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് / ച്ചത് എന്ന് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഒരു നിഗമനത്തിലേക്കും ഋഷിമാര്‍ എത്തിച്ചേരുന്നില്ല.സി  വി വാസുദേവവഭട്ടതിരി തന്റെ ഭാരതീയ ദര്‍ശനങ്ങളില്‍ ഇങ്ങനെ എഴുതുന്നു ദൃശ്യപ്രപഞ്ചം എന്ന അത്ഭുതപ്രതിഭാസത്തിന്റെ ഉദ്ഭവമോ വികാസമോ പരിണാമമോ ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ മന്ത്രദ്രഷ്ടാക്കാളും ക്രാന്തദര്‍ശികളുമായ ഋഷിമാര്‍ കൈമലര്‍ത്തുന്നതേയുള്ളു. ഒന്നും ഉറപ്പിച്ച് പറയുന്നില്ല.വേദം ചില അത്ഭുതപ്രതിഭാസങ്ങളെ അലങ്കാരപ്പകിട്ടോടെ വര്‍ണ്ണിക്കയും അവക്ക് മൂര്‍ത്തരൂപം നല്കി ദേവത്വം കല്പിച്ച് ആരാധിക്കുകയുമേ ചെയ്യുന്നുള്ളു.യുക്തിക്ക് നിരക്കാത്ത വിധം ഒരു ലോകസ്രഷ്ടാവിനെ സൃഷ്ടിക്കുന്നില്ല
            പോകെപ്പോകെ പൌരോഹിത്യത്തിന് പ്രാധാന്യം കിട്ടുകയും ഋഗ്വേദമടക്കമുള്ള കൃതികളിലേക്ക് പുരോഹിതവര്‍ഗ്ഗത്തിന്റെ താല്പര്യത്തിന് അനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവുകയും ചെയ്തു. ഭരണകാര്യ ങ്ങളിലേര്‍‌പ്പെട്ട ക്ഷത്രിയര്‍ക്കുപോലും പുരോഹിതന്മാരെ ആശ്രയിക്കേണ്ടിവന്നു. ബ്രാഹ്മണപുരോഹിതന്മാരുടെ അനുഗ്രഹവും പിന്തുണയും ഭരണത്തിന്റെ പാവനത്വത്തിനും സുസ്ഥിരതക്കും ആവശ്യമായി വന്നു എന്ന് കെ ദാമോധരന്‍ എഴുതിയിട്ടുണ്ട് .
            ഷഡ് ദര്‍ശനങ്ങളില്‍ ന്യായ - വൈശേഷികങ്ങള്‍ അറിവ് നേടാനും വിതരണം ചെയ്യാനുമുള്ള വഴികളെക്കുറിച്ചും വാദപ്രതിവാദങ്ങളില്‍ പുലര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ കുലങ്കഷമായി ചര്‍ച്ച ചെയ്യുന്നു.ഇക്കാര്യങ്ങളില്‍ എവിടേയും ഒരു ദൈവത്തെ സ്ഥാപിക്കാനുള്ള അവസരമില്ല.ന്യായത്തിന്റെ ആചാര്യനായ ഗൌതമന് ഈശ്വരന്‍ ഒരു വിഷയമേ ആയിരുന്നില്ല.വൈശേഷികം , പദാര്‍ത്ഥങ്ങളെ വിഭജിക്കുന്ന കൂട്ടത്തില്‍ ആത്മാവിനെ സ്ഥാപിച്ചെടുക്കുന്നുണ്ടെങ്കിലും അതിനൊരു സ്രഷ്ടാവ് വേണമെന്ന് ശഠിക്കുന്നില്ല.കാരണം ആത്മാവ് നിത്യമാണെന്നതിനാല്‍ അതിനൊരു സ്രഷ്ടാവ് അനിവാര്യമല്ലല്ലോ.
            സാംഖ്യം പരിണാമത്തെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. കാരണത്തിന്റെ പരിണാമങ്ങള്‍ മാത്രമാണ് ഇക്കാണായതൊക്കെ ഒന്ന് വാദിക്കുന്ന സാംഖ്യത്തിന് സ്രഷ്ടാവിന്റെ ആവശ്യം തന്നെയില്ല.യോഗമാകട്ടെ ക്ലേശകര്‍മ്മങ്ങളില്ലാത്ത ഒരു പുരുഷനെ അഥവാ ഈശ്വരനെ സങ്കല്പിക്കുന്നുണ്ടെങ്കിലും പരിശീലനം കൊണ്ട് ആര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന ഒരവസ്ഥയാണ് അവരുടെ ഈശ്വരത്വം.
            വേദപ്രാമാണ്യം അംഗീകരിക്കുന്ന ദര്‍ശനമാണ് പൂര്‍വ്വ മീമാംസ. വേദത്തിലെ സങ്കല്പങ്ങളെക്കുറിച്ച് സാമാന്യേന നാം കണ്ടുകഴിഞ്ഞതാണ്. വേദാന്തമാകട്ടെ അദ്വൈതത്തെ പരിപോഷിപ്പിക്കുന്ന ചിന്താ പദ്ധതിയാണ്. അവിടെ സൃഷ്ടിയും ,സ്രഷ്ടാവുമില്ല. സര്‍വ്വം ഏകമാണ്. ഏകമായതിലുണ്ടായ വിവര്‍ത്തങ്ങളുടെ മായക്കാഴ്ച. ഈ വിവര്‍ത്ത വാദത്തെക്കുറിച്ച് ശ്രീനാരായണനും ആത്മോപദേശശതകത്തില്‍ പറയുന്നുണ്ട്.

            വേദങ്ങളിലോ വേദാന്തത്തിലോ ഇതര ദര്‍ശനങ്ങളിലോ പ്രപഞ്ചസ്രഷ്ടാവായ ഒരു ഈശ്വരനെ നമുക്ക് കണ്ടെത്താനാകില്ല. എന്നാല്‍ പൌരോഹിത്യത്തിന്റെ കൈകടത്തല്‍കൊണ്ട് അങ്ങനെ ഒരു സ്രഷ്ടാവിനെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഭാഗങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പൊതുവായ യുക്തിബോധത്തിനും ദര്‍ശനത്തിനും വിപരീതമായി മുഴച്ചുതന്നെ നില്ക്കുന്നുണ്ട്. സത്യമിതാണെന്നിരിക്കേ , പുരോഹിതവര്‍ഗ്ഗത്തിന്റെ അധികാരസംരക്ഷണത്തിനായി സ്ഥാപിച്ച വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടു ജനങ്ങളെ വിഭജിക്കുന്ന കുടിലബുദ്ധികളെ നാം തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമുണ്ട്.

Friday, June 9, 2017

#ദിനസരികള്‍ 58


ഹൈന്ദവദര്‍ശനങ്ങളിലെ ദൈവസങ്കല്പത്തെക്കുറിച്ച് അന്വേഷിക്കുന്നത് എനിക്ക് കൌതുകമുള്ള കാര്യമാണ്.നിരവധി ദൈവങ്ങളും ഉപദൈവങ്ങളുമടക്കം മുപ്പത്തിമുക്കോടി ഈശ്വരന്മാരുടെ ഉറവെടുക്കല്‍ എങ്ങനെയായിരുന്നു ? പൌരാണിക ഹൈന്ദവരുടെ ഈശ്വര സങ്കല്പമെന്തായിരുന്നു ? ഈ അന്വേഷണങ്ങള്‍ നമ്മെ നയിക്കുന്നത് പുരാതനമായ ഭാരതീയ ദര്‍ശനങ്ങളിലേക്കാണ്. ഭാരതീയ ദര്‍ശനങ്ങളെ , കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ആറായി തിരിച്ചിരിക്കുന്നു. അവ ന്യായം , വൈശേഷികം , സാംഖ്യം , യോഗം , മീമാംസ , വേദാന്തം എന്നിവയാണ്. ഈ ആറു ദര്‍ശനങ്ങളില്‍ മാത്രമായി പൌരാണിക ഭാരതീയ ചിന്തയെ ഒതുക്കി നിറുത്തുന്നതിന് കഴിയില്ല. കാരണം ,താന്ത്രികം , ചാര്‍വ്വാകം , ബൌദ്ധം , ജൈനം എന്നിവയൊക്കെ ഇന്ത്യന്‍ ദര്‍ശനങ്ങള്‍ തന്നെ. എന്നാല്‍ അവ വേദ പ്രാമാണ്യം തീര്‍ത്തും അംഗീകരിക്കാത്ത നാസ്തിക ദര്‍ശനങ്ങളാകയാല്‍ ( വേദ പ്രാമാണ്യം അംഗീകരിക്കാത്തവയെ നാസ്തികമെന്നും അല്ലാത്തവയെ ആസ്തികമെന്നുമാണ് വിളിക്കാറുള്ളത്. ആസ്തിക നാസ്തിക ദര്‍ശനങ്ങള്‍ ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്ന കാര്യം ശ്രദ്ധിക്കുക) നാസ്തികങ്ങള്‍ എന്നാണ് പ്രശസ്തി. അതുകൊണ്ട് ഈശ്വരാന്വേഷണവുമായി ചെന്നു കയറേണ്ടത് ആസ്തികദര്‍ശനങ്ങളിലേക്കാണ്.
ഷഡ്ദര്‍ശനങ്ങളെ പരിശോധിക്കുന്നതിന്  മുമ്പ് അപൌരുഷേയമെന്ന് പേരുകേട്ട വേദങ്ങളില്‍ പ്രഥമസ്ഥാനമുള്ള ഋഗ്വേദത്തില്‍ സ്രഷ്ടാവായ ഈശ്വരന് വല്ല സാധ്യതയുമുണ്ടോ എന്ന് നോക്കേണ്ടതാണ്. ഈശ്വരനായ സ്രഷ്ടാവ് എന്ന സങ്കല്പത്തെക്കുറിച്ച് ഋഗ്വേദത്തിന് അറിവൊന്നുമില്ല. എന്നു മാത്രമല്ല , മന്ത്രദ്രഷ്ടാക്കളായ ഋഷികള്‍ ഇല്ലയോ ഉണ്ടോ എന്ന തീര്‍ച്ച പറയാനാകാതെ ആകെ കുഴങ്ങിയ നിലയിലുമാണ് ഋഗ്വേദത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്രഷ്ടാവിനെപ്പറ്റിയോ അഥവാ സൃഷ്ടിയെപ്പറ്റിയോ എന്തെങ്കിലും പറയുന്നത് ,  നാസദാസീന്നോ സദാസീത്തദാനീം നാസീദ് രജോ നോ വ്യോമാ പരോ യത് എന്ന മന്ത്രമടങ്ങുന്ന സൂക്തത്തിലാണ്. അവിടേയും സ്രഷ്ടാവ് ഉണ്ട് എന്ന് അസന്നിഗ്ദമായ പറയുന്നില്ല
നാസദാസീന്നോ സദാസീത്തദാനീം
നാസീദ് രജോ നോ വ്യോമാ പരോ യത്
കിമാവരീവ കുഹ കസ്യ ശര്‍മന്‍

അംഭ കിമാസീദ് ഗഹനം ഗഭീരം - ആ സമയത്ത് ഉണ്മയും ഇല്ലായ്മയും ഉണ്ടായിരുന്നില്ല. വായുവും ആകാശവും ഉണ്ടായിരുന്നില്ല.ആരുടെ തുണയില്‍ എന്താണ് ഉള്‍ക്കൊണ്ടത് ? അഗാധമായ വെള്ളം ഉണ്ടായിരുന്നോ ? ഋഷിമാരുടെ സത്യസന്ധമായ ഈ അന്വേഷണരീതി നോക്കുക. ഉത്തരങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ട് ചോദ്യങ്ങള്‍ തയ്യാറാക്കുകയായിരുന്നില്ല മറിച്ച് , തങ്ങള്‍ക്കറിയാത്തതായിട്ടുള്ള വിഷയങ്ങളെ അന്വേഷിച്ചറിയുക എന്ന നയമായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് എന്തായിരുന്നു ആദ്യമുണ്ടായിരുന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടത്. ഇക്കാലത്തായിരുന്നെങ്കില്‍ സംശയരഹിതമായി നാം പറയുക ആദ്യം ദൈവമുണ്ടായിരുന്നു എന്നായിരിക്കും. ഈ അന്ധത ആ ഋഷിമാരില്‍ നമുക്ക് കണ്ടെത്താന്‍ കഴിയില്ല എന്നത് പ്രശംസനീയമാണ് 

Thursday, June 8, 2017

#ദിനസരികള്‍ 57


ത്രീസ്റ്റാറുകള്‍ക്കടക്കം ബാര്‍‌ലൈസന്‍സ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ സമകാലിക സാമൂഹിക അവസ്ഥയെ പരിഗണിച്ചുകൊണ്ടാണ് പുതിയ മദ്യനയം നടപ്പിലാക്കിയിരിക്കുന്നത് . മദ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുകയും അതുവഴി വ്യാജമദ്യദുരന്തം ഉണ്ടാകുന്നത് തടയുകയും ചെയ്യുക എന്ന ഉദ്ദേശമാണ് സര്‍ക്കാരിനുള്ളത്.ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാറിന്റെ  പുതിയ മദ്യനയവും അതുകൊണ്ടുതന്നെ പ്രശംസനീയമാണ്.
            കള്ളുവ്യവസായ മേഖലയില്‍ നിലനില്ക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരമായി ടൊഡിബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം ഉചിതമായിട്ടുണ്ട്.അതൊടൊപ്പം ത്രിസ്റ്റാര്‍ മുതലുള്ള ഹോട്ടലുകളില്‍ ശുദ്ധമായ കള്ള് വിതരണം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നു എന്നുള്ളത് ഈ മേഖലക്ക് ഗുണപ്രദമാണ്.കള്ളുഷാപ്പുകള്‍ സഹകരണസംഘങ്ങള്‍ക്ക് മാത്രമായി അനുവദിക്കുന്നതിനുള്ള നീക്കം ഉചിതമായിട്ടുണ്ട്. വ്യാജക്കള്ളിന്റെ വ്യാപനം തടയാന്‍ ഇതുവഴി കഴിയുമെന്ന സര്‍ക്കാര്‍ പ്രതീക്ഷ അസ്ഥാനത്താകില്ല എന്നുതന്നെ കരുതാം.
            വര്‍ദ്ധിച്ചുവരുന്ന മദ്യേതരലഹരിവസ്തുക്കളുടെ വ്യാപനം തടയുകയും മദ്യഉപഭോഗം തന്നെ കുറച്ചു കൊണ്ടു വരികയും ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്കുന്ന മുന്‍ഗണന പ്രത്യേകം പ്രസ്താവ്യമാണ്. ലഹരി നിര്‍മാര്‍ജ്ജന മിഷനായ വിമുക്തിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള തീരുമാനം അത്തരമൊരു നിലപാടിന്റെ ഭാഗമാണ്.
            അതൊടൊപ്പംതന്നെ രണ്ടു കാര്യങ്ങളില്‍ക്കൂടി സര്‍ക്കാര്‍ തന്മയത്വത്തോടെ ഇടപെടേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഒന്ന് ദേശീയപാതകള്‍ ഡിനോട്ടിഫൈ ചെയ്തുകൊണ്ട് സുപ്രിംകോടതി നിര്‍‌ദ്ദേശിച്ച അഞ്ഞൂറു മീറ്റര്‍ മാനദണ്ഡത്തെ മറികടക്കണം എന്നാണ് എന്റെ പക്ഷം.മുട്ടിന് മുട്ടിന് ആരാധനാലയങ്ങള്‍ ഉള്ള നമ്മുടെ നാട്ടില്‍ ബാറുകളുടെ പുനസ്ഥാപനം വെല്ലുവിളിയാണ്. അതോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മദ്യാലയങ്ങള്‍ പാടില്ല എന്നുകൂടി തീരുമാനിക്കണം. രണ്ടാമത്തേത് , സ്റ്റാറുകളുണ്ടാക്കുന്ന വിവേചനം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സൌകര്യങ്ങളുടെ പൊതുവായ മാനദണ്ഡം പ്രഖ്യാപിച്ചുകൊണ്ട് ,സ്റ്റാറ്‍ പദവികള്‍ എടുത്തുകളയണം. സൌകര്യങ്ങള്‍ കര്‍ശനമായ വ്യവസ്ഥക്ക് വിധേയമാക്കിക്കൊണ്ട് ബാറുകളുടെ  സ്റ്റാന്റേര്‍ഡ് നിലനിറുത്തണം.

            പതിവുപോലെ പ്രതിപക്ഷം മദ്യനയത്തിനെതിരെ തമാശയും കൊണ്ടു വന്നിട്ടുണ്ട്.സത്യത്തിന്റെ കണിക ലവലേശമേല്ക്കാത്ത ആരോപണങ്ങള്‍. അതു തള്ളിക്കളയാനുള്ള ആര്‍ജ്ജവം കേരളജനത കാണിക്കും എന്ന കാര്യത്തില്‍ സംശയമില്ല.അല്ലെങ്കിലും പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ വഴിക്കും സത്യം സത്യത്തിന്റെ വഴിക്കുമാണല്ലോ കുറച്ചു കാലമായി സഞ്ചരിക്കുന്നത്.

Wednesday, June 7, 2017

#ദിനസരികള്‍ 56


സീതാറാം യെച്ചൂരി ആക്രമിക്കപ്പെട്ടു.ഇന്നലെ ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ പൊളിറ്റ് ബ്യൂറോക്കു ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ്  അദ്ദേഹത്തെ സംഘപരിവാരപ്രവര്‍ത്തകര്‍ ആക്രമിച്ചത്.ഈ ആക്രമണത്തെ അപലപിച്ച മതേതരമനസ്സുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക എന്നത് ഈ കാലഘട്ടം ഒരു ഇന്ത്യന്‍ പൌരനില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും ചെറിയ ഉത്തരവാദിത്തമാണ്.
              ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്നിലുണ്ടായത് ഞെട്ടലല്ല. ഭൂരിപക്ഷ വര്‍ഗ്ഗിയത അതിന്റെ പത്തി വിരിച്ചാടുന്ന സമകാലിക ഇന്ത്യന്‍ പരിതോവസ്ഥകളില്‍ ഇടതുപക്ഷ നേതാക്കന്മാരും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടില്ല എങ്കിലാണ് ഞെട്ടലുണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ സഖാവിന് ശാരീരികമായി വല്ല അസ്വസ്ഥതകളും ഉണ്ടായോ എന്ന ആകാംക്ഷയായിരുന്നു എന്നില്‍ മുന്നിട്ടു നിന്നിരുന്നത്. ഏതൊരു കൊടിയ അനീതിക്കും മടിയില്ലാത്ത കാടന്മാരുടെ ആക്രമണത്തില്‍ എന്തും സംഭവിക്കാമല്ലോ എന്ന ചിന്ത മാത്രമാണ് എന്നെ ഭയപ്പെടുത്തിയത്. എന്നാല്‍ അത്തരത്തിലൊരു ഭയം അസ്ഥാനത്താണെന്ന് പിന്നീട് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കി.
            സത്യസന്ധമായ നിലപാടുകളുടെ തീക്ഷ്ണത , ആരെയൊക്കെയോ അസ്വസ്ഥമാക്കുകയും പൊള്ളിക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് യെച്ചൂരിയുടെ നേര്‍ക്കുണ്ടായിരിക്കുന്ന ഈ ആക്രമണം എന്ന കാര്യം വസ്തുതയാണ്. അതി ബൃഹത്തായ ഇന്ത്യയില്‍ കേവലം രണ്ടു സംസ്ഥാനത്ത് മാത്രം  ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ , ജാതി മത വര്‍ഗ്ഗീയ സങ്കുചിതത്വങ്ങളുടെ തോളിലേറി അഖില ഇന്ത്യയേയും അടക്കിഭരിക്കുന്നവര്‍ക്ക്  വെല്ലുവിളിയാകുന്നുവെങ്കില്‍ അതില്‍ മതേതരമനസ്സുകള്‍ അഭിമാനിക്കുക തന്നെ വേണം. കാരണം നമ്മള്‍ ശരിയായ വഴിയിലാണ്.

            നേതാക്കളെ അപായപ്പെടുത്തി പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല.അത്തരം നീക്കങ്ങള്‍ കണ്ടാലൊന്നും ഭയന്ന് ഓടിയൊളിക്കുന്നവരല്ല  ഈ ചെങ്കൊടി പ്രസ്ഥാനക്കാരെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും. എത്രയോ നേതാക്കന്മാരെ തൂക്കിലേറ്റിയിരിക്കുന്നു. വെട്ടിയും വെടിവെച്ചും കൊന്നിരിക്കുന്നു. അവരൊക്കെയും അണികളിലേക്ക് അളവില്ലാത്ത പോരാട്ടവീര്യമാണ് പകര്‍ന്നു നല്കിയത്. അല്ലാതെ ഭയവും ഒളിച്ചോടാനുള്ള പ്രേരണയുമല്ല. അതുകൊണ്ട് , ഈങ്കുലാബ് സിന്ദാബാദെന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തൂക്കുമരത്തിലേക്ക് കൂസലെന്യേ നടന്നു കയറിയ ചിരുകണ്ടന്റേയും അപ്പുവിന്റേയും കുഞ്ഞമ്പുവിന്റേയും അബൂബക്കറിന്റേയും പിന്‍തലമുറക്കാരെ ഭയപ്പെടുത്തി മാളത്തിലടയ്ക്കാം എന്ന് ആരെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അത് അസ്ഥാനത്താണെന്ന് മാത്രം സൂചിപ്പിച്ചുകൊള്ളട്ടെ.

Tuesday, June 6, 2017

#ദിനസരികള്‍ 55


            നാടന്‍ ചാരായം ഉണ്ടാക്കുന്നതിന് ഒരു പ്രഷര്‍കുക്കറും മുളപ്പിച്ച കുറച്ചു ധാന്യങ്ങളും മതി.ഇക്കാര്യം ഭരിക്കുന്നവര്‍ക്ക് അറിയില്ലെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും അറിയാം.ഭൂരിപക്ഷം പേര്‍ക്കും അറിയാമെങ്കിലും വളരെച്ചെറിയ ഒരു വിഭാഗം മാത്രമേ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കാറുള്ളു. അങ്ങനെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കുന്നവരില്‍ത്തന്നെ വളരെക്കുറച്ചു പേരേ നടപ്പില്‍ വരുത്തുവാന്‍ ഉദ്യമിക്കാറുള്ളു. ആ ഉദ്യമത്തെയാണ് നമ്മുടെ നിയമം നാടന്‍ വാറ്റ് എന്ന വിഭാഗത്തില്‍‍പ്പെടുത്തി , ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റകൃത്യമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കാറുള്ളത്. വില്പനക്ക് വേണ്ടി വന്‍‌തോതിലും വിശേഷാവസരങ്ങളിലേക്കായി വല്ലപ്പോഴും  വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇടക്കിടക്കും നാടനുണ്ടാക്കുക എന്നൊരു ശീലം നമ്മുടെ കുഗ്രാമങ്ങളിലെ ജനങ്ങളില്‍ തുടങ്ങിയിട്ടുണ്ടോ എന്ന് പുതിയ പഠനങ്ങളിലൂട കണ്ടെത്തേണ്ടതുണ്ട്.
            ഇത്രയും പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റുവന്ന് വെളിപാടുണ്ടായ പോലെ നടപ്പിലാക്കേണ്ടുന്ന ഒന്നല്ല മദ്യനിരോധനം എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്.ആരുടെയെങ്കിലും നാലുപേരുടെ കയ്യടിക്ക് വേണ്ടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മദ്യനിരോധനം പോലെയുള്ള നിരോധനങ്ങള്‍ സമൂഹത്തിന് ഗുണമാണോ ദോഷമാണോ വരുത്തുന്നതെന്ന് ധാര്‍മികതയുടെ പുറംപൂച്ചുകളില്‍ അഭിരമിക്കാത്ത , സ്വന്തമായി ചിന്തിക്കുവാന്‍ കഴിവുള്ളവര്‍  ഒന്ന് ആലോചിച്ചു നോക്കുന്നത് ഉചിതമായിരിക്കും.മദ്യം നിലവിലുണ്ടായിരുന്ന കാലത്തേക്കാള്‍ എത്രയോ ശതമാനം വര്‍ദ്ധനവാണ് ഇതര ലഹരിവസ്തുക്കള്‍ക്ക് ഇപ്പോള്‍ നമ്മുടെ സമൂഹത്തിലുണ്ടായിരിക്കുന്നത് എന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കാതിരിക്കില്ല.സമാന്തരമായ ഒരു ലഹരി സാമ്രാജ്യംതന്നെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.നമ്മുടെ യുവതലമുറയെ മുക്കിലും മൂലയിലും നിന്ന് ലഹരിയുടെ ഈ ചിലന്തികള്‍ വലയില്‍ കുടുക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മദ്യംപോലെ ഉപയോഗിച്ചു കഴിഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവയാണ് ഈ ലഹരിവസ്തുക്കള്‍ എന്നത് ഉപയോഗിക്കുവാനുള്ള പ്രവണതയെ വര്‍ദ്ധിപ്പിക്കുന്നു. മദ്യം കൊണ്ടുണ്ടാകുന്നതിനെക്കാള്‍ എത്രയോ ഭീകരമാണ് ഇത് എന്ന് നാം മനസ്സിലാക്കണം. ഫലത്തില്‍ മദ്യമെന്ന നീര്‍‌ക്കോലിക്കുപകരം രാജവെമ്പാലകള്‍ നമ്മുടെ സമൂഹത്തില്‍ വിളയാടാന്‍ ഇടവരും എന്നു സാരം
            ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിനും ഇത്തരം മദ്യനയത്തെ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനാവില്ല.നിരോധനത്തിന് പകരം നിയന്ത്രണങ്ങളാണ് വേണ്ടത്.മദ്യം ആവശ്യമില്ല എന്നൊരു തലത്തിലേക്ക് ബോധവത്കരണത്തിലൂടേയും മറ്റു പ്രവര്‍ത്തനങ്ങളിലൂടേയും ജനതയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്.അതല്ലാതെ നിരോധനങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ ദുരന്തങ്ങളാകുമുണ്ടാകും. ആ ദുരന്തങ്ങള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും വരാനിരിക്കുന്ന തലമുറകള്‍ക്ക് സ്വച്ഛമായ ജീവിതം അസാധ്യമായിത്തീരുകയും ചെയ്യും. അതുകൊണ്ട് കപടധാര്‍മികതയുടെ വാദങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക എന്നതാണ് സമൂഹത്തിന്റെ നന്‍മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് , സര്‍ക്കാറും.
            ചങ്ങമ്പുഴ ഈ കാപട്യക്കാരെ പണ്ട് ഇങ്ങനെ ഭര്‍ത്സിച്ചിട്ടുണ്ട്.
                        വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളംകള്ളു ചില്ലിന്‍
                        വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
                        ചെല്ലും തോതില്‍‌ച്ചെലുത്തി, ചിരി കളികളോടൊത്തു മേളിപ്പതേക്കാള്‍

                        സ്വര്‍‌ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ!

Monday, June 5, 2017

#ദിനസരികള്‍ 54


നളചരിതം. എഴുതപ്പെട്ടിട്ട് രണ്ടര നൂറ്റാണ്ടോളമായെങ്കിലും മലയാള കാവ്യലോകത്ത് ഇന്നും സിംഹാസനമിട്ടിരിക്കുന്ന ഏകച്ഛത്രാധിപതി.അവാച്യമായ അനുഭൂതികളുടെ മഹാസാഗരം.നവരസഭരിതം നളചരിതം. ഉപനിഷത് ഋഷികള്‍ ബ്രഹ്മാനുഭവം വാക്കുകള്‍ക്ക് അപ്രാപ്യമാണെന്ന് അവകാശപ്പെടുന്നതുപോലെ നളചരിതം നല്കുന്ന അനുഭവം എന്താണെന്ന് വിവരിക്കുവാന്‍ വാക്കുകള്‍ അശക്തം. അതുകൊണ്ട് ചെറുപതംഗികള്‍ അഗ്നിയിലേക്ക് ചെന്നു വീണ് ഉരുകിത്തീരുന്നതുപോലെ ഞാന്‍ നളചരിതം എന്ന രസവാഹിനിയിലേക്ക് നിപതിക്കുന്നു. വര്‍ണ്ണസംഘാതങ്ങളുടെ വിലോലവീചികളില്‍ ആനന്ദം കണ്ടെത്തുന്നു. മുങ്ങിയും പൊങ്ങിയും ഒലിച്ചും കരതൊട്ടും നളചരിതത്തില്‍ നീന്തിത്തുടിക്കുന്നു. അഹം ബ്രഹ്മാസ്മി എന്നല്ല അഹം രസോസ്മി എന്നുണരുന്നു.
            അടിമുടി രസനിഷ്യന്ദിയെങ്കിലും ഈ കൃതിയിലെ ഏതേതു പദങ്ങളാണ് എന്നെ കൂടുതല്‍ കൂടുതല്‍ ഭ്രമിപ്പിക്കുന്നത് ? എന്റെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ ആകാശമാകുന്നത് ? അത്തരമൊരു അന്വേഷണത്തിന് ഉത്തരം തേടുക എന്നത് നചികേതസ് മരണരഹസ്യമറിയാന്‍ ശ്രമിച്ച പോലെ അസാധ്യമെങ്കിലും ശ്രമിക്കാതിരിക്കുക എന്നത് മൌഡ്യമാകുമോ എന്നൊരു ആശങ്കയാല്‍ എന്റെ പ്രിയപ്പെട്ട നളചരിതത്തിലെ അതിപ്രിയകരങ്ങളായ പദങ്ങളേതൊക്കെ എന്ന് കണ്ടെത്താനുള്ള ഒരു ശ്രമം നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കസ്മിന്‍ നു ഭഗവോ വിജ്ഞാതേ സര്‍വ്വമിദം വിജ്ഞാതം ഭവതി എന്ന് ശൌനകന്‍ ചോദിച്ചതുപോലെ , ഏതു പദത്തെ അറിഞ്ഞാലാണോ നളചരിതം അറിയാന്‍ കഴിയുന്നത് എന്ന് ഞാനും ചോദിച്ചു നോക്കട്ടെ. ഭാരതീയ തത്വജ്ഞാനികളില്‍ നിര്‍ണായകസ്വാധീനമുള്ള ശ്രീകൃഷ്ണന്‍ പറഞ്ഞുപോലെ കര്‍മ്മത്തിലാണ് ശ്രദ്ധ.ഫലത്തിലല്ല. ഉത്തരം ലഭിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല എന്നര്‍ത്ഥം.
            കഥ തുടങ്ങുന്നത് നിഷധരാജാവായ നളന്റെ സമീപത്തേക്ക് നാരദന്‍ വരുന്നതോടുകൂടിയാണ്. തന്റെ കൊട്ടാരത്തിലേക്ക് വന്ന മഹാമുനിയെ ആദരിച്ചിരുത്തിയ ശേഷം അദ്ദേഹത്തോട് നളന്‍ ആഗമനോദ്ദേശം ആരായുന്നു. സംപ്രീതനായ നാരദന്‍ നളനോട് കുണ്ഡിനപുരത്ത് ദേവന്മാര്‍ പോലും കൊതിക്കുന്ന രൂപസൌന്ദര്യമുള്ള ദമയന്തി എന്നു പേരായ ഒരു തരുണീമണി ഉണ്ടെന്ന് അറിയിക്കുന്നു ഈരേഴുപകിനാലുലോകങ്ങളിലും അവളെപ്പോലൊരു  കന്യകാരത്നത്തെ കണ്ടെത്തുക അസാധ്യമാണ്. നീ രാജാവായതുകൊണ്ട് ലോകത്തുള്ള രത്നങ്ങളെല്ലാം നിനക്ക് അവകാശപ്പെട്ടതാണെന്നും അത് കൈക്കലാക്കുന്നതിന് ആവശ്യമായ യത്നങ്ങള്‍ ചെയ്യണമെന്നും നാരദന്‍ നളനെ ഉപദേശിക്കുന്നു.

            നാരദന്‍ വിടപറഞ്ഞിതിന് ശേഷം മുനി പറഞ്ഞ ദമയന്തിയില്‍ മനസ്സുടക്കിപ്പോയ നളന്‍ അസ്വസ്ഥനാകുന്നു. നാരദന്‍ പറയുന്നതിന് മുമ്പുതന്നെ ദമയന്തിയെപ്പറ്റി നളന്‍ കേട്ടിട്ടുണ്ടെങ്കിലും നാരദന്റെ ഉപദേശം കൂടിയായപ്പോള്‍ നളന്റെ ആധി ഏറുകയാണുണ്ടായത്. പ്രണയപരവശനായ നളന്‍ ഇനി അവളെ സ്വന്തമാക്കാന്‍ എന്തു വഴി എന്ന ആലോചനയില്‍ മുഴുകി.നാലാം പദമായി ഉണ്ണായി വാര്യര്‍ നളന്റെ ഈ പരവേശത്തെ അവതരിപ്പിക്കുന്നു. (അവസാനിക്കുന്നില്ല )

Sunday, June 4, 2017

#ദിനസരികള്‍ 53


ഇന്ന് പരിസ്ഥിതി ദിനമാണ്. എല്ലാ സവിശേഷദിനങ്ങളിലും മലയാളി ഊര്‍ജ്ജസ്വലരായി ഉണര്‍‌ന്നെഴുന്നേല്ക്കുന്നതുപോലെത്തന്നെ ഇന്നും എഴുന്നേറ്റിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂണ്‍ അഞ്ച് എന്ന പരിസ്ഥിതി ദിനം ഉയര്‍ത്തുന്ന സന്ദേശങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്യപ്പെടുന്നു. ലോകമാകെ വ്യാപിച്ചിരിക്കുന്ന പ്രകൃതിചൂഷണത്തിന്റെ തിക്തവശങ്ങളെക്കുറിച്ചും അവയെ അതിജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെ ക്കുറിച്ചുമൊക്കെ ബോധവത്കരണം നടക്കുന്നു.പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതുന്നു.ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളും നേതാക്കന്മാരും ചെടിനടുന്നതിന്റേയും പ്രകൃതിപ്രഭാഷണങ്ങള്‍ നടത്തുന്നതിന്റേയും മനോഹരമായ കാഴ്ചകള്‍ പങ്കുവെക്കുന്നു. കവികള്‍ കവിതകളെഴുതുന്നു. ഗായകര്‍ കീര്‍ത്തനങ്ങള്‍ പാടുന്നു. ചിത്രകാരന്മാര്‍ ചിത്രം വരക്കുന്നു. എല്ലാം നല്ലതുതന്നെ.
            1972 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരമാണ് ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. അന്നു മുതല്‍ ഇന്നു വരെ ഈ ദിനത്തില്‍ ലോകത്താകമാനം നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുവാനും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും ലോകമാകെയുള്ള പ്രകൃതി സ്നേഹികള്‍ ശ്രമിച്ചുവരുന്നു.വര്‍ഷത്തില്‍ ഒരു ദിനമെങ്കിലും നാം പുലരുന്ന ലോകത്തിനായി മാറ്റി വെക്കാന്‍ നമുക്ക് കഴിഞ്ഞത് മഹനീയമായ കാര്യംതന്നെയാണ്.
            ഈ അവസരത്തില്‍ , ജൂണ്‍ 5 എന്ന പരിസ്ഥിതിദിനത്തില്‍ ഉന്നയിക്കപ്പെടുന്ന മുദ്രാവാക്യങ്ങളോടും പ്രവര്‍ത്തനങ്ങളോടും നാം എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നുണ്ട് എന്ന ചോദ്യം അപരാധമാകില്ല എന്നു വിചാരിക്കുന്നു.ആഘോഷിക്കുവാനുള്ള ഒരു കാരണം എന്നതിലപ്പുറം പ്രകൃതിസംരക്ഷണം വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു യജ്ഞമാണെന്ന ധാരണ നമുക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.കുറേ മരങ്ങള്‍ നടുക , കുറേ പ്രസംഗങ്ങളും പരിപാടികളും നടത്തുക പത്രമാധ്യമങ്ങളി‍ല്‍ ഫോട്ടോയും പേരും അച്ചടിവരുക ഇതിനപ്പുറമുള്ള ഒരു കാഴ്ചപ്പാട് നാം പുലര്‍ത്തുന്നുണ്ടോ എന്ന് കുലങ്കഷമായി പരിശോധിക്കുവാന്‍ ഈ അവസരം നാം ഉപയോഗപ്പെടുത്തണം
            നട്ട മരങ്ങളുടെ കണക്കു വെച്ചാണെങ്കില്‍ കേരളം പണ്ടേ വനമായി മാറിയിട്ടുണ്ടാകുമായിരുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും , സ്ഥാപനങ്ങളും , സര്‍ക്കാറും വ്യക്തികളുമെല്ലാം ചേര്‍ന്ന് നട്ടത് കോടിക്കണക്കിന് മരങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ വനങ്ങള്‍ക്കു നടുവിലാകുമായിരുന്നു. പക്ഷി മൃഗാദികളും വൃക്ഷലതാദികളും കൊണ്ട് കേരളം  സമ്പന്നമായിട്ടുണ്ടാകുമായിരുന്നു. തരിശു കിടക്കുന്ന ഒരു സെന്റ് സ്ഥലം പോലും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. ജലക്ഷാമം ഇങ്ങനെ രൂക്ഷമാകുമായിരുന്നില്ല. കേരളത്തില്‍ പരിസ്ഥിതി ദിനം ആചരിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല.

            അതുകൊണ്ട് ഈ പരിസ്ഥിതി ദിനത്തില്‍ നാം എടുക്കേണ്ടത് നടുന്ന ചെടികളെ സംരക്ഷിക്കും എന്ന പ്രതിജ്ഞയാണ്. ഒരു ദിനത്തിലെ ആവേശമല്ല , ഒരു കൊല്ലം മുഴുവന്‍ നീണ്ടു നില്ക്കുന്ന ആര്‍ജ്ജവത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇനി നമ്മുടെ പ്രകൃതിക്ക് ആവശ്യം.