#ദിനസരികള്‍ 58
ഹൈന്ദവദര്‍ശനങ്ങളിലെ
ദൈവസങ്കല്പത്തെക്കുറിച്ച് അന്വേഷിക്കുന്നത് എനിക്ക് കൌതുകമുള്ള കാര്യമാണ്.നിരവധി
ദൈവങ്ങളും ഉപദൈവങ്ങളുമടക്കം മുപ്പത്തിമുക്കോടി ഈശ്വരന്മാരുടെ ഉറവെടുക്കല്‍
എങ്ങനെയായിരുന്നു ? പൌരാണിക
ഹൈന്ദവരുടെ ഈശ്വര സങ്കല്പമെന്തായിരുന്നു ? ഈ അന്വേഷണങ്ങള്‍ നമ്മെ നയിക്കുന്നത് പുരാതനമായ
ഭാരതീയ ദര്‍ശനങ്ങളിലേക്കാണ്. ഭാരതീയ ദര്‍ശനങ്ങളെ , കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ
അടിസ്ഥാനമാക്കി ആറായി തിരിച്ചിരിക്കുന്നു. അവ ന്യായം , വൈശേഷികം , സാംഖ്യം , യോഗം
, മീമാംസ , വേദാന്തം എന്നിവയാണ്. ഈ ആറു ദര്‍ശനങ്ങളില്‍ മാത്രമായി പൌരാണിക ഭാരതീയ
ചിന്തയെ ഒതുക്കി നിറുത്തുന്നതിന് കഴിയില്ല. കാരണം ,താന്ത്രികം , ചാര്‍വ്വാകം ,
ബൌദ്ധം , ജൈനം എന്നിവയൊക്കെ ഇന്ത്യന്‍ ദര്‍ശനങ്ങള്‍ തന്നെ. എന്നാല്‍ അവ വേദ
പ്രാമാണ്യം തീര്‍ത്തും അംഗീകരിക്കാത്ത നാസ്തിക ദര്‍ശനങ്ങളാകയാല്‍ ( വേദ പ്രാമാണ്യം
അംഗീകരിക്കാത്തവയെ നാസ്തികമെന്നും അല്ലാത്തവയെ ആസ്തികമെന്നുമാണ് വിളിക്കാറുള്ളത്.
ആസ്തിക –
നാസ്തിക ദര്‍ശനങ്ങള്‍ ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്ന കാര്യം
ശ്രദ്ധിക്കുക) നാസ്തികങ്ങള്‍ എന്നാണ് പ്രശസ്തി. അതുകൊണ്ട് ഈശ്വരാന്വേഷണവുമായി
ചെന്നു കയറേണ്ടത് ആസ്തികദര്‍ശനങ്ങളിലേക്കാണ്.
ഷഡ്ദര്‍ശനങ്ങളെ
പരിശോധിക്കുന്നതിന് മുമ്പ് അപൌരുഷേയമെന്ന്
പേരുകേട്ട വേദങ്ങളില്‍ പ്രഥമസ്ഥാനമുള്ള ഋഗ്വേദത്തില്‍ സ്രഷ്ടാവായ ഈശ്വരന് വല്ല
സാധ്യതയുമുണ്ടോ എന്ന് നോക്കേണ്ടതാണ്. ഈശ്വരനായ സ്രഷ്ടാവ് എന്ന
സങ്കല്പത്തെക്കുറിച്ച് ഋഗ്വേദത്തിന് അറിവൊന്നുമില്ല. എന്നു മാത്രമല്ല ,
മന്ത്രദ്രഷ്ടാക്കളായ ഋഷികള്‍ ഇല്ലയോ ഉണ്ടോ എന്ന തീര്‍ച്ച പറയാനാകാതെ ആകെ കുഴങ്ങിയ
നിലയിലുമാണ് ഋഗ്വേദത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്രഷ്ടാവിനെപ്പറ്റിയോ അഥവാ
സൃഷ്ടിയെപ്പറ്റിയോ എന്തെങ്കിലും പറയുന്നത് , “നാസദാസീന്നോ സദാസീത്തദാനീം നാസീദ്
രജോ നോ വ്യോമാ പരോ യത്” എന്ന മന്ത്രമടങ്ങുന്ന
സൂക്തത്തിലാണ്. അവിടേയും സ്രഷ്ടാവ് ഉണ്ട് എന്ന് അസന്നിഗ്ദമായ പറയുന്നില്ല
നാസദാസീന്നോ സദാസീത്തദാനീം
നാസീദ് രജോ നോ വ്യോമാ പരോ യത്
കിമാവരീവ കുഹ കസ്യ ശര്‍മന്‍
അംഭ കിമാസീദ് ഗഹനം ഗഭീരം - ആ
സമയത്ത് ഉണ്മയും ഇല്ലായ്മയും ഉണ്ടായിരുന്നില്ല. വായുവും ആകാശവും
ഉണ്ടായിരുന്നില്ല.ആരുടെ തുണയില്‍ എന്താണ് ഉള്‍ക്കൊണ്ടത് ? അഗാധമായ വെള്ളം ഉണ്ടായിരുന്നോ ? ഋഷിമാരുടെ സത്യസന്ധമായ ഈ അന്വേഷണരീതി നോക്കുക. ഉത്തരങ്ങള്‍ നേരത്തെ
കണ്ടെത്തിയിട്ട് ചോദ്യങ്ങള്‍ തയ്യാറാക്കുകയായിരുന്നില്ല മറിച്ച് , തങ്ങള്‍ക്കറിയാത്തതായിട്ടുള്ള
വിഷയങ്ങളെ അന്വേഷിച്ചറിയുക എന്ന നയമായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.
അതുകൊണ്ടാണ് എന്തായിരുന്നു ആദ്യമുണ്ടായിരുന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടത്.
ഇക്കാലത്തായിരുന്നെങ്കില്‍ സംശയരഹിതമായി നാം പറയുക ആദ്യം ദൈവമുണ്ടായിരുന്നു
എന്നായിരിക്കും. ഈ അന്ധത ആ ഋഷിമാരില്‍ നമുക്ക് കണ്ടെത്താന്‍ കഴിയില്ല എന്നത്
പ്രശംസനീയമാണ്
Comments