Sunday, June 4, 2017

#ദിനസരികള്‍ 53


ഇന്ന് പരിസ്ഥിതി ദിനമാണ്. എല്ലാ സവിശേഷദിനങ്ങളിലും മലയാളി ഊര്‍ജ്ജസ്വലരായി ഉണര്‍‌ന്നെഴുന്നേല്ക്കുന്നതുപോലെത്തന്നെ ഇന്നും എഴുന്നേറ്റിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂണ്‍ അഞ്ച് എന്ന പരിസ്ഥിതി ദിനം ഉയര്‍ത്തുന്ന സന്ദേശങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്യപ്പെടുന്നു. ലോകമാകെ വ്യാപിച്ചിരിക്കുന്ന പ്രകൃതിചൂഷണത്തിന്റെ തിക്തവശങ്ങളെക്കുറിച്ചും അവയെ അതിജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെ ക്കുറിച്ചുമൊക്കെ ബോധവത്കരണം നടക്കുന്നു.പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതുന്നു.ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളും നേതാക്കന്മാരും ചെടിനടുന്നതിന്റേയും പ്രകൃതിപ്രഭാഷണങ്ങള്‍ നടത്തുന്നതിന്റേയും മനോഹരമായ കാഴ്ചകള്‍ പങ്കുവെക്കുന്നു. കവികള്‍ കവിതകളെഴുതുന്നു. ഗായകര്‍ കീര്‍ത്തനങ്ങള്‍ പാടുന്നു. ചിത്രകാരന്മാര്‍ ചിത്രം വരക്കുന്നു. എല്ലാം നല്ലതുതന്നെ.
            1972 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരമാണ് ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. അന്നു മുതല്‍ ഇന്നു വരെ ഈ ദിനത്തില്‍ ലോകത്താകമാനം നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുവാനും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും ലോകമാകെയുള്ള പ്രകൃതി സ്നേഹികള്‍ ശ്രമിച്ചുവരുന്നു.വര്‍ഷത്തില്‍ ഒരു ദിനമെങ്കിലും നാം പുലരുന്ന ലോകത്തിനായി മാറ്റി വെക്കാന്‍ നമുക്ക് കഴിഞ്ഞത് മഹനീയമായ കാര്യംതന്നെയാണ്.
            ഈ അവസരത്തില്‍ , ജൂണ്‍ 5 എന്ന പരിസ്ഥിതിദിനത്തില്‍ ഉന്നയിക്കപ്പെടുന്ന മുദ്രാവാക്യങ്ങളോടും പ്രവര്‍ത്തനങ്ങളോടും നാം എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നുണ്ട് എന്ന ചോദ്യം അപരാധമാകില്ല എന്നു വിചാരിക്കുന്നു.ആഘോഷിക്കുവാനുള്ള ഒരു കാരണം എന്നതിലപ്പുറം പ്രകൃതിസംരക്ഷണം വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു യജ്ഞമാണെന്ന ധാരണ നമുക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.കുറേ മരങ്ങള്‍ നടുക , കുറേ പ്രസംഗങ്ങളും പരിപാടികളും നടത്തുക പത്രമാധ്യമങ്ങളി‍ല്‍ ഫോട്ടോയും പേരും അച്ചടിവരുക ഇതിനപ്പുറമുള്ള ഒരു കാഴ്ചപ്പാട് നാം പുലര്‍ത്തുന്നുണ്ടോ എന്ന് കുലങ്കഷമായി പരിശോധിക്കുവാന്‍ ഈ അവസരം നാം ഉപയോഗപ്പെടുത്തണം
            നട്ട മരങ്ങളുടെ കണക്കു വെച്ചാണെങ്കില്‍ കേരളം പണ്ടേ വനമായി മാറിയിട്ടുണ്ടാകുമായിരുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും , സ്ഥാപനങ്ങളും , സര്‍ക്കാറും വ്യക്തികളുമെല്ലാം ചേര്‍ന്ന് നട്ടത് കോടിക്കണക്കിന് മരങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ വനങ്ങള്‍ക്കു നടുവിലാകുമായിരുന്നു. പക്ഷി മൃഗാദികളും വൃക്ഷലതാദികളും കൊണ്ട് കേരളം  സമ്പന്നമായിട്ടുണ്ടാകുമായിരുന്നു. തരിശു കിടക്കുന്ന ഒരു സെന്റ് സ്ഥലം പോലും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. ജലക്ഷാമം ഇങ്ങനെ രൂക്ഷമാകുമായിരുന്നില്ല. കേരളത്തില്‍ പരിസ്ഥിതി ദിനം ആചരിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല.

            അതുകൊണ്ട് ഈ പരിസ്ഥിതി ദിനത്തില്‍ നാം എടുക്കേണ്ടത് നടുന്ന ചെടികളെ സംരക്ഷിക്കും എന്ന പ്രതിജ്ഞയാണ്. ഒരു ദിനത്തിലെ ആവേശമല്ല , ഒരു കൊല്ലം മുഴുവന്‍ നീണ്ടു നില്ക്കുന്ന ആര്‍ജ്ജവത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇനി നമ്മുടെ പ്രകൃതിക്ക് ആവശ്യം.
Post a Comment