#ദിനസരികള്‍ 618
|| ആത്മോപദേശശതകത്തിലെ സാമൂഹികത || നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തിന് നാളിതുവരെ ധാരാളം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രുതിപ്രോക്തമായ അദ്വൈതാനുഭൂതിയുടെ സാക്ഷാത്കാരത്തിന് ഉപോല്‍ബലകമായി വര്‍ത്തിക്കുന്ന കൃതികളില്‍ പ്രഥമസ്ഥാനത്താണ് ഈ രചന എന്ന വിശേഷണത്തിനാണ് പലരും കൂടുതല്‍ പ്രസക്തി അനുവദിച്ചിരിക്കുന്നത്.അദ്വൈതാനുസാരിയായ ഒരു സന്യാസിയുടെ പ്രകൃഷ്ടകൃതിയെക്കുറിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരുക വിഷമം പിടിച്ച സംഗതിയൊന്നുമല്ല. അതുകൊണ്ടുതന്നെ തന്റെ ബൌദ്ധികസ്വത്തുകളുടെ നേരവകാശിയായി ഗുരു കണക്കാക്കിയിരുന്ന നടരാജഗുരു മുതലിങ്ങോട്ട് മുനി നാരായണപ്രസാദുവരെ ആത്മീയതക്ക് കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നു കാണാം.പഠിതാക്കള്‍ അത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതില്‍ തെറ്റൊന്നുമുണ്ടെന്നല്ല എന്റെ വാദം. ഗുരുതന്നെ ആത്മീയതയിലൂന്നി നിന്നുകൊണ്ടുള്ള സംവാദത്തിനാണ് കൂടുതല്‍ സമയവും പ്രാധാന്യവും കൊടുത്തിരിക്കുന്നതെന്നതുകൂടി പരിഗണിക്കുക. എന്നാല്‍ കേവലമായ ആത്മീയത മാത്രമല്ല ആ കൃതിയുടെ...