#ദിനസരികള്‍ 616
ഇനിമുതല്‍ ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന്
വ്യാപാരികളും വ്യവസായികളും ചരക്കുവാഹന ഉടമകളും ഹോട്ടല്‍ ഉടമകളും മറ്റും മറ്റും
ചേര്‍ന്ന് കോഴിക്കോട് വെച്ച് നടത്തിയ
യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നു.എന്നു മാത്രവുമല്ല 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായും
ആചരിക്കുമെന്നും സംഘടനകളുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ! വ്യാപാരികളുടെ ഇടയില്‍ ഹര്‍ത്താലിനെതിരെയുള്ള വികാരം
പൊതുവെ നിലനിന്നിരുന്നുവെങ്കിലും വ്യക്തമായ യാതൊരു കാരണവുമില്ലാതെ ഒരു മാസം മൂന്നു
ദിവസങ്ങളിലായി ബി ജെ പി നടത്തിയ ഹര്‍ത്താലുകളാണ് വ്യാപാരി സമൂഹത്തെ
പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍
പ്രോകോപിച്ചത്.ഇങ്ങനെ നടത്തുന്ന അനാവശ്യമായ ഹര്‍ത്താലുകള്‍ വ്യാപാരരംഗത്ത് വലിയ
നഷ്ടങ്ങളാണുണ്ടാക്കുന്നതെന്നും അതുകൊണ്ട് ഇനി മുതല്‍ ഹര്‍ത്താലുകളില്‍ ലോറികളും
മറ്റു വാഹനങ്ങളും ഓടുമെന്നും കടകമ്പോളങ്ങള്‍ തുറക്കുമെന്നുമാണ് സംയുക്തസമിതിയുടെ
തീരുമാനം
ഒരു ജനാധിപത്യ സംവിധാനത്തിനുള്ളില്‍
നിന്നുകൊണ്ട് ഏറ്റവും ഫലപ്രദമായും ഗുണപരമായും പ്രവര്‍ത്തിക്കേണ്ട സംഘങ്ങളാണ്
രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതിരിക്കുകയും
സങ്കുചിതമായ താല്പര്യങ്ങളെ മുന്‍നിറുത്തിക്കൊണ്ട് ഇടപെടുകയും ചെയ്യുന്നതോടെ
രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലുന്നു. ബി ജെ പിക്ക് സംഭവിച്ചതും
ഇതാണ്. രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള വ്യഗ്രതയില്‍ ജനാധിപത്യ മര്യാദകളെ
മറന്നുകൊണ്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് വ്യാപാരി വ്യവസായികളെ ഹര്‍ത്താലിനെതിരെ
ശക്തമായി നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.അതല്ലെങ്കിലും രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ
വളര്‍ച്ചക്ക് കൊടിപിടിക്കേണ്ട ഒരു കക്ഷി എന്ന നിലയില്‍ ബി ജെ പി ഇതുവരേയും ഉയര്‍ന്നു
വന്നിട്ടില്ല. ജാതി മതസംഘടനകളുടെ തണലില്‍ വര്‍ഗ്ഗീയത വിതച്ച് മുതലെടുപ്പു നടത്തി
അധികാരത്തിലെത്തി എന്നതല്ലാതെ ജനാധിപത്യത്തിന്റെ അന്തസ്സ് അവരിനിയും ഉള്‍ക്കൊണ്ടിട്ടില്ല.
ജനകീയ പ്രശ്നങ്ങളുയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയല്ലല്ലോ അവര്‍
നമ്മുടെ രാജ്യത്ത് ചുവടുറപ്പിച്ചത് ? ജനകീയ പ്രശ്നങ്ങളെ ഉന്നയിച്ചുകൊണ്ട്
സമരം നടത്തിയതിന്റെ ഒരു ചരിത്രം അവര്‍ക്കില്ല. നുണ പ്രചരിപ്പിച്ചും
വ്യാജവാഗ്ദാനങ്ങള്‍ നല്കിയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പുകളെ
നേരിട്ടതു്. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ
സത്യസന്ധതയോടെ അവര്‍ ഇടപെടുമെന്ന് നാം കരുതുന്നത് വിഡ്ഢിത്തരമാണ്.ആയതിനാല്‍ ബി ജെ
പിയുടേതടക്കമുള്ള വര്‍ഗ്ഗീയകക്ഷികള്‍ നടത്തുന്ന പ്രതിലോമകരമായ ഹര്‍ത്താലുകളെ
വ്യാപാരിസമൂഹം തള്ളിക്കളയണമെന്നുതന്നെയാണ് എന്റെ അഭ്യര്‍ത്ഥന.
അങ്ങനെയൊക്കെയാണെങ്കിലും
ഹര്‍ത്താല്‍ വിരുദ്ധ നിലപാടിനോട് ഐക്യപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള എന്തെങ്കിലും
വാദമുഖങ്ങള്‍ വ്യാപാരി സമൂഹത്തിന് മുന്നോട്ടു വെയ്ക്കാന്‍ കഴിയുന്നില്ലെന്നതു
എടുത്തു പറയേണ്ട വസ്തുതയാണ്. എന്നു മാത്രവുമല്ല തങ്ങളുടേതായ ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനുവേണ്ടി കടയടച്ചിട്ടുകൊണ്ടുള്ള ഹര്‍ത്താലുകള്‍ ഇനിയും
നടത്തുമെന്ന നിലപാടു സ്വീകരിച്ചതോടുകൂടി വ്യാപാരി സമൂഹത്തിന്റെ ഇരട്ടത്താപ്പാണ്
പുറത്തായിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സമരമാകാം മറ്റുള്ളവര്‍ക്ക്
അനുവദനീയമല്ലെന്ന വാദം കാപട്യവും ജനാധിപത്യ വിരുദ്ധവുമാണ്.
ഹര്‍ത്താല്‍ ആധുനിക ജനസമൂഹത്തിന് ചേര്‍ന്ന
സമരരീതിയല്ലെന്നും കാലഹരണപ്പെട്ട ഒരായുധമായി മാറിയതുകൊണ്ട്
അതുപയോഗിക്കരുതെന്നുമുള്ള വാദങ്ങളില്‍ നിന്നും മുഖം തിരിക്കേണ്ടതില്ലെന്നു
മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടുതുമാണ്.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട്
നടത്തപ്പെടുന്ന ഹര്‍ത്താലുകള്‍ അനാവശ്യമാണെന്നാണ് അത്തരക്കാര്‍ വാദിക്കുന്നത്. ഒരു
പാടു ജനങ്ങള്‍ ഉജ്ജ്വലമായ നിരവധി സമരങ്ങളിലൂടെ തങ്ങളുടെ ജീവിതമടക്കമുള്ള
സ്വാതന്ത്ര്യങ്ങള്‍ ബലിയര്‍പ്പിച്ചതുകൊണ്ടാണ് ഇന്നത്തെ സമൂഹം ഈ നിലയിലേക്ക്
എത്തപ്പെട്ടതെന്ന കാര്യം അവര്‍ ബോധപൂര്‍വ്വം മറക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന
സ്വാതന്ത്ര്യവും ആധുനിക ജീവിത സൌഭാഗ്യങ്ങളും ഒരാളുടേയും ഔദാര്യത്തിനു വേണ്ടി
കാത്തു നിന്ന് ഉണ്ടാക്കിയെടുത്തതല്ല. നിരന്തരമായി നടത്തിയ സമരങ്ങളുടെ ഫലമാണത്.
ലോകത്തിലെ ഏത് ആധുനിക രാജ്യത്തോടും തുല്യതപ്പെടുത്താവുന്ന കേരള മാതൃക രൂപം
കൊണ്ടതും അങ്ങനെത്തന്നെയാണ്.അങ്ങനെ നേടിയ ഈ
സുഖവും സ്വാതന്ത്ര്യവും അനുഭവിക്കുന്നവരാണ് ഇന്ന് അരാഷ്ട്രീയതയുടെ പുറത്തുകയറി
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് കൈയ്യടി
വാങ്ങാന്‍ ശ്രമിക്കുന്നത്.അത് ചരിത്രബോധമില്ലാത്ത അല്പത്തരമല്ലെങ്കില്‍പ്പിന്നെ മറ്റെന്താണ്
?
കേരളത്തിലെ ജനസാമാന്യം തന്നെയാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടേയും
മൂലധനം.ആ ജനസാമാന്യത്തിന് ബോധ്യപ്പെട്ടു കൊണ്ട് ഹര്‍ത്താല്‍ വിരുദ്ധ
തീരുമാനങ്ങളുണ്ടാകുകയാണെങ്കില്‍ സ്വാഗതം ചെയ്യപ്പെടുക തന്നെ വേണം. അതുകൊണ്ട് ഹര്‍ത്താല്‍
ജനവിരുദ്ധമാണെന്നുള്ള പ്രചാരണം സംഘടിപ്പിക്കുന്നതിന് എല്ലാവര്‍ക്കും
സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വ്യാപാരി സമൂഹം ചെയ്തതുപോലെ ഹര്‍ത്താല്‍
അനുവദിക്കുകയില്ല എന്ന പ്രഖ്യാപനം ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്.വ്യാപാരികള്‍
ഇന്നനുഭവിക്കുന്ന പല തരത്തിലുള്ള അവകാശങ്ങളും നേടിയെടുക്കാന്‍ രാഷ്ട്രീയ
പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ചരിത്രമാണ്. ഉദാഹരണത്തിന് റീട്ടെയില്‍ രംഗത്തെ
കുത്തകകള്‍ക്കെതിരെയുള്ള സമരങ്ങളെ ഓര്‍മിക്കുക.എന്താണ് വ്യാപാരിസമൂഹം ജനതക്ക്
മടക്കിക്കൊടുത്തത് എന്നുകൂടി സ്വയം വിമര്‍ശനപരമായി വിലയിരുത്തേണ്ട ഘട്ടമാണിത്.
ഒരു കാര്യം ആവര്‍ത്തിച്ചു പറയട്ടെ. ജാതിയുടേയും
മതത്തിന്റേയും പേരില്‍ വസ്തുതാവിരുദ്ധവും സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നതുമായ ഹര്‍ത്താലുകള്‍
നടത്തുന്നതിനെതിരെ പ്രതികരിക്കുവാന്‍ വ്യാപാരിസമൂഹത്തിനും
ഉത്തരവാദിത്തമുണ്ട്.അത്തരം ഹര്‍ത്താലുകളോട് അവര്‍ നോ എന്നു പറയുക തന്നെ വേണം.
എന്നാല്‍ ജീവിക്കുവാനുള്ള എല്ലാ വഴിയും അടയുമ്പോള്‍ , വിലക്കയറ്റം കൊണ്ടും
തൊഴിലില്ലായ്മ കൊണ്ടും രാജ്യത്തിന്റെ പരമാധികാരമില്ലാതാക്കുള്ള കുത്സിതശ്രമങ്ങള്‍
കൊണ്ടുമൊക്കെ ജനത വലയുമ്പോള്‍ അവസാനത്തെ പോംവഴിയായി ഹര്‍ത്താലടക്കമുള്ള പ്രതിഷേധരീതികള്‍ പ്രഖ്യാപിച്ചുകൊണ്ട്
പ്രതിരോധത്തിന്റെ കോട്ടകള്‍ തീര്‍ക്കാനുള്ള അവരുടെ അവകാശം ചോദ്യം ചെയ്യപ്പെടരുത്.
അങ്ങനെ ആയുധങ്ങള്‍ വേട്ടക്കാരന്റെ കൈയ്യില്‍ ജീവന്‍ എടുക്കാനും ജ്ഞാനിയായ
വൈദ്യന്റെ കൈകളില്‍ ജീവന്‍ രക്ഷിക്കാനുള്ള ഒന്നായും മാറുന്നുവെന്നതുപോലെ
സമരായുധങ്ങളും പ്രയോഗിക്കപ്പടണം. അവസാനഘട്ടത്തിലെ സമരരീതിയായി ഉപയോഗിക്കേണ്ടതിനെ
ആദ്യം തന്നെ പ്രഖ്യാപിക്കാതിരിക്കാനുള്ള മര്യാദ രാഷ്ട്രീയ പാര്‍ട്ടികളും കാണിക്കണം.അതുകൊണ്ട്
വ്യാപാര സമൂഹം ഇപ്പോളെടുത്തിരിക്കുന്ന നിലപാടു മാറ്റിക്കൊണ്ട് നിര്‍മാണാത്മകമായ
സമരരീതികളോട് ഐക്യപ്പെടുകയാണ് വേണ്ടത്.
Comments