#ദിനസരികള്‍ 615
ഇന്നലെ ഒരു പരസ്യം കണ്ടു. ഒരു കണ്ണാശുപത്രിയുടെ പരസ്യമാണ്. നിങ്ങളില്‍
പലരും കണ്ടിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എത്ര മനോഹരമായിട്ടാണ് ആ പരസ്യം
ഇണക്കിയെടുത്തിരിക്കുന്നത് ?
എന്താണോ തങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് അതിന്റെ പരമാവധി ചുരുങ്ങിയ
സമയത്തിനുള്ളില്‍ ഒരിക്കലും മായാത്തവണ്ണം പ്രേക്ഷകരുടെ മനസ്സിലെത്തിക്കാന്‍ അതിന്റെ
പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ കഴിഞ്ഞിട്ടുണ്ട്.
ഞാനൊരു നിര്‍മാതാവായിരുന്നെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവരെ വിളിച്ചൊരു
സിനിമ ഏല്പിക്കുമായിരുന്നു.ഈയൊരൊറ്റ പരസ്യം കൊണ്ട് അത്രമാത്രം വിശ്വാസ്യത അവര്‍
നേടിയെടുത്തിട്ടുണ്ടെന്ന് സമ്മതിക്കാതെ തരമില്ല.മലയാളത്തില്‍ ഇത്തരത്തിലൊരു പരസ്യം
നാളിതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല. ആ പരസ്യം തയ്യാറാക്കിയവരെ ഒരിക്കല്‍ കൂടി
ഹാര്‍ദ്ദവമായി അഭിനന്ദിക്കട്ടെ !
നാം കേട്ട പരസ്യങ്ങളില്‍ ഇതുപോലെ ഓര്‍ത്തിരിക്കാന്‍
കഴിയുന്നവ എത്രയെണ്ണമുണ്ട് ? എന്റെ മനസ്സിലേക്ക് ആദ്യം
തന്നെ ഓടി വരുന്നത് ഉജാലയുടെ ഒരു കവിതയാണ്. വെള്ളവസ്ത്രമലക്കീടില്‍ ശോഭിക്കും ഉള്ള
വസ്ത്രവും എന്നു തുടങ്ങുന്ന കവിത. ഒരു പക്ഷേ എന്തെങ്കിലും മേന്‍മകൊണ്ടായിരിക്കില്ല
മറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍പ്പിക്കപ്പെട്ടതുകൊണ്ടായിരിക്കണം
ഉജാലക്കവിതകള്‍ മനസ്സില്‍ കേറി നില്ക്കുന്നത്. താരതമ്യേന പുതിയ കാലവുമായി
ബന്ധപ്പെട്ട ബൂസ്റ്റ്, കോംപ്ലാന്‍ ബോയി എന്നിവയൊക്കെ കൊതിതുള്ളിക്കുന്ന ഓര്‍മകളാണ്.വാഷിംഗ്
പൌഡര്‍ നിര്‍മ , ലൈഫ് ബോയി എവിടെയോ അവിടെയാണാരോഗ്യം , രാമച്ചത്തിന്റെ കുളിരും
കസ്തൂരിമഞ്ഞളിന്റെ കാന്തിയുമായി രാധാസ്, രാധേ അതിമനോഹരമായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട്
നമ്മെ സമീപിക്കുന്ന ഇദയം എണ്ണ, ആകാശ് പമ്പുസെറ്റിന്റെ റേഡിയോ പരസ്യം,
ഫാക്ടംഫോസിന്റേയും സുഫലയുടേയും പരസ്യങ്ങള്‍ എന്നിവയൊക്കെ ഓര്‍മയിലുണ്ട്.
ഹേമമാലിനിയുടെ മാറിടത്തേക്കു നോക്കി വൈകീട്ടെന്താ പരിപാടി
എന്നു ചോദിക്കുന്ന ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെതിരെ
കലിതുള്ളിയത് ഓര്‍മയില്ലേ ? പരസ്യവുമായി ബന്ധപ്പെട്ട്
മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും വിവാദമായ വിവാദം അതായിരിക്കണം. സുന്ദരകളേബരനായ
മോഹന്‍ലാലിനെ കങ്കാളസദൃശനെന്നാണ് അഴീക്കോട് ആക്ഷേപിച്ചത്. സിനിമയുമായി ബന്ധമില്ലാത്ത ഒരാള്‍ സിനിമയുമായി
ബന്ധപ്പെട്ട് അഭിപ്രായം പറയരുതെന്നോ മറ്റൊ ഇടപെട്ടതിന് ഇന്നസെന്റിനും കണക്കിനു
കിട്ടി.പരസ്യങ്ങളിലെന്നല്ല എവിടേയും സമൂഹം നല്കിയ അംഗീകാരത്തിന്റെ
സാധ്യതയുപയോഗിക്കുമ്പോള്‍ പതിന്മടങ്ങ് നാം ജാഗരൂരകരായിരിക്കണമെന്നാണ് അഴീക്കോട്
അന്ന് ശഠിച്ചത്.അതെന്തുമാകട്ടെ വൈകീട്ടെന്താ പരിപാടി എന്ന പരസ്യം മലയാളികളുടെ
മനസ്സില്‍ കയറിയതാണ്.
ഹിന്ദി
ചിത്രഹാറിനിടയിലും മലയാളത്തിലെ ചിത്രഗീതത്തിനിടയിലും ശല്യങ്ങളായിട്ടാണ് പരസ്യങ്ങള്‍
കടന്നുവരുന്നതെങ്കിലും ചിലതൊക്കെ രസകരങ്ങളുമായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍
ഒരുല്പന്നത്തെ , അല്ലെങ്കില്‍ ഒരാശയത്തെ സമര്‍ത്ഥമായി സ്ഥാപിച്ചെടുക്കുക എന്ന
വെല്ലുവിളിയെയാണ് പരസ്യനിര്‍മാതാക്കള്‍ നേരിടുന്നത്. ആ വെല്ലുവിളിയെ ഭംഗിയായും ആസ്വാദ്യകരമായും
പൂര്‍ത്തിയാക്കുന്നവരെയാണ് പ്രേക്ഷകരായ നമ്മള്‍ ഓര്‍ത്തുവെയ്ക്കുന്നത്.
Comments