#ദിനസരികള്‍ 618



||ആത്മോപദേശശതകത്തിലെ സാമൂഹികത||

            നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തിന് നാളിതുവരെ ധാരാളം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രുതിപ്രോക്തമായ അദ്വൈതാനുഭൂതിയുടെ സാക്ഷാത്കാരത്തിന് ഉപോല്‍ബലകമായി വര്‍ത്തിക്കുന്ന കൃതികളില്‍ പ്രഥമസ്ഥാനത്താണ് ഈ രചന എന്ന വിശേഷണത്തിനാണ് പലരും കൂടുതല്‍ പ്രസക്തി അനുവദിച്ചിരിക്കുന്നത്.അദ്വൈതാനുസാരിയായ ഒരു സന്യാസിയുടെ പ്രകൃഷ്ടകൃതിയെക്കുറിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരുക വിഷമം പിടിച്ച സംഗതിയൊന്നുമല്ല. അതുകൊണ്ടുതന്നെ തന്റെ ബൌദ്ധികസ്വത്തുകളുടെ നേരവകാശിയായി ഗുരു കണക്കാക്കിയിരുന്ന നടരാജഗുരു മുതലിങ്ങോട്ട് മുനി നാരായണപ്രസാദുവരെ ആത്മീയതക്ക് കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നു കാണാം.പഠിതാക്ക‍ള്‍ അത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതില്‍ തെറ്റൊന്നുമുണ്ടെന്നല്ല എന്റെ വാദം. ഗുരുതന്നെ ആത്മീയതയിലൂന്നി നിന്നുകൊണ്ടുള്ള സംവാദത്തിനാണ് കൂടുതല്‍ സമയവും പ്രാധാന്യവും കൊടുത്തിരിക്കുന്നതെന്നതുകൂടി പരിഗണിക്കുക. എന്നാല്‍ കേവലമായ ആത്മീയത മാത്രമല്ല ആ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. മറിച്ച് സാമൂഹികതയിലാണ് ചുവടുറപ്പിച്ചിരിക്കുന്നതെന്നതുകൊണ്ടുകൂടിയാണ്. ഗുരുവിന് ഇഹവും പരവും പരസ്പരം പോരടിക്കുന്ന വിരുദ്ധ ശക്തികളല്ല , ഒന്നൊന്നില്‍ നിന്ന് നിറവുതേടി പുണര്‍ന്നു കഴിയേണ്ട അഭിന്നങ്ങളാണ്. അതുകൊണ്ട് ആത്മീയതയെ മാത്രം മുന്‍നിറുത്തി നാരായാണഗുരുവിനെ വ്യാഖ്യാനിച്ചെടുക്കുന്നത് ശരിയല്ലെന്നും അത്രത്തോളം തന്നെ ചിലപ്പോള്‍ അതിലധികവുമായി ഗുരു പുലര്‍ത്തിപ്പോന്ന സാമൂഹികതയ്ക്കും പ്രാധാന്യം കൈവരുന്നുണ്ടെന്നും നാം മനസ്സിലാക്കണം.

            ശ്രീനാരായണ ദര്‍ശനങ്ങളുടെ അസാമാന്യമായ തനിമ പുലര്‍ത്തുന്ന വിചാരലോകത്തെ ഒരു ശ്ലോകത്തിലേക്ക് ചുരുക്കുവാനുള്ള ശ്രമത്തെ അവിവേകമായി പരിഗണിക്കാതിരിക്കുമെങ്കില്‍ ആത്മേപദേശശതകത്തിലെ നൂറു ശ്ലോകങ്ങളിലെ ആത്മീയതയെ മുഴുവാനായിത്തന്നെ ഒരൊറ്റ ശ്ലോകത്തിലേക്ക് ഒതുക്കി നിറുത്താവുന്നതേയുള്ളു. ശ്രീനാരായണദര്‍ശനങ്ങളുടെ ആകെത്തുകയായി ആ ശ്ലോകം സ്ഥാനപ്പെടുന്നതുകാണാം. നോക്കുക

ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും .

പ്രസ്തുത കൃതിയിലെ എണ്‍പത്തിമൂന്നാമത്തെ ശ്ലോകമായി ഗുരു വിളക്കിച്ചേര്‍ത്തിരിക്കുന്ന ഈ കണ്ണിയില്‍ അദ്വൈതചിന്തയുടെ സമസ്ത മധുരിമകളും ഒത്തു ചേര്‍ന്നു തിരനോട്ടം നടത്തുന്നതായി നമുക്കു കാണാം. ഇതിലും ഗരീയസ്സായ മറ്റൊരു ശ്ലോകത്തെ കണ്ടെത്തുക വിഷമകരംതന്നെയാണ്.ഗഹനങ്ങളെന്ന് പുകഴ്‌പെറ്റ അദ്വൈത ചിന്തയുടെ സവിശേഷമായ പല തലങ്ങളും ഈ ശ്ലോകത്തിലേക്ക് അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.

            സാധാരണക്കാരനായ മനുഷ്യനെ തന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും നാരായണഗുരു മറന്നിട്ടില്ല, മാറ്റി നിറുത്തിയിട്ടുമില്ല. എന്നുമാത്രവുമല്ല ജീവിതത്തിലാണെങ്കിലും ചിന്തകളിലാണെങ്കിലും അവനുവേണ്ടി പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും കേന്ദ്രസ്ഥാനത്തേക്ക് വലിച്ചടുപ്പിക്കാനുമുള്ള നിരന്തരമായ ഒരു ശ്രമം ഗുരു നടത്തുന്നുമുണ്ട്.ആത്മോപദേശ ശതകത്തിലും ഈ ശ്രമം ശക്തിപ്പെട്ടു തന്നെ നിലനില്ക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ആധ്യാത്മികതയിലെന്നതുപോലെതന്നെ സാമൂഹികതയിലും വ്യാപിക്കുന്ന ജീവിതങ്ങള്‍ക്ക് വഴിയരുളുക എന്ന ദൌത്യത്തെ ഗുരു നെഞ്ചേറ്റുന്നുമുണ്ട്.സാധകന് ആത്മവിദ്യ പറഞ്ഞു കൊടുക്കുന്നതിനൊപ്പം എങ്ങനെ ഒരു നല്ല മനുഷ്യനായി ജീവിച്ചുപോകാം എന്ന ചോദ്യത്തെക്കൂടി അഭിവാദ്യം ചെയ്തുകൊണ്ടു ഉത്തരം കണ്ടെത്താന്‍ ഗുരു ശ്രമിക്കുന്ന ചില ശ്ലോകങ്ങളുണ്ട്. അത്തരം ശ്ലോകങ്ങളെ അടുക്കിയെടുത്തുകൊണ്ട് ശ്രീനാരായണന്‍ ആത്മോപദേശശതകം എന്ന കൃതിയില്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യജീവിതത്തെ രേഖപ്പെടുത്താവുന്നതാണ്.

            കരുണയിലൂന്നിനിന്നുകൊണ്ടുള്ള ഒരു ജീവിതത്തെ കരുപ്പിടിപ്പിക്കുവാന്‍ മനുഷ്യര്‍ പരിശ്രമിക്കണമെന്ന ചിന്തക്ക് ഗുരുവില്‍ പ്രാധാന്യമുണ്ട്.സഹജീവികളോടുള്ള ഈ കരുണയാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതങ്ങളെ മാറ്റി മറിച്ചു കൊണ്ടു ഗുരു നടത്തിയ ഇടപെടലുകളുടെ കാതല്‍. ആധ്യാത്മിക ജീവിതത്തിലേക്ക് പ്രവേശിച്ചു പോയ ഒരാചാര്യന് ചുറ്റും നടക്കുന്നതിനെയൊക്കെയും പ്രാപഞ്ചിക ദുഖങ്ങളെന്നു വിലയിരുത്തി കടന്നുപോകാമായിരുന്നു.തന്റെ മുന്‍ഗാമികളില്‍ ഭൂരിഭാഗവും ചെയ്തപോലെ ഗുരു അതിനു തുനിഞ്ഞില്ലെന്നു മാത്രമല്ല കര്‍ശനമായി ഇടപെടുക കൂടി ചെയ്തതോടെ സന്യാസത്തിന്റെ സാമൂഹികമായ ഒരു മുഖത്തെ കേരളം തിരിച്ചറിയുകയായിരുന്നു.മനുഷ്യന്‍ ജീവിക്കുന്ന ഒരു ഘട്ടവും തനിക്ക് അന്യമല്ലെന്ന ആ പ്രഖ്യാപനം കേരളത്തിന്റെ ഭൌതികാന്തരീക്ഷത്തെ മാറ്റി മറിച്ചു. ഗീതയിലെ കാമ്യാനാം കര്‍മണം ന്യാസം സന്യാസം എന്ന വിഖ്യാതവും വിധ്യാത്മകവുമായ നിബന്ധനയ്ക്ക് കടകവിരുദ്ധമായ ഒരു സന്യാസത്തെ ഗുരു ബോധപൂര്‍വ്വം ആവാഹിച്ചെടുത്തു.അതുകൊണ്ടാണ് ശ്രീനാരായണന്‍ സാമൂഹ്യപരിഷ്കര്‍ത്താവു കൂടിയാകുന്നത്.

            ഇവിടെ നിന്നുകൊണ്ടാണ് ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയിലെ സാമൂഹ്യദര്‍ശനത്തെ വേര്‍തിരിച്ചെടുക്കാന്‍ നാം ശ്രമിക്കുന്നത്.ശതകത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഈ ശ്ലോകങ്ങളുടെ പൊതുവായ കാഴ്ചപ്പാട് നിലനില്ക്കുന്ന വ്യവസ്ഥിതികളെ എങ്ങനെ മാനവികമായി ഉപയോഗിക്കാമെന്നും കൂടുതല്‍ നല്ല ഒരു വ്യവസ്ഥയെക്കുറിച്ച് ആലോചിക്കാമെന്നുമാണ്.ഒരുവന്‍ അപരനോട് ഇണങ്ങിപ്പോകേണ്ടതെന്തിന് എന്നും എങ്ങനെയെന്നുമുള്ള പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളെ ഗുരു ഇവിടെ പരിഗണിക്കുന്നുണ്ടെന്നുതന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് ഈ ഒമ്പതു ശ്ലോകങ്ങളെ ഗൂരുവിന്റെ സാമൂഹ്യബോധത്തിന്റെ അളവുകോലായി അവതരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നത്.

അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.     
 
പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.   

പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.  

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
           
            സമൂഹത്തില്‍ കാലാകാലങ്ങളായി വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ ബലപ്പെടുന്നതിനനുസരിച്ച് ഓരോ കൃതികളേയും വായിച്ചെടുക്കുന്ന രീതികള്‍ക്കും വ്യാത്യാസങ്ങളുണ്ടാകുക സ്വാഭാവികമായിരിക്കും. നൂറുകൊല്ലം മുമ്പ് ഇന്ദുലേഖ എന്ന നോവല്‍ വായിച്ചെടുത്ത ഒരു പരിപ്രേക്ഷ്യത്തിലായിരിക്കില്ലല്ലോ ഇക്കാലത്ത് ഒരു അനുവാചകന്‍ നിലയുറപ്പിക്കുക.അതുപോലെതന്നെ ശ്രീനാരായണനേയും മനുഷ്യനോട് കൂടുതല്‍ അടുപ്പിച്ചു നിറുത്തുന്ന വായനകള്‍ ഇനിയുമുണ്ടാകേണ്ടതുണ്ട് എന്ന പ്രതീക്ഷ ഞാനും മുറുകെപ്പിടിക്കുന്നു.







Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം