#ദിനസരികള്‍ 614
എം എന്‍ വിജയനുമായി 1993 ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ മത
ചിഹ്നങ്ങള്‍ വഹിക്കുന്ന ചെറുപ്പക്കാര്‍ കൂടിവരികയാണല്ലോ ഇതെന്തുകൊണ്ടാണ് എന്നൊരു
ചോദ്യം സി കൃഷ്ണദാസ് ഉന്നയിക്കുന്നുണ്ട്.വിജയന്‍ മാസ്റ്റര്‍ ആ ചോദ്യത്തിന്
നല്കുന്ന മറുപടി നോക്കുക -“
ഓരോ അടയാളവും പരസ്പരം അകറ്റുന്ന ഉദാസീനങ്ങളല്ലാത്ത
അടയാളങ്ങളായിത്തീരുന്നു.കൂടുതല്‍ ഹിന്ദുക്കള്‍ പൊട്ടുതൊടുകയും കൂടുതല്‍
മുസ്ലീങ്ങള്‍ താടിവളര്‍ത്തുകയും ചെയ്യുമ്പോള്‍ സ്വം , പരം എന്ന വ്യത്യാസം
വരുന്നു.ഒരടയാളം ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുകയും മറ്റൊരു ഗ്രൂപ്പിനെ ശത്രുവായി
കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഈ അടയാള ധര്‍മ്മം ഫാസിസവും ഹിന്ദുത്വവും
സമര്‍ത്ഥമായി ഉപയോഗിക്കുന്നു.പൊട്ടും തൊപ്പിയും കള്‍ച്ചറല്‍ ആണ്.നാച്വറല്‍
അല്ല.അതുകൊണ്ട് അടയാളങ്ങള്‍ സ്വാഭാവികമായ മനുഷ്യത്വത്തെ തിരസ്കരിക്കാനുള്ള
ഉപകരണങ്ങളായിത്തീരുന്നു.മനുഷ്യന്റെ പ്രാഥമിക ഐക്യത്തെ മായ്ച്ചുകളയാനുള്ള മാര്‍ഗ്ഗമായിരിക്കെത്തന്നെ
ഭരിക്കാനുള്ള മാര്‍ഗ്ഗവും ആയിത്തീരുന്നു.”
നിരുപദ്രവമെന്നു
നാം ധരിക്കുന്ന ചില അടയാളങ്ങളുടെ പിന്നിലെ സങ്കീര്‍ണവും സാമൂഹികവുമായ
മാനസികാവസ്ഥയെക്കുറിച്ചാണ് വിജയന്‍ മാസ്റ്റര്‍ ചിന്തിക്കുന്നത്.അപരവത്കരിക്കുക
എന്ന പ്രവണത എക്കാലത്തേയുംകാള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍
കഴിഞ്ഞുപോകുന്നവരെന്ന നിലയില്‍ നാം അറിഞ്ഞോ അറിയാതെയോ പകര്‍ത്താന്‍ ശ്രമിക്കുന്ന
ചില അടയാളങ്ങള്‍ സജാതീയമായ സംഘങ്ങളോട് സംവദിക്കുന്നത് ഞാനും നിങ്ങളുടെ
കൂടെത്തന്നെയാണ് എന്നാണ്.നിങ്ങളെടുക്കുന്ന മുദ്രാവാക്യങ്ങളുടെ പ്രത്യക്ഷമായ
മുനകളോട് വിയോജിപ്പുണ്ടെങ്കിലും അത്തരമൊരു മുദ്രാവാക്യം പരുവംകൊണ്ടു വന്ന
സാഹചര്യങ്ങളോട് യോജിക്കുന്നുവെന്നാണ്.ഇത് ജനാധിപത്യക്രമങ്ങളില്‍
അക്രമമുണ്ടാക്കുന്നു.ചില പ്രത്യേക താല്പര്യങ്ങള്‍ക്കു പിന്നില്‍ ചിലപ്പോഴൊക്കെ
ശരീരംകൊണ്ടും പലപ്പോഴും മനസ്സുകൊണ്ടും ഐക്യപ്പെടുന്നു.നാം അറിഞ്ഞോ അറിയാതെയോ
വിഭാഗീയമായ , കുറച്ചൂകൂടി തുറന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയമായ ഒന്നിനെ പിന്‍പറ്റുന്നു. മതകീയമായ എല്ലാത്തരം ചിഹ്നങ്ങള്‍ക്കും
പിന്നിലെ താല്പര്യമിതാണ്. മനുഷ്യര്‍ തമ്മില്‍തമ്മില്‍ മുറിവുകളില്ലാത്ത
ഐക്യപ്പെടലുകളെ ഇത്തരം താല്പര്യങ്ങള്‍ അംഗീകരിക്കുന്നില്ല.
പോംവഴി ? “ഭൌതിക
യാഥാര്‍ത്ഥ്യങ്ങള്‍ - മനുഷ്യന്റെ തലയിലെഴുത്ത് – ഒന്നാണെന്ന് പഠിപ്പിക്കുക മാത്രമാണ്
മോചനത്തിനുള്ള മാര്‍ഗ്ഗ”
മെന്ന്
എം എന്‍ വിജയന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.മനുഷ്യര്‍ നേരിടുന്ന
വിശപ്പിന്റേയും മറ്റു തരത്തിലുള്ള വിഹ്വലതകളുടേയും അടിസ്ഥാന കാരണങ്ങള്‍ ഭൌതികമാണെന്ന
ബോധമുണ്ടാക്കിയെടുക്കുകയെന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി.എളുപ്പത്തില്‍
നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല അത്. വേരുറച്ചു പോയ ധാരണകളെ ഇളക്കിമറിക്കുകയെന്നത്
ക്ഷിപ്രസാധ്യമല്ല.എന്നാല്‍പ്പോലും നാം നേരിട്ട കെടുതികളില്‍ നിന്നും വിടുതല്‍
നേടണമെങ്കില്‍ തെരുവുയുദ്ധങ്ങളിലേക്ക് എത്തിപ്പെടുന്ന വിശ്വാസ സംരക്ഷണപ്രഘോഷണങ്ങള്‍
നിയന്ത്രിക്കപ്പെടുക തന്നെ വേണം.ഇനിയുള്ള മുന്നേറ്റങ്ങള്‍ അത്തരം ദിശയിലേക്കുള്ളതാകേണ്ടതുണ്ടെന്നു
തന്നെയാണ് എം എന്‍ വിജയനും ചൂണ്ടിക്കാണിക്കുന്നത്.പ്രസ്തുത അഭിമുഖത്തില്‍ നിന്നും
നാം ആവര്‍ത്തിച്ചുറപ്പിക്കേണ്ട ഒരാശയെത്തെക്കൂടി ഉദ്ധരിച്ചുകൊണ്ട് വിരമിക്കട്ട “
ഉദാസീനമായ മനസ്സ് ആവര്‍ത്തിച്ചു പറയുന്ന ഏതുകാര്യവും
വിശ്വസിക്കും.ഉദാസീനതയുടെ ഫലമാണ് വിശ്വാസം.വിശ്വാസം സ്വസ്ഥത തരുന്നു.ഉദാസീന മനസ്സ്
ആവര്‍ത്തിച്ചു പറയുന്ന നുണകള്‍ വിശ്വസിക്കുമെന്ന ഗീബല്‍സ് തന്ത്രം
ഫാസിസത്തിന്റേയും മാര്‍ഗ്ഗമായിത്തീരുന്നു”
Comments