#ദിനസരികള്‍ 613
||ചോദ്യോത്തരങ്ങള്||
ചോദ്യം : സുനില് പി ഇളയിടത്തിനെതിരെ വ്യാപകമായി ആക്ഷേപങ്ങള് ഉയരുന്നുണ്ടല്ലോ ?
ഉത്തരം : ചിലതൊക്കെ കാണുന്നുണ്ട്. പക്ഷേ നാളിതുവരെ ഉന്നയിക്കപ്പെട്ട ഒരാക്ഷേപവും സുനില് പി ഇളയിടത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുളള ആശങ്കകളുണ്ടാക്കാന് പര്യാപ്തമായവയല്ല.ആ ആരോപണങ്ങളെല്ലാംതന്നെ വെറുതെ എറിയപ്പെടുന്ന കല്ലുകളാണ്. അവയ്ക്കു പിന്നിലെ സങ്കുചിതമായ മനസ്സുകളെ മലയാളികള് മനസ്സിലാക്കിക്കഴിഞ്ഞുവെന്നു വേണം കരുതാന്. എന്നു മാത്രവുമല്ല സുനില് പറയുന്നത് ചില കോണുകളില് അതിശക്തമായി ചെന്നു കൊള്ളുന്നുണ്ടെന്നുകൂടി ഈ സംഭവങ്ങള് വെളിപ്പെടുത്തുന്നു. ആര്‌ക്കെതിരെയാണോ സുനില് പി ഇളയിടം കര്ക്കശമായ നിലപാടുകള് സ്വീകരിക്കുന്നത് അതേ കോമാളിക്കൂട്ടംതന്നെയാണ് അദ്ദേഹത്തെ ഒളിച്ചിരുന്നെറിഞ്ഞു വീഴ്ത്താന് ശ്രമിക്കുന്നത്.കഴമ്പില്ലാത്ത അത്തരം ആരോപണങ്ങള് ഇനിയും സുനിലിനെതിരെ വരുമെന്നു തന്നെ പ്രതീക്ഷിക്കാം.
ചോദ്യം : അല്ല നിരന്തരം ഇങ്ങനെ പലരും പല കോണുകളില് നിന്നും ...
ഉത്തരം : നുണപ്രചാരകരുടെ പ്രധാനപ്പെട്ട ഒരുദ്ദേശവും ഇതുതന്നെയാണ്. ആളുകളുടെ മനസ്സില് സംശയമുണ്ടാക്കിക്കൊണ്ട് പൊതുസമൂഹത്തില് സുനില് ആര്ജ്ജിച്ച വിശ്വാസ്യത തകര്ക്കുക. അതിനവര് കാണുന്ന എളുപ്പവഴി വിവിധ കോണുകളില് നിന്ന് നിരന്തരം ആക്ഷേപങ്ങളുന്നയിക്കുകയെന്നതാണ്. നമ്മുടെയൊക്കെ സാധാരണ രീതിയനുസരിച്ച് ഇത്തരം ആക്ഷേപങ്ങള് കേള്ക്കുമ്പോഴേ തീയില്ലാതെ പുകയുണ്ടാവില്ല എന്ന നിഗമനത്തിലേക്കെത്തുമല്ലോ.അടിസ്ഥാനമില്ലാത്തെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചുകൊണ്ട് തങ്ങള്ക്ക് തലവേദന സൃഷ്ടിക്കുന്ന, തങ്ങളെ ആശയപരമായി നിരായുധരാക്കുന്ന സര്‌വ്വോപരി ഇടതുപക്ഷമുന്നേറ്റത്തിന് സഹായിക്കുന്ന ഒരാളെ അങ്ങനെ സംശയത്തിന്റെ മുനയില് കൊരുത്തുവെയ്ക്കുക എന്നതാണ് സുനിലിനെതിരെ ഒളിയുദ്ധം ചെയ്യുന്നവര് ലക്ഷ്യംവെയ്ക്കുന്നതും.അത്തരമൊരു കളിയ്ക്ക് നിന്നുകൊടുക്കാതിരിക്കാനുള്ള ജാഗ്രതയും വസ്തുതയെന്തെന്ന് തിരിച്ചറിയാനുള്ള ആര്ജ്ജവവും ഓരോരുത്തരും സവിശേഷമായി പ്രകടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.അതുകൊണ്ട് സുനിലിനെതിരെയുള്ള ആക്ഷേപങ്ങളുടെ വസ്തുത പരിശോധിച്ചുകൊണ്ടുമാത്രമേ അദ്ദേഹത്തെ സംശയത്തിന്റെ നിഴിലിലേക്കു നീക്കിനിറുത്താന് പാടുള്ളുവെന്നാണ് നാം കാണേണ്ടത്. എന്തൊക്കെത്തനെയായാലും ഒറ്റ രാത്രി കൊണ്ട് ഉദിച്ചസ്തമിക്കുന്ന ഈയാംപാറ്റയല്ല സുനില് പി ഇളയിടം എന്ന ബോധ്യമെനിക്കുണ്ട്.
ചോദ്യം : ഇന്നത്തേക്കു വേണ്ടിയൊരു കവിത പറയാമോ?
ഉത്തരം : കവിതകള് ഇന്നത്തേക്കു മാത്രമല്ല എന്നത്തേക്കും വേണ്ടിയുള്ളതാണ്. അങ്ങനെയുള്ളവയെയാണ് കവിത എന്നു വിളിക്കുക. നോക്കുക.
കൊള്ളാന് , വല്ലതുമൊന്നു കൊടുക്കാ –
നില്ലാതില്ലൊരു മുള്‌ച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ
ഹൃദയപ്പനിനീര്പ്പൂന്തോപ്പില് - എന്ന് വൈലോപ്പിള്ളി പാടുന്നത് മനുഷ്യനിലുള്ള വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ്.ഈ വിശ്വാസത്തെ , മനുഷ്യനില് ആത്യന്തികമായി അവശേഷിക്കുന്നത് നന്മ മാത്രമാണെന്ന വിശ്വാസത്തെ തെളിയിച്ചെടുക്കേണ്ടതിന് ബാധ്യതപ്പെട്ട ഒരു കാലമാണ് നമ്മുടേത് എന്ന ബോധ്യത്തിലൂടെയാകണം ഇന്നിന്റെ ജീവിതം കരുപ്പിടിപ്പിച്ചെടുക്കേണ്ടത്.നന്ദി.
Comments