#ദിനസരികള്‍ 1077 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - പ്രകൃതിയും മനുഷ്യനും 2 – കെ എന്‍ ഗണേഷ്.
ചര്‍ച്ചയുടെ തുടക്കം എന്ന ഒന്നാം അധ്യായം മനുഷ്യ പരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഏംഗല്‍സ് എഴുതിയ ആള്‍ക്കുരങ്ങില്‍ നിന്ന മനുഷ്യനിലേക്കുള്ള മാറ്റത്തില്‍ അധ്വാനത്തിന്റെ പങ്ക് എന്ന കൃതി ഈ ചര്‍ച്ചയെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങള്‍ നല്കുന്നുണ്ട്. മനുഷ്യന്‍ ഇന്നു നാം കാണുന്ന മനുഷ്യനായിത്തീര്‍ന്നതില്‍ കൈകള്‍ കൊണ്ട് പ്രവര്‍ത്തിക്കുവാനുള്ള ശേഷി , ഭാഷ ഉപയോഗിക്കുവാനുള്ള പാടവം മസ്തികഷ്കത്തിന്റെ വളര്‍ച്ച എന്നീ സവിശേഷതകളുടെ പ്രാധാന്യം ഏംഗല്‍സ് എടുത്തു പറയുന്നുണ്ട്.അതുകൊണ്ടുതന്നെ പ്രകൃതിയുമായുള്ള ഇടപെടലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും മനുഷ്യപരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചും കൂടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ആദ്യമായി ഒരു കല്ല് കൈയ്യിലെടുത്ത ആള്‍ക്കുരങ്ങ് നേടിയ ശേഷി ഒരു പക്ഷേ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലായിരിക്കണം. അതൊരു വലിയ കുതിച്ചു ചാട്ടത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു. ശാരീരികമായുണ്ടായ പരിണാമങ്ങളുടെ ഫലമായി പ്രകൃതിയില്‍ ഇടപെടാനും അതിന്റെ വഴക്കിയെടുക്കാനുമുള്ള ശേഷി അവിടംമ...