#ദിനസരികള്‍ 1074 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 2



          എന്നാല്‍ കുസൃതികളായ കുട്ടികള്‍അടങ്ങിയിരുന്നില്ല. അവര്‍ എന്തുകൊണ്ട് എന്ന് ചോദിക്കാന്‍ തുടങ്ങി. എങ്ങനെ എന്ന് അന്വേഷിക്കാന്‍ തുടങ്ങി . എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു അവന്റെ വൈഭവങ്ങളെ പാടിപ്പുകഴ്ത്തി കഴിഞ്ഞു കൂടുക എന്ന സ്വാഭാവികതയെ അവര്‍ വെല്ലുവിളിച്ചു.പ്രപഞ്ചത്തെക്കുറിച്ച് അറിയേണ്ടതെല്ലാം നമ്മുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ദൈവജ്ഞന്മാര്‍ അവയെ ഫലപ്രദമായി വ്യാഖ്യാനിച്ചു തന്നിട്ടുണ്ടെന്നും ഈ കുസൃതികള്‍വിശ്വസിച്ചില്ല.അവര്‍ ചികയാന്‍ തുടങ്ങി. ഇക്കാണായ ലോകങ്ങളില്‍ നിന്ന് അതിവിദൂരഭൂതകാലങ്ങളിലേക്കും ഗോളാന്തരങ്ങളിലേക്കും ഒരുപോലെ ആ അന്വേഷണങ്ങള്‍ എത്തി. അവിടേയും ഒതുങ്ങി നിന്നില്ല. കാലത്തിന്റേയും പ്രപഞ്ചത്തിന്റേയും തുടക്കങ്ങളെ അന്വേഷിച്ചു. ഒടുക്കങ്ങളെക്കുറിച്ച് ധാരണകളുണ്ടായി.
          പുല്ലും പുഴുവും പൂവും ആ അന്വേഷണത്തില്‍ അകപ്പെട്ടു.   ഇനിയും ഇവിടെ ഒന്നും അറിയാന്‍ ബാക്കിയുണ്ടാകരുത് എന്ന വാശിയിലായിരുന്നു ഓരോ അന്വേഷണവും നടന്നത്. പ്രപഞ്ചത്തിന്റെ തുടക്കത്തേയും ഒടുക്കത്തേയും കുറിച്ച് നിരവധിയായ സങ്കല്പനങ്ങളുണ്ടായി. സ്ഥൂലപ്രപഞ്ചത്തിലേക്കും  സൂക്ഷ്മപ്രപഞ്ചത്തിലേക്കും ഒരുപോലെ അന്വേഷണങ്ങളുടെ കൈകള്‍ നീണ്ടെത്തി. ചില കാലങ്ങളില്‍ ശരിയെന്ന് നാം ചിന്തിച്ചു പോന്നവയെ അടുത്തൊരു സന്ദര്‍ഭത്തില്‍ തിരുത്തേണ്ടി വന്നു. തിരുത്തലുകള്‍ക്ക് പിന്നാലെ തിരുത്തലുകള്‍ . പിന്നേയും തിരുത്തലുകല്‍. തിരുത്തലുകളില്‍ എക്കാലത്തും ശാസ്ത്രം സന്തോഷിച്ചു. അതായിരുന്നു ശാസ്ത്രത്തിന്റെ അടിസ്ഥാന സ്വാഭാവം. ഇന്നുവരെ ശരിയെന്ന് കരുതിയിരുന്നവയെല്ലാം തന്നെ അടുത്ത നിമിഷം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ഒരു തല ക്വാര്‍ക്കുകളിലും മറുതല ക്വാസറുകളിലുമായി കെട്ടിയ ഊഞ്ഞാലിലിരുന്ന് മനുഷ്യന്‍ ആടിക്കളിച്ചു.
          മഹത്തും ബൃഹത്തുമായ വലിയ മുന്നേറ്റമായിരുന്നു ആധുനിക ശാസ്ത്രം ആവിര്‍ഭവിച്ചു പോന്ന ഇത്രയും ചെറിയ കാലം കൊണ്ട് നാം നടത്തിയത്. ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനുമുന്നില്‍ പകച്ചു നില്ക്കാന്‍ മാത്രമാണ് ദൈവശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. അവര്‍ക്ക് പറഞ്ഞതില്‍ നിന്നും ഒന്നും തന്നെ മാറ്റിപ്പറയുവാനോ തിരുത്തുവാനോ കഴിയുമായിരുന്നില്ലല്ലോ. എന്നാല്‍ തിരുത്തുക എന്നത് അടിസ്ഥാന സ്വഭാവമെന്ന് ശാസ്ത്രം പ്രഖ്യാപിച്ചു. എച്ച് ടു ഒ എന്നത് വെള്ളമാണെന്ന് ശാസ്ത്രം സന്തോഷത്തോടെ സിദ്ധാന്തിച്ചു. എന്നാല്‍ അതങ്ങനെയല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ സന്തോഷത്തോടെ അവര്‍ അംഗീകരിക്കുവാന്‍ തയ്യാറായി.
          തിരുത്തിയും കൂട്ടിച്ചേര്‍ത്തും വീണ്ടും തിരുത്തിയും വീണ്ടു കൂട്ടിച്ചേര്‍ത്തും ശാസ്ത്രം മുന്നോട്ടേയ്ക്കും പിന്നോട്ടേയ്ക്കും ഒരേ പോലെ അറിവുതേടി സഞ്ചരിച്ചു.ഇപ്പോഴും എവിടെയെങ്കിലും എത്തിയെന്ന ദുശാഠ്യമില്ല. തങ്ങള്‍ക്ക് അറിയാവുന്നതെല്ലാം തന്നെ ആത്യന്തികമായി ശരിയാണ് എന്ന പിടിവാശിയില്ല. ഇവിടെ തെളിയിക്കപ്പെട്ടത് മറ്റൊരു സ്ഥലത്തില്‍ ചിലപ്പോള്‍ തെറ്റായെന്നു വരാമെന്ന് ശാസ്ത്രം സമ്മതിക്കും.
          ഇങ്ങനെ ശാസ്ത്രം പിന്നിട്ടുപോന്ന അത്ഭുതകരമായ ചരിത്രമുണ്ട്. അതിന്റെ ഓരോ അടരുകളിലും മനുഷ്യവംശത്തോടുള്ള അടങ്ങാത്ത അഭിനിവേശം തിളങ്ങി നില്ക്കുന്നുണ്ട്. ആ ചരിത്രമാണ് ബില്‍ ബ്രിസണ്‍ തന്റെ ഏറെ പ്രസിദ്ധമായ A Short History of Nearly Everything എന്ന പുസ്തകത്തിലൂടെ പറയുന്നത്.
           ആറു ഭാഗങ്ങളിലായി മുപ്പത് അധ്യായത്തിലൂടെയാണ് ഇക്കഥ ഇതള്‍ വിടര്‍ത്തുന്നത് PART I LOST IN THE COSMOS 1 How to Build a Universe 2 Welcome to the Solar System 3 The Reverend Evans's Universe PART II THE SIZE OF THE EARTH 4 The Measure of Things 5 The Stone-Breakers 6 Science Red in Tooth and Claw 7 Elemental Matters PART III ANEW AGE DAWNS 8 Einstein's Universe 9 The Mighty Atom 10 Getting the Lead Out 11 Muster Mark's Quarks 12 The Earth Moves PART IV DANGEROUS PLANET
13 Bang! 14 The Fire Below 15 Dangerous Beauty  PART V LIFE ITSELF 16 Lonely Planet 17 Into the Troposphere 18 The Bounding Main 19 The Rise of Life 20 Small World 21 Life Goes On 22 Good-bye to All That 23 The Richness of Being 24 Cells 25 Darwin's Singular Notion 26 The Stuff of Life PART VI THE ROAD TO US 27 Ice Time 28 The Mysterious Biped 29 The Restless Ape 30 Good-bye. എന്നിങ്ങനെയാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും സംവിധാനം ചെയ്തിട്ടുള്ളത്. നാമിതുവരെ മനസ്സിലാക്കിയ ഈ മഹാപ്രപഞ്ചത്തിന്റെ കഥ ബ്രിസണ്‍ ഏറ്റവും രസകരമായിട്ടാണ് അവതരിപ്പിക്കുന്നതെന്ന് എടുത്തു പറയുക തന്നെ വേണം. (തുടരും )


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം