#ദിനസരികള്‍ 837
“ മലയാളത്തിലെ മലയാളങ്ങള്‍ ” അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍ എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘ മലയാളത്തിലെ മലയാളങ്ങള്‍ ’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.തെക്ക് മുതല്‍ വടക്കുവരെ പൊതുവേ ഒരു ഭാഷയാണ് കേരളത്തിലെന്ന് നാം പറയുമെങ്കിലും ആറുനാട്ടില്‍ നൂറു ഭാഷ എന്ന കണക്കിനാണ് കാര്യങ്ങളെന്നാണ് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നത് . എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭാഷാഭേദങ്ങളുണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കുക :- “ ഭാഷാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഭാഷണവൈജാത്യങ്ങളുടെ അടിസ്ഥാനം ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വ്യത്യാസങ്ങളാണ്.ഇവയെ യഥാക്രമം തിരശ്ചീനമെന്നും ലംബമാനം എന്നീ സാങ്കേതിക പദങ്ങളുപയോഗിച്ച് ഭാഷാശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നു.ഓരോ പ്രദേശത്തേയും പ്രകൃതിയും കാലാവസ്ഥയും ബന്ധപ്പെട്ട ജീവിതരീതികളും ഭാഷാഭേദങ്ങളെ സൃഷ്ടിക്കുന്നു. ” ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിലും സാമൂഹികതയിലും ജീവിച്ചു പോകുന്നവര്‍ക്ക് ഭാഷയില്‍ പ്രാദേശികമായി വകഭേദങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്. ...