#ദിനസരികള്‍ 1223 - ഒരു മാപ്പിന്റെ കഥ
ഒരു പത്തുപന്ത്രണ്ടു കൊല്ലം മുമ്പത്തെ കഥയാണ്.ഞാനൊരു സുഹൃത്തിനെ വിളിക്കുവാന്‍ ശ്രമിക്കുകയാണ്. കുറേനേരമായി ശ്രമം തുടങ്ങിയിട്ട്. അവസാനം അപ്പുറം ഫോണെടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ നീയെവിടെയാഡാ ..... എത്ര നേരമായി ഞാന്‍ നിന്നെ വിളിക്കുന്നു എന്നു ചോദിച്ചു.ഒ വി വിജയന്‍ ശ്മശ്രുവെന്ന് സംസ്കൃതീകരിച്ചതും എം മുകുന്ദന്‍ നേരെ പച്ചമലയാളത്തില്‍ തന്നെ പ്രയോഗിച്ചതുമായ ഒരു പദമായിരുന്നു ആ കുത്തിട്ടയിടത്ത് അലങ്കരിച്ചു വെച്ചിരുന്നത്. പ്രതികരണം വൈകുന്നു. എന്താഡാ മിണ്ടാത്തേ എന്നായി ഞാന്‍. അപ്പോള്‍ അപ്പുറത്തു നിന്നൊരു അപരിചിതമായ ചോദ്യം ഇതാരാണ് ? നമ്പര്‍ മാറി എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഫോണ്‍ നോക്കി. മോഹനന്‍ പി പിയെ വിളിക്കേണ്ടതിനു പകരം ഞാന്‍ വിളിച്ചത് മോഹനന്‍ പി ടിയെയാണ്. മോഹനേട്ടനെ എനിക്കറിയാം. അദ്ദേഹത്തിന്റെ മകനാണ് ഫോണെടുത്തത്. ഞാന്‍ അവനോട് നമ്പര്‍ തെറ്റിയതാണെന്ന കാര്യം പറഞ്ഞു. ഒരു സുഹൃത്തിനെ വിളിച്ചതാണ്. നമ്പര്‍ മാറിപ്പോയി. ജാള്യതയോടെ സോറി പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു. തെറ്റ് എന്റേതു തന്നെയാണ്. ആരാണ് അ...