#ദിനസരികള്‍ 1223 - ഒരു മാപ്പിന്റെ കഥ

 


 

            ഒരു പത്തുപന്ത്രണ്ടു കൊല്ലം മുമ്പത്തെ കഥയാണ്.ഞാനൊരു സുഹൃത്തിനെ വിളിക്കുവാന്‍ ശ്രമിക്കുകയാണ്. കുറേനേരമായി ശ്രമം തുടങ്ങിയിട്ട്. അവസാനം അപ്പുറം ഫോണെടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ നീയെവിടെയാഡാ ..... എത്ര നേരമായി ഞാന്‍ നിന്നെ വിളിക്കുന്നു എന്നു ചോദിച്ചു.ഒ വി വിജയന്‍ ശ്മശ്രുവെന്ന് സംസ്കൃതീകരിച്ചതും എം മുകുന്ദന്‍ നേരെ പച്ചമലയാളത്തില്‍ തന്നെ പ്രയോഗിച്ചതുമായ ഒരു പദമായിരുന്നു ആ കുത്തിട്ടയിടത്ത് അലങ്കരിച്ചു വെച്ചിരുന്നത്. പ്രതികരണം വൈകുന്നു. എന്താഡാ മിണ്ടാത്തേ എന്നായി ഞാന്‍. അപ്പോള്‍ അപ്പുറത്തു നിന്നൊരു അപരിചിതമായ ചോദ്യം ഇതാരാണ്? നമ്പര്‍ മാറി എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഫോണ്‍‌ നോക്കി. മോഹനന്‍ പി പിയെ  വിളിക്കേണ്ടതിനു  പകരം ഞാന്‍ വിളിച്ചത് മോഹനന്‍ പി ടിയെയാണ്. മോഹനേട്ടനെ എനിക്കറിയാം. അദ്ദേഹത്തിന്റെ മകനാണ് ഫോണെടുത്തത്. ഞാന്‍ അവനോട് നമ്പര്‍ തെറ്റിയതാണെന്ന കാര്യം പറഞ്ഞു. ഒരു സുഹൃത്തിനെ വിളിച്ചതാണ്. നമ്പര്‍ മാറിപ്പോയി. ജാള്യതയോടെ സോറി പറഞ്ഞു ഞാന്‍‌ ഫോണ്‍ വെച്ചു. തെറ്റ് എന്റേതു തന്നെയാണ്. ആരാണ് അപ്പുറത്തെന്ന് വ്യക്തമായി അറിയാതെ അമിതാവേശം കാണിച്ചു.

 

          അല്പം കഴിഞ്ഞ് എന്റെ ഫോണിലേക്ക് അതേ ഫോണില്‍ നിന്നും വിളി വന്നു.മോഹനേട്ടനാണ്. അദ്ദേഹം വലിയ ചൂടിലാണ്. ഞാന്‍ മകനെ തെറി വിളിച്ചുവെന്ന് അവന്‍ പറഞ്ഞിരിക്കുന്നത്രേ. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തെ ഒന്നു പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ആവതും ശ്രമിച്ചു നോക്കി. അദ്ദേഹം ഒന്നും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. തെരുവുപിള്ളാരെപ്പോലെയല്ല ഞാനെന്റെ മകനെ വളര്‍ത്തുന്നത്. നിന്റെയൊന്നും തെറി കേള്‍ക്കേണ്ട ഒരാവശ്യവും അവനില്ല. അവനിത്തരം മോശം വാക്കൊന്നും പറയാറുമില്ല കേള്‍ക്കാറുമില്ല എന്നൊക്കെ മോഹനേട്ടന്‍ പറയുന്നുണ്ടായിരുന്നു. അദ്ദേഹം മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞു, എന്നെ എന്റെ അച്ഛനും അമ്മയും വളര്‍ത്തിയതിന്റെ നേരെയല്ലാത്തതുകൊണ്ടാണ് ഞാനിങ്ങനെ പെരുമാറിയതെന്നും അതുകൊണ്ട് കുറ്റം എന്റേതുമാത്രമല്ല എന്റെ മാതാപിതാക്കളുടേയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മിണ്ടാതെ കേട്ടു നിന്നു. അബദ്ധം പറ്റിയത് എനിക്കാണ്. കേള്‍ക്കാതെ എന്തു ചെയ്യാന്‍? എന്തൊക്കെയോ കുറച്ചുകൂടി പറഞ്ഞിട്ട് അദ്ദേഹം ഫോണ്‍ വെച്ചു.

 

          അല്പം കഴിഞ്ഞപ്പോഴേക്കും നാട്ടിലെ മുതിര്‍ന്ന മറ്റൊരാളുടെ ഫോണ്‍. മോഹനേട്ടന്‍ വിളിച്ചു പരാതി പറഞ്ഞിരിക്കുന്നുവത്രേ. കുറച്ചു നേരത്തിനു ശേഷം മറ്റൊരാള്‍ . പിന്നേയും വേറൊരാള്‍. അല്പസമയത്തിനുള്ളില്‍ എനിക്കു വേണ്ടപ്പെട്ട അഞ്ചാറു പേര്‍ എന്നെ വിളിച്ചു. പ്രശ്നം ഞാന്‍ ഫോണില്‍ തെറി വിളിച്ചതുതന്നെയാണ്. മോഹനേട്ടന്‍ നമുക്ക് വേണ്ടപ്പെട്ടയാളാണ്. മകനെ തെറി വിളിച്ചതില്‍ അയാള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.നീ വീട്ടില്‍‍പ്പോയി മകനോട് മാപ്പു പറയണം. അതാണ് അദ്ദേഹത്തിന്റെ ആവശ്യമെന്ന് എന്നെ വിളിച്ചവര്‍ എന്നോട് പറഞ്ഞു.ഇല്ലെങ്കില്‍ കേസുകൊടുക്കുമത്രേ. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്.പ്രശ്നമാകുമെന്നെല്ലാമാണ് മുന്നറിയിപ്പ്. തണുപ്പിക്കാന്‍ അവരൊക്കെ ആവുന്നത്ര ശ്രമിച്ചിട്ടും മോഹനേട്ടന്‍ തണുക്കുന്നില്ല. എന്തൊരു കഷ്ടമാണ്. ഒരബദ്ധം പറ്റിയത് നാട്ടിലാകെ അറിഞ്ഞു. നാണക്കേടായി. ഞാന്‍ തലക്കടിച്ചു.

 

          എന്തായാലും എല്ലാവരുടേയും നിര്‍ബന്ധം മാനിച്ച് ഞാന്‍‌ മോഹനേട്ടന്റെ വീട്ടിലെത്തി.എന്നെ വിളിച്ച ചിലരും എന്റെ കൂടെ വന്നു. കുടുംബാംഗങ്ങളും കൂടെവന്നവരുമെല്ലാംകൂടിയായപ്പോള്‍ അത്യാവശ്യം ഒരു ചെറിയ സദസ്സായി. ഞാന്‍ അവരുടെ മുന്നില്‍ തല കുനിച്ചു നിന്നു. ആവശ്യപ്പെട്ട പോലെ മാപ്പു പറഞ്ഞു.എല്ലാം കഴിഞ്ഞ് മോഹനേട്ടന്റെ വക പ്രത്യേക ഉപദേശം. എന്റെ മക്കളെ ഞാന്‍ വളര്‍ത്തുന്നത് അത്രയ്ക്കും ശ്രദ്ധിച്ചാണ്.അച്ചടക്കവും അനുസരണശീലവും അവര്‍ക്കുണ്ട്. കൂട്ടുകാരോടോ മറ്റുള്ളവരോടോ അവര്‍ ഇങ്ങനെയൊന്നും പെരുമാറില്ല. അവരോടും ആരും ഇങ്ങനെ പെരുമാറുന്നത് എനിക്കോ അവര്‍ക്കോ ഇഷ്ടവുമല്ല. എന്നൊക്കെയായിരുന്നു വാദങ്ങള്‍. എന്തായാലും മാപ്പു പറഞ്ഞു. ഒരബദ്ധത്തിന്റെ പേരില്‍ ക്ഷമിക്കാന്‍ കഴിയാത്ത ഇങ്ങേര്‍ എന്തു ന്യായം പറഞ്ഞിട്ടും കാര്യമെന്താണെന്ന് ഞാന്‍ ചിന്തിച്ചുവെങ്കിലും പുറത്തു കാട്ടിയില്ല. ഒരു വിധം അവിടെ നിന്നും പതിയെ പുറത്തിറങ്ങി. നിറഞ്ഞു തുളുമ്പി നിന്ന കണ്ണുകള്‍ ആരും കാണാതെ തുടച്ചു കളഞ്ഞു.

 

           ഏറെ കാലത്തിനു ശേഷം ഞാന്‍ ഇന്നലെ വീണ്ടും മോഹനേട്ടനെ കണ്ടു. ആകെ ക്ഷീണിതന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അപേക്ഷയുമായി വന്നതാണ്. ഞാന്‍ വിളിച്ചിരുത്തി, സംസാരിച്ചു. പഴയ സംഭവമൊന്നും അദ്ദേഹത്തിന് ഓര്‍മ്മയുണ്ടെന്ന് എനിക്കു തോന്നിയില്ല വളരെ വിഷമത്തോടെ അദ്ദേഹം  പറഞ്ഞു. മകന്‍ പ്ലസ് ടു പാസാകുന്നതുവരെ കാര്യങ്ങള്‍ നല്ല നിലയില്‍ നടന്നു.കോളേജില്‍ പോകാന്‍ ആരംഭിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. അവന്‍ തോന്നിയ പടി നടക്കാന്‍ തുടങ്ങി. കൂട്ടുകാരോടൊത്ത് ചില കേസുകളില്‍ പ്രതിയായി. രണ്ടാഴ്ചയോ മറ്റോ ജയിലിലും കിടന്നു. ഇവിടെ നിന്നാല്‍ മകനെ നഷ്ടപ്പെടും എന്ന പേടിയില്‍ ഗള്‍ഫിലയച്ചു. പൈസ അങ്ങോട്ടു അയച്ചു കൊടുക്കേണ്ടി വന്നു. രണ്ടുമൂന്നു കൊല്ലം അവിടെ നിന്നു. ഒരു മെച്ചവുമില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോന്നു. ഇവിടെ വന്ന് ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ഒരു ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തുടങ്ങി. അവന് ആ പണി അറിയില്ല. എന്നിട്ടും തുടങ്ങി. അതും നഷ്ടത്തിലായി പൂട്ടി.ഇപ്പോള്‍ ആകെ വിഷമത്തിലാണ്. മദ്യപാനം അവനൊരു ശീലമായിരിക്കുന്നു. കൂടാതെ വീട്ടില്‍ ദിവസവും വഴക്കുണ്ടാക്കും. ഒരു സ്വസ്ഥതയും തരില്ല. ഇളയവളെ കെട്ടിച്ചിട്ടില്ല. വീടില്ല.വാടകക്കാണ്.അതാണ് അപേക്ഷയുമായി വന്നത്.

 

          കുറച്ചു സമയം കൂടി അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ആകെയൊരു തരിപ്പിലായിരുന്നു. എന്താണ് സംഭവിച്ചത് ? എവിടെയാണ് തെറ്റു പിണഞ്ഞത് ? അമൂല്‍ ബേബിയായി ആ കുട്ടിയെ കൂട്ടിലെന്ന പോലെ വളര്‍ത്തിയ രക്ഷിതാവിന് ഈ പതനത്തില്‍ എത്ര പങ്കുണ്ട്? പിതാവിന്റെ അമിതമായ ശ്രദ്ധയില്‍ നിന്നും കണ്ണുവെട്ടിച്ച് ലോകത്തിന്റെ വിശാലതയിലേക്ക് അവനിറങ്ങിയപ്പോള്‍ എന്തുകൊണ്ടാണ് പഠിച്ച നല്ല പാഠങ്ങളെല്ലാം അവന്‍ മറന്നത്? ഞാന്‍ ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. അതൊടൊപ്പം ഞാന്‍ എന്നെയും നിരീക്ഷിച്ചു. ഒരു അബദ്ധത്തിന്റെ പേരില്‍ എന്നെ കരയിച്ച മനുഷ്യനാണ് ആകെ തളര്‍ന്ന് എന്റെ മുന്നിലിരിക്കുന്നത്. ആ പരിണാമഗുപ്തി എന്നെ ഏതെങ്കിലും വിധത്തില്‍ ആഹ്ലാദിപ്പിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ മനുഷ്യനെന്ന വിശേഷണത്തിന് ഞാന്‍ അയോഗ്യനാണ് എന്നുമാത്രം സ്വയം അടിവരയിട്ടു.

 

*(യഥാര്‍ത്ഥ പേരുകള്‍ മാറ്റിയിരിക്കുന്നു. )

 

മനോജ് പട്ടേട്ട് || 20 ആഗസ്ത് 23, 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1