#ദിനസരികള്‍ 1218 ശൂദ്രര്‍ ആരായിരുന്നു ? - 8
( ഡോക്ടര് അംബേദ്കറിന്റെ Who
were Shudras ? എന്ന കൃതിയിലൂടെ )
ഋഗ്വേദത്തെ പുരുഷസൂക്തം തള്ളിക്കളയുന്ന മൂന്നാമതൊരു ഭാഗം കൂടിയുണ്ട്. തങ്ങളുടെ സംസ്കാരത്തില്‍ തൊഴിലുകളെ വിഭജിച്ചുകൊണ്ടുള്ള സവിശേഷമായ രീതി നടപ്പിലാക്കുവാന്‍ ആര്യന്മാര്ക്ക് കഴിഞ്ഞിരുന്നു. വേദകാലത്ത് ആര്യന്മാരുടെ ഇടയിലെ വ്യത്യസ്ത വിഭാഗത്തില്‍ പെട്ടവര്‍ വ്യത്യസ്തമായ തൊഴിലുകളെടുത്തിരുന്നു. അത്തരമൊരു തീരുമാനമെടുത്തത് താഴെപ്പറയുന്ന ഋഗ്വേദ സൂക്തത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു :- “പല തരത്തിലുള്ളവരുണ്ട്. ചിലര് അധികാരത്തെയായിരിക്കും അന്വേഷിക്കുക, ചിലര് പ്രശസ്തിയെ ആഗ്രഹിക്കും, ചിലര് ധനത്തെയായിരിക്കും മോഹിക്കുക, ഇനിയും ചിലര് തൊഴിലായിരിക്കും തേടുക. ഓരോരുത്തര്ക്കും താന്താങ്ങളുടെ കഴിവും താല്പര്യവുമനുസരിച്ച് വ്യത്യസ്ഥങ്ങളായ സാധ്യതകളെ തേടിപ്പോകാം.”
ഋഗ്വേദം ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നു.
എന്നാല് പുരുഷ സൂക്തമാകട്ടെ അവിടേയും നില്ക്കുന്നില്ല.അത് തൊഴിലുകളെ വിഭജിക്കുന്നു.ഓരോ തൊഴിലെടുക്കാനും ഓരോരുത്തരെയായി നിശ്ചയിച്ചുറപ്പിക്കുന്നു.എന്നുമാത്രവുമല്ല തൊഴില്‍ വിഭജനത്തേയും അതിനുസരിച്ച് അധികാരികളായിട്ടുള്ളവരേയും സ്ഥിരമായി അതേ രീതിയില്‍ തന്നെ നിലനിറുത്തുവാന്‍ ജാഗ്രതപ്പെടുന്നു. എന്തുകൊണ്ടാണ് പുരുഷസൂക്തം തനിക്കു തോന്നിയ വണ്ണം ഇക്കാര്യത്തില് പ്രവര്ത്തിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്.
മറ്റൊരു ഘട്ടത്തിലും പുരുഷസൂക്തം ഋഗ്വേദത്തെ നിഷേധിക്കുന്നുണ്ട് അല്ലെങ്കില് വ്യത്യസ്തമായ മറ്റൊരു അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യനെക്കുറിച്ച് മാത്രമല്ല , ഇന്തോ ആര്യന് രാഷ്ട്രത്തെക്കുറിച്ചും ഋഗ്വേദം ആലോചിക്കുന്നുണ്ട്.അഞ്ചോളം വര്‍ഗ്ഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് പൊതുവേ ഇന്തോ ആര്യന് രാഷ്ട്രം രൂപംകൊണ്ടത്. അത്തരത്തില്‍ അഞ്ചു വര്ഗ്ഗങ്ങളുടെ സമ്മേളനത്തെക്കുറിച്ച് താഴെ പറയുന്ന സൂക്തം തെളിവു നല്കുന്നു : (1
)അഗ്നിയെ മനുഷ്യനായി പരിഗണിച്ചുകൊണ്ട് ഈ അഞ്ചുവര്ഗ്ഗങ്ങള് അതിന് ആവശ്യമായ ആദരങ്ങള്‍ നല്‍കുകയും ആരാധിക്കുകയും ചെയ്യുന്നു. (2) സമര്ത്ഥനും ചെറുപ്പക്കാരുമായ ഗൃഹനാഥന് അഥവാ അഗ്നി , തനിക്ക് ആരാധന ലഭിക്കുന്ന ഓരോ വീടുകളിലും അധിവസിച്ചു.”
ഏതൊക്കെയാണ് ഈ അഞ്ചു വര്ഗങ്ങള് എന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.യാസ്കന്‍ തന്റെ നിരുക്തത്തില്‍ പറയുന്നത് ഗന്ധര്വ്വര്‍ , പിത്രികള്‍ ,ദേവന്മാര്‍ , അസുരന്മാര്‍ , രാക്ഷസന്മാര് എന്നീ അഞ്ചു ഗോത്രങ്ങളെക്കുറിച്ചാണ്.ഔപമാന്യവനാകട്ടെ ഇത് നാലുവര്ണങ്ങളോടൊപ്പം നിഷാദന്മാരും കൂടുന്നതാണെന്ന് പറയുന്നു. രണ്ടു തരത്തിലുള്ള ഈ വ്യാഖ്യാനങ്ങളും അത്രയ്ക്ക് ഫലവത്താണെന്ന് പറയാന്‍ വയ്യ. കാരണം ഋക്കുകളില്‍ ഈ അഞ്ചു വര്ഗ്ഗങ്ങളേയും ഒന്നിച്ചു തന്നെ പുകഴ്ത്തുന്നതു നോക്കുക : നമുക്കു നിഷേധിക്കാനാകാത്ത സ്വര്ഗത്തെയെന്ന പോലെ ഈ അഞ്ചു വര്ഗ്ഗങ്ങളുടെ മുകളിലും നമ്മുടെ യശസ് പ്രവര്ത്തിക്കട്ടെ. 2. ഹേ ദേവേന്ദ്രാ, ആ അഞ്ചു ഗോത്രങ്ങള്ക്ക് എന്തൊക്കെ ശേഷിയും ശേമുഷിയുമുണ്ടോ ശക്തിയും വീര്യവുമുണ്ടോ അതെല്ലാം തന്നെ ഞങ്ങള്ക്കും ലഭിക്കാനാവശ്യമായ അനുഗ്രങ്ങളുണ്ടാകേണമേ “
ശൂദ്രര് ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ഇത്തരത്തില്‍ സ്തുതിപരമായ ഒരു പ്രസ്താവന ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.കൂടാതെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വര്ണമെന്ന വാക്കല്ല മറിച്ച് ജനത എന്ന വാക്കാണ്. ഈവാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അഞ്ചു വര്ഗങ്ങളെ അഥവാ ഗോത്രങ്ങളെയാണ്. അല്ലാതെ നാലുവര്‍ണങ്ങളേയും നിഷാദന്മാരേയുമല്ല.
(തുടരും)
മനോജ് പട്ടേട്ട് || 18 ആഗസ്ത്
2020, 07.30 AM ||
Comments