#ദിനസരികള്‍ 1222 വ്യക്തിപൂജയുടെ മോഡിപാഠങ്ങള്‍
ഭുതവും ഭാവിയും എന്ന പ്രതിവാരപംങ്‌ക്തിയില്‍ വ്യക്തിപൂജയുടെ സംക്ഷിപ്ത ചരിത്രം എന്ന പേരില്‍ പ്രൊഫസര്‍ രാമചന്ദ്രഗുഹ ഒരു ലേഖനമെഴുതിയിട്ടുണ്ട്.തെറ്റു പറ്റാത്തവനും എല്ലാം അറിയുന്നവനും എല്ലാ മൂല്യങ്ങളുടെ മുകളില്‍ വിരാജിക്കുന്നവനുമായ ഒരാളായി നരേന്ദ്രമോഡിയെ അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന ബിംബനിര്‍മ്മിതി, നമ്മുടെ രാജ്യത്തിലെ സമ്പദ് വ്യവസ്ഥയ്ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹിക ജീവിതത്തിനുമെല്ലാമുണ്ടാക്കുന്ന പരിക്കുകള്‍ മോഡി പ്രധാനമന്ത്രിയല്ലാതെയായിത്തീര്‍ന്നാലും മാറില്ല എന്ന ആശങ്കയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നത്. ഏകാധിപതികളുടെ പൊതുസ്വഭാവമാണ് ഇത്തരത്തിലുള്ള ബിംബനിര്‍മ്മിതി. താനാണ് രാജ്യം അഥവാ തന്റെ വാക്കുകള്‍ മാത്രമാണ് ശരി എന്ന ശാഠ്യമാണ് ഇത്തരക്കാരെ നയിക്കുന്നത്.ഹിറ്റ്ലറും മുസോളിനിയുമടക്കമുള്ള ഒരു പറ്റം ഏകാധിപതികളായ ഭരണാധികാരികളെ മോഡിയുടെ തനതുപതിപ്പായി ഗുഹ അവതരിപ്പിക്കുന്നു. അവരൊക്കെ പുലര്‍ത്തിപ്പോന്ന ഏകാധിപത്യപ്രവണതകളുടെ ആകെത്തുകയാണ് മോഡി എന്നു കൂടി അടിവരയിട്ടു പറയാന്‍ പ്രൊഫസര്‍ ഗുഹ തയ്യാറാകുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
ഡോ അംബേദ്കര്‍ ഇത്തരത്തിലുള്ള വ്യക്തിപൂജയെക്കുറിച്ച് “ആത്മാവുകളെ
മോക്ഷത്തിലേക്ക് നയിക്കുന്ന പാതയായിരിക്കാം മതങ്ങളിലെ ഭക്തി.എന്നാല്‍ രാഷ്ട്രീയത്തിലെ
ഭക്തി അഥവാ വീരാരാധന അധപതനത്തിലേക്കും ആത്യന്തികമായി സ്വേച്ഛാധിപത്യത്തിലേക്കുമുള്ള
പാതയായിരിക്കും തുറക്കുക”
എന്നാണ് പറയുന്നത്.
പ്രധാനമന്ത്രി മോഡിയും കൂട്ടരും രാജ്യത്തിന്റെ വികസന കാര്യങ്ങളില്‍
ശ്രദ്ധിക്കുന്നതിനെക്കാള്‍ കൂടുതല്‍ ബിംബനിര്‍മ്മിതിയിലാണ്
കണ്ണുവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന എത്രയോ സംഭവങ്ങള്‍ നമുക്ക്
ഉദാഹരിക്കാം. പി എം കെയേഴ്സ് എന്ന പേരിലെ നിധിതന്നെ അത്തരത്തിലൊന്നാണെന്ന് ഗുഹ
പറയുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന പേരില്‍ 1948 മുതല്‍
നിലവിലുള്ള സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടാണ് പി എം കെയേഴ്സ് ആരംഭിക്കുന്നത്.
ദേശീയ ദുരന്തങ്ങളെ ഉപയോഗിച്ചുകൊണ്ട് വ്യക്തിപൂജ നടത്തുവാനുള്ള ഒരു വഴി മാത്രമാണ്
ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗുഹ ചൂണ്ടിക്കാണിക്കുന്നു.
ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കു ശേഷം ജനാധിപത്യത്തിന്റെ അഭിമാന
സ്തംഭങ്ങളായ ഓരോ സ്ഥാപനങ്ങളും നരേന്ദ്രമോഡിയുടെ മുന്നില്‍ മുട്ടിലിഴയാന്‍
തുടങ്ങി.അത് ഇന്ദിരയുടെ കാലത്തെക്കാള്‍ കൂടുതല്‍ തീവ്രമായിരുന്നു.ഇന്ദിരയ്ക്ക്
രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും പരിവേഷമാണുണ്ടായിരുന്നതെങ്കില്‍ മോഡിക്ക്
അവയോടൊപ്പം മതത്തിന്റെയും വിശ്വാസത്തിന്റേയുമായ ഒരു സാധ്യത കൂടി സിദ്ധിച്ചു.അതോടെ മോഡി
ഇന്ദിരയെക്കാള്‍ പതിന്മടങ്ങ് അപകടകാരിയും ഏകാധിപതിയുമായി മാറി. “ഇന്ദിരാഗാന്ധിയുടെ
മുന്നില്‍ മുട്ടുമടക്കാതെ അഭിമാനകരമായ രീതിയില്‍ സ്വയംഭരണാവകാശം കൊണ്ടു
നടന്ന സൈന്യം , തിരഞ്ഞെടുപ്പ് കമ്മീഷന്‍ , റിസ്സര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
തുടങ്ങിയ സ്ഥാപനങ്ങള്‍ പോലും പ്രധാനമന്ത്രിയുടേയും ഭരണകക്ഷിയുടേയും കൈകളിലെ
ഉപകരണങ്ങളായി “ എന്ന
ഗുഹ ആക്ഷേപം അസ്ഥാനത്തല്ല.
മോഡിയുടെ ഇത്തരത്തിലുള്ള ബിംബനിര്‍മ്മിതി സ്വാതന്ത്ര്യാന്തര ഇന്ത്യയെ
ഏറെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ജനാധിപത്യം അതിന്റെ നെടുംതൂണുകളായി
സങ്കല്പിച്ചുപോരുന്ന എല്ലാ മൂല്യങ്ങളും നിഷ്പ്രഭമായിരിക്കുന്നു.നഷ്ടപ്പെട്ടവയെ
തിരിച്ചു പിടിച്ച് ഈ രാജ്യത്തെ ഭരണഘടനാപരമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ഇനി
എത്ര ഭഗത്സിംഗുമാര്‍ എത്ര ചോര തെരുവില്‍ ചീന്തേണ്ടിവരുമെന്ന് ആര്‍ക്കറിയാം ?
മനോജ് പട്ടേട്ട് || 20 ആഗസ്ത്
22, 07.30 AM ||
Comments