#ദിനസരികള്‍ 1219 - കൃഷ്ണിപിള്ള സ്മരണകളില്‍
“എന്നെ
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാക്കിയത് ആരാണ് എന്നു ചോദിച്ചാല്‍ പി
സുന്ദരയ്യയും എസ് വി ഘാട്ടെയും ആണെന്ന് പറയാമെങ്കിലും അല്‍പ്പം കൂടി അടുത്ത അര്‍ത്ഥത്തില്‍
സഖാവ് കൃഷ്ണപിള്ളയാണ് “ എന്ന്
ഇ എം എസ് അനുസ്മരിക്കുന്നുണ്ട്. കേവലം നാല്പത്തി രണ്ടു വയസ്സുവരെ മാത്രമേ
ജീവിച്ചിരുന്നുള്ളുവെങ്കിലും ആ ഹ്രസ്വകാലത്തിനിടയ്ക്ക് ജനതയുടെയിടയില്‍ സഖാവെന്ന്
വിളിക്കപ്പെടുന്ന പി കൃഷ്ണപിള്ളയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ സമ്മതിയുടെ
സാക്ഷ്യപത്രമാണ് ഇ എം എസിന്റെ ഈ പ്രസ്താവന. പൊതുപ്രവര്‍ത്തന രംഗത്ത് ചുരുങ്ങിയ
കാലം മാത്രമേ അദ്ദേഹമുണ്ടായിരുന്നുള്ളുവെങ്കിലും – ഏകദേശം ഇരുപതു വര്‍ഷത്തില്‍ ചുവടെ
മാത്രം –
കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കന്മാരില്‍ പ്രഥമനായി
അദ്ദേഹമം മാറി. 1937 പി സുന്ദരയ്യയുടേയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍
കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഘടകമുണ്ടാക്കിയപ്പോള്‍ അതിന്റെ സെക്രട്ടറിയായി
നിശ്ചയിക്കപ്പെട്ടത് കൃഷ്ണപിള്ള തന്നെയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്
സോഷ്യലിസ്റ്റ് പാര്‍ട്ടി 1939 ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച്
ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ലയിച്ചതിനു ശേഷവും കേരളത്തിലെ
പാര്‍ട്ടിയെ നയിക്കാന്‍ നിയുക്തനായത് കൃഷ്ണപിള്ളയായിരുന്നു. 1906 ല്‍ ജനിച്ച
കൃഷ്ണപിള്ള 1948 ആഗസ്ത് പത്തൊമ്പതിന് ചേര്‍ത്തലയ്ക്കടുത്ത് മുഹമ്മയില്‍ വെച്ച്
പാമ്പുകടിയേറ്റ് മരണപ്പെടുന്നതു വരെ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന
സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.
കൃഷ്ണപിള്ള ജനിച്ചു വീണത് കടുത്ത ദാരിദ്ര്യത്തിന്റെ
മടിയിലേക്കായിരുന്നു. അതേ ദാരിദ്യം കാരണം നാലാംക്സാസിലെത്തിയപ്പോഴേക്കും
അദ്ദേഹത്തിന് പഠനം അവസാനപ്പിക്കേണ്ടിവന്നു. അദ്ദേഹത്തിന് പതിനഞ്ചു
വയസ്സാകുന്നതിനുമുമ്പു തന്നെ അച്ഛനും അമ്മയും ഈ ലോകത്തോടു വിടപറഞ്ഞു. പിന്നീട്
കയര്‍ത്തൊഴിലാളിയായിട്ടാണ് ആ ജീവിതം മുന്നോട്ടു പോയത്. എന്നാല്‍ ദൈനന്ദിജീവിതത്തിനുള്ള
ഉപാധികള്‍ കണ്ടെത്തി അവിടെ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
നാട്ടിലാകെ നടക്കുന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെടാനും
സാഹചര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കാനുമായി അദ്ദേഹം ഉത്തരേന്ത്യയിലാകെ ഏകദേശം
രണ്ടുവര്‍ഷത്തോളം അലഞ്ഞു നടന്നു.ദേശീയ പ്രസ്ഥാനങ്ങളേയും അവര്‍
ഏറ്റെടുത്തിരിക്കുന്ന സ്വാതന്ത്ര്യ പ്രാപ്തി എന്ന ലക്ഷ്യത്തേയും കുറിച്ച് അതോടെ
അദ്ദേഹത്തിന് ഉള്‍ക്കാഴ്ചകളുണ്ടായി.
1929 ല്‍ നാട്ടില്‍ മടങ്ങിയെത്തിയ പി കൃഷ്ണപിള്ള ഹിന്ദി
പ്രചാരസഭയുമായി ബന്ധപ്പെട്ടാണ് തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അത് ദേശീയതലത്തിലെ
ആശയങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാനും പ്രചരിപ്പിക്കുവാനും ഹിന്ദി പ്രചാര
സഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു.പതിയെപ്പതിയെ സമരോത്സുകനായി
വളര്‍ന്ന അദ്ദേഹം കേരളത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹങ്ങളിലും ഗുരുവായൂര്‍
സത്യാഗ്രഹത്തിലും പങ്കെടുത്തു.
അപ്പോഴേക്കും കോണ്‍ഗ്രസിനുള്ളില്‍ വളര്‍ന്നു കൊണ്ടിരുന്ന ഇടതുചേരിയുടെ വക്താവായി
മാറിയ കൃഷ്ണപിള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം
സെക്രട്ടറിയായി. അതോടെ കേരളത്തിലാകെ പി കൃഷ്ണപിള്ള എന്ന പേര് ഏറെ പരിചിതമായി മാറി.
തന്റെ പ്രവര്‍ത്തന ശൈലികൊണ്ട് ഏവരുടേയും പ്രിയപ്പെട്ടവനായി
മാറിയ അദ്ദേഹം സഖാവ് എന്നാണ് സഹപ്രവര്‍ത്തകരുടെയിടയില്‍
അറിയപ്പെട്ടിരുന്നത്.ഇന്നും സഖാവ് എന്നു മാത്രം പറഞ്ഞാല്‍ അത്
കൃഷ്ണപിള്ളയാണ്.ആ സഖാവിന്റെ സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍.
മനോജ് പട്ടേട്ട് || 19 ആഗസ്ത്
2020, 07.30 AM ||
Comments