#ദിനസരികള്‍ 1217 മംഗ്ലീഷ് ടു ഇംഗ്ലീഷ്

 


            ഇംഗ്ലീഷിനെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തില്‍ മംഗ്ലീഷ് ടു ഇംഗ്ലീഷ് എന്നൊരു പംങ്‌ക്തിയുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തേയും വര്‍ത്തമാനത്തേയും സവിശേഷമായ പ്രയോഗ രീതികളേയും ഈ വളരെ സരസ്സമായി അവതരിപ്പിക്കുന്ന ഈ കോളം പ്രൊഫസര്‍ വി സുകുമാരനാണ് എഴുതുന്നത്.ഇംഗ്ലീഷു ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുവാന്‍ വായനക്കാരനെ ധൈര്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുതന്നെയുണ്ടെന്ന് ഈ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മംഗ്ലീഷ് ടു ഇംഗ്ലീഷ് എന്ന പേരില്‍തന്നെ 2016 വരെ പ്രസിദ്ധീകരിക്കപ്പെട്ട നൂറു ലേഖനങ്ങളെ ചിന്ത ബുക്സ് സമാഹരിച്ചിട്ടുണ്ട്.How to fall in love with English , The Epic That’s English ,The Empires of English , The Romance of words എന്നിങ്ങനെ ഇംഗ്ലീഷുഭാഷയെക്കുറിച്ച് മറ്റു ചില പുസ്തകങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുമുണ്ട്.

          പ്രൊഫസര്‍ സുകുമാരന്‍ സരസ്സമായ രീതിയിലാണ് ലേഖനങ്ങള്‍ എഴുതയിരിക്കുന്നതെന്ന് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഒരു പക്ഷേ സാധാരണക്കാരായ വായനക്കാരെ ആകര്‍ഷിക്കുന്ന ഒന്നാമത്തെ കാര്യവും ഈ രീതിതന്നെയായിരിക്കണം. എന്തെങ്കിലും അതീവ ഗൌരവമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്ന നാട്യമേതുമില്ലാതെ ഒരു സുഹൃത്ത് അടുത്തിരുന്ന് സംവദിക്കുന്നതുപോലെ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ വിഷയത്തിന്റെ ഗൌരവം ഒട്ടും കുറഞ്ഞു പോകാതെയും മര്‍മ്മ പ്രധാനമായ കാര്യങ്ങള്‍ സ്പര്‍ശിക്കാതെ പോകാതിരിക്കാനുമുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു.അതുകൊണ്ടായിരിക്കണം നമ്മുടെ വര്‍ത്തമാന പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള നിരവധി പരിശ്രമങ്ങളില്‍ മംഗ്ലീഷ് ടു ഇംഗ്ലീഷ് എന്ന കോളം ഏറ്റവും ജനപ്രിയമായിരിക്കുന്നത്.

          ഇംഗ്ലീഷിനെ ഇത്രയുംകാലം കൂടെ കിടക്കുകയും നമ്മുടെ രാപ്പനി അറിയുകയും ചെയ്തവളെ നമ്മില്‍ പലരും കലശലായി ഭയപ്പെടുന്നുണ്ട്.എന്തിന് ? അരണ്ട നിലാവില്‍ പാലച്ചോട്ടില്‍ നിന്നും ചുണ്ണാമ്പു ചോദിക്കുന്ന സീരിയല്‍ യക്ഷിയാണോ ഇംഗ്ലീഷ് ? അല്ലറ ചില്ലറ തരികിടകളൊക്കെ കൈവശമുണ്ടെങ്കിലും അത്യാവശ്യം ചവിട്ടും കുത്തുമൊക്കെയുള്ള കൂട്ടത്തിലാണെങ്കിലും അപ്പോള്‍ കാണുന്ന നായര്‍ക്ക് അച്ചിയാകുന്ന സദ്സ്വഭാവം കുറേശ്ശേയുണ്ടെങ്കിലും പൊതുവേ ഇംഗ്ലീഷ് , സ്വന്തം ജാനകിക്കുട്ടിയിലെ ആത്തോലമ്മയെപ്പോലെ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പഞ്ചപാവമത്രേ! ദംഷ്ട്രം അപൂര്‍വ്വമായേ ആയമ്മ പുറത്തുകാട്ടു. കുരയ്ക്കം പട്ടി കടിക്കില്ല എന്ന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ എഴുത്തു രീതിയിലെ രസാത്മകത സൂചിപ്പിക്കുവാന്‍‌ ഈ ഉദ്ധരണി നമ്മെ സഹായിക്കും.ഇംഗ്ലിഷ് ഗ്രാമര്‍ ഒരു കീറാമുട്ടിയാണെന്നാണ് നമ്മില്‍ പലരും ചിന്തിക്കുന്നത്. വൈവിധ്യവും സൂക്ഷ്മവുമായ നിരവധി പ്രയോഗരീതികള്‍ വ്യാകരണത്തെ സങ്കീര്‍ണമാക്കുന്നുണ്ടെങ്കിലും നാം ചിന്തിക്കുന്നത്ര ഭയപ്പെടേണ്ടതില്ലെന്ന് പ്രൊഫസര്‍ നമ്മെ ധൈര്യപ്പെടുത്തുന്നു.ഭാഷയുടെ തച്ചുശാസ്ത്രമെന്ന നിലയില്‍ ഗ്രാമര്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാനും പ്രയോഗിക്കുവാനും ഈ പുസ്തകം സഹായിക്കുക തന്നെ ചെയ്യും.

മംഗ്ലീഷ് ടു ഇംഗ്ലീഷ്  : പ്രൊഫസര്‍ വി സുകുമാരന്‍

ചിന്താ പബ്ലിഷേഴ്സ് ഫെബ്രുവരി 2016 : വില 240

         

         

 

 

 

മനോജ് പട്ടേട്ട് || 17 ആഗസ്ത് 2020, 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1