#ദിനസരികള്‍ 1220 ഞാന്‍ ആദ്യം കണ്ട സിനിമ
ഞാന്‍
ആദ്യമായി കണ്ട സിനിമയേതാണ്
? വെറുതെ ഒരു കൌതുകത്തിന് ആലോചിച്ചു നോക്കി. ഒന്നുകില്‍
നാഗമഠത്തു തമ്പുരാട്ടി അല്ലെങ്കില്‍ നായാട്ട്. ഇതിലേതെങ്കിലും ഒന്നായിരിക്കുമെന്ന
കാര്യത്തില്‍ സംശയമില്ല. രണ്ടായാലും ഞാന്‍ പഠിച്ച സ്കൂളിന്റെ മുറ്റത്ത് ഓല കൊണ്ട്
കെട്ടിമറച്ച് താല്ക്കാലികമായി തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സിനിമ
കണ്ടതെന്ന കാര്യത്തില്‍ സംശയമില്ല.കാലം തൊണ്ണൂറുകളുടെ തുടക്കം. അന്ന് ഏഴിലോ
എട്ടിലോ ആയിരിക്കണം പഠിച്ചുകൊണ്ടിരുന്നത്. തികച്ചും ശാന്തസുന്ദരമായ ഞങ്ങളുടെ
ഗ്രാമത്തില്‍ ഒരു സംസ്കാരിക നിലയവും അവിടെ ഒരു ഒരു ടി വിയും വരുന്നത് ഏറെക്കാലം
കഴിഞ്ഞതിനു ശേഷമാണ്. വീടുകളിലേക്ക് ടി വി എത്തുന്നതിനാകട്ടെ പിന്നെയും
കാത്തിരിക്കേണ്ടി വന്നു.
ഞങ്ങള്‍ക്ക് അന്ന് (ഇന്നും) ഒരു പുതിയ സിനിമ കാണണമെങ്കില്‍
ഏകദേശം ഇരുപത്തിയഞ്ചു കിലോമീറ്ററോളം സഞ്ചരിച്ച് മാനന്തവാടിയില്‍ വരണമായിരുന്നു.
സെക്കന്റ് ഷോയ്ക്ക് ജീപ്പൊക്കെ സ്പെഷ്യലാക്കി അന്നൊക്കെ ഞങ്ങളുടെ നാട്ടിലെ
ചെറുപ്പക്കാര്‍ - പലപ്പോഴും കുടുംബസമേതം –മാനന്തവാടിയില്‍ വന്ന്
സിനിമ കാണാറുണ്ടായിരുന്നു. രാത്രി പതിനൊന്നിന് സിനിമ തീര്‍ന്ന് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും
രണ്ടുമണിയെങ്കിലുമാകുമെന്നു മാത്രം. ഇരുപത്തിയഞ്ചോ മുപ്പതോ രൂപയൊക്കെ ചിലവുവരുന്ന
ആ പരിപാടിയില്‍ അക്കാലത്ത് പങ്കാളിയാകാനുള്ള ഭാഗ്യമൊന്നും ‘കുട്ടി’യായിരുന്ന
എനിക്കുണ്ടായിരുന്നില്ല.
അങ്ങനെയുള്ളപ്പോഴാണ് ഞാന്‍ പഠിച്ചു കൊണ്ടിരുന്ന വാളാട് ഗവണ്‍മെന്റ്
ഹൈസ്കൂളിന്റെ ധനശേഖരണാര്‍ത്ഥം ഒരു സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പി ടി എ
തീരുമാനിക്കുന്നത്. സ്കൂളിന്റെ വിശാലമായ മുറ്റം ഓല കൊണ്ട് കെട്ടിമറയ്ക്കും. അഞ്ചു
ദിവസം സിനിമയുണ്ടാകും. എല്ലാ കുട്ടികളും ടിക്കറ്റ് വാങ്ങിക്കണമെന്നതാണ് പി ടി എ
യുടെ തീരുമാനം. അത്തരമൊരു തീരുമാനമുള്ളതുകൊണ്ടുമാത്രമാണ് എനിക്കൊക്കെ
അപ്പോഴെങ്കിലും സിനിമ കാണാന്‍ കഴിഞ്ഞതെന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട്
അങ്ങനെയൊരു തീരുമാനമെടുത്ത പി ടി എയ്ക്ക് ഇപ്പോഴെങ്കിലും നന്ദി പറയട്ടെ !
ഇരുപത്തിയഞ്ചു രൂപാ ടിക്കറ്റില്‍ അഞ്ചു ദിവസത്തേയും സിനിമ കാണാമായിരുന്നുവെന്ന്
തോന്നുന്നു. ഓരോ ദിവസത്തേയും ടിക്കറ്റും ലഭ്യമായിരുന്നു. അങ്ങനെയുള്ള രണ്ടു
ദിവസത്തെ ടിക്കറ്റാണ് എന്റെ കൈയ്യിലെത്തിയത്
ഒന്നാം ദിവസം നാഗമഠത്തു തമ്പുരാട്ടിയാണ് കാണിച്ചതെന്നാണ്
എന്റെ ബലമായ സംശയം
കഥയൊന്നും അത്ര വിശദമായി ഓര്‍മ്മയില്ലെങ്കിലും നാഗറാണിയുടെ
ശാപമേറ്റ് നാഗമാണിക്യം മോഷ്ടിച്ച നസീര്‍ വിരൂപനായി മാറുന്നത് ഇന്നും
മനസ്സിലുണ്ട്.അന്ന് ഞങ്ങളുടെയിടയില്‍ ഏറെക്കാലത്തേക്ക് ചര്‍ച്ച ചെയ്യപ്പെട്ട ഒരു
രംഗമായിരുന്നു അത്. അതുപോലെ ആ സിനിമയില്‍ തന്നെ പാമ്പുകള്‍ തമ്മില്‍
ഏറ്റുമുട്ടുന്നുണ്ട്. അതൊക്കെ ഏറെ അത്ഭുതപ്പെടുത്തിയ രംഗമാണ്. അതി വിദഗ്ദരായ
ചേട്ടന്മാര്‍ സിനിമ കണ്ട് ഓരോ രംഗത്തേയും വിശദീകരിച്ച് പറഞ്ഞുകൊണ്ടാണ്
വീട്ടിലേക്കുള്ള മടക്കം. പാമ്പിനെ കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്നതാണത്ര.
അതിനുശേഷം തിന്നാനൊന്നും കൊടുക്കാതെ ദിവസങ്ങളോളം പട്ടിണിക്കിടും പിന്നെ പെട്ടെന്ന്
നല്ല ഭക്ഷണം കൊടുക്കുമ്പോള്‍ അതുകൊടുക്കുന്ന ആളോട് വലിയ സ്നേഹമായിരിക്കും.
അങ്ങനെയുള്ളവര്‍ എന്തു പറഞ്ഞാലും പാമ്പുകള്‍ അനുസരിക്കും. അവരെ ഉപയോഗിച്ചാണ്
ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.അറിവുകള്‍ വിപുലപ്പെടുത്താനുള്ള ഇങ്ങനെ
എത്രയോ അവസരങ്ങളാണ്
ഇത്തരം സിനിമാ പ്രദര്‍ശനങ്ങളിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത് !
രണ്ടാമത്തെ സിനിമ നായാട്ടാണ്.ജയനും നസീറും തകര്‍ത്ത്
അഭിനയിച്ച സിനിമ. ആ സിനിമ കണ്ടതിനു ശേഷം കുറച്ചു നാളത്തേക്ക് രണ്ടു കൂട്ടുകാര്‍ കണ്ടുമുട്ടിയാല്‍
ഉടനടി ഒരാള്‍ നസീറും മറ്റേയാള്‍ ജയനുമായി മാറും. ( ഇവിടെ മറ്റൊരു കൌതുകം
ജയനാകാനും നസ്സീറാകാനും ആദ്യമൊരടി പലപ്പോഴും നടക്കുമെന്നതാണ്. അതിനുശേഷമായിരിക്കും
ഡയലോഗ് പറഞ്ഞുകൊണ്ടുള്ള രണ്ടാമത്തെ അടി ) ജയനായ ആള്‍ ‘ ഇപ്പോള്‍
തലയില്‍ തൊപ്പിയില്ല, സ്ഥലം പോലീസ് സ്റ്റേഷനുമല്ല ‘ എന്നു തുടങ്ങുന്ന വിഖ്യാതമായ ആ
ഡയലോഗെടുത്തു വീശും. ജയനും നസീറുമായി
രൂപാന്തരം പ്രാപിച്ച് പിന്നീടവിടെ ഘോരയുദ്ധം തന്നെ നടക്കും. ആരുടെയെങ്കിലും ഷര്‍ട്ടിന്റെ
കീശ കീറുന്നതു വരെയോ ബട്ടണ്‍ പൊട്ടുന്നതു വരെയോ ആ “ഉഗ്രന്‍ സ്റ്റണ്ട് “
തുടരും. പിന്നെ പരാതിയും
കരച്ചിലുമൊക്കെയായി കുറച്ചു ദിവസത്തേക്ക് തമ്മില്‍ പിരിയും.ഷര്‍ട്ടെങ്ങാനും
കീറിയതുകണ്ടാല്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിട്ടുന്നതുകൂടി വാങ്ങിച്ചു വെച്ച് ആ
ഷോ താല്ക്കാലികമായി അവസാനപ്പിക്കും.
ഒരു സ്വകാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം.ഇന്നും
ഇഷ്ടപ്പെട്ട സിനിമയേതാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ മനസ്സിലെങ്കിലും
നാഗമഠത്തു തമ്പുരാട്ടി, നായാട്ട് എന്നിങ്ങനെ പറഞ്ഞിട്ടേ കുറസോവയുടേയും കിം കി
ദുക്കിന്റേയും സിനിമകളുടെ പേരു ഞാന്‍ പറയാറുള്ളു എന്നതാണ് വാസ്തവം .
മനോജ് പട്ടേട്ട് || 20 ആഗസ്ത്
2020, 07.30 AM ||
Comments