Posts

Showing posts from October 17, 2010

നിസ്വന്‍

_____________________________________ ഇന്ന് ഒരു വര്‍ത്തമാനപത്രവും വായിക്കില്ല ഞാന്‍ . ആഘോഷം അവനായിരിക്കും കാറ്റുപോലെയൊരുവന്‍ കൂട്ടിവെക്കാത്തവന്‍ . കണ്ണില്‍ കദനം നിറച്ച് തെരുവില്‍ കവിത വിളിച്ചു പറഞ്ഞവന്‍ സ്ഫടികത്തിലൂടെ പ്രകാശമെന്നപോല്‍ അവന്‍ നിങ്ങളിലൂടെ കടന്നുപോയി എവിടേയും സ്പര്‍ശിക്കാതെ ഒന്നിനുമായി കാത്തുനില്കാതെ - എഴുത്തിങ്ങനെ തുടരും. വിശേഷണങ്ങള്‍ നീളും ഇടക്ക് എഴുതുന്ന പേന താഴെവെച്ച് കൈയ്യൊന്നു തുടച്ച് എ.സിയുടെ ശീതളിമ കുറച്ച് വീണ്ടും അവന്നായി വാക്കുകള്‍ പരതി... അങ്ങനെ... ഇന്ന് ഒരു ദിനപത്രവും വായിക്കില്ല ഞാന്‍ ഒരു കടല്കരയില്‍  ഒരു കുഴിയില്‍ ഒരു തെണ്ടിയെ അടക്കം ചെയ്ത് ഉപ്പുവെള്ളത്തില്‍ കണ്ണുകഴുകി നിസ്വനായി ഞാന്‍ മടങ്ങും. എന്റെ പൂന്തോട്ടത്തില്‍ അവന്നായി ഒരു മൊട്ടുപോലുമില്ല.