#ദിനസരികള്‍ 199
രാവിലെ കാണാന്‍ വന്ന ഒരമ്മ , ബന്ധുക്കള്‍ കൂടോത്രം ചെയ്ത് തന്റെ മകനെ തന്നില്‍ നിന്ന് അകറ്റി നിറുത്തിയിരിക്കുന്നതിനെക്കുറിച്ച് വളരെ സങ്കടത്തോടെ വിവരിച്ചു. തെക്കെങ്ങാണ്ടുള്ള കൊടിയ മന്ത്രവാദിയാണത്രേ. അതും ദുര്‍മന്ത്രവാദി. അയാളുടെ സഹായത്തോടെ ദുര്‍മന്ത്രവാദം നടത്തി എന്തൊക്കെയോ സാധനങ്ങള്‍ തങ്ങളുടെ പുരയുടെ നാലുഭാഗത്തും കുഴിച്ചിട്ടിരിക്കുകയാണത്രേ.അതോടെ മകന് അമ്മയോട് വെറുപ്പായി. കാര്യങ്ങള്‍ അന്വേഷിക്കാതെയായി.മരുന്നു മേടിക്കുവാനുള്ള സഹായം പോലും കൊടുക്കാതെയായി.അമ്മയുടെ പേരിലുള്ള വീടും പറമ്പും തട്ടിപ്പുകള്‍ പറഞ്ഞ് മകന്റെ പേരിലേക്ക് മാറ്റാന്‍ അവന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ നിരവധി പരാതികളുടെ ഭാണ്ഡക്കെട്ട് അമ്മ തുറന്നുവെച്ചു.മകന്റെ കല്യാണത്തിന് വന്ന ബന്ധുക്കളാണ് കൂടോത്രം ചെയ്തതെന്നാണ് അമ്മ പറയുന്നത്. ഇതൊക്കെ ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവര്‍ മറ്റൊരു മന്ത്രവാദിയെ കണ്ടിരുന്നു എന്നാണ് മറുപടി പറഞ്ഞത്.മകന് കല്യാണത്തിനുശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും പുതിയ പെണ്ണിന്റെ സ്വഭാവങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി മകനോ...