#ദിനസരികള്‍ 193
നിശബ്ദരായിരിക്കുവാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. നിങ്ങളുടെ ആ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തെരുവില്‍ ഞങ്ങള്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്, കൊടികളുമായി പ്രകടനങ്ങള്‍ നടത്തുന്നത്.നിങ്ങള്‍ക്ക് നിശബ്ദരായിരിക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് , ചിലപ്പോഴെങ്കിലും ഞങ്ങളുടെ സിരകളില്‍ നിന്ന് ടാറിന്റെ ചൂടിലേക്ക് ചോരച്ചാലുകള്‍ ഒഴുകുന്നത്, ലാത്തികള്‍ക്കു തല്ലിച്ചതക്കാനും ബയണറ്റുകള്‍ക്ക് കുത്തിമുറിവേല്പിക്കാനും ഞങ്ങളുടെ ശരീരം ഇട്ടുകൊടുക്കുന്നത്.
നിങ്ങള്‍ അവിടെത്തന്നെയിരിക്കൂ.സ്വസ്ഥനായി.ഒന്നും പറയേണ്ടതില്ല. ഒന്നിലും ഇടപെടേണ്ടതില്ല.നിങ്ങളുടെ സുഖങ്ങള്‍ക്ക് ഒരു ഭംഗവും സംഭവിക്കാതെ ഞങ്ങളിവിടെ കാത്തുനിന്നുകൊള്ളാം. ഈ തെരുവിന്റെ ഓരങ്ങളില്‍ , കൊടിയതണുപ്പും പുകയുന്ന ഉഷ്ണവും ഇടവിട്ടിടവിട്ട് വിരുന്നു വരുന്ന ഈ തെരുവിന്റെ ഓരങ്ങളില്‍ , ഓടമണക്കുന്ന ഞങ്ങളുടെ പുറമ്പോക്കുവീടുകളില്‍ , അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്കൊപ്പം കുപ്പക്കുഴിയിലേക്ക് ഉച്ഛിഷ്ടം തേടി പാഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ശരവേഗങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ നിങ്ങളെ കാത്തു നിന്നുകൊള്ളാം. ഞങ്ങളുടെ തെരുവു തെണ്ടികളായ പിള്ളാര്‍ ഒരിക്കലും നിങ്ങളുടെ ഉണ്ണികളെ തൊട്ടുതീണ്ടില്ല. അവന്റെ സ്വാദുകളിലേക്ക് നീട്ടിയ കൈത്തലങ്ങളുമായി ഒരിക്കലും ചെന്നെത്തില്ല. വിശപ്പിന്റെ പടപ്പാട്ടുകളിലേക്ക് നിങ്ങളുടെ ഉണ്ണിക്കുട്ടന്മാരെ ഞങ്ങളുടെ കരുമാടികള്‍ മാടി വിളിക്കില്ല.
നിങ്ങള്‍ നോക്കൂ. തൊണ്ട പൊട്ടി ആരോ വിളിച്ചുകൊടുക്കുന്ന വാമൊഴികള്‍ ഏറ്റു വിളിക്കുന്ന ആ കറുമ്പിയുടെ വിയര്‍പ്പൊഴുകുന്ന മുഖം കണ്ടുവോ ? അമ്മേ അമ്മേ എന്നു വിളിച്ചു ഇന്നു രാവിലേയും അവളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ ഉമ്മ ഏറ്റുവാങ്ങിയ ഒരു മുഖമാണത്.അതാ അപ്പുറത്ത് ഒടിഞ്ഞുകുത്തി തളര്‍ന്നിരിക്കുന്ന ഒരു മനുഷ്യനെ കണ്ടുവോ ? ഇന്നു രാവിലേയും രണ്ടുകൈകളിലും കുഞ്ഞുങ്ങളെ വാരിയെടുത്ത് പാട്ടുപാടി രസിപ്പിച്ചവനാണ് അവന്‍.ഇക്കിളികളെ ഇവര്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല. നാവു മധുരിപ്പിക്കുന്ന രസങ്ങളോട് പ്രതിപത്തികളില്ലാഞ്ഞിട്ടല്ല.ഈ തെരുവിന്റെ ഉഷ്ണങ്ങളിലേക്ക് അവര്‍ നടന്നു വന്നത് നിങ്ങള്‍ക്ക് സ്വസ്ഥമായിരിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.
അതുകൊണ്ടു പ്രിയപ്പെട്ട സുഹൃത്തേ , ഞങ്ങള്‍ക്ക് നിങ്ങളുടെ ലാലസഭാവങ്ങളില്‍ പങ്കാളിത്തം വേണ്ട. നിങ്ങളുടെ ശീതളിമകളില്‍ , ഇന്ദ്രിയങ്ങളെ രസിപ്പിക്കുന്ന നിങ്ങളുടെ രസക്കൂട്ടുകളില്‍ , അലങ്കാരങ്ങളാല്‍ കൊരുത്തെടുക്കപ്പെട്ട നിങ്ങളുടെ ഭാവനകളില്‍ , അങ്ങനെ നിങ്ങളെ നിങ്ങളായി നിലനിറുത്തുന്ന ഒന്നിലും ഞങ്ങള്‍ക്ക് പങ്കാളിത്തം വേണ്ട.പക്ഷേ , തെരുവുകളില്‍ പാട്ടുകള്‍ പാടുവാനും മുദ്രാവാക്യങ്ങള്‍ വിളിക്കുവാനും ഞങ്ങളെ അനുവദിക്കണം.വിശക്കുമ്പോള്‍ ഉച്ചത്തില്‍ കരയാനും സന്തോഷത്തില്‍ പൊട്ടിച്ചിരിക്കാനും ഞങ്ങളുടെ ഉണ്ണികളെ അനുവദിക്കണം.എന്തു തിന്നണമെന്നും എന്തു തിന്നരുതെന്നുമുള്ള തിട്ടൂരങ്ങളില്‍ നിന്ന് ഞങ്ങളെ മുക്തരാക്കണം.ഞങ്ങളുടെ കറുത്ത ദൈവങ്ങള്‍ക്ക് ബലിച്ചോറു നിവേദിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയണം. ഞങ്ങളുടെ കുപ്പമാടങ്ങളിലെ സന്തോഷങ്ങളെ ആഘോഷിക്കുവാനും സങ്കടങ്ങളില്‍ പൊട്ടക്കരയുവാനും ഞങ്ങളെ അനുവദിക്കണം. നിങ്ങളുടെ വിഡ്ഢിവേഷങ്ങളെ നോക്കി പൊട്ടിച്ചിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയണം. ഞങ്ങളെ തുറന്നു വിട്ടുകൊള്ളുക. നിങ്ങളുടെ മൂക്കുതൊടാന്‍ ഞങ്ങള്‍ ഒരിക്കലും വരില്ല.അതുകൊണ്ട് അരുതുകളുടെ രേഖകള്‍ക്കുള്ളില്‍ ഞങ്ങളെ തളച്ചിടാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അവസാനിപ്പിക്കണം.
നോക്കൂ എന്റെ ഏറ്റവും പ്രിയപ്പെട്ടവനേ ,നിങ്ങളുടെ മുഖത്തു വിരിയുന്ന ചിരി ഞാന്‍ കാണുന്നുണ്ട്. ഞാനിപ്പറഞ്ഞതൊക്കെ നിങ്ങളുടെ കനിവിനു വേണ്ടിയുള്ള യാചനയാണ് എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി എന്നുകൂടി പറയട്ടെ.നിങ്ങളെ കടപുഴക്കി അഗാധതകളിലേക്ക് വലിച്ചെറിയുന്നതിനു മുമ്പ് വന്നു ചേരുന്ന ഒരിളംകാറ്റു മാത്രമാണിത്. കൊടുംകാറ്റ് വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് മാത്രമാണിത്.
Comments